
സഖാവ് പി കൃഷ്ണപിള്ള ദിനം ആഗസ്ത് 19, ബുധനാഴ്‌ച സമുചിതമായി ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിക്കുന്നു. പാർടി പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും ദിനം വിജയിപ്പിക്കണം.
ജനങ്ങൾക്ക് പ്രയാസമുണ്ടാകുന്ന അവസരങ്ങളിലെല്ലാം കണ്ണീരൊപ്പാൻ ത്യാഗപൂർണമായ പ്രവർത്തനങ്ങളാണ് സ. കൃഷ്ണപിള്ളയും കമ്യൂണിസ്റ്റ് പ്രസ്ഥാനവും നിർവഹിച്ചത്. ആ പാരമ്പര്യം ഉയർത്തിപ്പിടിച്ച് സംസ്ഥാനം ഇന്ന് നേരിടുന്ന കോവിഡ് മഹാമാരിയെ അതിജീവിക്കാൻ പാർടി പ്രവർത്തകരും ബഹുജനസംഘടനാ പ്രവർത്തകരും ഇടപെടണം.
സ. കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് ഈ ആഗസ്ത് 19ന് 72 വർഷം തികയുന്നു. 1937ൽ കോഴിക്കോട്ട് രൂപീകരിച്ച ആദ്യത്തെ കമ്യൂണിസ്റ്റ് പാർടി യൂണിറ്റിന്റെ സെക്രട്ടറിയായിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനത്തിലും നേതൃപരമായ പങ്കുവഹിച്ചു. ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി-നെയ്ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിൽ കൃഷ്ണപിള്ളയുടെ നേതൃപരമായ പങ്ക് വലുതാണ്.
0 Comments