ശ്രീജിത് ദിവാകരൻ
മൂന്ന് ചര്‍ച്ചകളാണ് സംഘപരിവാറിന്റെ പി.ആര്‍.ഏജന്‍സികള്‍, ദേശീയ ചാനലുകളെന്നറിയപ്പെടുന്ന ചില ഫാഷിസ്റ്റ് പ്രൊപഗാന്റ മിഷേനുകളടക്കം, പുറത്ത് വിടുന്നത്.
- യു.പി യഥാര്‍ത്ഥത്തില്‍ വികസനത്തിന്റെ സ്വര്‍ഗ്ഗമാണ്. ഏറ്റവുമധികം നിക്ഷേപകര്‍ അടുത്ത കാലത്തായി എത്തുന്നത് ഇവിടെയാണ്. പല പാരാമീറ്റേഴ്‌സിലും ഒന്നാമതാണെന്ന് അറിയപ്പെടുന്ന കേരളത്തേക്കാള്‍ ഔന്നിത്യമുള്ള വികസനമാണ് യു.പിയുടെത്. അത് ആരോഗ്യമേഖലയിലാണെങ്കിലും ലോ ആന്‍ഡ് ഓര്‍ഡറിന്റെ കാര്യത്തിലാണെങ്കിലും.
(ഇതിന്റെ പല വേര്‍ഷന്‍സുണ്ട്. ഹെല്‍ത്ത് ഇന്‍ഡിക്കേറ്ററുകളില്‍- കോവിഡ് കാലത്തടക്കം- യു.പി എത്രയോ മുന്നിലാണ് എന്നുള്ളതടക്കം പറന്ന് നടക്കുന്നുണ്ട്. ഇത് മലയാളി സംഘികളും കിട്ടുന്നിടത്തെല്ലാം ഒട്ടിക്കുന്നുണ്ട്. അതവര് ചെയ്യും. സ്വന്തം മക്കള്‍ ഏലിയന്‍സ് ആണെന്ന് പറഞ്ഞ് കേശവന്‍ മാമന്‍ വാട്‌സ്അപില്‍ മെസേജയച്ചാ, അതും പത്ത് പേര്‍ക്ക് അയച്ച് കൊടുക്കുകയും ഫേസ്ബുക്കില്‍ എല്ലാ പോസ്റ്റുകളുടെ അടിയില്‍ കൊണ്ടുവന്ന് ഒട്ടിക്കുകയും ചെയ്യുന്ന വിചിത്ര ജീവികളാണ്. സ്വന്തം വീട്ടില്‍ കോവിഡ് ഭേദമായ ആളുകളുണ്ടാകും. അവര്‍ക്ക് ലഭിച്ച സൗകര്യങ്ങള്‍ക്കും ചികിത്സയ്ക്കും നന്ദി പറഞ്ഞ് ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റിനെ പല വട്ടം വിളിച്ചിട്ടുണ്ടാകും. യു.പിയിലുള്ള ചങ്ങാതി അവിടത്തെ പ്രശ്‌നങ്ങള്‍ പറഞ്ഞത് കേട്ട് നമ്മളെത്ര ഭാഗ്യമുള്ളവരാണ് എന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ടാകും. പക്ഷേ വാട്‌സ്അപില്‍ കിട്ടുന്ന മണ്ടത്തരം ഫോര്‍വേഡ് ചെയ്തിരിക്കും. കിട്ടുന്നിടത്തൊക്കെ കൊണ്ട് ഒട്ടിച്ചിരിക്കും. വിചിത്ര ജീവികളാണ്. അവരാണ് ഈ മെഷീനറിയുടെ പ്രൊപഗാന്റ റ്റൂള്‍)
- ഇപ്പോള്‍ പറയപ്പെടുന്ന ഹത്‌റാസ് കൊലപാതക കേസ് യഥാര്‍ത്ഥത്തില്‍ ഒരു പ്രണയബന്ധത്തില്‍ ഉണ്ടായ സ്വര ചേര്‍ച്ചക്കുറവ് മാത്രമാണ്. ഉന്നത കുലജാതനായ ഒരു ഒരാളെ വശീകരിക്കാനുള്ള ശ്രമമാണ് പെണ്‍കുട്ടി നടത്തിയത്. അതിനെ നാട്ടുകാര്‍ എതിര്‍ത്തപ്പോള്‍ ഉണ്ടായ മരണമാണ്. കൂട്ട ബലാത്‌സംഗം എന്നത് യു.പിയില്‍ നിക്ഷേപവും മതസൗഹാര്‍ദ്ദതയും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എതിരാളികളും മീഡിയയും സൃഷ്ടിക്കുന്ന നുണക്കഥകളാണ്.
(ഈ പെണ്‍കുട്ടിയെ ആദ്യം ചികിത്സിരിച്ചിരുന്ന അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്രു മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം ക്രൂരമായ ബലാത്‌സംഗം നടന്നിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നതിന് അവര്‍ക്ക് വിലക്കുകളുണ്ട്. എങ്കിലും ഫോഴ്‌സ് എന്‍ട്രി, പെനിട്രേഷന്‍ എന്നിങ്ങനെ ബലാത്‌സംഗ കേസിലെ ആരോഗ്യ എവിഡെന്‍സിന് വേണ്ട എല്ലാം അവര്‍ പറയുന്നുണ്ട്. പക്ഷേ ദളിത് പെണ്‍കുട്ടി ഉന്നത ജാതിക്കാരെ കല്യാണം കഴിക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ പ്രശ്‌നമാണ് എന്ന പ്രചരണം വ്യാപകമായി നടക്കും. ഉത്തരേന്ത്യയില്‍ വളരെ ബോധ്യപ്പെടുന്ന കഥയാണ്. ഈ ബലാത്‌സംഗം മൂടിവയ്ക്കാനാണ് പോലീസിനെ കൊണ്ട് ഇനിയൊരു പരിശോധനയ്ക്ക് സാധ്യതയില്ലാത്ത വിധം മൃതദേഹം കരിയിച്ച് കളഞ്ഞതെന്ന് ആരും പറയില്ല. യഥാര്‍ത്ഥത്തില്‍ ഹത്‌റാസില്‍ 600 ഠാക്കൂര്‍/ബ്രാഹ്മിണ്‍ കുടുംബങ്ങളും 15 ദളിത് കുടുംബങ്ങളുമാണ് ഉള്ളതെന്നും അതില്‍ പെടുന്ന ഈ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും പ്രത്യേകിച്ചും ഈ പെണ്‍കുട്ടിക്കും നേരെ കുറേ കാലമായി ഭീഷണി ഉണ്ടായിരുന്നുവെന്നും, പല പരാതികള്‍ ഇവര്‍ നല്‍കിയിട്ടും പരിഹാരങ്ങളുണ്ടായില്ലെന്നും ആരും പറയില്ല. മരണം സംഭവിക്കുന്നതിന് രണ്ടാഴ്ച മുന്നാണ് ആക്രമണം നടന്നതെന്ന് പോലും പലര്‍ക്കും അറിയില്ല. ദളിതരെ പാഠം പഠിപ്പിക്കാന്‍ മുഖ്യമന്ത്രി അജയ് ബിഷ്ടിന്റെ സമുദായമായ ഠാക്കൂര്‍മാര്‍ മാസങ്ങളായി സംസ്ഥാനത്തുടനീളം ആക്രമണം അഴിച്ചുവിടുകയാണെന്നും ആരും പറയില്ല.)
- കോണ്‍ഗ്രസ് നാടകം കളിക്കുകയാണ്. വാദ്ര കോണ്‍ഗ്രസാണ് ഇതിന് പിന്നില്‍. മരിച്ച പെണ്‍കുട്ടിയുടെ വീട്ടുകാരെ കണ്ട് കെട്ടിപ്പിടിച്ച് മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന നാടകം മാത്രമാണ് ഇത്.
(ഇതാണ് ദേശീയ തലത്തില്‍ ഏറ്റവും ഹിറ്റ്. റിപബ്ലിക് റ്റിവി എന്ന ശവം തീനികളുടെ കൂട്ടമടക്കം ഏറ്റവും ഊന്നല്‍ കൊടുക്കന്നത് ഇതിലാണ്. ഒരു പ്രതിപക്ഷ സ്വരവും ഉയര്‍ന്ന് വരുന്നത് അവര്‍ സഹിക്കില്ല. കുട്ടിയുടെ മൃതദേഹം കത്തിച്ച് കളഞ്ഞത്, ബന്ധുക്കളെ മീഡിയയുമായി സംസാരിക്കാന്‍ അനുവദിക്കാത്തത്, മീഡിയയെ ഗ്രാമത്തില്‍ പോലും പ്രവേശിപ്പിക്കാതെ വിലക്കുന്നത്, അവരുടെ മാധ്യമ സുഹൃത്തുക്കളുടെ സഹായത്തോടെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത്, ജേണലിസ്റ്റുകളുടേയും പെണ്‍കുട്ടിയുടെ ബന്ധുക്കളുടെയും ഫോണ്‍ ടാപ്പ് ചെയ്യുന്നത് തുടങ്ങി അവര്‍ക്ക് ചെയ്യാവുന്നത് മുഴുവന്‍ പോലീസും ഉദ്യോഗസ്ഥ രാജും നടത്തിയിട്ടും പ്രിയങ്കയും രാഹുലും അവിടെയെത്തി. പുറകെ മഹിളാ അസോസിയേഷന്‍, കര്‍ഷകസംഘം നേതാക്കളെത്തി, മാധ്യമങ്ങള്‍ എത്തുന്നു. അവര്‍ക്ക് തടയാനാവുന്നില്ല. )
ഫാഷിസ്റ്റ് പ്രൊപഗാന്റ മിഷീന്റെ നുണകളെ പൊളിക്കുക എന്നതാണ് അവര്‍ക്കെതിരെ ചിന്തിക്കുന്ന ഒരു പൗരനെന്ന നിലയില്‍ എന്റെ കര്‍ത്തവ്യം. അതില്‍ ഞാന്‍ പങ്കാളിയാകുന്നു. രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തുടര്‍ന്ന് ഈ രാജ്യത്തെ അവശതയനുഭവിക്കുന്ന നിന്ദിതരും പീഡിതരുമായ മനുഷ്യര്‍ക്കൊപ്പമുണ്ടാകുമോ എന്ന് എനിക്കറിയില്ല. ഇപ്പോഴുണ്ടെങ്കില്‍ വളരെ നല്ലത്. അവരുടെ പ്രിവിലേജുകള്‍ക്ക് ഒരു ആര്‍ത്തനാദത്തെ മനുഷ്യരിലേയ്ക്ക് എത്തിക്കാന്‍ പറ്റുമെങ്കില്‍ നല്ലത്. ആ പ്രിവിലേജ് കൊണ്ട് ഒരു ഗുണമെങ്കിലും ഉണ്ടാകട്ടെ.
( Rajeev Ramachandran എഴുതിയ ഒരു വരി കൂടി ചേർക്കുന്നു. “രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നലെ ഹത്റാസിലേക്ക് നടത്തിയ യാത്ര തീർച്ചയായും രാഷ്ട്രീയ പ്രേരിതമാണ്; പക്ഷേ അത് രാഷ്ട്രീയ പ്രവർത്തനം കൂടിയാണെന്ന് ഞാൻ കരുതുന്നു”.)
പോരാട്ടം ഫാഷിസത്തോടാണ്. സോവിയറ്റ് യൂണിയനും ബ്രിട്ടണും യു.എസ്.എയും തോള്‍തോള്‍ ചേര്‍ന്ന് നിന്ന് മാത്രമല്ല, രഹസ്യങ്ങള്‍ പരസ്പരം കൈമാറി കൂടിയാണ് ഫാഷിസത്തെ നേരിട്ടത്.
Sreejith Divakaran
- മലയാളികള്‍ കൂടിയായ സഖാക്കള്‍ സിന്ധു എ.ആര്‍ (സി.ഐ.റ്റി.യു ദേശീയ സെക്രട്ടറി), വിജൂ കൃഷ്ണന്‍ (ദേശീയ ജോ.സെക്രട്ടറി, കിസാന്‍ സഭ) എന്നിവര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പം.

0 Comments