https://www.azhimukham.com/temple-earnings-sangaparivar-propaganda-kerala-niyamasabha-vd-satheesan-submission-reply-vs-sivakumar/?infinitescroll=1

ശബരിമല ഉള്‍പ്പെടെയുള്ള കേരളത്തിലെ ക്ഷേത്രങ്ങുടെ വരുമാനം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നതായും ഇത് മറ്റ് പല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി ഒരു സംഘം ആളുകള്‍ കേരളമാകെ പ്രചാരണം നടത്തുന്നത് സംബന്ധിച്ച് വിഡി സതീശന്‍ എംഎല്‍എ നല്‍കിയ സബ്മിഷന് ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയുടെ പൂര്‍ണരൂപം. സംസ്ഥാനത്തെ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ വരുമാനം ട്രഷറിയില്‍ നിക്ഷേപിച്ച് മറ്റുപല ആവശ്യങ്ങള്‍ക്കായി വകമാറ്റി ചെലവഴിക്കുന്നുവെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളുടെ വരുമാനം അതത് ദേവസ്വം ബോര്‍ഡുകളുടെ ബാങ്ക് അക്കൗണ്ടിലേക്കും മലബാര്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍, കൂടല്‍ മാണിക്യം ദേവസ്വങ്ങളിലെ വരുമാനങ്ങള്‍ അതത് ക്ഷേത്രങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലുമാണ് നിക്ഷേപിക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ വരവ് ചെലവ് കണക്കുകള്‍ ആഡിറ്റ് ചെയ്യുന്നത് ബഹു. ഹൈക്കോടതി നിയോഗിക്കുന്ന ആഡിറ്റര്‍മാരാണ്. നിലവില്‍ അത് ലോക്കല്‍ ഫണ്ട് വകുപ്പാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെയും കൂടല്‍മാണിക്യം, ഗുരുവായൂര്‍ ദേവസ്വങ്ങളുടേയും വരവ് ചെലവ് കണക്കുകള്‍ ലോക്കല്‍ ഫണ്ട് ഡിപ്പാര്‍ട്ട്‌മെന്റാണ് നിര്‍വഹിക്കുന്നത്. ദേവസ്വം ബോര്‍ഡുകളുടേയും ക്ഷേത്രങ്ങളുടേയും ആഡിറ്റ് റിപ്പോര്‍ട്ടുകള്‍ പബ്ലിക് ഡോക്യുമെന്റായതിനാല്‍ ഇവ പരിശോധിച്ചാല്‍ ക്ഷേത്രങ്ങളുടെ വരുമാനം ക്ഷേത്രങ്ങള്‍ക്കുവേണ്ടി മാത്രമാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാകും. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് ഒരു നിശ്ചിത ചെലവില്‍ കൂടുതല്‍ ചെലവഴിക്കണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ശബരിമല ഉള്‍പ്പെടെയുള്ള വിവിധ ക്ഷേത്രങ്ങള്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി 105.30 കോടി രൂപയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി രണ്ട് കോടി രൂപയും മലബാര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി 60.31 കോടി രൂപയും സംസ്ഥാന ഖജനാവില്‍ നിന്നും ചെലവഴിച്ചിട്ടുണ്ട്. ഇതുകൂടാതെ, ശ്രീപത്മനാഭ ക്ഷേത്ര സുരക്ഷയുമായി ബന്ധപ്പെട്ട് ഇതുവരെ 62.18 കോടി രൂപയും കൂടല്‍ മാണിക്യം ദേവസ്വത്തിനുവേണ്ടി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ചമ്രവട്ടം ക്ഷേത്രം അഗ്നിബാധയ്ക്ക് ഇരയായപ്പോള്‍ പുനുരുദ്ധാരണത്തിന് ദേവസ്വം ബോര്‍ഡ് നല്‍കിയത് കൂടാതെ അഞ്ച് ലക്ഷം രൂപയും ചൊവ്വല്ലൂര്‍ ക്ഷേത്ര പുനരുദ്ധാരണത്തിന് നാല് ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിന് മുമ്പ് ഒരു കാലഘട്ടത്തിലും സര്‍ക്കാരില്‍ നിന്നും ദേവസ്വം ബോര്‍ഡുകള്‍ക്കോ, ക്ഷേത്രങ്ങള്‍ക്കോ, ഇത്രയധികം തുക അനുവദിച്ചിട്ടില്ല. ഇതുകൂടാതെ, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ശബരിമല റോഡുകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച 95.5 കോടി രൂപ ഉള്‍പ്പെടെ 540 കോടിയില്‍പരം രൂപ ചെലവഴിച്ചിട്ടുണ്ട്. ശബരിമല വികസനത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെലവഴിക്കുന്ന ബോര്‍ഡ് ഫണ്ടിന് ഉപരിയായി ശബരിമല മാസ്റ്റര്‍പ്ലാന്‍ കമ്മിറ്റി മുഖേന കോടിക്കണക്കിന് രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഈ വര്‍ഷം തന്നെ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ശബരിമല, പമ്പ, നിലയ്ക്കല്‍ മേഖലകളില്‍ 65 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സന്നിധാനത്തെ സ്വീവേജ്‌ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ആറ് ക്യൂ കോംപ്ലക്‌സുകള്‍, വാട്ടര്‍ ടാങ്കുകള്‍, ടോയ്‌ലറ്റ് ബ്ലോക്കുകള്‍, നിലയ്ക്കലില്‍ 3500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യത്തക്ക രീതിയില്‍ ഗ്രൗണ്ട് ഇന്റര്‍ലോക്ക് ചെയ്തത് തുടങ്ങിയവ ഇതിലുള്‍പ്പെടും. ആരോഗ്യവകുപ്പ് ഫണ്ട് ഉപയോഗിച്ച് മോഡേണ്‍ മെഡിസന്‍, ആയുര്‍വേദ, ഹോമിയോ വകുപ്പുകള്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ ചെലവഴിച്ച് പമ്പയില്‍ ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്തു. സന്നിധാനത്ത് അഞ്ച് കോടി രൂപ ചെലവില്‍ പുതിയ ആശുപത്രി കെട്ടിടത്തിന് ഈ വര്‍ഷം തറക്കല്ലിട്ടു. കേരള വാട്ടര്‍ അതോറിറ്റി ആറ് കോടി രൂപ ചെലവില്‍ പമ്പമുതല്‍ സന്നിധാനം വെര പാരലല്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. പൊലീസ് മെസ്സിന് രണ്ടുകോടി രൂപയും ശബരിമല ഡ്യൂട്ടിയിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ടിഎ നല്‍കുന്നതിന് 75 ലക്ഷം രൂപയും ശബരിമലയുമായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മൂന്ന് കോടി രൂപയും ശുചീകരണത്തിന് വിശുദ്ധ സേനയെ നിയോഗിക്കുന്നതിന് 1.5 കോടി രൂപയും ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് പത്ത്‌ലക്ഷം രൂപയും ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് അഞ്ച് ലക്ഷം രൂപയും അടിയന്തര ആവശ്യങ്ങള്‍ക്കായി മുന്‍വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും അനുവദിച്ചിട്ടുണ്ട്.

ആറ്റുകാല്‍ ഉല്‍സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്കും കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ചുരുക്കത്തില്‍, ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ നിന്നും ഒരു രൂപ പോലും സര്‍ക്കാര്‍ ഖജനാവില്‍ വരുന്നില്ല. മറിച്ച്, കോടിക്കണക്കിന് രൂപയാണ് ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2011 മുതല്‍ 2015 വരെ ദേവസ്വം ബോര്‍ഡുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിച്ച തുകയുടെ സംക്ഷിപ്ത രൂപം താഴെ പറയുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശബരിമല

1) ഗ്രാന്റ് (2011-15)- നാല് കോടി രൂപ

2) കാവുകള്‍, കുളങ്ങള്‍- നാല് കോടി രൂപ

3) ശബരിമല മാസ്റ്റര്‍പ്ലാന്‍ (2011-15)- 65 കോടി രൂപ

4) വൈക്കം കലാപീഠം (2013)- അഞ്ച് ലക്ഷം രൂപ

5) വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രക്കുളം (2014)- 80 ലക്ഷം രൂപ

6) ശബരിമല പൊലീസ് മെസ് (2011-15)- 6.55 കോടി രൂപ

7) ഡോക്ടര്‍മാര്‍ക്ക് ടിഎ (2011-15)- 3.85 കോടി രൂപ

8) സാനിറ്റേഷന്‍ സൊസൈറ്റി-ശുചീകരണം (2011-15)-5.4 കോടി രൂപ

9) ജില്ലാ കളക്ടര്‍ക്ക് അടിയന്തര നടപടിക്ക് (2011-15)-1.90 കോടി രൂപ

10) സീറോ വേസ്റ്റ് മാനേജ്‌മെന്റ് (2013)- അഞ്ച് കോടി രൂപ

11) തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ (2011-15)- 9.75 കോടി രൂപ.

ആകെ 106.30 കോടി രൂപ

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം

1) ഗ്രാന്റ് (2011-15) -ഒരു കോടി രൂപ

2) സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് -60.18 കോടി രൂപ

3) പത്മതീര്‍ത്ഥക്കുളം- ഒരു കോടി രൂപ

ആകെ 52.18 കോടി രൂപ

മലബാര്‍ ദേവസ്വം ബോര്‍ഡ്

1) ഗ്രാന്റ് (2011-15)- 52.86 കോടി രൂപ

2) ആചാര സ്ഥാനീയര്‍ക്ക് പെന്‍ഷന്‍ (2011-15)- നാല് കോടി രൂപ

3) കാവുകള്‍, കുളങ്ങള്‍ (2014)- 3.5 കോടി രൂപ

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

1) കാവുകള്‍, കുളങ്ങള്‍ (2014) രണ്ട് കോടി രൂപ

കൂടല്‍ മാണിക്യം ദേവസ്വം

1) കാവുകള്‍, കുളങ്ങള്‍ (2014) 50 ലക്ഷം രൂപ

വസ്തുതകള്‍ ഇതായിരിക്കേ, ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ വകമാറ്റി ചെവഴിക്കുന്നുവെന്ന് സംസ്ഥാന വ്യാപകമായി ചി കേന്ദ്രങ്ങളില്‍ നിന്നുള്ള വ്യാജ പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണ്.

https://www.azhimukham.com/temple-earnings-sangaparivar-propaganda-kerala-niyamasabha-vd-satheesan-submission-reply-vs-sivakumar/?infinitescroll=1


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *