പട്ടിണിയില്ലാതാക്കാൻ കേരളം ആരംഭിച്ച ദാരിദ്ര്യ നിർമ്മാർജന മിഷനാണ് കുടുംബശ്രീ. സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക് , കുടുംബങ്ങളിലൂടെ സമൂഹത്തിലേക്ക് എന്ന ആശയം മുൻ നിർത്തി പ്രവർത്തനം ആരംഭിച്ച കുടുംബശ്രീയിൽ നിലവിൽ മൂന്ന് ലക്ഷത്തോളം അയൽക്കൂട്ടങ്ങളിലായി 45 ലക്ഷം വനിതാ അംഗങ്ങളാണ് ഉള്ളത്. കുടുംബങ്ങളുടെ ഉന്നതിയും സ്ത്രീകളുടെ പുരോഗതിയും സമൂഹത്തിന്റെ അഭിവൃദ്ധിയും ലക്ഷ്യംവച്ചാണ് കുടുംബശ്രീയിലൂടെ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.കഴിഞ്ഞ നാലര വർഷം വളർച്ചയുടെ പടവുകളിലേക്കാണ് കുടുംബശ്രീ സംഘടനാ സംവിധാനത്തെ സർക്കാർ ഉയർത്തിയത്. 2015-16 ൽ 75 കോടി രൂപയോളമുണ്ടായ കുടുംബശ്രീയുടെ ബജറ്റ് വിഹിതം 2021-22 ലെ ബജറ്റിൽ എത്തുമ്പോൾ 260 കോടിയിലേക്കാണ്് ഉയർന്നത്. കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള തുക കൂടി കണക്കാക്കുമ്പോൾ 1749 കോടി രൂപയാണ് കുടുംബശ്രീക്കുള്ള ആകെ ബജറ്റ് വിഹിതം. കുടുംബശ്രീക്കുള്ള സാമ്പത്തിക വിഹിതം വർദ്ധിപ്പിച്ച് സ്ത്രീ ശാക്തീകരണത്തിനും സാമൂഹ്യ പുരോഗതിക്കും ഉപജീവന പ്രവർത്തനങ്ങൾക്കും കൂടുതൽ ഊന്നൽ നൽകാൻ സർക്കാർ പ്രത്യേക ശ്രദ്ധ നൽകി.കുടുംബശ്രീ ഏറ്റവും കാര്യക്ഷമമായ ഉപജീവന മിഷനായി വളർന്നു എന്നതാണ് ഈ കാലയളവിലെ പ്രത്യേകത.നാൽപതിനായിരത്തോളം സംരംഭങ്ങളിലൂടെയാണ് വനിതകൾക്ക്് സ്വയം തൊഴിൽ അവസരം ഒരുക്കിയത്. എഴുപതിനായിരത്തോളം സംഘകൃഷി ഗ്രൂപ്പുകളിലൂടെ കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കുടുംബശ്രീക്ക് സാധിച്ചു. കൊച്ചിൻ മെട്രോയുടെ നടത്തിപ്പ് മുതൽ മാലിന്യനിർമാർജ്ജനം വരെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് കുടുംബശ്രീ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കുന്നത്. പ്രാദേശിക തലത്തിൽ മാലിന്യ നിർമ്മാർജ്ജനത്തിന് ചുക്കാൻ പിടിക്കുന്ന ഹരിതകർമ്മ സേനയിൽ 25000 ത്തിലധികം വനിതകളാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി കുടുംബശ്രീയിലൂടെ ഉപജീവന പദ്ധതികൾ നടപ്പാക്കാൻ ഒരോ വർഷവും 50 കോടി രൂപയിൽ അധികമുള്ള പ്രത്യേക ഉപജീവന പാക്കേജും സർക്കാർ അനുവദിച്ചു. ഇതുകൂടാതെ റീ ബിൽഡ് കേരളയുടെ ഭാഗമായി 250 കോടിയുടെ പ്രത്യേക പാക്കേജും അനുവദിച്ചു.സാമൂഹ്യ ക്ഷേമം ലക്ഷ്യമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കിയത്. ഒന്നര ലക്ഷത്തിലധികം അഗതി കുടുംബങ്ങൾക്ക് സംരക്ഷണം നൽകാൻ അഗതി രഹിത കേരളം പദ്ധതിയും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി 150 ഓളം പുതിയ ബഡ്‌സ് സ്‌കൂളുകളും സ്ഥാപിച്ചു. ഒറ്റയ്ക്ക് താമസിക്കുന്നവർക്കായി സ്‌നേഹിത കോളിംഗ് ബെൽ പദ്ധതി ആവിഷ്‌കരിച്ചു. സ്ത്രീകൾക്കുള്ള വൺ സ്‌റ്റൊപ്പ് സെന്ററായി എല്ലാ ജില്ലയിലും സ്‌നേഹിത തുടങ്ങി. ഇതോടൊപ്പം 700 തദ്ദേശ സ്ഥാപനങ്ങളിൽ ജെന്റർ റിസോഴ്‌സ് സെന്ററുകൾ സ്ഥാപിച്ചും കുടുംബശ്രീ പ്രവർത്തന മേഖല വ്യാപിപ്പിച്ചു.കേരളത്തിനു പുറമെ ഇരുപതോളം സംസ്ഥാനങ്ങളിൽ നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷൻ രീതിയിൽ പ്രവർത്തനം നടത്തുന്നതിലേക്ക് മികവ് ഉയർത്താൻ കുടുംബശ്രീക്ക് കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ സാധിച്ചു. ഉഗാണ്ട, അസർബൈജാൻ, താജിക്കിസ്ഥാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ അന്താരാഷ്ട്ര തലത്തലുള്ള പരിശീലങ്ങൾ നടത്താനും കുടുംബശ്രീക്ക് അവസരം ലഭിച്ചു. സ്ത്രീ ശാക്തീകരണത്തിലും ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും പുതിയ മാതൃക സൃഷ്ടിച്ച കുടുംബശ്രീ ഇന്ന് രാജ്യത്തിനകത്തും പുറത്തും പ്രശംസിക്കപ്പെടുന്ന രീതിയിൽ മാറിക്കഴിഞ്ഞു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *