തിരുവല്ല: സീറോ വേസ്റ്റ് തിരുവല്ല എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി തിരുവല്ല നഗരസഭ. ജില്ലയില്‍ ശുചിത്വ പദവി പ്രഖ്യാപന വിലയിരുത്തലില്‍ 88 ശതമാനം മാര്‍ക്ക് നേടി നഗരസഭയില്‍ ഒന്നാം സ്ഥാനം കൈവരിച്ച തിരുവല്ല നഗരസഭ ഇന്ന് മുഖ്യമന്ത്രി നടത്തുന്ന ശുചിത്വ പദവി പ്രഖ്യാപനത്തിന് യോഗ്യത നേടി. വലിയ തോതിലുളള മാലിന്യ പ്രശ്നത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ തിരുവല്ല നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നഗരസഭാ ചെയര്‍മാന്‍ ആര്‍.ജയകുമാര്‍ തിരുവല്ല നഗരസഭയുടെ ശുചിത്വ പദവി സ്വയം പ്രഖ്യാപനം നടത്തി. ജൈവ-അജൈവ മാലിന്യങ്ങളുടെ ശരിയായ സംസ്‌കരണം നടത്തുന്നതിനും നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിനും നിരവധിയായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.
അജൈവ മാലിന്യം ഇവിടെ ഒരു കീറാമുട്ടി അല്ല..
നഗരസഭയിലെ മുഴുവന്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മസേന വഴി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇതിനായി 40 ഹരിതകര്‍മസേനാംഗങ്ങള്‍ തിരുവല്ല നഗരസഭയിലുണ്ട്. അജൈവ മാലിന്യ ശേഖരണം വഴി ഒരു ഹരിതകര്‍മസേനാംഗത്തിന് പ്രതിമാസം ശരാശരി 10000 രൂപ വരെ ലഭിക്കുന്നു. ഇത് കൂടാതെ തുണി സഞ്ചി നിര്‍മാണം, ശുചീകരണ വസ്തുക്കളുടെ നിര്‍മാണം, വെളിച്ചെണ്ണ വിതരണം എന്നീ പ്രവര്‍ത്തനങ്ങള്‍ വഴി അധിക വരുമാനവും ലഭിക്കുന്നുണ്ട്. ഹരിതകര്‍മസേനകള്‍ ശേഖരിച്ച തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എം.സി.എഫിലേക്ക് മാറ്റുകയും തുടര്‍ന്ന് വൃത്തിയാക്കിയ പ്ലാസ്റ്റിക് റിസോഴ്സ് റിക്കവറി സെന്ററിലേക്ക് മാറ്റി പൊടിച്ച് റോഡ് നിര്‍മാണത്തിനായും നല്‍കി വരുന്നു.
30 ലക്ഷം രൂപ ചിലവിലാണ് എം.സി.എഫ്, ആര്‍.ആര്‍.എഫ് എന്നിവ നിര്‍മിച്ചത്. പൊടിച്ച പ്ലാസ്റ്റിക്കുകള്‍ മാറ്റുന്നതിനും ഇ-മാലിന്യങ്ങള്‍ മാറ്റുന്നതിനും ക്ലീന്‍കേരള കമ്പനിയുമായി ധാരണയായിട്ടുണ്ട്. ഹരിതകര്‍മസേനയ്ക്ക് ആവശ്യമായ എല്ലാവിധ പരിശീലനങ്ങളും സാങ്കേതിക സഹായവും നല്‍കുന്നത് ഹരിതസഹായ സ്ഥാപനമായ ക്രിസ് ഗ്ലോബല്‍സ് എജന്‍സിയാണ്. ക്രിസ് ഗ്ലോബല്‍സ് ഏജന്‍സി സി.ഇ.ഒ ക്രിസ്റ്റഫറിന്റെ നേതൃത്വത്തില്‍ മാലിന്യ കൗണ്ടറുകളും ആളുകള്‍ക്ക് മാലിന്യം കൈമാറുന്നതിനുളള ഹെല്‍പ്പ് ലൈനും പ്രവര്‍ത്തിക്കുന്നു. കൂടാതെ കോവിഡ് കാലത്ത് 20 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് അണുവിമുക്തമാക്കി സംസ്‌കരണത്തിനു നല്‍കി.
ഉറവിട മാലിന്യ സംസ്‌കരണം
ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിലും ജൈവ മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിലും സംസ്ഥാനത്തിന് തന്നെ ഒരു മാതൃകയാണ് തിരുവല്ല നഗരസഭ. ജൈവ മാലിന്യം ഒരു പ്രശ്നമായി നിലനില്‍ക്കുന്നേയില്ല. വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ഉണ്ടാകുന്ന ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുളള തീരുമാനം നഗരസഭ നടപ്പാക്കിയിട്ടുണ്ട്.
ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ ഇല്ലാത്ത വീടുകളിലും സ്ഥാപനങ്ങളിലും അവ നിര്‍മിച്ചു നല്‍കുന്നതിനായി 72 ലക്ഷം രൂപയുടെ പ്രോജക്ട് തയാറാക്കി. കൂടുതല്‍ മാലിന്യം ഉണ്ടാക്കുന്ന ഹോട്ടലുകള്‍, വിവിധ സ്ഥാപനങ്ങള്‍, ഫ്ളാറ്റുകള്‍ എന്നിവിടങ്ങളില്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ ഉള്‍പ്പെടുത്തി മാത്രമേ ലൈസന്‍സ് നല്‍കുകയുളളു എന്ന കര്‍ശന നിലപാടും തിരുവല്ല നഗരസഭ സ്വീകരിച്ചിട്ടുണ്ട്.
നഗരത്തിലെ പ്രധാനപ്പെട്ട ചന്തകള്‍, പ്രമുഖ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ കൂടുതല്‍ എത്തിച്ചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന ഗ്യാസ് ഓഫീസ് ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നു. കൂടാതെ നഗരസഭയിലെ എല്ലാ സ്ഥാപനങ്ങളും ഹരിതചട്ടം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
നിങ്ങള്‍ കാമറയുടെ നിരീക്ഷണത്തിലാണ്..
നഗരസഭയുടെയും പോലീസിന്റേയും നേതൃത്വത്തില്‍ നഗരത്തില്‍ എല്ലായിടത്തും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കും തെറ്റായ രീതിയില്‍ സംസ്‌കരിക്കുന്നവര്‍ക്കും ഒരു പരിധിവരെ തടയിടാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ട്.
വേണ്ടാത്തത് കൊടുക്കാം, വേണ്ടത് എടുക്കാം
നഗരസഭയില്‍ നാലുമാസം കൂടിയിരിക്കെ സ്വാപ്പ് ഷോപ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഹരിതകര്‍മസേനകള്‍ വഴി ഓരോ വീട്ടിലും ഉപയോഗയോഗ്യമായ എന്നാല്‍, അവര്‍ ഉപയോഗിക്കാത്ത വസ്തുക്കളുടെ ലിസ്റ്റ് എടുത്ത് സ്വാപ്പ് ഷോപ്പ് സംഘടിപ്പിക്കും. ആവശ്യമില്ലാത്ത വസ്തുക്കള്‍ സ്വാപ്പ് ഷോപ്പില്‍ കൊണ്ടു നല്‍കി അവര്‍ക്ക് ആവശ്യമുളള വസ്തുക്കള്‍ വില ഈടാക്കാതെ തന്നെ അവിടെ നിന്ന് സ്വീകരിക്കാം.
മാലിന്യത്തില്‍ നിന്നും മലര്‍വാടിയിലേക്ക്
കാവുംഭാഗം, മുത്തൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ റോഡ് സൈഡിലും മറ്റും ഉണ്ടായിരുന്ന മാലിന്യ കൂമ്പാരങ്ങള്‍ നീക്കി ഉദ്യാനമാക്കിയിട്ടുണ്ട്. നഗരത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം മരങ്ങള്‍ വച്ച് പിടിപ്പിച്ച് തിരുവല്ല നഗരസഭ മോടി കൂട്ടി.
കൃഷി – ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍
കൃഷിയുടെ കാര്യത്തിലും നഗരസഭ പിന്നിലല്ല. കുടുംബശ്രീയുടെ സഹകരണത്തോടെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ എന്നിവയിലൂടെ നല്ല വിളവ് ലഭിക്കുന്നുണ്ട്.
കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ എടുത്ത് പറയേണ്ട ഒന്നാണ് കവിയൂര്‍ പുഞ്ച. പതിറ്റാണ്ടുകളായി തരിശുകിടന്ന കവിയൂര്‍ പുഞ്ചയുടെ ഒരു ഭാഗം തിരുവല്ല നഗരസഭയില്‍ ഉള്‍പ്പെട്ടതാണ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കവിയൂര്‍ പുഞ്ചയില്‍ കൃഷി ഇറക്കി നല്ല വിളവെടുക്കാന്‍ സാധിച്ചു.
കൂടാതെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോടുകള്‍ നവീകരിച്ച് കയര്‍ഭൂവസ്ത്രം ഇട്ട് സംരക്ഷിച്ചു. ഉപയോഗ ശൂന്യമായി കിടന്ന കിണര്‍ നവീകരിച്ച് കുടിവെള്ള സ്രോതസാക്കി മാറ്റി. കുളങ്ങള്‍ വൃത്തിയാക്കി മത്സ്യ കൃഷി ചെയ്തു.
അധ്യാപകര്‍ക്ക് പരിശീലനം
അജൈവ മാലിന്യ ശേഖരണം എത്തരത്തിലാകണമെന്നും അവ എങ്ങനെ സംസ്‌കരിക്കണമെന്നും തരംതിരിക്കണമെന്നുമെല്ലാം ടീച്ചേഴ്സ് എഡ്യൂക്കേഷന്‍ ട്രെയിനിംഗ് സെന്ററിലെ അധ്യാപകര്‍ക്ക് ഹരിതസഹായ സ്ഥാപനമായ ക്രിസ് ഗ്ലോബലിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍ എല്ലാ വര്‍ഷവും നല്‍കുന്നു. വരും തലമുറയിലേക്ക് മാലിന്യ സംസ്‌കരണം അധ്യാപകര്‍ വഴി എത്തിക്കാനുളള ഉപാധിയാണ് ഇത്. കൂടാതെ എന്‍.എസ്.എസ് യൂണിറ്റ്, സ്‌കൗട്ട് തുടങ്ങിയവയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ തലത്തില്‍ നിരവധി കാമ്പയിനുകള്‍ നടത്തി. ക്ലബ്ബുകള്‍, വിവിധ സന്നദ്ധ സംഘടകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി സേ നോ ടു പ്ലാസ്റ്റിക്ക് കാമ്പയിന്‍, ആരോഗ്യ ജാഗ്രതാ കാമ്പയിന്‍ തുടങ്ങിയ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു. ഹരിത ചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന് ഗ്രീന്‍ ഇലക്ഷന്‍ സംഘടിപ്പിച്ചു.
ഇന്ന് മുഖ്യമന്ത്രി നടത്തുന്ന ശുചിത്വ പദവി പ്രഖ്യാപനത്തിന് തയാറായി നില്‍ക്കുകയാണ് തിരുവല്ല നഗരസഭ. നഗരസഭാ ചെയര്‍മാന്‍ ആര്‍.ജയകുമാറിന്റെ നേതൃത്വത്തിലുളള ഭരണസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
0 Comments