ഡോ. ടി ടി ശ്രീകുമാര്‍

“വാരിയംകുന്നന്‍’ എന്ന സിനിമയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഹിന്ദുത്വവാദികള്‍ പലരും കുമാരനാശാന്റെ ദുരവസ്ഥ ഉദ്ധരിക്കുന്നുണ്ട്. “ക്രൂര മുഹമ്മദര്‍’, “ഭള്ളാര്‍ന്ന ദുഷ്ടമഹമ്മദന്മാര്‍’ തുടങ്ങിയ കവിതയിലെ ചില പരാമര്‍ശങ്ങള്‍ ധാരാളമായി ഉപയോഗിച്ച് സിനിമക്കെതിരെ പ്രചരണമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ കവിതയുടെ ആത്യന്തികമായ ഒരു സത്യമുണ്ട്. ദുരവസ്ഥയില്‍ അന്ന് തന്റെ കേട്ടറിവുകള്‍ വച്ച് ആശാന്‍ കലാപകാരികളുടെ കൊടും ക്രൂരതകള്‍ വര്‍ണ്ണിക്കുമ്പോള്‍ പോലും അതിനിടയില്‍ മിന്നല്‍ പോലെ ആ സത്യം തിരിനീട്ടുന്നുണ്ട്.  

Kumaranasan.jpg
കുമാരനാശാന്‍

ആദ്യം തന്നെ പറയട്ടെ, അന്ന് നടന്ന അക്രമങ്ങള്‍ സാമ്രാജ്യത്വത്തിന്റെ കൂലിപ്പട്ടാളത്തിന് എതിരെ മാത്രമായിരുന്നില്ല. ഒരു കാര്‍ഷിക കലാപം അന്ധമായ രക്തച്ചൊരിച്ചിലുകളിലേക്ക് ഒഴുകിപ്പോവാറുണ്ട്. അത്തരം വലിയ തെളിവുകള്‍ മലബാര്‍ വിപ്ലവത്തിന്റെ സന്ദര്‍ഭത്തില്‍ ശരിവെയ്ക്കപ്പെട്ടിട്ടില്ലെങ്കില്‍ പോലും ആ സാധ്യതകളെ തള്ളിക്കളയാന്‍ ആവില്ല. പക്ഷെ എന്തിനായിരുന്നു കലാപം എന്നതിനെ ക്രൂരതകളുടെ  വിവരണങ്ങള്‍ കൊണ്ട് മാത്രം മറക്കാനാവില്ല. റഷ്യന്‍ വിപ്ലവത്തില്‍ കുലാക്കുകളെ കൊല്ലാതിരുന്നിട്ടില്ല, ചൈനയില്‍ ഫെങ്ങ്ജിഞ്ച്യൂകളെ കൊല്ലാതിരുന്നിട്ടില്ല. അവരുടെ കൊല്ലും കൊലയും നിറഞ്ഞ അധീശാധികാരത്തോടുള്ള പ്രതിഹിംസകള്‍ ആയിരുന്നു അവയെല്ലാം.

മധ്യകാല ചൈനീസ് ഫ്യൂഡലിസത്തിന്റെ ജീര്‍ണ്ണമായ ജീവിതാവസ്ഥകളെ പ്രതിബിംബിപ്പിക്കുന്ന ജിന്‍ പിംഗ് മെയ് എന്ന ബൃഹത് കൃതി വായിച്ചു ഞാന്‍ തരിച്ചിരുന്നിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ അത്തരം അധികാര ക്രമങ്ങളോടുള്ള പ്രതിഹിംസകളെ  “അഹിംസ’യുടെ ഏകപക്ഷീയമായ ഒരു നിര്‍വചനം കൊണ്ട് നേരിടാനാവില്ല, ഇല്ലാതാക്കാനാവില്ല. ആശാന്‍ തന്റെ സ്വന്തമായ ശൈലിയില്‍ എന്നാല്‍ തനിക്ക് പകര്‍ന്നു കിട്ടിയ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആണ് ഇതിന്റെ രചനക്ക് മുതിരുന്നത് എന്ന് ആമുഖത്തില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. അതിന്റെ പരിമിതികള്‍ തന്റെ കൃതിക്ക് ഉണ്ട് എന്ന് അദ്ദേഹം പരസ്യമായി സമ്മതിക്കുന്നുമുണ്ട്.

എന്നാല്‍ ആ പരിമിതികളെ ഭേദിച്ച്, “ഹൈന്ദവച്ചോര’ ഒഴുക്കുന്നതിനെ കുറിച്ചുള്ള ദീര്‍ഘമായ  കലാപ വര്‍ണ്ണനക്ക് ഇടയിലാണ് കലാപത്തിന്റെ അനിവാര്യമായ ഒരു സത്യം ആശാന്റെ ഭാവനയെ ദംശിക്കുന്നത്:

“എന്നല്ലിവരില്‍ പലരും മനയ്ക്കലെ-
കുന്നുവാരത്തെ കൃഷിക്കരല്ലോ
പേര്‍ത്തും ചിലരിവര്‍ നമ്മുടെ വസ്തുക്കള്‍
ചാര്‍ത്തിവാങ്ങിക്കഴിവോരല്ലോ
എന്നല്ലീ മൂസ്സായും കാസീമുംകൂട്ടരും
സ്വന്തം പടിക്കലെ ഭൃത്യരല്ലോ’

പാട്ടക്കൃഷിക്കാരും, വസ്തു ചാര്‍ത്തി വാങ്ങി കഴിയുന്ന പാവങ്ങളും ജന്മിമാരുടെ ഭൃത്യരും അടങ്ങുന്ന അടിസ്ഥാന വര്‍ഗ്ഗമാണ്, കീഴാളരാണ് കലാപത്തില്‍ പങ്കെടുത്തവരെന്നു ആശാന് ബോധ്യമുണ്ടായിരുന്നു.  മാത്രമല്ല, അതിനെക്കാള്‍ തീഷ്ണമായി
“വെള്ളക്കാരെ ചുട്ടൊടുക്കുവിന്‍ ജന്മിമാ-
രില്ലമിടിച്ചു കുളംകുഴിപ്പിന്‍’

എന്ന മുദ്രാവാക്യത്തിന് കവിതയില്‍ ഇടം നല്‍കിക്കൊണ്ട് കൂടിയാണ് ആശാന്‍ ആ സത്യത്തിന് കൂടുതല്‍ മിഴിവേകിയത്. ഒപ്പം അള്ളയല്ലാതൊരു ദൈവം ഇവിടെ ഉണ്ടാവാതിരിക്കാന്‍ കൂടിയാണ് ഈ സമരമെന്ന് അദ്ദേഹം കൂട്ടി ചേര്‍ക്കുന്നുണ്ട്. ഈ കൂട്ടിചേര്‍ക്കലാണ് ഹിന്ദുത്വം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതിന് അവരെ അനുവദിക്കാത്ത മുന്‍കരുതലുകള്‍ ആശാന്‍ തന്നെ എടുക്കുന്നുണ്ട്.

എങ്കിലും വെള്ളക്കാര്‍ക്കും ജന്മിമാര്‍ക്കും എതിരെ നടന്ന കാര്‍ഷിക കലാപമാണ് മലബാര്‍ വിപ്ലവം എന്ന ഉത്തമ ബോധ്യം ഉള്ളപോള്‍ പോലും എന്താവാം ആശാന്‍ ഇത്രയും മതവിഭാഗീയത അതില്‍ കുത്തിക്കലര്‍ത്തിയത്?

ഖിലാഫത്തിന്റെ കൂടി കാലമാണ് എന്ന് ആശാന് അറിയാവുന്നതുമായിരുന്നു.

