Shiji R
ഞാന്‍ മക്കയെ ഇഷ്ടപ്പെടുന്നു. പക്ഷെ ഞാന്‍ പിറന്നത് മക്കയിലല്ല. വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഈ ഏറനാടന്‍ മണ്ണിലാണ്. ഇതാണെന്റെ നാട്. ഈ ദേശത്തേയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. ഈ മണ്ണില്‍ മരിച്ചു ഈ മണ്ണില്‍ അടങ്ങണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ അടിമത്തത്തില്‍ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ച് വീഴാന്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. നിങ്ങള്‍ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പക്ഷേ പൂര്‍ണ്ണമായും കൈപ്പിടിയില്‍ ഒതുക്കാന്‍ നിങ്ങള്‍ക്ക് മാസങ്ങള്‍ വേണ്ടിവരും. ഇപ്പോള്‍ സ്വതന്ത്രമാണ് ഈ മണ്ണ്.’
പിടിക്കപ്പെട്ട് ക്രൂര പീഡനത്തിന് വിധേയനായി മരണത്തിന് മുഖാമുഖം ചോര വാര്‍ന്ന് നില്‍ക്കുമ്പോഴും മലബാര്‍ സമരനായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞ വാക്കുകളാണിത്. (കീഴടങ്ങിയാല്‍ മക്കത്തേക്ക് നാടുകടത്തുകയേ ഉള്ളൂ ആരെയും കൊല്ലില്ല എന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വ്യാജ വാഗ്ദാനമുണ്ടായിരുന്നു.) ബ്രിട്ടീഷ് ഭരണാധികാരികളോടും ജന്മി നാടുവാഴിത്തത്തിന്റെ ക്രൂരമായ സാമൂഹ്യനീതിയോടും പൊരുതി, സ്വതന്ത്രമായൊരു രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത് ആ രാജ്യത്തിനിട്ട പേര് ‘മലയാള രാജ്യം’ എന്നായിരുന്നു.
‘ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസല്‍മാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറഞ്ഞുപരത്തുന്നുണ്ടത്രേ. വെള്ളക്കാരും അവരുടെ സില്‍ബന്ദികളായ ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരും, പടച്ചവന്റെ സൃഷ്ടികളെ നാലു ജാതിയാക്കിത്തിരിച്ചത് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരേയും അടിമകളാക്കിയ ജന്മിമാരും ചേര്‍ന്നാണ് ഇങ്ങനെ പറഞ്ഞു പരത്തുന്നത്.
നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ബ്രിട്ടീഷ് ഗവണ്മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര് ആരായിരുന്നാലും നിര്‍ദ്ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്.
അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താല്‍ ഞാന്‍ അവരെ ശിക്ഷിക്കും.ഇത് മുസല്‍മാന്മാരുടെ രാജ്യമാക്കാന്‍ ഉദ്ദേശ്യമില്ല. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനില്‍ ചേര്‍ക്കരുത്. അവരുടെ സ്വത്തുക്കള്‍ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഹിന്ദുക്കളെ നമ്മള്‍ ദ്രോഹിച്ചാല്‍ അവര്‍ ഈ ഗവണ്മെന്റിന്റെ ഭാഗം ചേരും അതു നമ്മുടെ തോല്‍വിക്ക് കാരണമാവും.
ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തല്‍ക്കാലം കൈയിലില്ലാത്തവര്‍ ചോദിച്ചാല്‍, ഉള്ളവര്‍ കൊടുക്കണം. കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവര്‍ക്ക് ആഹാരം നല്കണം. അവര്‍ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഫലം അവര്‍ക്കും അവരുടെ കുടുംബത്തിനും ലഭിക്കണം. വേണ്ടിവന്നാല്‍ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാന്‍ നാം തയ്യാറാണ്, ഇന്‍ശാ അല്ലാഹ്. ‘
സമരക്കാര്‍ക്കെതിരുനിന്ന ആനക്കയത്തെ ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥന്‍ ഖാന്‍ ബഹാദൂര്‍ ചേക്കുട്ടിയെ കൊലപ്പെടുത്തിയതിനു ശേഷം വാരിയം കുന്നത്ത് നടത്തിയ ഈ പ്രഖ്യാപനത്തിലുണ്ട് മലബാര്‍ കലാപത്തിന്റെ രാഷ്ട്രീയവും രീതിശാസ്ത്രവും. ഇത്രയേറെ അവധാനതയുള്ള , ധീരനായ സാമ്രാജ്യത്വ വിരുദ്ധ പോരാളിയെ ഹിന്ദു വിരുദ്ധനായ വര്‍ഗ്ഗീയവാദിയും, സമഗ്രമായൊരു വിപ്ലവ മുന്നേറ്റത്തെ ഹിന്ദുക്കള്‍ക്കെതിരായ വര്‍ഗ്ഗീയ കലാപവുമായി സ്ഥാപിച്ചെടുക്കാന്‍ ഹിന്ദുത്വ വര്‍ഗ്ഗീയതയുടെ ആശയ നിര്‍മ്മാണ ഫാക്ടറികള്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഒസാമ ബിന്‍ലാദന്റെ ആദിമരൂപമെന്ന അധമമായ അധിക്ഷേപങ്ങള്‍ കൊണ്ട് ആ മഹദ് ജീവിതത്തെ മറയ്ക്കാനാണ് ഹിന്ദുത്വവര്‍ഗ്ഗീയത എക്കാലവും ശ്രമിച്ചിട്ടുള്ളത്.
ഇതില്‍ അത്ഭുതത്തിന് അവകാശമില്ല. നെഹ്രുവും ഗാന്ധിജിയുമടക്കമുള്ളവരുടെ രാഷ്ട്രീയത്തെയും രാഷ്ട്ര സങ്കല്പനത്തെയും വരെ അസഹിഷ്ണുതയോടെ നോക്കിക്കാണുകയും അസത്യ പ്രചരണങ്ങള്‍ കൊണ്ട് അപമാനിക്കുകയും ചെയ്യുന്നവര്‍ വാരിയന്‍ കുന്നനെ അംഗീകരിക്കുമെന്ന് കരുതാന്‍ ഒരു ന്യായവുമില്ല തന്നെ. എന്നാല്‍ ഇവര്‍ പ്രചരിപ്പിക്കുന്ന അസത്യങ്ങള്‍ക്ക് ചരിത്ര സത്യങ്ങളേക്കാള്‍ മേല്‍ക്കയ്യും ജനപ്രിയതയും വര്‍ദ്ധിച്ചു വരുന്നു എന്നത് ജനാധിപത്യവാദികള്‍ക്ക് നിസ്സാരമായി കാണാനാവില്ല.
പൃഥ്വിരാജ് ,ആഷിഖ് അബു, ഹര്‍ഷദ് എന്നിവരും പി.ടി. കുഞ്ഞുമുഹമ്മദും രണ്ട് വ്യത്യസ്ത പ്രൊജക്ടുകളായി വാരിയംകുന്നനെക്കുറിച്ചുള്ള സിനിമകള്‍ അനൗണ്‍സ് ചെയ്തതോടെ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ക്യാമ്പുകളില്‍ നിന്നുള്ള വിദ്വേഷപ്രചരണങ്ങള്‍ പൊട്ടിയൊലിച്ച് ഒഴുകുകയാണ് സമൂഹ മാദ്ധ്യമങ്ങളിലാകെ.
ഹിന്ദുക്കളെ ഉപദ്രവിക്കുന്ന സ്വന്തം അനുയായികള്‍ക്ക് കഠിനശിക്ഷ തന്നെ വാരിയംകുന്നത്ത് നല്‍കിയിരുന്നു. ബ്രീട്ടീഷ് അനുകൂല മനോഭാവം പുലര്‍ത്തിയിരുന്ന തദ്ദേശവാസികള്‍ക്കു നേരെ കടുത്ത ശിക്ഷാ നടപടികള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. കൊണ്ടോട്ടിത്തങ്ങന്മാരും മേല്പറഞ്ഞ ചേക്കുട്ടിയും ആ ശിക്ഷ ഏറ്റുവാങ്ങിയ മുസ്ലീങ്ങളാണ്. എന്നാല്‍ മലപ്പുറത്തെ ഭൂരിപക്ഷം ജന്മിമാരും സവര്‍ണ്ണ ഹിന്ദുക്കളായിരുന്നു എന്നതുകൊണ്ട് പോരാട്ടത്തിന്റെ ശത്രുപക്ഷത്ത് അവര്‍ വരിക സ്വാഭാവികമാണ്. അതിന് മതമല്ല കാരണം. സാമ്പത്തിക / രാഷ്ട്രീയ ഘടകങ്ങളാണ്.
മലബാറിലെ കലക്ടറായിരുന്ന വില്യം ലോഗന്‍ തന്റെ മലബാര്‍ മാന്വലില്‍ ഒരു നൂറ്റാണ്ട് നീണ്ടു നിന്ന കലാപ പരമ്പരകളുടെ സാമൂഹ്യ കാരണങ്ങള്‍ ഏതാണ്ട് കൃത്യമായി വിലയിരുത്തുന്നുണ്ട്. ജനസാമാന്യത്തെ ദ്രോഹിക്കുന്ന നികുതി സമ്പ്രദായവും ഭൂമിക്ക് മേല്‍ ജന്മിമാര്‍ക്ക് പരമാധികാരവും നല്‍കുന്ന ജാത്യാധിഷ്ഠിത ഭൂവുടമാ ബന്ധങ്ങളുമാണ് മലബാറിലെ സ്ഥിതി ഗുരതരമാക്കുന്നതെന്ന് അദ്ദേഹം മാന്വലില്‍ എഴുതുന്നുണ്ട്.
ആധുനിക വിദ്യാഭ്യാസത്തിലൂടെയും ഭൂബന്ധങ്ങള്‍ പരിഷ്‌കരിച്ചും കൊണ്ടല്ലാതെ സൈനികമായി മലബാര്‍ കാര്‍ഷിക സമരങ്ങളെ നേരിടാനാവില്ലെന്ന് അദ്ദേഹം അടിവരയിടുന്നു. എന്നാല്‍ ഇത് ചെവിക്കൊള്ളുകയല്ല , അദ്ദേഹത്തെ തരം താഴ്ത്തുകയായിരുന്നു ബ്രിട്ടീഷ് ഭരണകൂടം. ഈ കലാപങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ‘മാപ്പിള ഔട്ട് റേജ് ആക്ട് ‘ എന്ന അങ്ങേയറ്റം പ്രാകൃതവും വംശീയവുമായ നിയമം നടപ്പാക്കുകയായിരുന്നു.
ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം മലബാറില്‍ , വിശേഷിച്ച് ഏറനാട്ടില്‍ പല കാലം പല ഭാഗങ്ങളില്‍ നടന്ന പോരാട്ടങ്ങള്‍ക്ക് ഉജ്ജ്വലമായ ചില ഗതിവേഗങ്ങളും പുതുമാനങ്ങളും കൈവരികയാണ് 1921 ല്‍ നടന്നത്. അത് ദേശീയ പ്രസ്ഥാനത്തിന്റെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ഭാഗമാണോ അതോ കാര്‍ഷിക കലാപമാണോ എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ വലിയ സംവാദങ്ങള്‍ നടന്നിട്ടുണ്ട്. ഏറനാടന്‍ കര്‍ഷകരുടെ ദുരിതജീവിതത്തിന് പരിമിതമെങ്കിലും അല്പമല്ലാത്ത ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങള്‍ ടിപ്പു സുല്‍ത്താന്‍ നടപ്പാക്കിയിരുന്നു.
ടിപ്പുവിന് ശേഷം 1729 ല്‍ നിലവില്‍വന്ന ബ്രിട്ടീഷ് ഭരണകൂടം കടുത്ത കര്‍ഷകവിരുദ്ധ – ജന്മിത്താനുകൂല നിലപാടുകള്‍ കടുപ്പിച്ചു. ഇതെങ്ങനെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമാവും എന്ന ഒറ്റബുദ്ധി ചോദ്യങ്ങളോട് എന്തു പറയാനാണ്? ദൈനംദിന ജീവിതദുരിതങ്ങളില്‍ നിന്നുള്ള അതിജീവിനശ്രമവും രാഷ്ട്രീയം തന്നെയാണ്. ജനാധിപത്യത്തത്തെയും രാഷ്ട്രതന്ത്രത്തെയും കുറിച്ചുള്ള പ്രബന്ധങ്ങളും സിദ്ധാന്തങ്ങളും വായിച്ചല്ല , ജീവിതാനുഭവങ്ങളില്‍ നിന്നാണ് ഭൂരിപക്ഷം മനുഷ്യരും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നത്.
0 Comments