കത്വ കേസിൽ മുബീൻ ഫാറൂഖിക്ക് പങ്കൊന്നുമില്ല;
സാക്ഷിവിസ്താരവും വിചാരണയും പൂർണ്ണമായും നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടർ: അഡ്വ. ദീപിക സിംഗ് രാജാവത്.

കത്വകേസ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരികൊള്ളുന്നതിനിടയിലാണ് കേസ് നടത്തിപ്പിനായി മുസ്ലിം യൂത്ത് ലീഗ് ചുമതലപ്പെടുത്തിയതായി അവരവകാശപ്പെടുന്ന അഡ്വ: മുബീൻ ഫാറൂഖിയെ കേരളത്തിലെത്തിച്ച് വാർത്താ സമ്മേളനം നടത്തിച്ചത്. വിവാദങ്ങളുടെ ആദ്യനാൾ മുതൽ മനസ്സിൽ ഉയർന്നുവന്ന നിരവധി ചോദ്യങ്ങളുണ്ട്.

കത്വ കേസിലെ ഇരയുടെ നീതി ഉറപ്പാക്കാൻ ആദ്യഘട്ട പോരാട്ടത്തിനു നേതൃത്വം നൽകിയത് അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തക കൂടിയായ അഡ്വ. ദീപിക സിംഗ് രാജാവതാണ്. ജമ്മു ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അവർ ഈ കേസിനായി നടത്തിയ പോരാട്ടം സൗജന്യമായിട്ടാണ്. സുപ്രീം കോടതി ഉത്തരവുപ്രകാരം കേസിന്റെ വിചാരണ പഠാൻകോട്ട് അതിവേഗ കോടതിയിലേക്കു മാറ്റുകയും ദൈനംദിന വിചാരണ നടപടികൾക്കൊടുവിൽ പ്രതികളെ പഠാൻകോട്ട് കോടതി ശിക്ഷിക്കുകയും ചെയ്തു.

പഠാൻകോട്ട് കോടതിയിൽ പ്രോസിക്യൂഷനു വേണ്ടി നിയമയുദ്ധം നടത്തിയത് നാലോളം വരുന്ന അഭിഭാഷക സംഘമാണ്. ഇവർക്ക് ഫീസ് കൊടുക്കുന്നതാകട്ടെ സർക്കാരാണ്. കത്വ കേസിന്റെ വിചാരണയിലെങ്ങും പബ്ലിക് പ്രോസിക്ക്യൂട്ടർമാരല്ലാതെ സ്വകാര്യ അഭിഭാഷകരാരും ഹാജരായിട്ടില്ല. വസ്തുതകൾ ഇതായിരിക്കെ അഡ്വ: മുബീൻ ഫാറൂഖിയുടെയും മുസ്ലിം യൂത്ത് ലീഗിന്റെയും അവകാശവാദങ്ങൾ മുഖവിലക്കെടുത്താൽ തന്നെ യൂത്ത് ലീഗ് മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്.

1) മുസ്ലിം യൂത്ത് ലീഗ് വൻതുക ഫീസ് നൽകി ചുമതലപ്പെടുത്തിയ പ്രകാരം ഇരയുടെ കുടുംബത്തിനു വേണ്ടി വിചാരണ നടപടികളിൽ പങ്കെടുത്തിരുന്നെങ്കിൽ അദ്ദേഹത്തിന്റെ സാന്നിധ്യമോ (appearance) വാദങ്ങളോ (submissions) വിചാരണ കോടതി രേഖകളിൽ തീർച്ചയായും കാണേണ്ടതല്ലേ? അങ്ങിനെയൊന്ന് ചൂണ്ടിക്കാണിക്കാൻ യൂത്ത് ലീഗിന് കഴിയുമോ?

2) ഇരുപത്തി അയ്യായിരം രൂപയിലധികം വരുന്ന തുക വ്യക്തികൾ തമ്മിൽ പണമായി കൈമാറാൻ പാടില്ലെന്നിരിക്കെ, മുസ്ലിം യൂത്ത് ലീഗ് അഡ്വ: മുബീൻ ഫാറൂഖിക്ക് ഫീസായി നൽകിയെന്നു പറയുന്ന വൻതുക ബാങ്ക് ട്രാൻസ്ഫർ വഴി ആകുമല്ലോ കൈമാറിയിട്ടുണ്ടാവുക? എങ്കിൽ ഏത് തിയ്യതിക്ക് എത്ര രൂപയാണ് നൽകിയതെന്ന് യൂത്ത് ലീഗ് എന്തേ വെളിപ്പെടുത്താത്തത്?

3) വൻതുക വിമാനട്ടിക്കറ്റിന് മുടക്കി ഫാറൂഖിയെ പഞ്ചാബിൽ നിന്നും കേരളത്തിലേക്ക് ആനയിച്ചു കൊണ്ടുവന്ന് വാർത്താ സമ്മേളനം നടത്തി വിശദീകരിക്കുന്നതിനു പകരം പൊതുസമക്ഷമുള്ള കോടതി വിധിയും മുസ്ലിം യൂത്ത് ലീഗ് കൈവശമുള്ള ബാങ്ക് സ്റ്റേറ്റ്മെന്റും കേരളീയ സമൂഹത്തിനു മുന്നിൽ പരസ്യപ്പെടുത്തിയാൽ തീരുന്നതല്ലേ കത്വ കേസ് സംബന്ധിച്ച വിവാദങ്ങൾ? എന്നിട്ടും അതിനു മുതിരാതെ വാർത്താ സമ്മേളനങ്ങളിൽ നിന്നും വാർത്താ സമ്മേളനങ്ങളിലേക്ക് ഓടേണ്ട ഗതികേട് യൂത്ത് ലീഗ് നേതൃത്വത്തിന് വന്നതെന്തുകൊണ്ടാണ്?

ഈ ചോദ്യങ്ങൾക്കുള്ളക്കുള്ള ഉത്തരം യൂത്ത് ലീഗ് നേതൃത്വത്തിന് ഇല്ലെന്നറിയാവുന്നതു കൊണ്ടാണ് കത്വ ഇരയ്ക്കു നീതി ഉറപ്പാക്കാൻ കേസിൽ ആദ്യാവസാനം ഇടപെട്ടിരുന്ന അഡ്വ. ദീപിക സിംഗ് രാജാവതിനെ ഞാൻ ബന്ധപ്പെട്ടത്.
അഡ്വ. ദീപിക തന്ന മറുപടി ഇങ്ങനെയായിരുന്നു: “വിചാരണ നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടർ ആണ്. എല്ലാവർക്കും അറിയാവുന്നതുപോലെ പബ്ലിക് പ്രോസിക്യൂട്ടർക്കു പണം നൽകേണ്ട കാര്യമില്ല. മുബീൻ ഫാറൂഖിയെന്നു പേരുള്ള ഒരാൾ യഥാർത്ഥത്തിൽ വിചാരണ നടപടികളിൽ ഒരു ഘട്ടത്തിലും പങ്കെടുത്തിട്ടില്ല. പക്ഷെ ഇങ്ങിനെ ഒരു വക്കീൽ എല്ലാവരോടും പറയുന്നത് അദ്ദേഹം വിചാരണയിൽ പങ്കെടുത്തു എന്നാണ്. വിചാരണ പൂർണ്ണമായും നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടർ ആണ്. ഞാൻ വളരെ വ്യക്തമായും ശക്തമായും പറയുന്നു; ഒരു സ്വകാര്യ അഭിഭാഷകനും വിചാരണ നടപടികളിൽ ഭാഗഭാക്കായിട്ടില്ല. എനിക്കറിയാം എങ്ങിനെയാണ് വിചാരണ നടന്നതെന്ന്. ഒരു സ്വകാര്യ അഭിഭാഷകനും വാദങ്ങളിലോ സാക്ഷി വിസ്താരത്തിലോ മറ്റേതെങ്കിലും നടപടികളിലോ രക്ഷിതാക്കളെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടില്ല. ഇതെല്ലാം കോടതി രേഖകളുടെ ഭാഗമാണ്. നിങ്ങൾക്ക് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. പഠാൻകോട്ട് കോടതിയിൽ നിയമയുദ്ധം നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടർമാർ മാത്രമായിരുന്നു”

സമൂഹ മനസാക്ഷിയെ പിടിച്ചുലക്കുന്ന കുറ്റകൃത്യങ്ങളും ഭരണഘടനാ ലംഘനങ്ങളും പോലീസ് അതിക്രമങ്ങളുമെല്ലാം ഉണ്ടാകുമ്പോൾ ഒരു പൈസ പോലും ഫീസ് വാങ്ങാതെ, പ്രഗൽഭരും അല്ലാത്തവരുമായ നിരവധി അഭിഭാഷകർ സൗജന്യ നിയമസഹായം വാഗ്‌ദാനം ചെയ്ത് മുന്നിട്ടിറങ്ങുന്ന നാടാണ് നമ്മുടേത്. ഗോസംരക്ഷണത്തിന്റെ പേരിൽ നടന്ന അതിക്രമങ്ങൾ, ജെ.എൻ.യു – ജാമിഅ കേസുകൾ, CAA കേസുകൾ, ഡൽഹി കലാപ കേസുകൾ, കർഷക പ്രക്ഷോഭം സംബന്ധിച്ച കേസുകൾ തുടങ്ങി സമീപ ഭൂതകാലത്തെ ശ്രദ്ധേയമായ നിരവധി കേസുകളിൽ ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന സുപ്രീം കോടതിയിലെ എണ്ണം പറഞ്ഞ സീനിയർ അഭിഭാഷകർ വിവിധ കോർട്ടുകളിൽ ഹാജരായത് ഒരുരൂപ പോലും പ്രതിഫലം വാങ്ങാതെയാണ്. എൻഡോസൾഫാൻ ഇരകൾക്കു വേണ്ടി സുപ്രീംകോടതിയിൽ DYFI സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വർഷങ്ങളോളം മുതിർന്ന അഭിഭാഷകരുൾപ്പടെ ഹാജരായിരുന്നത് സൗജന്യമായായിരുന്നു. ഇത്തരമൊരു സാഹചര്യം നിലനിൽക്കെയാണ് ചണ്ഡീഗഡ് ഹൈക്കോടതിയിലോ, പഠാൻകോട്ട് ബാറിൽ പോലുമോ ചിരപരിചിതനല്ലാത്ത അഡ്വ. മുബീൻ ഫാറൂഖിക്ക് വൻതുക ഫീസ് കൊടുത്ത് കേസ് നടത്തിയെന്ന യൂത്ത് ലീഗിന്റെ അവകാശവാദം!

പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി നടപടി പോരെന്നും, വധശിക്ഷ നൽകണമെന്നുമാവശ്യപ്പെട്ട്, പ്രോസിക്യൂഷൻ അപ്പീലിനു പുറമെ, കത്വ കേസിലെ ഇരയുടെ പിതാവ് ഹൈകോടതിയെ സമീപിച്ച വാർത്ത നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പ്രസ്തുത വാർത്തകളിലെല്ലാം ഇരയുടെ കുടുംബത്തിന്റെ അഭിഭാഷകരായി സൂചിപ്പിച്ചിരുന്നത് അഡ്വ: ആർ.എസ്. ബെയിൻസ്, അഡ്വ: ഉൽസവ് ബെയിൻസ് മുതലായവരെയാണ്. ഒരൊറ്റ വാർത്തയിൽപോലും അഡ്വ. മുബീൻ ഫാറൂഖിയുടെ പേര് പരാമർശിച്ചു കണ്ടിട്ടില്ല.

https://www.tribuneindia.com/news/archive/j-k/kathua-victim-s-father-seeks-death-penalty-for-convicts-800155#:~:text=In%20the%20appeal%20filed%20through%20counsel%20Rajvinder%20Singh,a%20community%20by%20killing%20and%20raping%20a%20

Court assures Kathua victim’s father of justice, issues notice to convicts, J&K govt

https://indianexpress.com/article/india/kathua-rape-murder-victim-father-moves-hc-death-for-main-convicts-5824525/

വാദത്തിന് അഡ്വ: മുബീൻ ഫാറൂഖി തന്നെയാണ് ഇരയുടെ കുടുംബത്തിൻ്റെ അഭിഭാഷകനെന്നു കരുതുക. എന്നാലും 2020 ജനുവരി 23 നു വന്ന വാർത്ത ഗൗരവതരവും അസ്വസ്ഥജനകവുമാണ്. ശിക്ഷിക്കപ്പെട്ട പ്രതികൾ സമർപ്പിച്ച അപ്പീലിൽ എതിർഭാഗം അഭിഭാഷകർ ഹാജരാകുന്നില്ലെന്നും ഈ നില തുടർന്നാൽ അമിക്കസ് ക്യൂറിയെ നിയമിക്കേണ്ടിവരുമെന്നും വരെ ഹൈക്കോടതിക്കു പറയേണ്ടി വന്നു. വൻതുക ഫീസ് വാങ്ങിയിട്ടും സമയത്തു കോടതിയിൽ ഹാജരായി പ്രതികളുടെ അപ്പീലിനെ എതിർക്കാൻ ഇദ്ദേഹം ശ്രമിക്കാതിരുന്നത് എന്തു കൊണ്ടാണ്? ഇങ്ങിനെയൊരാളെയാണോ യൂത്ത് ലീഗ് പത്ത് ലക്ഷം ഫീസ് നൽകി പ്രമാദമായൊരു കേസിൽ നിയമിച്ചത്. ലീഗ് നേതാവ് കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് കേസ് നടത്താൻ പാർട്ടി ഏൽപിച്ചത് പ്രശസ്ത അഭിഭാഷകൻ കപിൽ സിബിലിനെയാണെന്നോർക്കുക. നാട്ടുകാരിൽ നിന്ന് കോടികൾ പിരിച്ചെടുത്തിട്ടും ഒരു കേസില്ലാ വക്കീലിനെ കത്വ കേസ് ഏൽപ്പിച്ചത് എത്രമാത്രം കുറ്റകരമാണ്?

https://indianexpress.com/article/india/kathua-gangrape-case-no-further-adjournments-in-convicts-appeals-says-hc-6231223/

ചുരുക്കിപ്പറഞ്ഞാൽ ആയിരക്കണക്കിനു വിശ്വാസികൾ പള്ളികളിൽ നിന്നിറങ്ങവെ മനസ്സറിഞ്ഞു തന്ന പണം ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ അത് പുറത്തു കൊണ്ടുവരിക തന്നെ വേണം. അതുവരെ കത്വ ഇരയുടെ ആത്മാവ് മനുഷ്യ മനസ്സാക്ഷിയെ വേട്ടയാടിക്കൊണ്ടേയിരിക്കും!

(അഡ്വ.ദീപിക സിംഗ് രാജാവതിന്റെ ശബ്ദസന്ദേശം ആവശ്യമുള്ളവർക്ക് WhatsApp ൽ ബന്ധപ്പെടാം)

അഡ്വ: സുഭാഷ് ചന്ദ്രൻ കെ.ആർ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *