സഖാവ് അഴിക്കോടൻ രാഘവൻ രക്തസാക്ഷിയായിട്ട് 48 വർഷം തികയുകയാണിന്ന്. കേരളത്തിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർടിയുടെ ഇത്രയും സമുന്നതനായ നേതാവിനെ എതിരാളികൾ കൊലപ്പെടുത്തിയിട്ടുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. ഐക്യമുന്നണിയുടെ കോർഡിനേഷൻ കമ്മിറ്റി കൺവീനറായി പ്രവർത്തിച്ചിരുന്ന സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്തെയാണ് കോൺഗ്രസ്സ് പിന്തുണയോടെ അരാജകവാദികൾ കൊലപ്പെടുത്തിയത്. എന്നിട്ടും എങ്ങനെയാണ് പലർക്കു സി പി ഐ എം ഒരു കൊലയാളി പാർട്ടി എന്നും കോൺഗ്രസ് സമാധാന പാർടി എന്നും പ്രചരിപ്പിക്കാൻ കഴിയുന്നത്? ഇങ്ങനെയൊക്കെയാണ് പൊതുബോധം നിർമ്മിക്കപ്പെടുന്നതെന്ന് അറിയുന്നത് നല്ലതാണ്.
പാർടി വിട്ട ആളെ കൊലപ്പെടുത്തുന്നവരാണ് കമ്യൂണിസ്റ്റുകാർ എന്ന് ബോധം പലരിലുമുണ്ട്. എന്നാൽ അവരാരെങ്കിലും പി കെ അബ്ദുൾ ഖാദർ എന്ന പേര് കേട്ടിട്ടുണ്ടോ? തൃശൂരിലെ കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം കേരള നിയമസഭാംഗമായും തിരുകൊച്ചി നിയമസഭാംഗമായും പ്രവർത്തിച്ചിരുന്നു. കോൺഗ്രസിൽ നിന്നും രാജിവെച്ച് അദ്ദേഹം സി പി ഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. എന്നാൽ, ഒരു മാസം പോലും ജീവനോടെയിരിക്കാൻ കോൺഗ്രസ്സുകാർ സമ്മതിച്ചില്ല. 1971 സെപ്തംബർ 17ന് അദ്ദേഹത്തെ അവർ വെടിവെച്ചു കൊന്നു. അബ്ദുൾ ഖാദറിനൊപ്പമുണ്ടായിരുന്ന അഹമ്മുവിനേയും അവർ വെറുതെ വിട്ടില്ല. കോൺഗ്രസ്സുകാരൻ്റെ വെടിയുണ്ട അഹമ്മ വിനേയും കൊലപ്പെടുത്തി. ശരിക്കും ഇരട്ട കൊലപാതകം.
ഇരട്ട കൊലപാതകം എന്ന് കേൾക്കുമ്പോഴെങ്കിലും ഈ ചരിത്രം ആരെങ്കിലും ഓർമ്മിപ്പിക്കാറുണ്ടോ?
മട്ടാഞ്ചേരിയിൽ ശശിയേയും ജയനേയും കോൺഗ്രസ്സ് കൊലപ്പെടുത്തിയതും ഇരട്ട കൊലപാതകമായിരുന്നെന്നും ഈ മാധ്യമങ്ങൾ ഓർമ്മിപ്പിക്കില്ല. അവർക്കത് പെരിയ മാത്രമാണ്. വെഞ്ഞാറമൂട്ടിലെ ഹക്ക് മുഹമ്മദും മിഥലാജും കൊലപ്പെട്ടത് വെട്ടേറ്റ് മരിച്ചതാക്കി മാറ്റാൻ ശ്രമിക്കുന്നവർ നിർമ്മിക്കുന്ന ബോധത്തിൻ്റെ രീതിയാണത്.
കേരളത്തിൽ എം എൽ എ യേയും മുൻ എംഎൽഎ യേയും നഗരസഭ ചെയർമാനേയും കൊലപ്പെടുത്തിയ രക്തക്കറയുള്ള പാർടി കോൺഗ്രസ്സാണ്. എന്നിട്ടും കോൺഗ്രസ്സിന് കൊലപാതകം നടത്താൻ കഴിയുമോ എന്ന് ചില അവതാരകർ ആശ്ചര്യത്തോടെ ചോദിക്കുന്നു!
ഒരാളെ കൊലപ്പെടുത്തിയാൽ അയാൾ പ്രതിനിധാനം ചെയുന്ന ആശയത്തെ ഇല്ലാതാക്കാൻ കഴിയില്ല. അങ്ങനെയായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ ഉണ്ടാകുമായിരുന്നില്ല.
സഖാവ് അഴിക്കോടൻ്റെ മരിക്കാത്ത ഓർമ്മകൾ അക്രമ രാഷട്രീയത്തിൻ്റെ യാഥാർത്ഥ്യം തിരിച്ചറിയുന്നതിന് സഹായകരമാകട്ടെ. രാഷ്ട്രീയ ഏറ്റുമുട്ടലുകൾ ആശയങ്ങളുടേയും നിലപാടുകളുടേതുമായി മാറട്ടെ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *