ഈ മഹാമാരിയുടെ കാലം ജനകീയമായ പ്രതിരോധ പ്രവർത്തനത്തിൻ്റെ കാലം മാത്രമായിരുന്നില്ല, മറിച്ച് ജനവിരുദ്ധ ആശയങ്ങളുടെ പ്രചരണ പ്രവർത്തനങ്ങളുടെ കാലം കൂടി ആയിരുന്നു. അത്തരമൊരു പ്രചരണമാണ്: കേൾക്കുമ്പോൾ ആകർഷകമായ -വൺ ഇന്ത്യ വൺ പെൻഷൻ -എന്ന മുദ്രാവാക്യം എന്ന് ,കാര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോൾ നമുക്ക് കണ്ടെത്താൻ കഴിയും.”വൺ ഇന്ത്യ -വൺ പെൻഷൻ ” പ്രചരണങ്ങളും വസ്തുതകളും എന്നിവയെ കുറിച്ച് ഡോ: ആർ.കെ സതീഷ് എഴുതുന്നു
1) തൊഴിൽ അടിസ്ഥാനമാക്കിയുള്ള പെൻഷൻ സംവിധാനം എന്താണ്?
നിർവചിക്കപ്പെട്ട ആനുകൂല്യ പദ്ധതി എന്ന അർത്ഥത്തിലാണ് പെൻഷൻ സംവിധാനത്തെ അടയാളപ്പെടുത്തിയത്.ജനാധിപത്യ സമൂഹത്തിൻ്റെ വളർച്ചയുടെ ഘട്ടത്തിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിൽ ഉണ്ടാക്കിയ കരാറിൻ്റെ അടിസ്ഥാനത്തിൽ ‘നികുതി രഹിത’മായി “മാറ്റിവെക്കപ്പെട്ട വേതന”മാണ് പെൻഷൻ. ഈ “മാറ്റിവെക്കപ്പെട്ട വേതനം”, തൊഴിലാളിയുടെ വിഹിതവും തൊഴിലുടമയുടെ വിഹിതവും കൂടി ചേർന്നാണ് സ്വരൂപിക്കപ്പെടുന്നത്.തൊഴിലാളിക്ക് തൊഴിൽ ദിനങ്ങളിൽ ലഭിക്കുന്ന വേതനം യഥാർത്ഥത്തിൽ ലഭിക്കേണ്ട കൂലിക്കു പകരം “മാറ്റിവെക്കപ്പെട്ട വേതന ” -ത്തിലേക്കുള്ള വിഹിതവും കുറച്ച് ബാക്കി വരുന്ന തുക ആയിരിക്കും. തൊഴിലാളിയുടെ അധ്വാനശക്തി വിലക്കെടുക്കുന്നത് വഴി തൊഴിലുടമക്ക് ലഭിക്കുന്ന മിച്ചമൂല്യത്തിൽ നിന്നും ഒരു വിഹിതമാണ് “മാറ്റിവെക്കപ്പെട്ട വേതന “‘ത്തിലേക്ക് തൊഴിലുടമ നൽകുന്നത്. യഥാർത്ഥത്തിൽ ഈ രണ്ടു വിഹിതവും തൊഴിലാളിയുടെ അധ്വാനശക്തിയുടെ ഉല്പന്നമായാണ് രൂപം കൊള്ളുന്നത്. ഇങ്ങിനെ രൂപപ്പെടുന്ന മാറ്റിവെക്കപ്പെടുന്ന വേതനത്തിൻ്റെ അളവ് തൊഴിലാളി പ്രവൃത്തിയിലേർപ്പെടുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണവുമായും തൊഴിലാളിക്ക് ലഭിച്ച വേതനവുമായും ബന്ധപ്പെട്ട് കിടക്കുന്നു. അതു കൊണ്ട് തന്നെ തൊഴിലാളിക്ക് ലഭിക്കുന്ന പെൻഷൻ തൊഴിലുടമക്ക് കീഴിൽ ജോലി ചെയ്ത കാലയളവിൻ്റെയും തൊഴിലാളി വാങ്ങിയ വേതനത്തിൻ്റെയും അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ട സമവാക്യങ്ങളിലൂടെയാണ് നിർണ്ണയിക്കുന്നത്. ചുരുക്കി പറഞ്ഞാൽ തൊഴിൽ ചെയ്യുന്ന സമയത്ത് തന്നെ തൊഴിലാളിക്ക് ലഭിക്കേണ്ടിയിരുന്ന വേതനം തൻ്റെ വാർദ്ധക്യകാലത്ത്, അഥവാ വിൽക്കാൻ അധ്വാനശക്തി ഇല്ലാത്ത ഒരു കാലത്ത് ജീവിക്കാൻ വേണ്ടി “മാറ്റി വെച്ച വേതന “മാണ് പെൻഷൻ. അത് തൊഴിലുടമയുടെയോ മറ്റാരുടെയെങ്കിലുമോ ഔദാര്യമല്ല മറിച്ച് തൊഴിലെടുത്തവൻ്റെ അവകാശമാണ്. തൊഴിലുടമ “സർക്കാർ ” ആകുമ്പോൾ തൊഴിലാളി “ജീവനക്കാരനാ”യി മാറുന്നു.അതു കൊണ്ട് ജീവനക്കാർക്ക് ലഭിക്കുന്ന പെൻഷൻ സർക്കാറിൻ്റെ ഔദാര്യമല്ല മറിച്ച് അവകാശമാണ്.
ഇങ്ങിനെയുള്ള പെൻഷൻ സംവിധാനത്തെ അട്ടിമറിക്കുള്ള ആദ്യത്തെ ശ്രമമായിരുന്നു കോൺട്രിബൂട്ടറി പെൻഷൻ സംവിധാനം ഏർപ്പെടുത്തക വഴി തൊഴിലുടമ നിർവഹിച്ചത്. 1990കളോട് കൂടി ഇന്ത്യയിൽ നടപ്പിലാക്കിയ കോർപ്പറേറ്റ് വൽക്കരണ നയങ്ങളുടെ തുടക്കത്തിലാണ് ഇത് നടപ്പിലാക്കാൻ തുടങ്ങിയത്. പെൻഷൻഫണ്ടിലേക്ക് മിച്ചമൂല്യത്തിൽ നിന്നും തൊഴിലുടമ നൽകി കൊണ്ടിരുന്ന വിഹിതം ഇനിമേൽ നൽകേണ്ടതില്ല എന്ന് തീരുമാനിക്കുകയും മറിച്ച് ആ വിഹിതം അധ്വാനശക്തി വാങ്ങിയ വകയിൽ തൊഴിലാളിയിൽ നിന്നും ഇടാക്കിയ “നികുതി രഹിത “വരുമാനം കൂടാതെ തൊഴിലാളി കൈപ്പറ്റി കൊണ്ടിരിക്കുന്ന വേതനത്തിൽ നിന്ന് ഒരു നിശ്ചിത തുക പിടിച്ചെടുത്ത് പെൻഷൻഫണ്ട് രൂപപ്പെടുത്തി സ്വകാര്യ ഏജൻസിക്കോ, ഷെയർ മാർക്കറ്റിലോ നിക്ഷേപിച്ചു അതിൽ നിന്നും ലഭിക്കുന്ന ലാഭ വിഹിതത്തിൻ്റെ അടിസ്ഥാനത്തിൽ, വിരമിക്കുന്ന തൊഴിലാളിക്ക് പെൻഷൻ നൽകുന്ന രീതി നടപ്പാക്കികൊണ്ട് പെൻഷൻ നൽകുന്ന ഉത്തരവാദിത്വത്തിൽ നിന്നും തൊഴിലുടമ പൂർണ്ണമായും പിന്മാറി. ഇതിനെതിരെയുള്ള ചെറുത്ത് നിൽപിൻ്റെ ഭാഗമായി കേരളത്തിൽ നടപ്പിലാക്കാൻ പെട്ടെന്ന് കഴിഞ്ഞില്ലെങ്കിലും 2014 ഏപ്രിലോടു കൂടി കേരളത്തിലും നടപ്പിലാക്കപ്പെട്ടു.
എന്നാൽ പെൻഷൻ സംവിധാനം തന്നെ ഇല്ലാതാക്കാനുള്ള അതിവിദഗ്ദമായ ഒരു പദ്ധതിയുടെ ഭാഗമായാണ്
വൺ ഇന്ത്യ വൺ പെൻഷൻ എന്ന മുദ്രാവാക്യത്തിൻ്റെ ഇപ്പോൾ നടക്കുന്ന പ്രചരണം. കേൾക്കുമ്പോൾ എല്ലാവർക്കും സ്വീകാര്യത തോന്നുന്ന വിധത്തിലാണ് അവതരണം. ഇന്ത്യയിലെ 60 വയസ്സ് കഴിഞ്ഞ എല്ലാ പൌരന്മാർക്കും മാസത്തിൽ 10000 രൂപ പെൻഷൻ. ഇതിന് വേണ്ടത് 10000 ൽ അധിക പെൻഷൻ വാങ്ങി കൊണ്ടിരിക്കുന്ന ജീവനക്കാരുടെ പെൻഷനിൽ, അധികം വരുന്ന തുക പിടിച്ചെടുക്കുകയും, 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും വിതരണം ചെയ്യുകയുമാണ് വേണ്ടത് എന്ന് പ്രഖ്യാപിക്കുന്നു. ഇന്ത്യൻ ഭരണകൂടം കോർപ്പറേറ്റ് അനുകൂല നയങ്ങൾ, ദയാരഹിതമായി നടപ്പിലാക്കിയതിൻ്റെ ഭാഗമായി തൊഴിൽ രഹിതരായവർ , തൊഴിൽ നഷ്ടപ്പെട്ടവർ, പാപ്പരായ കർഷകരും കർഷക തൊഴിലാളികളുമടക്കം ജീവിതം തള്ളിനീക്കാൻ പാടുപെടുന്ന മുഴുവനാൾക്കും ഈ വാഗ്ദാനം ഏറെ സ്വീകാര്യമാവും.
അവരുടെ പ്രയാസത്തിൻ്റെ യഥാർത്ഥ കാരണങ്ങൾ അവർ തിരച്ചറിയാതെ പോവുകയും തൊഴിൽ രഹിതൻ്റെ ശത്രു തൊഴിലെടുക്കുന്നവനും 60 വയസ്സ് കഴിഞ്ഞ് ജീവിക്കാൻ പ്രയാസപ്പെടുന്നവൻ്റെ ശത്രു ഉയർന്ന പെൻഷൻ പറ്റുന്നവനുമായി മാറും. യഥാർത്ഥ ശത്രു മറഞ്ഞിരിക്കും. യഥാർത്ഥത്തിൽ “മാറ്റി വെക്കപ്പെട്ട വേതന “മാണ് പെൻഷൻ എന്നും അത് തൊഴിൽ ചെയ്യുന്ന സമയത്ത് കൂലിയിനത്തിൽ ലഭിക്കേണ്ടിയിരുന്ന വേതനമായിരുന്നു എന്നും അത് വാർദ്ധക്യകാലത്തേക്ക് തൊഴിലുടമയുമായി ഉണ്ടാക്കിയ ഒരു എഗ്രിമെൻറിൻ്റെഅടിസ്ഥാനത്തിൽ മാറ്റി വെച്ചതാണന്നും അതുകൊണ്ട് തന്നെ പെൻഷൻ തുക പ്രവൃത്തി ചെയ്ത തൊഴിൽ ദിനങ്ങൾക്ക് ആനുപാതികമായിരിക്കുമെന്നും, തന്മൂലം വ്യത്യസ്ത കാലയളവിൽ തൊഴിൽ ചെയ്തവർക്ക് പെൻഷൻ തുക വ്യതസ്തമായിരിക്കും എന്നും പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്നും ഉള്ള എല്ലാ അടിസ്ഥാനവസ്തുതകളെയുമായാണ് “വൺ ഇന്ത്യ വൺ പെൻഷൻ ” എന്ന മുദ്രാവാക്യം അട്ടിമറിക്കുന്നത്.
2) ഇങ്ങിനെ പെൻഷൻ അട്ടിമറിക്കുന്നത് എന്തിന്?
തൊഴിൽ അടിസ്ഥാനപ്പെടുത്തിയുള്ള പെൻഷൻ സംവിധാനം മുന്നോട്ട് വെക്കുന്ന ധാർമിക മൂല്യം സാമൂഹിക സുരിക്ഷിതത്വം എന്ന മൂല്യമാണ്. അതു കൊണ്ട് തന്നെ പെൻഷൻ സംവിധാനത്തിൻ്റെ കാര്യക്ഷമമായ നിർവഹണം, സമൂഹത്തിലെ പ്രായമായ മുഴുവൻ പൌരന്മാരും പെൻഷനു അർഹരാണ് എന്ന പൊതു അവബോധ നിർമ്മിതിക്ക് കാരണമായി.ഇത്തരം അവബോധം ശക്തിപ്പെട്ടതിനാൽ സാമൂഹ്യക്ഷേമ പെൻഷനുകൾ നൽകാൻ സർക്കാർ നിർബന്ധിക്കപ്പെട്ടു. അങ്ങിനെ രൂപപ്പെട്ടു വന്നതാണ് അഗതി പെൻഷൻ, വികലാംഗ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, വിധവാ പെൻഷൻ, മറ്റു ക്ഷേമ പെൻഷനുകളെല്ലാം. അതായത് സാമൂഹ്യക്ഷേമ പെൻഷനുകൾ നടപ്പിലാക്കാൻ ഭരണ സംവിധാനങ്ങൾ നിർബന്ധിക്കപ്പെട്ടത് തൊഴിൽ അധിഷ്ഠിത പെൻഷൻ ഒരു അവകാശമായി നിലനിൽക്കുകയും അത് ഉൽപാദിപ്പിച്ച സാമൂഹികതയും ആണ്.
അങ്ങിനെയാണ് പെൻഷൻ എന്നത് ഒരു “സാമൂഹിക അവകാശ” മായി രൂപപ്പെട്ടത്. അങ്ങിനെ സാമൂഹിക അവകാശമായ പെൻഷൻ സംവിധാനത്തെ, ഇല്ലാതാക്കാൻ ആദ്യം ചെയ്യേണ്ടത് തൊഴിൽ അടിസ്ഥാനമാക്കിയ പെൻഷൻ സംവിധാനത്തിൻ്റെ അടിത്തറയെ അട്ടിമറിക്കുകയാണ് വേണ്ടത് എന്നത് ഇന്ത്യയിൽ കോർപ്പറെറ്റ് മൂലധന നയങ്ങൾ നടപ്പിലാക്കുന്ന ഭരണകൂടത്തിന് നല്ല ബോധ്യമുള്ളതുമാണ്. അതിനനുസ്സരിച്ചുള്ള മനോനില രൂപ പ്പെടുത്താനും യഥാർത്ഥ വസ്തുതയെ അദൃശ്യമാക്കി വെക്കാനും ആണ് “വൺ ഇന്ത്യ വൺ പെൻഷൻ ” എന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന മുദ്രവാക്യമുയർത്തിയിരിക്കുന്നത്.- ”ഒരു രാജ്യം ഒരു നിയമം” – “ഒരു രാജ്യം ഒരു മതം” – “ഒരു രാജ്യം ഒരു സംസ്കാരം” – “ഒരു രാജ്യം ഒരു ഭാഷ”- തുടങ്ങി പല മുദ്രാവാക്യങ്ങളും നിർമ്മിച്ചെടുത്ത സംഘപരിവാർ ആശയം തന്നെയാണ് “- വൺ ഇന്ത്യ വൺ പെൻഷൻ “- എന്നതിന് പിറകിലും ഉള്ളത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. എന്തു കൊണ്ടാണ് – ”വൺ ഇന്ത്യ വൺ ഇൻകം ” – (ഒരു ഇന്ത്യ ഒരേ വരുമാനം) എന്ന ഒരു മുദ്രാവാക്യം മുന്നോട്ട് വെക്കപ്പെടുന്നില്ല. അതല്ലേ കൂടുതൽ ശരി. മുന്നോട്ട് വെക്കാത്തതിന് കാരണം ആ മുദ്രാവാക്യം കോർപ്പറേറ്റ് നയത്തിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ്.
3) സത്യത്തിൽ സർക്കാറിൻ്റെ കയ്യിൽ പണമില്ലാത്തതു കൊണ്ടല്ലേ അധിക പെൻഷൻ വെട്ടിക്കുറച്ച് എല്ലാവർക്കും തുല്യമാക്കണമെന്ന് പറയുന്നത്?
അല്ല. എന്തുകൊണ്ടെന്നാൽ പണത്തിൻ്റെ ലഭ്യതക്കുറവ് ഇന്ത്യ നേരിടുന്നില്ല. പ്രശ്നം ഇന്ത്യൻ ഭരണകൂടം നടപ്പിലാക്കി കൊണ്ടിരിക്കുന്ന മൂലധനകേന്ദ്രീകൃതവും കോർപറേറ്റ് അനുകൂലവുമായ നയങ്ങളുടെ ഭാഗമായാണ്. കണക്കുകൾ സൂചിപ്പിക്കുന്നത് 1990 ൽ ഇന്ത്യയിൽ ആകെ 2 ശതകോടീശരന്മാരാണ് (ശതകോടി ഡോളർ ആസ്തി ) ഉണ്ടായിരുന്നതെങ്കിൽ 2018 ൽ ശതകോടീശന്മാരുടെ എണ്ണം 119 ആകുന്നു. ഈ കാലയളവിൽ ജീവസന്ധാരണത്തിനു് സാധ്യമാകാതെ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം ഏകദേശം 4 ലക്ഷത്തോളമാണ്. ലക്ഷകണക്കിന് ചെറുകിട തൊഴിൽ ശാലകളാണ് പൂട്ടപ്പെട്ടത് .തൊഴിൽ രഹിതരായവരുടെ എണ്ണം കോടികളാണ്.അതേ സമയം ഇന്ത്യയുടെ ആകെ ആസ്തിയുടെ 52% കെയടക്കി വെച്ചിരിക്കുന്നത് 1 % വരുന്ന ഈ ശതകോടീശ്വരന്മാരുടെ കയ്യിലാണ്. മറ്റൊരു രൂപത്തിൽ പറഞ്ഞാൽ 10% വരുന്ന ശതകോടീശരന്മാരുടെ കൈകളിലാണ് ഇന്ത്യയുടെ ആസ്തിയുടെ 77% വും ഉള്ളത്. ഒരു ശതമാനം വരുന്ന ശതകോടീശര്മാർക്ക് 1/2 % നികുതി ഏർപ്പെടുത്തുകയാണങ്കിൽ ഇന്ത്യയിൽ 11.7 കോടി പേർക്ക് തൊഴിൽ ലഭിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. 10% ശതകോടീശന്മാർക്ക് 1/2 % സെസ്സ് ഏർപ്പെടുത്തുകയാണങ്കിൽ ഇന്ത്യയിൽ 60 വയസ്സ് കഴിഞ്ഞ മുഴുവൻ പൗരന്മാർക്കും 10000 രൂപയോ അതിൽ കൂടുതലൊ പെൻഷൻ കൊടുക്കാൻ കഴിയും. പക്ഷെ അതൊന്നും സർക്കാർ നടപ്പാക്കുകയില്ല. എന്തിനേറെ, ഈ കോവിഡ് കാലത്ത് രൂപപ്പെട്ട സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ, നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ വൻകിടക്കാരിൽ നിന്നും സെസ്സ് പരിക്കുക എന്നതാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടുന്ന അടിയന്തിര കടമ എന്നു നിർദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ കമ്മീഷനംഗങ്ങൾ നടപടി നേരിടുന്നു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതു കൊണ്ട് പണത്തിൻ്റെ ലഭ്യത കുറവല്ല മറിച്ച് മൂലധന കേന്ദ്രീകരണ നയങ്ങളാണ് പ്രശ്നം.
4)കേരളത്തിൻ്റെ സവിശേഷ സാഹചര്യത്തിൽ റവന്യൂ വരുമാനത്തിൻ്റെ 70% ത്തിലധികവും ഉദ്യോഗസ്ഥരേയും പെൻഷൻ കാരേയും തീറ്റി പോറ്റുന്നതു കൊണ്ടല്ലേ 60 വയസ്സ് കഴിഞ്ഞ മുഴുവൻ പേർക്കും 10000 രൂപ വെച്ച് പെൻഷൻ നൽകാൻ കഴിയാത്തത്.?
ജീവനക്കാരുടെ വേതനവും പെൻഷനുമായി നൽകുന്ന തുക പെരുപ്പിച്ചു കാട്ടുന്ന ഒരു രീതി അടുത്ത കാലത്ത് പ്രചരിപ്പിക്കുന്നതായി കാണാം.ഇത് ബോധപൂർവ്വമായ ശ്രമമാണ്. ഇതിൻ്റെ പിറകിൽ പ്രവർത്തിക്കുന്നത് സർക്കാർ അഥവാ പൊതു സംവിധാനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ്. 29/4/2020 ദേശാഭിമാനി പത്ര റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ റവന്യൂ വരുമാനത്തിൻ്റെ 52% മാണ് ജീവനക്കാരുടെ വേതനത്തിനും പെൻഷനുമായി ചിലവഴിക്കുന്നത്.
അതിൽ പെൻഷൻ എന്നത് നേരത്തെ സൂചിപ്പിച്ചതു പോലെ “മാറ്റിവെക്കപ്പെട്ട വേതന ” മായതിനാൽ അത് അവകാശമാണ്, ഔദാര്യമല്ല.
സത്യത്തിൽ ഒരു സർക്കാരിൻ്റെ നയങ്ങൾ, ദൈനംദിന വ്യവഹാരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഉപാധിയായ നാഡീഞരമ്പുകളാണ് ഉദ്യോഗസ്ഥ സംവിധാനം. ഒട്ടേറെ പരിമിതികളോടെ ആണെങ്കിലും അതൊരു സേവന മേഖലയാണ്. ആ സേവന മേഖലയിലെ, അഥവാ സർക്കാർ സംവിധാനത്തിലെ 6 ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ അധ്വാനശക്തി വിലക്കെടുക്കാനാണ് സർക്കാർ റവന്യൂ വരുമാനത്തിൻ്റെ ഒരു നിശ്ചിത ശതമാനം നീക്കി വെക്കുന്നത്. ഈ സേവന മേഖല ഉപയോഗിച്ചുകൊണ്ടാണു്
1 ) പൊതു ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുകയും പ്രവർത്തനനിരതമാക്കുകയും ചെയ്യുന്നത്.
2) പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയും പ്രവർത്തന ക്ഷമമാക്കുകയും ചെയ്യുന്നത്
3 ) പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുകയും പ്രവർത്തന ക്ഷമമാക്കുകയും ചെയ്യുന്നത്
4 ) പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നത്
5 ) ക്രമസമാധന പരിപാലന സംവിധാനം പ്രവർത്തനക്ഷമമാക്കുന്നത്
6 ) സാമൂഹ്യ ക്ഷേമ പദ്ധതികൾ പ്രവർത്തനക്ഷമമാക്കുന്നതും ശക്തിപ്പെടുത്തുന്നതും
7) വികേന്ദ്രീകൃത ആസൂത്രണത്തിലുന്നിയുള്ള പൊതുഭരണ സംവിധാനം ശക്തിപ്പെടുത്തലും വികസന പ്രവർത്തനങ്ങൾ നടത്ത പ്പെടുകയും ചെയ്യുന്നത്. ഇങ്ങിനെ ജനക്ഷേമ പ്രവർത്തനങ്ങൾ എല്ലാം തന്നെ സാധ്യമാക്കുന്നതിൻ്റെ ചിലവാണു് ഉദ്യോഗസ്ഥർക്ക് നൽകുന്ന വേതനം. അതിനെ കേവലം തീറ്റിപ്പൊറ്റൽ എന്നു് ആക്ഷേപകരമായി പറയുന്നത് പൊതു സംവിധാനങ്ങൾ തകർക്കാനുള്ള ഗൂഢാലോചനയുടെ കൂടി ഭാഗമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനാൽ സേവനമേഖലക്ക് നീക്കിവെച്ച ഫണ്ട് പാഴ് ചില