വിദേശ സംഭാവന (നിയന്ത്രണ) നിയമം 2010 ന്‍റെ ലംഘനമുണ്ടായിട്ടുണ്ടെന്ന് സി.ബി.ഐ കൊച്ചി യൂണിറ്റ് എണറാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ് ഐ ആർ) 2020 സെപ്റ്റംബര്‍ 24-ന് സമര്‍പ്പിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയില്‍ യു.എ.ഇ റെഡ്ക്രസന്‍റിന്‍റെ സഹായത്തോടെ നിര്‍മ്മിക്കുന്ന 140 ഫ്ളാറ്റുകളുടെയും ഒരു ഹെല്‍ത്ത് സെന്‍ററിന്‍റെയും നിര്‍മ്മാണ കരാര്‍ യു.എ.ഇ കോണ്‍സല്‍ ജനറലും യൂണിടാക്, സാനെ വെഞ്ചേഴ്സും തമ്മില്‍ ഏര്‍പ്പെട്ടിട്ടുള്ളതാണ്.

ലൈഫ് മിഷന്‍ ഒരു തുകയും വിദേശ സംഭാവനയായി സ്വീകരിച്ചിട്ടില്ല. കരാര്‍ പ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന തുകകളും വിദേശ സംഭാവന (നിയന്ത്രണ) നിയമം 2010 ന്‍റെ പരിധിയില്‍ പെടുന്നില്ല എന്നാണ് നിയമവൃത്തങ്ങളുടെ അഭിപ്രായം. ആ നിലയ്ക്ക് സി.ബി.ഐ കൊച്ചി യൂണിറ്റ് മേല്‍പറഞ്ഞ നിയമത്തിന്‍റെ 35-ാം വകുപ്പും മൂന്നാം വകുപ്പും ലംഘിക്കപ്പെട്ടു എന്ന് കാണിച്ച് ലൈഫ് മിഷന്‍റെ അറിയപ്പെടാത്ത ഉദ്യോഗസ്ഥര്‍ എന്നുകൂടി ഉള്‍പ്പെടുത്തി യൂണിടാക്, സാനെ വെഞ്ചേഴ്സ് എന്നീ സ്ഥാപനങ്ങളെ അടക്കം ചേര്‍ത്ത് ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ നിയമപരമായി നിലനില്‍ക്കില്ല എന്ന വാദമുയര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ബഹു. ഹൈക്കോടതി മുമ്പാകെ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഈ ഹര്‍ജി ബഹു. ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവായിട്ടുണ്ട്. അടുത്ത ഹിയറിങ്ങില്‍ വീണ്ടും വാദം കേള്‍ക്കും.

നിയമപരമായി നിലനില്‍ക്കുന്നില്ല എന്ന് നിയമോപദേശം ലഭിച്ചിട്ടുള്ള ഒരു കാര്യത്തെപ്പറ്റി കോടതിയില്‍ നിയമപരമായി നേരിടുന്നത് തെറ്റാണെന്ന് പറയുന്നത് ഭരണഘടനാപരമായ പരിരക്ഷകള്‍ വിനിയോഗിക്കാന്‍ പാടില്ല എന്നു പറയുന്നതിനു തുല്യമാണ്. ഭൂരഹിതരും ഭവനരഹിതരുമായ ആളുകള്‍ക്ക് അടച്ചുറപ്പുള്ള ഭവനം നല്‍കാന്‍ ആവിഷ്കരിച്ച ലൈഫ് മിഷനെ അടിസ്ഥാനരഹിതമായ വ്യവഹാരങ്ങളുടെ നൂലാമാലകളില്‍ പെടുത്തുമ്പോള്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കണം എന്നു പറയുന്നത് യുക്തിരഹിതമാണ്. ഇത് അംഗീകരിക്കാന്‍ ഒരിക്കലുമാവില്ല.

വിദേശ സംഭാവന (നിയന്ത്രണ) നിയമം 2010 ന്‍റെ 2 (എച്ച്) വകുപ്പ് പ്രകാരം ഇക്കാര്യത്തില്‍ ലംഘനമുണ്ടായിട്ടില്ല എന്ന വ്യക്തമായ ബോധ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ബഹു. ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഫെഡറല്‍ സംവിധാനത്തില്‍ സി.ബി.ഐ ഇടപെടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്യണമെന്നുള്ള വലിയ ചോദ്യം ഇവിടെ ഉയരുന്നുണ്ട്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചതുപോലെ സി.ബി.ഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താനുള്ള പൊതു അനുമതി വിലക്കിയ മാതൃകയല്ല ഇവിടെ സ്വീകരിക്കുന്നത്.

അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കപ്പെടണമെന്നുള്ള കാര്യത്തില്‍ വ്യക്തമായ ബോധ്യമുള്ളതുകൊണ്ടാണ് സംസ്ഥാന വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
എന്നാല്‍, പ്രഥമദൃഷ്ട്യാ നിലനില്‍ക്കാത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെടുമ്പോള്‍ അവ ചോദ്യം ചെയ്യപ്പെടേണ്ടത് നമ്മുടെ നിയമവ്യവസ്ഥയും ഭരണഘടനയും സര്‍ക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അനുവദിച്ചിട്ടുള്ള അവകാശങ്ങളാണ്. അവ വിനിയോഗം ചെയ്യുക മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ.

നിയമക്കുരുക്കുകള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നവര്‍ തന്നെ സര്‍ക്കാര്‍ നിയമപരമായ പരിഹാരം തേടുമ്പോള്‍ എതിര്‍പ്പ് ഉയര്‍ത്തുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പരിഹാസ്യമാണ്.
“ഞങ്ങള്‍ എന്ത് ആക്ഷേപവും ഉന്നയിക്കും. സര്‍ക്കാര്‍ അത് കേട്ടിരുന്നുകൊള്ളണം.” ഈ സമീപനം സ്വീകാര്യമല്ല.

തിടുക്കപ്പെട്ട്, ‘തിരിച്ചടി’ എന്ന് വ്യാഖ്യാനിക്കാന്‍ മാത്രം എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് വ്യക്തമല്ല. അന്വേഷണവുമായി ബന്ധപ്പെട്ട് നിയമപരമായ ചില പ്രശ്നങ്ങളുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിക്കാൻ ലൈഫ് മിഷൻ സി ഇ ഒയ്ക്ക് അനുമതി കൊടുത്തത്.

കേസ് ബഹു. ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ പറയുന്നത് ഉചിതമല്ല.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *