മുസ്ലിംലീഗ്‌ മതേതര പാർടിയാണോ? ന്യൂനപ-ക്ഷ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്നവരാണോ? വർത്തമാനകാല കേരളം ആവർത്തിച്ച്‌ ചോദിക്കുന്ന ചോദ്യമാണിത്‌. ആ ചോദ്യത്തോട്‌ പ്രതികരിക്കുകയാണ്‌ മുതിർന്ന സിപിഐ എം നേതാവ്‌ പാലോളി മുഹമ്മദ്‌ കുട്ടി. ഒപ്പം ലീഗിന്റെയും കോൺഗ്രസിന്റെയും ജനാധിപത്യവിരുദ്ധ നിലപാടുകളെയും ബിജെപി പ്രീണന നയത്തെയും തുറന്നുകാട്ടുന്നു. ഫണ്ട്‌ വെട്ടിപ്പിൽ ലീഗിന്റെ പൂർവകാലം ഓർത്തെടുക്കുന്ന പാലോളി സമുദായ വഞ്ചനയുടെ കഥകൾ ‘ദേശാഭിമാനി’യോട്‌ പങ്കുവയ്‌ക്കുന്നു.

? മുസ്ലിംലീഗിനെ ഒരു മതനിരപേക്ഷ പാർടിയായി കാണാൻ സാധിക്കുമോ?
മുസ്ലിംലീഗ്‌ വർഗീയ പാർടിയാണ്‌ എന്ന്‌ സിപിഐ എം എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ, കറകളഞ്ഞ മതനിരപേക്ഷ പാർടിയാണ്‌ എന്ന നിലപാടും സ്വീകരിക്കാനാകില്ല. പുറമേയ്‌ക്ക്‌ മതേതര ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച്‌ പറയാറുണ്ടെങ്കിലും ആവശ്യം വരുമ്പോൾ വർഗീയശക്തികളുമായി കൂട്ടുകെട്ട്‌ ഉണ്ടാക്കുകയാണ്‌ ലീഗ്‌ രീതി. ഇത്‌ കേരളം പലപ്പോഴായി കണ്ടതാണ്‌. അതിൽ ഇന്നും മാറ്റമില്ല. അവർ മതേതരത്വത്തെക്കുറിച്ച്‌ വാതോരാതെ സംസാരിക്കാറുണ്ട്‌. എന്നാൽ, സംവരണമണ്ഡലത്തിലല്ലാതെ ഒരു അമുസ്ലിമിനെ ഇന്നേവരെ സ്ഥാനാർഥിയാക്കിയിട്ടുണ്ടോ? ലീഗിന്റെ വിജയത്തിൽ ഹിന്ദുക്കളുടെയും ക്രിസ്‌ത്യാനികളുടെയും വോട്ട്‌ വളരെ നിർണായകമായിട്ട്‌ പോലും ലീഗിന്‌ വോട്ടു ചെയ്യുന്നവരിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്‌ത്രീകളാണുള്ളത്‌. പഞ്ചായത്തുകൾക്കപ്പുറം അവരെ സ്ഥാനാർഥികളാക്കാറില്ല. എന്നിട്ടും മതേതരവാദികളും ജനാധിപത്യവാദികളുമാണെന്ന്‌ ലീഗ്‌ ആണയിടും. ലീഗിന്‌ വോട്ട്‌ ചെയ്യുന്നവരിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്‌ത്രീകളാണുള്ളത്‌. പഞ്ചായത്തുകൾക്കപ്പുറം അവരെ സ്ഥാനാർഥികളാക്കാറില്ല. എന്നിട്ടും മതേതരവാദികളും ജനാധിപത്യവാദികളുമാണെന്ന്‌ ലീഗ്‌ ആണയിടും.