വിവേകാനന്ദന്‍
വിവേകാനന്ദന്‍

രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ആശാന്‍ ഇതിനെ കേവലമായ മതകലാപത്തിന്റെ കണക്കില്‍ ചേര്‍ക്കാന്‍ കവിതയില്‍ ചില ഇടങ്ങളില്‍ മുതിര്‍ന്നത്. ഒന്ന് ജാതി വിമര്‍ശനത്തിന്റെ പക്ഷത്ത് നിന്ന് നോക്കുമ്പോള്‍ അദ്ദേഹത്തിന് മതപരിവര്‍ത്തനത്തോട് സന്ദിഗ്ധമായ ഒരു സമീപനമാണ് ഉണ്ടായിരുന്നത് എന്ന് കാണാം. ഹിന്ദുമതത്തിലെ തൊട്ടുകൂടായ്മ അടക്കമുള്ള ആചാരങ്ങള്‍ ആണ് മത പരിവര്‍ത്തനത്തിന് കാരണമാകുന്നതെന്ന് തിരുവിതാംകൂറിന്റെ കാര്യം എടുത്തു പറഞ്ഞുകൊണ്ട് വിവേകാനന്ദനും സൂചിപ്പിച്ചിട്ടുണ്ട്. “ഫ്യൂച്ചര്‍ ഓഫ് ഇന്ത്യ’ എന്ന ലേഖനത്തില്‍ അദ്ദേഹം കേരളത്തെക്കുറിച്ച് നടത്തുന്ന പരാമര്‍ശം ഏതാണ്ടിങ്ങനെയാണ്:  “”ഞാന്‍ മലബാറില്‍ കണ്ടതിനേക്കാള്‍ അര്‍ത്ഥശൂന്യമായ ഒന്ന് ലോകത്തെവിടെയെങ്കിലും ഉണ്ടോ? ദരിദ്രരായ ദളിതര്‍ക്ക് സവര്‍ണ്ണര്‍ നടക്കുന്ന വഴികളില്‍കൂടി സഞ്ചരിക്കാന്‍ അനുവാദമില്ല. എന്നാല്‍ അവര്‍ സ്വന്തം പേരുമാറ്റി  ഏതെങ്കിലും ഒരു ഇംഗ്ലീഷ് പേര് സ്വീകരിച്ചാല്‍ ഇതിന് അനുവാദം കിട്ടുന്നു. ഈ മലബാറികള്‍ എല്ലാം ഭ്രാന്തന്മാര്‍ ആണെന്നും, അവരുടെ ഭവനങ്ങള്‍ ഭ്രാന്താലയങ്ങള്‍ ആണെന്നും അല്ലാതെ മറ്റെന്താണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്?” മാത്രമല്ല, Reply to the Madrass address എന്ന കുറിപ്പില്‍ തിരുവിതാംകൂറിലെ ഹിന്ദുരാജാവിന്റെ ഭരണത്തിന്‍ കീഴില്‍ ദളിതര്‍ ക്രിസ്തുമതത്തിലേക്കോ  ഇസ്ലാമിലേക്കോ മാറുമ്പോള്‍ അവരോടുള്ള ഭരണകൂടത്തിന്റെ അയിത്തം അവസാനിക്കുന്നു എന്ന് വിവേകാനന്ദന്‍ സൂചിപ്പിക്കുന്നുണ്ട് (ഇതിനെയാണ് പലരും വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചു എന്ന് പറയുന്നത്- പ്രഭവം പ്രത്യേകിച്ച് നോക്കാന്‍ മിനക്കെട്ടിട്ടില്ലെങ്കില്‍ ആര്‍ക്കും എന്തും പറയാമല്ലോ). ഇസ്ലാമോഫോബിയയുടെ ഒരു വിത്ത് ഇവിടെ നേരത്തെ തന്നെ നട്ടുമുളപ്പിച്ചിട്ടുള്ളതാണ് എന്നര്‍ത്ഥം.

ഇസ്ലാം കേരളത്തില്‍ വ്യാപിച്ചത് മത പരിവര്‍ത്തനതിലൂടെയാണ് എന്ന നിലപാടായിരുന്നു ആശാനും ഉണ്ടായിരുന്നത്. ദുരവസ്ഥയില്‍ അദ്ദേഹം അത് എടുത്തു പറയുന്നുണ്ട്.
“ചീറും തിരകള്‍ കടന്നോ ഹിമാലയ-
മേറിയോ വന്നവരേറെയില്ല.
എത്രയോദൂരം വഴിതെററിനില്‌ക്കേണ്ടോ-
രേഴച്ചെറുമന്‍ പോയ് തൊപ്പിയിട്ടാല്‍
ചിത്രമവനെത്തിച്ചാരത്തിരുന്നിടാം
ചെററും പേടിക്കേണ്ട നമ്പൂരാരേ!
ഇത്ര സുലഭവുമാശ്ചര്യവുമായി
സ്സിദ്ധിക്കും സ്വാതന്ത്ര്യ സൌഖ്യമെങ്കില്‍
ബുദ്ധി യുള്ളോരിങ്ങാ ശ്രേയസ്സ്‌പേക്ഷിച്ചു
ബദ്ധരായ്‌മേവുമോ ജാതിജേലില്‍ ?’

5bdedd82ef0c1cdceb4638fee766dd1.jpg
ശ്രീനാരായണ ഗുരു

രണ്ടാമതായി ആശാന്‍ “തീയക്കുട്ടിയുടെ വിചാര’ത്തില്‍ നിന്നുകൂടി  തുടങ്ങിയ രാഷ്ട്രീയത്തിലാണ് വിശ്വസിച്ചിരുന്നത്. തനിക്കു ബ്രിട്ടീഷുകാര്‍ ആണ് സംന്യാസം തന്നത് എന്ന ഗുരുവിന്റെ പ്രസ്താവത്തെ അതിന്റെ അന്തരാര്‍ഥത്തില്‍ തന്നെ മനസ്സിലാക്കിയിരുന്ന ആളാണ്. ഇന്ത്യയില്‍ വെയില്‍സ് രാജകുമാരന്റെ സന്ദര്‍ശനത്തിനെതിരെ സമരം ആളിക്കത്തുമ്പോള്‍ അദ്ദേഹത്തില്‍ നിന്നും പട്ടും വളയും വാങ്ങിയ ആളാണ്. കാരണം ആ സഖ്യം ഇവിടുത്തെ അധികാര ഘടനകളില്‍ വിള്ളല്‍ വീഴ്ത്താന്‍ പര്യാപ്തമാണ് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സ്വാതന്ത്ര്യം വെള്ളക്കാരില്‍ നിന്നോ ജാത്യാടിമത്തത്തില്‍ നിന്നോ എന്ന ചോദ്യത്തെ രാഷ്ട്രീയമായി ഉള്‍ക്കൊണ്ട ചിന്തകന്‍ കൂടിയായിരുന്നു ആശാന്‍. അനവധി അടരുകളുള്ള ഒരു ജാതി വിരുദ്ധ സമരത്തില്‍ അത്മനിഷ്ടമായ നിരവധി നിലപാടുകള്‍ എടുത്തു മനസ്സ് പൊള്ളിനിന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സമകാല ലോകത്തിന്റെ ശരിതെറ്റുകള്‍ മാത്രം വച്ച് അളക്കാന്‍ കഴിയുന്നതല്ല അന്നത്തെ കീഴാള സമര നായകന്‍ കൂടിയായിരുന്ന കവിയുടെ രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് കലാപത്തിന്റെ ആത്യന്തികമായ കാര്‍ഷിക സ്വഭാവത്തില്‍ മതത്തിന്റെ നിറം കൂടി ആശാന്‍ അല്പം കടുപ്പത്തില്‍ തന്നെ കലര്‍ത്തുന്നത്. എന്നാല്‍ അത് ജന്മിത്വ വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവും ആയ സമരമായിരുന്നു എന്ന കാര്യം ആശാന്‍ കവിതയിലും പൂർണ്ണമായും നിഷേധിക്കുന്നില്ല. 

ആശാന്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് ബ്രാഹ്മണ്യത്തിന്റെ ആചാരവിശ്വാസങ്ങളെ തന്നെയാണ്. ദുരവസ്ഥ എഴുതിയപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായ ധര്‍മ്മ സങ്കടങ്ങള്‍ ആണ് തിടുക്കത്തില്‍ ചണ്ഡാലഭിക്ഷുകി എഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ബ്രാഹ്മണ്യത്തിന്റെ ഉച്ചിയില്‍ തറയ്ക്കുന്ന ആണികളാണ് അതിലെ ഓരോ വരിയും എന്ന് കാണുവാന്‍ കഴിയും. 1922 സെപ്തംബര്‍ മാസത്തില്‍ ദുരവസ്ഥ എഴുതി തീര്‍ത്ത ആശാന്‍ ഡിസംബര്‍ ആയപ്പോഴേക്കും അതിന്റെ “സഹോദര കൃതി’ എന്ന് അദ്ദേഹം വിശേഷിപ്പിച്ച  ചണ്ഡാലഭിക്ഷുകി എഴുതിക്കഴിഞ്ഞിരുന്നു. ഇതില്‍ ഒരു പ്രായശ്ചിത്തത്തിന്റെ പ്രതീകാത്മകത ഉണ്ടോ എന്ന് പോലും ഞാന്‍ സംശയിക്കുകയാണ്.

വാരിയംകുന്നന്‍ കേരളത്തിന്റെ വീരപുത്രന്‍ തന്നെയാണ്. ദുരവസ്ഥ എന്ന കൃതിയിലെ ചില ഭാഗികമായ സാമൂഹിക സാഹചര്യ വര്‍ണനകള്‍  മാത്രം വച്ച് കൊണ്ട് ആശാനെ മുന്‍ നിര്‍ത്തി ഒരു വിഭാഗീയത സൃഷ്ടിക്കാനുള്ള ഹിന്ദുത്വ പരിശ്രമങ്ങള്‍ വിലപ്പോവുകയില്ല. ദുരവസ്ഥയുടെ ചില ഭാഗങ്ങളില്‍ മതപരമായ ആരോപണങ്ങള്‍ കാണാമെങ്കിലും അത് അന്ന് നടന്ന സംഭവങ്ങളോട് ചരിത്രാകലം (historical distance)  പാലിക്കാന്‍ കഴിയാതെ എഴുതിയത് കൊണ്ടാണ് എന്ന് അദ്ദേഹത്തിന്റെ തന്നെ മുഖവുരയില്‍ രചനാ സാക്ഷ്യമുണ്ട്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ അതിനു തെളിവായുണ്ട്: “ലഹളയുടെ അപൂര്‍ണ്ണവും അസ്പഷ്ടവുമായ ഛായും പാഠങ്ങളില്‍ ചിലതിന്റെ മന്ദമായ പ്രതിദ്ധ്വനിയും മാത്രെ ഇതില്‍ നിന്ന് ഗ്രഹിപ്പാന്‍ കഴിയൂ’. “ഭൂതകാലവും പരോക്ഷതയുമാണ് കവിതാചിത്ര നിര്‍മ്മാണത്തിന് പറ്റിയത്’ എന്ന് അദ്ദേഹം തുടര്‍ന്നെഴുതുന്നു. ഇത്രയേറെ മാപ്പുമൊഴികളോടെ മറ്റൊരു കൃതിയും ആശാന്‍ അവതരിപ്പിക്കുന്നില്ല.

swarajya_201

താന്‍ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ വിഷയത്തില്‍ തന്റെ  കാഴ്ചകളുടെ, അറിവുകളുടെ പരിമിതിയുടെ പേരില്‍ താന്‍ ഭാവിയില്‍ വിചാരണ ചെയ്യപ്പെടരുത് എന്ന വിചാരത്തില്‍ നിന്നാണ് ആ ചെറിയ മുഖവുരയുടെ മുക്കാല്‍ പങ്കും ഇത്തരത്തില്‍ മുന്‍കൂര്‍ ക്ഷമാപണങ്ങള്‍ക്കായി അദ്ദേഹം നീക്കിവച്ചത്. ദുരവസ്ഥയിലെ ഭാഗികമായ വര്‍ത്തമാന ചിത്രണവും പ്രത്യക്ഷതയും നീക്കിയാല്‍ അതില്‍ പിന്നെ ഈ മതവിഭാഗീയത ഉണ്ടാവില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. ദുരവസ്ഥ ഒരു “വിലക്ഷണ കൃതിയാണ്’ എന്ന് അദ്ദേഹം പറയാന്‍ കാരണം പലരും കരുതുന്നത് പോലെ അതിലെ സാഹിത്യ ഗുണം കുറഞ്ഞതോ രാഷ്ട്രീയമോ ഒന്നുമല്ല. അതില്‍ അദ്ദേഹത്തിന് ചരിത്രപരമായ അകലത്തില്‍ നിന്ന് കൂടുതല്‍ വസ്തുനിഷ്ഠമായി ഒരു സംഭവത്തോട് പ്രതികരിക്കാന്‍ ഉള്ള സാവകാശം കിട്ടഞ്ഞതിനാല്‍ സംഭവിച്ച വിലക്ഷണതയാണ്. ആ മുഖവുരയില്‍ നിന്ന് മലയാളികള്‍ ഇനിയെങ്കിലും ഇത് മനസ്സിലാക്കേണ്ടതുണ്ട്.

ദുരവസ്ഥയിലെ ഈ ഭാഗികമായ മതവിഭാഗീയ വര്‍ണ്ണനകളും  കുത്തിപ്പൊക്കി നാട്ടില്‍ നടന്ന വലിയൊരു സാമ്രാജ്യത്വ വിരുദ്ധ ജന്മിത്വ വിരുദ്ധ കലാപത്തെ കേവലം മതസ്പര്‍ദ്ധയുടെ പേരിലുള്ള വംശീയ ഹിംസയായി ചിത്രീകരിക്കാനുള്ള ഹിന്ദുത്വപരിശ്രമം വിലപ്പോവുകയില്ല എന്ന് ദുരവസ്ഥയുടെ ഒരു സൂക്ഷ്മ വായന നമ്മെ ബോധ്യപ്പെടുത്തുന്നു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *