രാഷ്ട്രീയ കേരളത്തെ ഏറെ ചൂടുപിടിപ്പിച്ച അഴിമതിയാണ് സോളാര്‍ തട്ടിപ്പ്. ‘ടീം സോളാര്‍’ എന്ന അംഗീകാരം പോലുമില്ലാത്ത കമ്പനി സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ പലരില്‍ നിന്നും പണം തട്ടിയെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. അഴിമതിയുടെയും തട്ടിപ്പിന്റെയും വലിയൊരു പര്‍വ്വതം ഉയര്‍ന്നുവരികയായിരുന്നു പിന്നീട്.

സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ കമ്പനി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകള്‍ പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് വീര്യം കൂടി. സരിത ഉമ്മന്‍ചാണ്ടിയോട് സംസാരിക്കുന്ന ചിത്രം പുറത്തുവന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 1.9 കോടി കോഴ നല്‍കിയെന്ന് സോളാര്‍ അന്വേഷണ കമ്മീഷനുമുന്നില്‍ സരിത മൊഴി നല്‍കി.

https://www.mathrubhumi.com/news/kerala/solar-case-timeline-1.2267202

സോളാര്‍ കേസിന്റെ നാള്‍വഴിയിലൂടെ

2013 ജൂണ്‍ 3: സോളാര്‍ തട്ടിപ്പ് നടത്തിയ കേസില്‍ സരിത എസ്. നായര്‍ പിടിയില്‍
2013 ജൂണ്‍ 4: ടീം സോളാറിന്റെ പേരില്‍ നടത്തിയ തട്ടിപ്പ് അന്വേഷിക്കാന്‍ കോടതി ഉത്തരവ്
2013 ജൂണ്‍ 12: സരിത എസ്. നായരുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു
2013 ജൂണ്‍ 13: സോളാര്‍ തട്ടിപ്പ് എ.ഡി.ജി.പി. അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം.
2013 ജൂണ്‍ 14: ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പി.എ. ടെന്നി ജോപ്പന്‍, ഗണ്‍മാന്‍ സലിംരാജ് എന്നിവരെ മാറ്റി
2013 ജൂണ്‍ 14: സരിത എസ്. നായര്‍ തമിഴ്നാട്ടിലും കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി
2013 ജൂണ്‍ 15: പ്രതിപക്ഷം പ്രക്ഷോഭത്തിന്. കേസ് അന്വേഷിക്കാന്‍ എ.ഡി.ജി.പി. എ. ഹേമചന്ദ്രന്റെ കീഴില്‍ പ്രത്യേക സംഘം രൂപീകരിച്ചു
2013 ജൂണ്‍ 16: ഒന്നാംപ്രതി ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു
2013 ജൂണ്‍ 16: ബിജുവിന്റെയും സരിതയുടെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ്
2013 ജൂണ്‍ 17: മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുന്നതുവരെ എല്ലാ പൊതുപരിപാടികളിലും ഉമ്മന്‍ചാണ്ടിയെ ബഹിഷ്‌കരിക്കാന്‍ എല്‍.ഡി.എഫ്. തീരുമാനം
2013 ജൂണ്‍ 17: ബിജു രാധാകൃഷ്ണന്‍ കോയമ്പത്തൂരില്‍വെച്ച് അറസ്റ്റില്‍
2013 ജൂണ്‍ 19: പി.ആര്‍.ഡി. ഡയറക്ടര്‍ ഫിറോസിന് സസ്പെന്‍ഷന്‍
2013 ജൂണ്‍ 20: മുഖ്യമന്ത്രിക്ക് വി.എസ്സിന്റെ തുറന്ന കത്ത്
2013 ജൂണ്‍ 26: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു
2013 ജൂണ്‍ 28: മുഖ്യമന്ത്രിയുടെ മുന്‍ പി.എ. ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തു
2013 ജൂണ്‍ 29: മുഖ്യമന്ത്രിയുടെ ഓഫീസ് സോളാര്‍ തട്ടിപ്പിന് ഉപയോഗിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്
2013 ജൂലായ് 1: മുഖ്യമന്ത്രിയുടെ പേര് ശ്രീധരന്‍നായരുടെ പരാതിയില്‍ വന്നതിനെച്ചൊല്ലി വിവാദം
2013 ജൂലായ് 2: ശ്രീധരന്‍ നായരുടെ പരാതിയില്‍ കൃത്രിമം കാട്ടിയോയെന്ന് പരിശോധിക്കാന്‍ പ്രോസിക്യൂഷന്റെ അപേക്ഷ
2013 ജൂലായ് 2: ബിജു രാധാകൃഷ്ണനെയും സരിത എസ്. നായരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു
2013 ജൂലായ് 3: ശ്രീധരന്‍നായര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പിന്നീട് മാറ്റം വരുത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തി
2013 ജൂലായ് 4: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ നാലു മന്ത്രിമാര്‍ സരിത എസ്.നായരെ ഫോണ്‍ ചെയ്തതിന്റെ രേഖകള്‍ പുറത്തുവന്നു
2013 ജൂലായ് 5: നടി ശാലു മേനോനെ അറസ്റ്റ് ചെയ്തു
2013 ജൂലായ് 6: സോളാര്‍ കേസ് സി.ബി.ഐ.ക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നു
2013 ജൂലായ് 6: ശ്രീധരന്‍ നായര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കി
2013 ജൂലായ് 7: കേസ് സിബിഐ അന്വേഷണത്തിന് വിടുന്നതിനെതിരെ പ്രതിപക്ഷം.
2013 ജൂലായ് 8: മുഖ്യമന്ത്രിയെ നേരിട്ടു കണ്ടെന്നും അവസരമുണ്ടാക്കിയത് സരിതയെന്നും ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍.
2013 ജൂലായ് 8: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിസന്നദ്ധത അറിയിച്ചു. രാജി വേണ്ടെന്ന് യു.ഡി.എഫ്.
2013 ജൂലായ് 9: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് ഗ്രനേഡ് പ്രയോഗത്തെ തുടര്‍ന്ന് വി.എസിന് ദേഹാസ്വാസ്ഥ്യം
2013 ജൂലായ് 10: എല്‍.ഡി.എഫ്. ഹര്‍ത്താല്‍
2013 ജൂലായ് 12: മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി. പരിശോധന: സര്‍ക്കാര്‍ നിര്‍ദേശം സി.പി.എം. തള്ളി.
2013 ജൂലായ് 13: സോളാര്‍ വിവാദത്തിന്റെ പേരില്‍ സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി വേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനം
2013 ജൂലായ് 16: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയ ശ്രീധരന്‍നായര്‍ക്കെതിരെയുള്ള ഫയലുകള്‍ കണ്ടെത്തി. അഡീ. ചീഫ് സെക്രട്ടറി അന്വേഷിക്കും
2013 ജൂലായ് 17: സരിതക്കും ബിജുവിനുമൊപ്പമാണ് ടെന്നി ജോപ്പന്‍ പ്രവര്‍ത്തിച്ചതെന്ന് സര്‍ക്കാറിനു വേണ്ടി അഡ്വ. ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയില്‍
2013 ജൂലായ് 17: സരിതയെയും ബിജുവിനെയും കോടതിയില്‍ ഹാജരാക്കി. ശാലുമേനോന്റെ ജാമ്യം സര്‍ക്കാറിന്റെ നിലപാടറിയാന്‍ മാറ്റി
2013 ജൂലായ് 18: മുന്‍ പി.ആര്‍.ഡി. ഡയറക്ടര്‍ ഫിറോസ് കീഴടങ്ങി
2013 ജൂലായ് 20: ടെനി ജോപ്പന് സെക്രട്ടേറിയറ്റില്‍വച്ച് രണ്ടുലക്ഷം നല്‍കിയെന്ന് സരിത
2013 ജൂലായ് 20: വധഭീഷണിയെന്ന് സരിത നായര്‍. രഹസ്യ വിവരങ്ങള്‍ കോടതിക്ക് കൈമാറി.
2013 ജൂലായ് 21: സരിതയും ശ്രീധരന്‍നായരും കഞ്ചിക്കോട്ട് സ്ഥലം സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
2013 ജൂലായ് 23: സോളാര്‍ കേസില്‍ ഹൈക്കോടതിയുടെ രണ്ടു ബെഞ്ചുകള്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു
2013 ജൂലായ് 26: സരിതാനായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
2013 ജൂലായ് 26: സോളാര്‍ പരാതി ഒതുക്കാന്‍ യു.ഡി.എഫ്. നേതാക്കള്‍ കോടികള്‍ വാഗ്ദാനം ചെയ്തെന്ന് ആരോപണം
2013 ജൂലായ് 29: സരിത മജിസ്ട്രേറ്റിന് നല്‍കിയ പരാതിയില്‍ ഉന്നതരുടെ പേരില്ല.
2013 ജൂലായ് 30: സരിതക്കും ബിജുവിനുമെതിരെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
2013 ആഗസ്ത് 12 : ഇടതുമുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു
2013 ആഗസ്ത് 13: മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. എല്‍.ഡി.എഫ്. ഉപരോധം നിര്‍ത്തി
2013 ആഗസ്ത് 16: സിറ്റിങ് ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു
2013 ആഗസ്ത് 17: സോളാര്‍: നിയമയുദ്ധം നടത്താന്‍ വി.എസ്. അച്യുതാനന്ദന് സി.പി.എം. കേന്ദ്രകമ്മിറ്റിയുടെ അനുമതി
2013 ആഗസ്ത് 23: ടെന്നി ജോപ്പനും ശാലു മേനോനും ജാമ്യം
2013 ആഗസ്ത് 30: ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയുടെ സേവനം വിട്ടുകൊടുക്കേണ്ടെന്ന് ഹൈക്കോടതി തീരുമാനിച്ചു
2013 സപ്തം 2: ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ തന്നെയും തന്റെ ഓഫീസിനെയും ഉള്‍പ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത പ്രകടിപ്പിച്ചു
2013 സപ്തം 10: മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് അറസ്റ്റില്‍
2013 സപ്തം 12: പോലീസ് ഒത്താശയില്‍ സരിതയും ബിജുവും കാഞ്ഞങ്ങാട്ടെ സര്‍ക്കാര്‍ വിശ്രമമന്ദിരത്തില്‍ തങ്ങി
2013 ഒക്ടോ 9: ശ്രീധരന്‍നായരുടെ പരാതിയില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു
2013 ഒക്ടോ 10: ജൂഡീഷ്യല്‍ അന്വേഷണത്തിന് പരിഗണിക്കേണ്ട വിഷയങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി
2013 ഒക്ടോ 11: മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യം പിടിച്ചെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിക്കെതിരെ വഞ്ചനാകുറ്റം നിലനില്‍ക്കില്ലെന്നും കോടതി
2013 ഒക്ടോ 21: സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ടുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ഹൈക്കോടതി ജഡ്ജിമാരുടെ യോഗം തള്ളി
2013 ഒക്ടോ 22: ശ്രീധരന്‍നായരുടെ മൊഴിപ്പകര്‍പ്പിന് വി.എസ്. കോടതിയെ സമീപിച്ചു
2013 ഒക്ടോ 23: റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി. ശിവരാജന്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍
2013 ഒക്ടോ 23: ജയിലിലായിരിക്കേ സരിത പരാതിക്കാര്‍ക്ക് പണം നല്‍കിയതെങ്ങനെയെന്ന് കോടതി
2013 ഒക്ടോ 27: കണ്ണൂരില്‍ ഇടതുമുന്നണി പ്രതിഷേധത്തിനിടെ കല്ലേറില്‍ മഖ്യമന്ത്രിക്ക് പരിക്കേറ്റു
2013 ഒക്ടോ 29: ശ്രീധരന്‍നായരുടെ രഹസ്യമൊഴി പുറത്ത്. മുഖ്യമന്ത്രിയെ കണ്ടത് സരിതക്കൊപ്പം.
2013 നവം 1: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തുന്ന രണ്ടാംഘട്ട സമരത്തിന് തുടക്കം
2013 നവം 12: സോളാര്‍ കേസ് നടപടികള്‍ വിവാദമാക്കിയ മജിസ്ട്രേറ്റിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് ഹൈക്കോടതി. വിശദീകരണം തേടി
2013 നവം 21: മന്ത്രിമാരും പ്രമുഖരും സരിതയുമായി ബന്ധപ്പെട്ടതിന്റെ വീഡിയോ കൈയിലുണ്ടെന്ന് അഭിഭാഷകന്‍
2013 നവം 26: മാധ്യമങ്ങള്‍ക്ക് ബിജു രാധാകൃഷ്ണന്റെ തുറന്ന കത്ത്: സരിതയും ഗണേഷുമായുള്ള ബന്ധം എല്ലാം തകര്‍ത്തു.