? മുസ്ലിംലീഗിലും കോൺഗ്രസിലും ജനാധിപത്യത്തിന്‌ എത്രത്തോളം ഇടമുണ്ട്‌. വലിയ ജനാധിപത്യ പാർടികളാണ്‌ എന്നാണ്‌ ഇരുകൂട്ടരുടെയും അവകാശവാദം.
അത്‌ പൊള്ളയാണ്‌. ഏതെങ്കിലും പ്രധാനപ്പെട്ട പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ തീരുമാനമെടുക്കുമ്പോൾ കീഴ്‌ഘടകങ്ങളിൽ ഇരു പാർടിയും ചർച്ച നടത്താറുണ്ടോ? എല്ലാ പ്രധാന തീരുമാനവും പാണക്കാട്‌ എടുക്കുന്നതാണ്‌ ലീഗിന്റെ രീതി. അണികൾ അതനുസരിച്ച്‌ പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്‌.

കോൺഗ്രസ്‌ പ്രാരംഭകാലത്ത്‌ പ്രധാന തീരുമാനങ്ങൾ കീഴ്‌ഘടകങ്ങളിൽ ചർച്ച ചെയ്യാറുണ്ടായിരുന്നു. നെഹ്‌റുവിനുശേഷം ഇത്‌ മാറി. എല്ലാ തീരുമാനവും ഹൈക്കമാൻഡ്‌ എടുക്കുകയാണ്‌ പതിവ്‌. ആ തീരുമാനം രാജ്യത്തെ നേതാക്കളും പ്രവർത്തകരുമെല്ലാം അനുസരിക്കണം. ഏതെങ്കിലുമൊരു ഭാരവാഹിയെ തീരുമാനിക്കാനുള്ള അവകാശംപോലും ബന്ധപ്പെട്ട കമ്മിറ്റികൾക്കില്ല. കെപിസിസി മുതൽ താഴേ തലംവരെ നേതാക്കളെ കെട്ടിയിറക്കുകയാണ്‌. എല്ലാം സോണിയ ഗാന്ധി തീരുമാനിക്കുന്ന സ്ഥിതിയാണ്‌.

രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർടിയെന്ന്‌ അവകാശപ്പെടുന്ന കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കളിൽ പലരും ഇന്ന്‌ ബിജെപിയാണ്‌. ഇന്ത്യൻ പാർലമെന്റിലും വിവിധ സംസ്ഥാന നിയമസഭകളിലും കോൺഗ്രസിന്റെ ശബ്ദമായിരുന്നവർ ഇന്ന്‌ ബിജെപി പാളയത്തിലാണ്‌. ഇതാണ്‌ ഇന്നത്തെ കോൺഗ്രസിന്റ അവസ്ഥ.

? ലീഗിനെയും യൂത്ത്‌ ലീഗിനെയും ചുറ്റിപ്പറ്റി ഫണ്ട്‌ വിവാദം ശക്തമാണല്ലോ. അതേക്കുറിച്ച്‌
ചരിത്രത്തിൽ ഇന്നേവരെ പിരിച്ച ഫണ്ടിന്റെ കണക്ക്‌ അവതരിപ്പിച്ച ചരിത്രം ലീഗിനില്ല. ഫണ്ട്‌ വെട്ടിപ്പുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ വിവാദങ്ങൾ ഇതിനു മുമ്പും നമ്മൾ ചർച്ച ചെയ്‌തതാണ്‌. മലപ്പുറത്ത്‌ ഭാഷാസമരത്തിൽ രക്തസാക്ഷികളായ മൂന്നു പേരുടെ കുടുംബത്തെ സഹായിക്കാൻ പണ്ട്‌ ലീഗ്‌ തീരുമാനിച്ചു. കൊണ്ടോട്ടിയിൽ നടന്ന പൊതുയോഗത്തിൽ ലീഗ്‌ നേതാവ്‌ സീതിഹാജി മാർക്‌സിസ്‌റ്റുകാരെ പരിഹസിച്ച്‌ പ്രസംഗിച്ചു. ‘‘ഞങ്ങൾ മാർക്‌സിസ്റ്റുകാരെപ്പോലെ രണ്ടണയും നാലണയുമല്ല പിരിച്ചത്‌, 19 ലക്ഷമാണ്‌’’. പക്ഷേ, ആറുമാസം കഴിഞ്ഞിട്ടും മരിച്ചവരുടെ കുടുംബത്തിന്‌ പണം കിട്ടിയില്ല. മഞ്ചേരിയിൽ പൊതുയോഗം വച്ച്‌ സിപിഐ എം സീതിഹാജിയെ കണക്ക്‌ വെളിപ്പെടുത്താൻ വെല്ലുവിളിച്ചു. പിരിച്ച പണം ഉറുമ്പരിക്കാതെ പാണക്കാട്ടെ പത്തായത്തിലുണ്ട്‌ എന്നായിരുന്നു സീതിഹാജിയുടെ മറുപടി. പാർടി വിഷയം ഏറ്റെടുത്തതോടെ കുടുംബങ്ങൾക്ക്‌ കുറച്ച്‌ പണം നൽകി ലീഗ്‌ തടിതപ്പി. എന്നിട്ടും കണക്ക്‌ വെളിപ്പെടുത്താൽ അവർ തയ്യാറായില്ല. അതാണ്‌ ലീഗിന്റെ ചരിത്രം. അത്‌ ഇന്നും തുടരുന്നു.

? മുസ്ലിം ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന പാർടിയാണ്‌ ലീഗ്‌ എന്നാണ്‌ അവരുടെ അവകാശവാദം. അതിൽ കഴമ്പുണ്ടോ
രാജ്യത്ത്‌ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെട്ട ഘട്ടങ്ങളിലൊന്നും മുസ്ലിംലീഗിനെ എവിടെയും കണ്ടിട്ടില്ല. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരമേറ്റശേഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ഗൗരവത്തോടെ കാണാനും പീഡനമനുഭവിക്കുന്ന ജനങ്ങളുടെ പക്ഷത്ത്‌ നിൽക്കാനും അവരെ ആക്രമിക്കുന്ന ശക്തികൾക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കാനും ലീഗിനായിട്ടില്ല. മാത്രമല്ല, ആരുടെ കരങ്ങളിൽ നിന്നാണോ ന്യൂനപക്ഷങ്ങൾ മർദനം നേരിടുന്നത്‌ അവരുമായി തെരഞ്ഞെടുപ്പുകളിൽ രഹസ്യധാരണയുണ്ടാക്കാനും ലീഗ്‌ മടിച്ചിട്ടില്ല. ലീഗിന്റെ പ്രമുഖ നേതാവ്‌തന്നെ അടുത്തിടെ പറഞ്ഞത്‌ ഞങ്ങളുടെ മുഖ്യശത്രു ബിജെപിയല്ല, സിപിഐ എമ്മാണ്‌ എന്നാണ്‌.

? ഇടതുപക്ഷ സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ എങ്ങനെ കാണുന്നു
പ്രതിപക്ഷ പാർടികൾ അടുത്ത തെരഞ്ഞെടുപ്പിൽ എന്താണ്‌ സംഭവിക്കാൻ പോകുന്നതെന്ന്‌ ഭയപ്പെട്ട്‌ സമനില തെറ്റിയപോലെ പിച്ചും പേയും പറയുകയാണ്‌. പ്രതിലോമശക്തികളെല്ലാം ചേർന്നാണ്‌ സർക്കാരിനെതിരെ പ്രവർത്തിക്കുന്നത്‌. ഒരുപറ്റം മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. പക്ഷേ, പ്രബുദ്ധരായ കേരളത്തിലെ ജനങ്ങൾ അവരുടെ നിത്യജീവിതത്തിൽ ഈ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ അറിഞ്ഞവരാണ്‌. അവരുടെ ജീവിതത്തിലും നാട്ടിലാകെയുമുണ്ടായ മാറ്റങ്ങൾ മനസ്സിലാക്കിയവരാണ്‌. വർഗീയശക്തികളുടെ ആപൽക്കരമായ നീക്കങ്ങളെ ചെറുത്ത സർക്കാരാണിത്‌. ഇതെല്ലാം നേരിൽക്കണ്ട്‌ മനസ്സിലാക്കിയ ജനങ്ങളെ കള്ളപ്രചാരണം നടത്തി സർക്കാരിനെതിരെ തിരിക്കാനാകില്ല. അത്തരം പ്രചാരവേലകൾകൊണ്ട്‌ കേരളത്തിലെ ഇടതു മുന്നേറ്റം തടയാനാകില്ല.
Read more: https://www.deshabhimani.com/articles/paloli-muhammad-kutty-cpim/927591


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *