വയനാട് ജില്ലയുടെ സമഗ്ര വികസനത്തിനായി 7000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അഞ്ചു വർഷംകൊണ്ട് ജില്ലയുടെ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യം നേടുമ്പോൾ അസമത്വം വർദ്ധിക്കരുത്. അതിനായി ആദിവാസി വികസനത്തിന് ഊന്നൽ നൽകും. കേവലദാരിദ്ര്യം ഇല്ലാതാക്കും. സാമ്പത്തിക വളർച്ച പാരിസ്ഥിതിക തകർച്ചയിലേയ്ക്കു നയിക്കരുത്. കേരളത്തിലെ ഏറ്റവും വാസയോഗ്യമായ സ്ഥലമായി വയനാട് മാറണം.
ഈ പാക്കേജിന്റെ മർമ്മം വയനാടിലെ മുഖ്യവിളയായ കാപ്പി ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുകയും അതിന്റെ ഫലമായി അന്തിമ ഉൽപ്പന്നത്തിൽ കൃഷിക്കാരുടെ വിഹിതം ഇന്നത്തെ 10 ശതമാനം വിഹിതം 20 ശതമാനമായി ഉയർത്തുകയുമാണ്. 90 രൂപയ്ക്ക് നിർദ്ദിഷ്ട നിലവാരമുള്ള കാപ്പി സംഭരണം ആരംഭിക്കും (ഇപ്പോൾ 66 രൂപയാണ് വില). കാപ്പിക്കുരുവിനെ ബ്രാൻഡ് ചെയ്യുക കാർബൺ ന്യൂട്രൽ വയനാട് കുന്നുകളിൽ നിന്നുള്ള കാപ്പിയെന്ന നിലയിലേയ്ക്കാണ്. ഇതിനു വലിയ തോതിൽ മരങ്ങൾ വച്ചുപിടിപ്പിക്കും. മരങ്ങൾ വച്ചുപിടിപ്പിക്കുന്ന കൃഷിക്കാർക്ക് പ്രതിഫലവും ഉറപ്പുവരുത്തും. അങ്ങനെ പരിസ്ഥിതിയെയും വികസനത്തെയും സംയോജിപ്പിക്കുന്ന ഒരു സമഗ്രപരിപാടിയാണിത്.
കാപ്പിപ്പൊടി നിർമ്മാണത്തിനായുള്ള കാപ്പി പാർക്കിനും മറ്റു കാർഷിക വ്യവസായ സംരംഭങ്ങൾക്കായുള്ള മെഗാഫുഡ് പാർക്ക് നിർമ്മാണം തീരാൻ ഇനിയും ചുരുങ്ങിയത് ഒരു വർഷമെടുക്കും. അതുവരെ കാത്തിരിക്കാതെ ബ്രഹ്മഗിരി സൊസൈറ്റിയുടെ കാപ്പിപ്പൊടി പ്ലാന്റിൽ ചെറിയ തോതിൽ ഉൽപ്പാദനം ആരംഭിക്കുകയാണ്. ഇപ്പോൾ പ്രതിദിനം ഒരുടണ്ണാണ് ഉൽപ്പാദനശേഷി. ഇത് മൂന്നോ നാലോ മടങ്ങായി ഏതാനും മാസങ്ങളിൽ ഉയരും. കപ്പാസിറ്റി വർദ്ധിക്കുന്ന മുറയ്ക്ക് സംഭരണവും ഉയരും.
ബ്രഹ്മഗിരി സൊസൈറ്റി ഉൽപ്പാദിപ്പിക്കുന്ന വയനാട് കാപ്പിപ്പൊടി കിയോസ്കുകളും വെൻഡിംഗ് മെഷീനുകളും സ്ഥാപിച്ച് വിപണനം നടത്താനുള്ള ചുമതല കുടുംബശ്രീയ്ക്കാണ്. ചെറിയൊരു കപ്പ് കാപ്പിക്ക് 10 രൂപയായിരിക്കും വില. ഇതിനനുസരിച്ചുള്ള വിലയ്ക്കാണ് ബ്രഹ്മഗിരി കുടുംബശ്രീക്ക് കാപ്പിപ്പൊടി ലഭ്യമാക്കുക. 90 രൂപയ്ക്ക് കാപ്പിക്കുരു സംഭരിച്ച് ഈ വിലയ്ക്ക് വിൽക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം സർക്കാർ ബ്രഹ്മഗിരിക്കു നൽകും. ഇതിനുള്ള ഉത്തരവ് താമസംവിന ഇറങ്ങും.2021 അവസാനിക്കുംമുമ്പ് കോഫി പാർക്ക് നിർമ്മാണം പൂർത്തിയാവുകയും വയനാട്ടിലെ നല്ല പങ്ക് കാപ്പിക്കുരുവും പ്രഖ്യാപിത വിലയ്ക്ക് സംഭരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യും. കാർബൺ ന്യൂട്രൽ വയനാട്ടിൽ നിന്നുള്ള കാപ്പിയെന്ന നിലയ്ക്ക് വിദേശ മാർക്കറ്റിലേയ്ക്ക് നേരിട്ട് കയറ്റുമതി ചെയ്യുന്നതിന് പ്രയാസമുണ്ടാവില്ല.
0 Comments