വല്ല. അപ്പോൾ സാമൂഹ്യ പെൻഷനുകളുടെ തുക വർദ്ധിപ്പിക്കാനുള്ള ധനസമാഹരണം നടത്തേണ്ടത് സംസ്ഥാനങ്ങൾക്ക് നൽകേണ്ട കേന്ദ്ര വിഹിതം വർദ്ധിപ്പിച്ചും നേരത്തെ സൂചിപ്പിച്ചതു പോലെ വൻകിടക്കാർക്ക് സെസ് ഏർപ്പെടുത്തികൊണ്ടും ആയിരിക്കണം. അതു കൊണ്ട് 60 വയസ്സ് കഴിഞ്ഞ മുഴുവനാൾക്കും കുറഞ്ഞത് 10000 രൂപയെങ്കിലും പെൻഷൻ നൽകണമെന്ന ന്യായമായ ആവശ്യം മുൻനിർത്തി പ്രക്ഷോഭം നയിക്കേണ്ടത് കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെയാണ് മറിച്ച് അധ്വാനിക്കുന്ന സമയത്ത് “മാറ്റി വെച്ച വേതനം ” വാർദ്ധക്യ കാലത്ത് പെൻഷനായി വാങ്ങുന്ന തങ്ങളോടൊപ്പം സമരത്തിൽ അണിചേരണ്ട പെൻഷൻകാർക്ക് നേരെയല്ല.
കൂടുതൽ പെൻഷൻ വാങ്ങുന്നവരാണ് പെൻഷൻ ലഭിക്കാത്തവരുടെ ശത്രു എന്നത് തൊഴിലെടുക്കുന്നവരാണ് തൊഴിൽ ഇല്ലാത്തവരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് എന്ന പഴയ മുദ്രാവാക്യത്തിൻ്റെ ആവർത്തനമാണ്. സത്യത്തിൽ തൊഴിലില്ലാ പടയെ സൃഷ്ടിക്കുന്ന, തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന, ജനങ്ങളെ കൂടുതൽ കൂടുതൽ ദാരിദ്രത്തിലേക്ക് തള്ളിവിടുന്ന ഭരണകൂടത്തിൻ്റെ ജനവിരുദ്ധ സാമ്പത്തിക നയത്തിനെതിരെ തൊഴിലെടുക്കുന്നവനും, തൊഴിൽ രഹിതരും, മുഴുവൻ സാധാരണ ജനങ്ങളും ഐക്യപ്പെടുന്നതിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് ഈ മുദ്രാവാക്യം.
5) വസ്തുകൾ ഇങ്ങിനെയാണങ്കിൽ കേരളത്തിലെ ചില പ്രമുഖ സാംസ്കാരിക പ്രവർത്തകർ ഈ മുദ്രാവാക്യം ഏറ്റെടുത്തത് എന്തുകൊണ്ട്?
പലപ്പോഴും ലളിത യുക്തിയിൽ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടിരിക്കുന്ന സാംസ്കാരിക പ്രവർത്തകരാണ് കേരളത്തിൽ ഈ മുദ്രാവാക്യം ഏറ്റെടുത്തതായി കാണുന്നത്. ഇത്തരക്കാരുടെ പല പ്രഭാഷണങ്ങളും സംഘപരിവാർ ആശയങ്ങൾക്ക് ശക്തി പകരുന്ന രൂപത്തിലുമാണ് വന്നു ഭവിക്കാറുള്ളത്. ലളിത യുക്തിയിൽ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അത് സാമാന്യ ബോധത്തെ തൃപ്തി പ്പെടുത്തുന്നതായിരിക്കും. അതിന് നല്ല പ്രചരണവും ലഭിക്കും. എപ്പോഴും ജന വിരുദ്ധ ആശയങ്ങൾ സാമാന്യ ബോധത്തെ തൃപ്തി പ്പെടുത്തി കൊണ്ടായിരിക്കും പ്രയോഗിക്കപ്പെടുക എന്ന വസ്തുത ഓർമിക്കാം. ” വൺ ഇന്ത്യ വൺ പെൻഷൻ ” എന്ന മുദ്രാവാക്യവും നിർവഹിക്കുന്നതും ഇതുതന്നെ.
Newslink: https://www.deshabhimani.com/articles/news-articles-16-06-2020/877536
0 Comments