2013 ഡിസം 10: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്. ക്ലിഫ് ഹൗസ് ഉപരോധം ആരംഭിച്ചു
2013 ഡിസം 29: സോളാര്‍ വിഷയത്തില്‍ ക്ലിഫ്ഹൗസ് ഉപരോധമുള്‍പ്പെടെയുള്ള എല്ലാ സമരങ്ങളും അവസാനിപ്പിക്കാന്‍ എല്‍.ഡി.എഫ്. തീരുമാനിച്ചു

2014 ജനു 2: സരിതാ നായര്‍ക്ക് തര്‍ക്കം തീര്‍ക്കാന്‍ പണം എവിടെനിന്നെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി
2014 ജനു 7: സോളാര്‍ തട്ടിപ്പ് വഴി ലഭിച്ച പണമെല്ലാം പ്രതികള്‍ ആര്‍ഭാട ജീവിതത്തിന് ഉപയോഗിച്ചെന്ന് പോലീസ് റിപ്പോര്‍ട്ട്
2014 ജനു 9: സരിതയ്ക്ക് ജയിലില്‍ ബ്യൂട്ടിഷ്യനുണ്ടോയെന്ന് കോടതി. വിലകൂടിയ സാരികള്‍ ജയിലിനകത്ത് എങ്ങനെ ലഭിക്കുന്നുവെന്നും കോടതി
2014 ജനു 24: രശ്മി വധക്കേസ് ബിജു രാധാകൃഷ്ണന് ജീവപര്യന്തം
2014 ഫെബ്രു 21: സരിതാ നായര്‍ ജയില്‍മോചിതയായി
2014 മാര്‍ച്ച് 1: രശ്മി വധക്കേസ് മൂടിവെക്കുന്നതില്‍ മുന്‍ എം.എല്‍.എ. ഐഷ പോറ്റി ബിജുവിനെ സഹായിച്ചതായി സരിത
2014 മാര്‍ച്ച് 3: ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങി
2014 മാര്‍ച്ച് 3: എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ. നിരന്തരം ശല്യം ചെയ്തതായും ഹോട്ടലിലേക്ക് ക്ഷണിച്ചതായും സരിത
2014 ഏപ്രില്‍ 4: സോളാര്‍ കേസ് സിബിഐ അന്വേഷണത്തിന് വി.എസ്. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
2014 ഏപ്രില്‍ 23: സരിത എസ്. നായര്‍ക്കും അഭിഭാഷകനും ഫോണിലൂടെ വധഭീഷണി
2014 ഏപ്രില്‍ 28: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ കാലാവധി ആറുമാസത്തേക്കു കൂടി നീട്ടി
2014 മെയ് 21: സോളാര്‍ കേസ് വിവരങ്ങള്‍ വ്യക്തമായി ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് അറിയാമെന്ന് സരിത
2014 ജൂണ്‍ 11: സരിത കേസ് കൈകാര്യം ചെയ്തതില്‍ മജിസ്ട്രേറ്റ് എന്‍.വി. രാജു ഗുരുതര വീഴ്ച വരുത്തിയെന്ന് ഹൈക്കോടതി
2014 ജൂലായ് 4: സോളാര്‍ ഇടപാടില്‍ മന്ത്രിമാരോ ഉന്നത രാഷ്ട്രീയക്കാരോ ഇല്ലെന്ന് സരിത അന്വേഷണ കമ്മീഷനോട്
2014 ജൂലായ് 16: സോളാറില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു
2014 ജൂലായ് 26: സോളാര്‍ കേസില്‍ സരിതാ നായരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഇടുക്കി ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവ്
2014 ഒക്ടോബര്‍ 19: സോളര്‍ കേസില്‍ സരിത എസ്. നായര്‍ തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി

2015 ഏപ്രില്‍ ഏഴ്: സരിത പത്തനംതിട്ട ജയിലില്‍വെച്ചഴുതിയെന്ന് പറയുന്ന കത്ത് പുറത്ത്
2015 ജൂണ്‍ 30: സോളാര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടി സമാന്തര അന്വേഷണം നടത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധാരന്‍ കമ്മിഷന് മുന്‍പില്‍ മൊഴി നല്‍കി
2015 ഒക്ടോബര്‍ 13: സോളാര്‍ കമ്മിഷന്റെ കാലാവധി ആറ് മാസം നീട്ടി 2016 ഏപ്രില്‍ വരെയാക്കി
2015 ഡിസംബര്‍ ഒന്ന്: സോളാര്‍ കമ്പനി നടത്താന്‍ മുന്‍കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രി ആര്യാടന്‍ മുഹമ്മദ്, മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ എന്നിവര്‍ പണം ആവശ്യപ്പെട്ടതായി ബിജു രാധാകൃഷ്ണന്റെ മൊഴി
2015 ഡിസംബര്‍ നാല്: മുഖ്യമന്ത്രിക്കെതിരെയുള്ള ലൈംഗിക ആരോപണ സിഡികള്‍ ഹാജരാക്കണമെന്ന് സോളാര്‍ കമ്മിഷന്‍. അതിന് മുന്‍പ് സര്‍ക്കാര്‍ സിഡി പിടിച്ചെടുക്കരുതെന്നും കമ്മിഷന്‍
2015 ഡിസംബര്‍ 10: സിഡി പിടിച്ചെടുക്കാന്‍ പ്രത്യേക പോലീസ് സംഘം കോയമ്പത്തൂരിലേക്ക്
2015 ഡിസംബര്‍ 12: സിഡി കണ്ടെത്താനുള്ള യാത്ര പൊലീസും മാധ്യമങ്ങളും ആഘോഷമാക്കിയെന്ന് സോളാര്‍ കമ്മിഷന്റെ വിമര്‍ശനം
2015 ഡിസംബര്‍ 16: കമ്മിഷനെ മണ്ടനായി കാണരുതെന്ന് ജസ്റ്റിസ് ജി.ശിവരാജന്‍

2016 ജനവരി 14: പത്തനംത്തിട്ട ജയിലില്‍ വെച്ചെഴുതിയ വിവാദ കത്ത് കമ്മീഷന് മുന്നില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് സരിത എസ്. നായര്‍
2016 ജനവരി 25: സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുന്നു
2016 ജനവരി 25: എനിക്ക് കമ്പ്യൂട്ടറില്ല. ഓഫീസിലുള്ളത് ലൈവ് വെബ് ക്യാമറ. സരിതയെ മൂന്നു തവണ കണ്ടിരിക്കാം മുഖ്യമന്ത്രി സോളര്‍ കമ്മിഷനിലെ മൊഴി
2016 ജനുവരി 27: മുഖ്യമന്ത്രിക്ക് കോഴ കൊടുത്തുവെന്ന് സോളാര്‍ കമ്മീഷനില്‍ സരിതയുടെ വെളിപ്പെടുത്തല്‍
2016 ജനുവരി 27: കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയും സരിതയും തമ്മിലുള്ള സംഭാഷണം പുറത്ത്
2016 ജനുവരി 27: മന്ത്രി ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപ നല്‍കിയെന്ന് സരിത
2016 ഒക്ടോബര്‍ അഞ്ച്: സോളാര്‍ കമ്മീഷന്റെ കാലാവധി ആറ് മാസത്തേയ്ക്ക് ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

2017 ജനുവരി മൂന്ന്: സോളാര്‍ കേസില്‍ ബെംഗളൂരു കോടതി ശിക്ഷവിധിച്ച മറ്റ് മൂന്നുപ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നതായി ബെംഗളൂരു കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉമ്മന്‍ചാണ്ടി
2017 ജനുവരി 13: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് സരിത. കമ്മിഷനില്‍ നല്‍കിയ തെളിവുകളില്‍ പകുതിയിലേറെയും ഉമ്മന്‍ചാണ്ടിക്ക് എതിരെയാണെന്നും സരിത.
2017 ഏപ്രില്‍ അഞ്ച്: 2016 ഒക്ടോബറില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ബംഗളൂരു സിറ്റി സിവില്‍ കോടതി പുറപ്പെടുവിച്ച വിധി കോടതി റദ്ദാക്കി.
2017 ജൂലായ് 24: സോളാര്‍ കമ്മീഷന്റെ കാലാവധി രണ്ടു മാസത്തേയ്ക്ക് നീട്ടി.
2017 സെപ്റ്റംബര്‍ 26: സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷന്‍ അധ്യക്ഷന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *