വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു കഴിഞ്ഞു. ദേശീയപാതയുടെ ഭാഗമായി വരുന്ന ഈ മേല്‍പ്പാലങ്ങള്‍ സംസ്ഥാന സർക്കാർ കിഫ്ബി വഴി പണം കണ്ടെത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. പ്രളയവും കോവിഡും ഉൾപ്പടെ വളരെയധികം പ്രതിസന്ധികൾക്കിടയിലും എല്ലാത്തിനെയും അതിജീവിച്ച് വളരെ വേഗം തന്നെ ദേശീയപാത വിഭാഗം മേൽപ്പാലങ്ങളുടെ നിർമ്മാണം പൊതുമരാമത്തിന് പൂർത്തീകരിക്കാൻ കഴിഞ്ഞു. ഡിസംബർ 29 ഓടു കൂടിയാണ് ഭാരപരിശോധനയുടെ നടപടി ക്രമങ്ങൾ പൂർത്തിയായത്. അതിന് ശേഷമുള്ള 24 മണിക്കൂർ കഴിഞ്ഞാണ് അതിൻ്റെ ഡിഫ്ലക്ഷൻ തോത് കണക്കാക്കുന്നത്. വളരെ വിജയകരമായി ഭാരപരിശോധനയും പൂർത്തിയായി

വൈറ്റില മേൽപ്പാലം യാഥാർഥ്യമായതോടെ ദേശീയപാത 66ൽ ആലുവ, ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാർക്കു‌ മാത്രമല്ല എറണാകുളം നഗരത്തിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കുമുള്ള യാത്ര എളുപ്പമാകും.85.9 കോടി രൂപയായിരുന്നു എസ്‌റ്റിമേറ്റ്‌. 78.36 കോടി രൂപയ്‌ക്ക്‌ കരാർ ഉറപ്പിച്ചതുകൊണ്ട്‌ 6.73 കോടി രൂപ മിച്ചംപിടിക്കാനും കഴിഞ്ഞു. എൽഡിഎഫ്‌ സർക്കാർ 152.81 കോടി രൂപ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചാണ്‌ ഇരുപാലങ്ങളും നിർമിച്ചത്‌. എസ്‌റ്റിമേറ്റ്‌ തുകയേക്കാൾ 15.02 കോടി രൂപ ലാഭിച്ചാണ്‌ ഇരുവശങ്ങളിലും മൂന്നുവരിവീതം ഗതാഗതം സാധ്യമാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക തികവോടെ പാലങ്ങൾ നിർമിച്ചത്‌. ദേശീയപാത അതോറിറ്റിയിൽനിന്നു നിർമാണം ഏറ്റെടുത്തതുകൊണ്ട്‌ ടോൾ പിരിവ്‌ ഒഴിവാക്കാനും സംസ്ഥാന സർക്കാരിനു കഴിഞ്ഞു. ഫണ്ടില്ലെന്നു പറഞ്ഞ്‌ മുൻ യുഡിഎഫ്‌ സർക്കാർ നീട്ടിക്കൊണ്ടുപോയ പദ്ധതിയാണ്‌ ഇപ്പോൾ എൽഡിഎഫ് സർക്കാർ സാക്ഷാത്‌ക്കരിച്ചത്

കേരളത്തിൻ്റെ വാണിജ്യ തലസ്ഥാനത്തിൻ്റെ നിലവിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമേകാന്‍ ഈ മേല്‍പ്പാലങ്ങള്‍ ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിലൂടെ സാധിക്കും. ദേശീയപാത ഉപയോഗിക്കുന്നവർക്ക് മാത്രമല്ല നഗരവാസികളുടേയും ദൈനംദിന ജീവിതത്തിന് ഗതി വേഗമേറ്റാനും വ്യവസായ വാണിജ്യ വികസനത്തിന് കൂടുതൽ കുതിപ്പേകാനും ഈ പാലങ്ങൾക്കാവും എന്ന് തീർച്ച.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *