ചരിത്രത്തിലെ
ഏറ്റവും വലിയ വികസനക്കുതിപ്പിന് നമ്മുടെ നാട് ഒരുങ്ങുന്നു.

സർവ്വ മേഖലയിലും വികസന വിപ്ലവം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന ഈ സർക്കാരിന്റെ ഭാഗമായി തന്നെ ഏറെ അഭിമാനത്തോടെയാണ് നിങ്ങളോടീ സന്തോഷ വാർത്ത പങ്കു വെക്കുന്നത്.

ഒരു വേള നടക്കില്ല എന്ന് വരെ പലരും കരുതിയ നമ്മുടെ ദേശീയപാതയും ബൈപ്പാസും 6 വരിയായി വികസിപ്പിക്കുന്ന പ്രവൃത്തി ദേശീയപാതാ വിഭാഗം ടെണ്ടർ ചെയ്തിരിക്കുന്നു…

വെങ്ങളം മുതൽ അഴിയൂർ വരെ ചെങ്ങോട്ടുകാവ് നന്തി ബൈപ്പാസ് ഉൾപ്പെടെ 40.800 കിലോമീറ്റർ ദൂരം ദേശീയ പാത 6 വരിയിൽ സർവ്വീസ് റോഡോടു കൂടിയാണ് നിർമ്മിക്കുന്നത്. 1382.56 കോടി രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരിക്കുന്നത് . മൂരാട് പാലവും പാലോളി പാലവും അതിനിടയിൽ വരുന്ന 2.1 കിലോമീറ്റർ ഭാഗവും 69.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നേരെത്തെ തന്നെ ടെണ്ടർ ചെയ്തിരുന്നു. ആയത് വരുന്ന ആഴ്ചകളിലൊന്നിൽ തന്നെ ഓപ്പണാവുമെന്നാണ് കരുതുന്നത്.

നമുക്കറിയാം ദേശീയ പാത, ചെങ്ങോട്ടുകാവ് – നന്തി ബൈപ്പാസ് വികസനം ഒച്ചിനെപ്പോലെ ഇഴഞ്ഞു നീങ്ങിയ ഒരു കാലമുണ്ടായിരുന്നു. ആ കാലത്ത് നിന്നും വിഭിന്നമായി ചരിത്ര വികസന നടപടികൾക്ക് ശരവേഗം കൈവന്നതിന് പിന്നിൽ നമ്മുടെ പ്രിയ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരനും ഈ ഇടതു ജനാധിപത്യ മുന്നണി സർക്കാരും ഇച്ഛാശക്തിയോടു കൂടി പ്രവർത്തിച്ചതാണെന്ന് പറയുന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാവാനിടയില്ല. ഈ നാട്ടിലെ ജനങ്ങൾക്ക് മുന്നിൽ എല്ലാമുണ്ടല്ലൊ…. എത്ര തവണ ഇതു സംബന്ധിച്ച് ഡൽഹിയിൽ നേരിട്ടും അല്ലാതെയും നമ്മുടെ ഭരണ നേതൃത്വം ബന്ധപ്പെട്ടു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി തന്നെ അത് സാക്ഷ്യപ്പെടുത്തിയില്ലെ…. കേരളത്തിലെ ദേശീയപാത നിർമ്മാണത്തിന്റെ ഭൂമി ഏറ്റെടുക്കലിനായി ആകെ വരുന്ന തുകയുടെ നാലിലൊന്നായ 5374 കോടി രൂപ കിഫ്ബി വഴിയാണ് സർക്കാർ വകയിരുത്തി നൽകുന്നത്.

ഭൂമി ഏറ്റെടുക്കൽ നടപടികൾ കോവിഡ് പശ്ചാത്തല കാലത്ത് വന്ന ചെറിയ വേഗക്കുറവ് ഒഴിച്ച് കാര്യക്ഷമമായി വേഗത്തിൽ തന്നെയാണ് മുന്നോട്ട് നീങ്ങുന്നത് . കർമ്മനിരതരായ നമ്മുടെ റവന്യു വകുപ്പിലെ സർവ്വെയർമാർ, പ്രത്യേക ഭൂമി ഏറ്റെടുക്കൽ തഹസിൽദാർമാർ , ഡെപ്യൂട്ടി കലക്ടർ , ജില്ലാ കലക്ടർ എന്നിവരെ ഈ ഘട്ടത്തിൽ അഭിനന്ദിക്കുന്നു.

കൊയിലാണ്ടി മണ്ഡലത്തെ സംബന്ധിച്ച് നാട്ടിൽ ഇത്ര മേൽ മാറ്റം കൊണ്ടുവരുന്ന ഒരു വികസന പ്രവർത്തനം ഇനി നടക്കാനില്ല. ജനങ്ങൾ അത്രയേറെ കാത്തിരിക്കുന്ന ഈ അനിവാര്യമായ ദേശീയപാതാ വികസനവും അനുബന്ധ ബൈപ്പാസ് നിർമ്മാണവുമാണ് ഒടുവിൽ യാഥാർത്ഥ്യമാവുന്നത്.

ഭൂമിയും വീടും ഈ പാതയുടെ വികസനത്തിനായി വിട്ടു നൽകുന്നവർക്ക് അർഹമായ നഷ്ട പരിഹാരം നൽകി മാത്രമെ മുന്നോട്ടു പോകുകയുള്ളു. ഭൂമി ഏറ്റെടുക്കൽ നടപടി ക്രമങ്ങൾ 90% ലേറെ മുന്നോട്ട് നീങ്ങിക്കഴിഞ്ഞു. മൂരാട് ഇരിങ്ങൽ ഭാഗത്ത് ഉള്ള കുറെയധികം പേർക്ക് ഇതിനോടകം തന്നെ പണം നൽകി കഴിഞ്ഞു. മറ്റുള്ളവർക്കും പണം നൽകി വരികയാണ്.

ഏതായാലും
നമ്മുടെ നാട് ചരിത്ര വികസന വഴിത്താരയിലാണെന്ന് വെറുതെ പറയുന്നതല്ല…

അക്ഷരാർത്ഥത്തിൽ
ചരിത്രത്തിലിടം നേടുന്ന ഒരു ഭരണ വികസന കാലഘട്ടം തന്നെയാണ് ഇത്..

കെ.ദാസൻ എം.എൽ.എ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *