സംഘപരിവാർ സംഘടനകളുടെ ആശയ അ‍ടിത്തറയായ ‘ഹിന്ദുത്വ’ എന്താണെന്ന് നിർവചിച്ച വ്യക്തിയാണ്, ഗാന്ധി വധത്തിനു പിന്നിലെ ബുദ്ധികേന്ദ്രം എന്ന് വരെ ആരോപണമുള്ള, വിനായക് ദാമോദർ സവർക്കർ. ആൻഡമാൻിലെ സെല്ലുലാർ ജയിലിൽ കൊലപാതകക്കുറ്റത്തിനു ഇരട്ടജീവപര്യന്തം അനുഭവിച്ചു വരികെ, ‘വീര’ സവർക്കർ, ബ്രിട്ടീഷുകാരോട് മാപ്പ് ഇരന്ന് കൊണ്ട് നാല് തവണ ദയാഹർജികൾ സമർപ്പിക്കുകയുണ്ടായി. ഈ നാല് ഹർജികളിൽ 14 നവംബർ, 1913-ന് അയച്ച രണ്ടാമത്തെ മാപ്പപേക്ഷയുടെ മലയാളം പരിഭാഷ ബോധി കോമൺസ് പ്രസിദ്ധീകരിക്കുകയാണ്.

14 നവംബർ, 1913-ന് വി.ഡി. സവർക്കർ (നം. 32778 തടവുപുള്ളി) ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഹോം മെമ്പറിന് എഴുതുന്ന അപേക്ഷ.

“താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ദയാപൂർവ്വം പരിഗണിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു:

(1) 1911 ജൂണിൽ ഞാനിവിടെ വന്നപ്പോൾ എന്നെയും എന്റെ പാർടിയിലുള്ള സഹതടവുകാരെയും ചീഫ് കമ്മീഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോവുകയുണ്ടായി. അവിടെ വച്ച് എന്നെ “ഡി ” ക്ലാസ് അല്ലെങ്കിൽ അപകടകാരിയായ തടവുപുള്ളി (dangerous prisoner) എന്ന ഗണത്തിലാണ് പെടുത്തിയത്; എന്റെ സഹതടവുകാരിൽ ആരെയും ആ ഗണത്തിൽ പെടുത്തിയിരുന്നില്ല. അതിനു ശേഷം എനിക്ക് ആറ് മാസത്തെ ഏകാന്ത തടവിൽ കഴിയേണ്ടതായി വന്നു. മറ്റുള്ളവർക്ക് അത് വേണ്ടി വന്നതുമില്ല. എന്റെ കൈകളിൽ മുറിവുകൾ ഉണ്ടായിട്ടും കയർ പിരിക്കുന്ന പണിയാണ് ഇക്കാലയളവിൽ എനിക്ക് കിട്ടിയത്. അതിന് ശേഷം ജയിലിലെ ഏറ്റവും കാഠിന്യമേറിയ എണ്ണയാട്ടുന്ന പണി ചെയ്യുവാനാണ് എന്നെ വിട്ടത്. ഈ സമയത്തെ എന്റെ സ്വഭാവം നല്ലതായിരുന്നുവെങ്കിലും ആറ് മാസങ്ങൾക്ക് ശേഷവും എന്നെ മോചിപ്പിച്ചിരുന്നില്ല; അതേ സമയം എന്റെ കൂടെ വന്നവരെല്ലാം ജയിൽമോചിതരാവുകയും ചെയ്തു. അന്ന് തൊട്ടു ഇന്നേ ദിവസം വരെ കഴിയുന്നത്ര സത്സ്വഭാവി ആയിരിക്കുവാൻ ഞാൻ ശ്രദ്ധിച്ചിരുന്നു.

(2) ഞാൻ സ്ഥാനക്കയറ്റത്തിന്‌ വേണ്ടി അപേക്ഷിച്ചപ്പോൾ സ്പെഷ്യൽ ക്ലാസ് തടവുപുള്ളി ആയതിനാൽ അതിന് അർഹനല്ല എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്. ഞങ്ങളിൽ ആരെങ്കിലും മെച്ചപ്പെട്ട ഭക്ഷണമോ മറ്റോ ആവശ്യപ്പെട്ടാൽ “നിങ്ങൾ സാധാരണ തടവുപുള്ളികളാണ്. മറ്റുള്ളവർ കഴിക്കുന്നത് മാത്രമേ നിങ്ങളും കഴിക്കാവുള്ളൂ” എന്നാണ്‌ മറുപടി ലഭിക്കാറുള്ളത്. സർ, സ്പെഷ്യൽ തടവുകാർ എന്ന നിലയിൽ സ്പെഷ്യൽ പ്രാതികൂല്യങ്ങൾ മാത്രമേ ഞങ്ങൾക്ക് ലഭിക്കുന്നുള്ളൂ എന്ന് ഇതിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാൻ സാധിക്കും.

ഈ സമയത്തെ എന്റെ സ്വഭാവം നല്ലതായിരുന്നുവെങ്കിലും ആറ് മാസങ്ങൾക്ക് ശേഷവും എന്നെ മോചിപ്പിച്ചിരുന്നില്ല; അതേ സമയം എന്റെ കൂടെ വന്നവരെല്ലാം ജയിൽമോചിതരാവുകയും ചെയ്തു. അന്ന് തൊട്ടു ഇന്നേ ദിവസം വരെ കഴിയുന്നത്ര സത്സ്വഭാവി ആയിരിക്കുവാൻ ഞാൻ ശ്രദ്ധിച്ചിരുന്നു.

(3) ഭൂരിഭാഗം സഹതടവുകാരെയും പുറത്തയച്ച സാഹചര്യത്തിൽ ഞാൻ എന്റെ മോചനത്തിനായി അപേക്ഷിച്ചിരുന്നു. കഷ്ടിച്ച് രണ്ടോ മൂന്നോ തവണ എനിക്കെതിരെ പരാതികൾ ഉയർന്നിരുന്നുവെങ്കിലും വിട്ടയക്കപ്പെട്ട ചിലർക്കെതിരെ ഒരു ഡസനിലധികം പരാതികൾ ഉണ്ടായിരുന്നിട്ടും ഞാൻ മാത്രം വിട്ടയക്കപ്പെട്ടില്ല. അവസാനം എന്റെ മോചനത്തിനായുള്ള ഉത്തരവ് വന്നപ്പോഴാണ്, പുറത്തുണ്ടായിരുന്ന ചില രാഷ്ട്രീയ തടവുകാർ പ്രശ്നങ്ങളുണ്ടാക്കിയതിന്റെ പേരിൽ വീണ്ടും തടവിലാക്കപ്പെടുന്നത്. അവരുടെ സഹതടവുകാരൻ ആയിരുന്നു എന്ന കാരണത്താൽ ഞാൻ വീണ്ടും തടവിലാക്കപ്പെട്ടു.

(4) ഒരു പക്ഷെ ഞാൻ ഇന്ത്യയിലെ ജയിലിൽ ആയിരുന്നുവെങ്കിൽ, എനിക്ക് ഈ സമയത്തിനുള്ളിൽ കൂടുതൽ ഇളവുകൾ കിട്ടിയേനെ; എനിക്ക് കൂടുതൽ കത്തുകൾ അയക്കുവാനും സന്ദർശകരെ കാണുവാനും സാധിച്ചേനെ. ഞാൻ നാടുകടത്തപ്പെട്ട (transportee) ഒരാൾ മാത്രമായിരുന്നുവെങ്കിൽ, ഈ സമയത്തിനുള്ളിൽ ഞാൻ മോചിതനാവുകയോ കുറഞ്ഞ പക്ഷം പരോൾ പ്രതീക്ഷിച്ചിരിക്കുകയോ ആവുമായിരുന്നിരിക്കും. എന്നാൽ എനിക്ക് ഇന്ത്യൻ ജയിലുകളിലെയോ ഈ തടവുകാരുടെ കോളനിയിലെയോ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല, മറിച്ച് രണ്ടിടത്തെയും പ്രാതികൂല്യങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ട് താനും.

 

(5) യുവർ ഓണർ, അതുകൊണ്ട് എന്നെ ഇന്ത്യൻ ജയിലിലേക്ക് അയച്ചോ നാടുകടത്തപ്പെട്ട ആളായി പരിഗണിച്ചോ എനിക്ക് വന്നുപെട്ടിരിക്കുന്ന ഈ അസാധാരണമായ അവസ്ഥയ്ക്ക് അറുതി വരുത്താൻ ദയവുണ്ടാകണം. ഞാനൊരു മുൻഗണനാപരമായ പെരുമാറ്റവും ആവശ്യപ്പെടുന്നില്ല, എന്നാൽ എന്നാൽ ഒരു രാഷ്ട്രീയ തടവുകാരനെന്ന നിലയ്ക്ക് അത്തരമൊരു സമീപനം ഏതൊരു സ്വതന്ത്ര രാഷ്ട്രത്തിലെയും സിവിൽ സിവിൽ കാണിക്കുന്ന ഭരണകൂടങ്ങളിൽ നിന്നും പ്രതീക്ഷിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു; ദുഷിച്ച തടവുപുള്ളികൾക്കും പതിവ് കുറ്റവാളികൾക്കും വരെ നൽകുന്ന ആനുകൂല്യങ്ങൾ മാത്രമേ ഞാൻ ആവശ്യപ്പെടുന്നുള്ളു. എന്നത്തേയ്ക്കുമായി എന്നെ ഈ ജയിലിൽ അടയ്ക്കുവാനുള്ള പദ്ധതി കാരണം, ജീവനും പ്രതീക്ഷയും നിലനിർത്താനുള്ള സാധ്യതയുണ്ടെന്ന എന്റെ പ്രതീക്ഷ നശിച്ചിരിക്കുകയാണ്. മറ്റ് തടവുകാരിൽ നിന്ന് എന്റെ അവസ്ഥ വ്യത്യസ്തമാണ്, 50 വർഷങ്ങളാണ് എന്നെ തുറിച്ച് നോക്കുന്നത്. ഏറ്റവും അധമനായ തടവുകാരന് പോലും അവന്റെ ജീവിതം സുഗമമാക്കാനായി ലഭിക്കുന്ന ഇളവുകൾ എനിക്ക് ലഭിക്കാത്ത സാഹചര്യത്തിൽ, എങ്ങനെയാണ് ഇത്രയും വർഷങ്ങൾ തള്ളി നീക്കാനുള്ള ധാർമ്മിക ശക്തി എനിക്ക് സംഭരിക്കാനാവുക? ഒന്നുകിൽ എന്നെ ഇന്ത്യയിലെ ഏതെങ്കിലും ജയിലേക്ക് അയക്കുക, അവിടെ (a) എനിക്ക് മോചനം ലഭിച്ചേക്കാം (b) നാല് മാസത്തിലൊരിക്കൽ എനിക്ക് സന്ദർശകരെ കാണാം. പ്രിയപ്പെട്ടവരെ കാണുവാൻ സാധിക്കുന്നത് എത്രത്തോളം സന്തോഷപ്രദമാണെന്നത്, നിർഭാഗ്യവശാൽ ജയിലിലായവർക്ക് അറിയാം. (c) എല്ലാത്തിനുമുപരിയായി 14 വർഷങ്ങൾക്കുള്ളിൽ ജയിൽ മോചിതനാകാനുള്ള ധാർമ്മിക-നിയമപരമല്ല-അവകാശം എനിക്ക് ലഭിച്ചേക്കാം (d) അതോടൊപ്പം തന്നെ കൂടുതൽ കത്തുകളും മറ്റ് ചില ആനുകൂല്യങ്ങളും ലഭിച്ചേക്കാം. ഇന്ത്യയിലേക്ക് അയക്കാനാവുകയില്ലെങ്കിൽ, എന്നെ മറ്റ് തടവുകാരെ പോലെ പുറത്തേക്ക് അയക്കുക. അവരെ പോലെ എനിക്കും 5 വർഷങ്ങൾക്ക് ശേഷം പരോൾ കിട്ടുമെന്നോ കുടുംബത്തെ ഇങ്ങോട്ട് കൊണ്ടു വരാനാകുമെന്നോ ഉള്ള പ്രതീക്ഷയെങ്കിലും ഉണ്ടാകും. ഇത് അനുവദിക്കപ്പെടുകയാണെങ്കിൽ, എന്റേത് മാത്രമല്ല മറ്റുള്ളവരുടെ പ്രവർത്തികളുടെ കൂടി ഉത്തരവാദിത്വം ഏൽക്കേണ്ടി വന്നു എന്ന പരാതി മാത്രമേ എനിക്കുണ്ടാവൂ. എല്ലാ മനുഷ്യർക്കും ലഭ്യമാകേണ്ട ഇത്തരം അടിസ്ഥാന അവകാശങ്ങൾ എനിക്ക് ആവശ്യപ്പെടേണ്ടി വരുന്നു എന്നത് എത്ര ദയനീയമായ കാര്യമാണ്! ഒരു ഭാഗത്ത് ചെറുപ്പക്കാരും ഉത്സാഹമുള്ളവരും അസ്വസ്ഥരുമായ ഇരുപതോളം രാഷ്ട്രീയ തടവുകാരും മറുഭാഗത്ത് ആവിഷ്കാര- ചിന്താസ്വാതന്ത്ര്യങ്ങളെ അതിന്റെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ചുരുക്കാൻ ശ്രമിക്കുന്ന കോളനി നിയമങ്ങളുമാണുള്ളത്. ഈ സാഹചര്യത്തിൽ വല്ലപ്പോഴുമൊക്കെ ഒന്നോ രണ്ടോ നിയമലംഘനങ്ങൾ നടക്കാനുള്ള സാധ്യത ഒഴിവാക്കാനാവാത്തതാണ്. അതിന് എല്ലാവരും ഉത്തരവാദികളാണ് എന്ന് കണക്കാക്കിയാൽ, ഇത് മുന്പ് സംഭവിച്ചിട്ടുള്ളതാണ്, ഞാൻ എപ്പോഴെങ്കിലും മോചിതനാകാനുള്ള സാധ്യത തുലോം തുച്ഛമാണ്.

അവസാനമായി, 1911ൽ ഞാൻ അയച്ച ദയാഹർജി ദയവായി പരിഗണിക്കാനും അത് ഇന്ത്യൻ ഗവണ്മെന്റിന്റെ പരിഗണനയ്ക്കയക്കാനും ഞാൻ താങ്കളെ ഓർമ്മിപ്പിക്കട്ടെ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുത്തന്‍ സംഭവവികാസങ്ങളും അനുരഞ്ജന നയവും ഭരണഘടനാ നയത്തിലേക്ക് വെളിച്ചം വീശുന്നു. 1906- 07 ലെ പ്രതീക്ഷയറ്റ സാഹചര്യങ്ങളാണ് ഞങ്ങളെ സമാധാനത്തിന്റെയും, പുരോഗതിയുടേയും പാതയില്‍ നിന്നും വ്യതിചലിപ്പിച്ചത്. എന്നാല്‍ ഇന്ന് ഇന്ത്യയുടെ നന്മയും മനുഷ്യത്വവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരാളും മുള്ള് നിറഞ്ഞ ആ പാതയിലേക്ക് തിരിച്ച് പോവില്ല. ആയതിനാല്‍ ഗവണ്മെന്റ് അതിന്റെ നാനാവിധമായ ഔദാര്യത്താലും കൃപയാലും എന്നെ മോചിപ്പിച്ചാല്‍ ഞാന്‍ എന്നും ഇംഗ്ലീഷ് ഭരണത്തോട് കൂറുള്ളവനും ഭരണഘടനാ പുരോഗതിയുടെ ഉറച്ച വക്താവും ആയിരിക്കും. അത് ഈ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ് എന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ ജയിലില്‍ കിടക്കുന്നിടത്തോളം കാലം, തിരുമനസ്സിനോട് കൂറുള്ള നൂറ്കണക്കിന് ആയിരക്കണക്കിന് പ്രജകളുടെ ഭവനങ്ങളില്‍ സന്തോഷം ഉണ്ടാവുകയില്ല. രക്തത്തിന് വെള്ളത്തേക്കാൾ കട്ടിയുണ്ടെന്നാണല്ലോ. ഞങ്ങളെ മോചിപ്പികുകയാണെങ്കില്‍ ജനങ്ങള്‍ ആനന്ദചിത്തരാവുകയും ഗവണ്മെന്റിനോട് മതിപ്പ് രേഖപ്പെടുത്തുകയും ചെയ്യും. കാരണം ഈ ഭരണകൂടം ശ്രമിക്കുന്നത് തെറ്റുതിരുത്താനും, ക്ഷമിക്കാനുമാണെന്നും അല്ലാതെ ശിക്ഷിക്കാനും, പകപോക്കാനുമല്ലെന്ന് അവര്‍ക്കറിയാം. അതിലുപരിയായി ഭരണഘടനയ്ക്ക് വിധേയനായിക്കൊണ്ടുള്ള എന്റെ നടപടികള്‍ക്ക് വഴിതെറ്റിപ്പോയ ഇന്ത്യയിലും വിദേശത്തുമുള്ള യുവത്വത്തെ തിരിച്ചുകൊണ്ടു വരാൻ കഴിയും, കാരണം ഒരുകാലത്ത് എന്നെയാണവര്‍ വഴികാട്ടിയായ് കണ്ടിരുന്നത്.

ഏതു വിധേനയും ഞാന്‍ ഗവണ്മെന്‍റ് ആഗ്രഹിക്കുന്ന രീതിയില്‍ ഗവണ്മെന്റിനു സേവനം ചെയ്യാന്‍ സന്നദ്ധനാണ്, എന്റെ സംഭാഷണം എത്രമാത്രം സത്യസന്ധമാണോ അത് പോലെ തന്നെയായിരിക്കും എന്റെ ഭാവിയിലെ പെരുമാറ്റവും. എന്നെ ജയിലിൽ കിടത്തുന്നത് വഴി നഷ്ടം മാത്രം ആയിരിക്കും സംഭവ്യം എന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണല്ലോ. അങ്ങേയ്ക്ക് മാത്രമേ എന്നോട് കരുണ ചെയ്യുവാന്‍ സാധിക്കൂ എന്നിരിക്കെ ഈ മുടിയനായ പുത്രന്‍ പിതൃ സ്ഥാനത്തുള്ള ഗവണ്മെന്റിന്റെ വാതിലുകളിലല്ലാതെ വേറെയെവിടെ മുട്ടാന്‍ കഴിയും?

ആയതിനാല്‍ അങ്ങ് ഇക്കാര്യങ്ങളിൽ കരുണ നിറഞ്ഞൊരു ഉപായം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

http://bodhicommons.org/article/second-mercy-petition-of-savarkkar


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *