വിദ്യാർത്ഥികൾക്കെല്ലാം ലാപ്ടോപ്പ്. അതിനാണ് വിദ്യാശ്രീ പദ്ധതി. 10 ലക്ഷം കുട്ടികളെങ്കിലും ഈ പദ്ധതി വഴി ലാപ്ടോപ്പ് വാങ്ങുമെന്നാണ് എന്റെ കണക്കുകൂട്ടൽ. 75 ശതമാനം മുതൽ 25 ശതമാനം വരെ സബ്സിഡിയായി ലഭിക്കും. ബാക്കി തുക മൂന്നു വർഷംകൊണ്ട് കെഎസ്എഫ്ഇ ചിട്ടി വഴി അടച്ചുതീർത്താൽ മതിയാകും. കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

കുടുംബശ്രീയുടെ തിരിച്ചടവ് റെക്കോർഡ് 99 ശതമാനമായിരിക്കുന്നതുകൊണ്ട് 1500 കോടി രൂപ ലാപ്ടോപ്പ് വാങ്ങാൻ മുൻകൂർ മുടക്കുന്ന കെഎസ്എഫ്ഇ മറ്റൊരു ഈടും ഗുണഭോക്താക്കളിൽ നിന്നും ആവശ്യപ്പെടില്ല.പൊതു വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്ത് ഐറ്റി വകുപ്പാണ് ലാപ്ടോപ്പുകളുടെ സ്പെസിഫിക്കേഷൻസ് നിശ്ചയിച്ചത്. ടെണ്ടർ വിളിച്ചതും അവർ തന്നെ. നാല് മോഡലുകളാണ് ക്വാളിഫൈ ചെയ്തത്. ലെനോവ (18000 രൂപ), എച്ച്പി (17990 രൂപ), എയ്സർ (17883 രൂപ), കൊക്കോണിക്സ് (14990 രൂപ) എന്നിവയുടെ മോഡലുകളിൽ നിന്ന് കുട്ടികൾക്ക് ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാം.500 രൂപ വീതം 30 മാസ തവണകളാണ് വിദ്യാശ്രീ ചിട്ടിക്കുള്ളത്.

ആശ്രയ കുടുംബങ്ങൾക്ക് 50 ശതമാനം സബ്സിഡി കെഎസ്എഫ്ഇ ജീവനക്കാരുടെ വകയാണ്. പട്ടികവിഭാഗം, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു ബന്ധപ്പെട്ട വകുപ്പ് 25 ശതമാനം സബ്സിഡി നൽകും. അർഹരായവർക്ക് മുന്നോക്ക – പിന്നോക്ക കോർപ്പറേഷനുകൾ അവരുടെ ഫണ്ടിൽ നിന്ന് 25 ശതമാനം സബ്സിഡി നൽകും. ഇതിനുപുറമേ എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾ വക 25 ശതമാനം സബ്സിഡിയുണ്ട്. അവർക്ക് മറ്റുള്ള കുടുംബങ്ങൾക്കും ഇതേ സബ്സിഡി നൽകാനുള്ള അവകാശവുമുണ്ട്. സബ്സിഡി തുക കെഎസ്എഫ്ഇയ്ക്കു ലഭിച്ചു കഴിഞ്ഞാൽ ഇതിന്റെ അനുപാതത്തിൽ ചിട്ടി മാസ അടവിലും കുറവുണ്ടാകും. ഉദാഹരണത്തിന് ആശ്രയ കുടുംബങ്ങൾക്ക് പ്രതിമാസം 500 രൂപയ്ക്കു പകരം 125 രൂപ വീതം അടച്ചാൽ മതിയാകും. ഈ തുകയും സ്പോൺസർമാർ വഴി കണ്ടെത്താം.

വിദ്യാശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ മൂന്നു കുട്ടികളുമായി പുതിയ ലാപ്ടോപ്പുവഴി സംവദിച്ചു. അതിലൊരു പന്ത്രണ്ടാം ക്ലാസുകാരി പറയുന്നുണ്ടായിരുന്നു അമ്മ ജോലിക്കു പോകുമ്പോൾ പഠനം മുടങ്ങും. വീട്ടിലെ ഫോൺ അമ്മയുടെ കൈയ്യിലാണ്. ഇനി അത് ഉണ്ടാവില്ലായെന്ന സന്തോഷത്തിലാണ് അവൾ.സ്കൂളുകളിൽ ഡിജിറ്റൽ അധ്യായനം. വീടുകളിൽ ലാപ്ടോപ്പ്. എല്ലാ വീട്ടിലേയ്ക്കും കെ-ഫോൺ വഴി ഇന്റർനെറ്റുകൂടി എത്തുമ്പോൾ നമ്മുടെ വിദ്യാഭ്യാസ രീതിയിൽ വലിയൊരു ഇളക്കി പ്രതിഷ്ഠ നടക്കും. വിദ്യാഭ്യാസത്തിനു മാത്രമല്ല, ഇ-ഗവേണൻസിനും കുതിപ്പുണ്ടാകും. ഡിജിറ്റൽ സൗകര്യങ്ങളുടെ അന്തരം ഇല്ലാതാകും.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *