എവിടെയോ വായിച്ച കഥയാണ്.
അമേരിക്കയിലെ ആദിവാസി ഗോത്രവർഗക്കാർക്ക് (നേറ്റിവ് അമേരിക്കൻസ്) മഞ്ഞുകാലത്തിന് മുൻപേ വിറക് ശേഖരിക്കുന്ന പതിവുണ്ട്. ഒരു മഞ്ഞുകാലത്തിന് മുൻപ് ഒരു ഗോത്രത്തിലെ ആളുകൾ അവരുടെ ചീഫിനോട് ചോദിച്ചു, ഈ മഞ്ഞുകാലം കഠിനമായിരിക്കുമോ? ശൈത്യത്തിന്റെ കാഠിന്യം അനുസരിച്ച് ശേഖരിക്കേണ്ട വിറകിന്റെ അളവ് തീരുമാനിക്കാനാണ്.
ഗോത്രത്തലവന്മാർക്ക് കാലാവസ്ഥ പ്രവചിക്കാൻ ചില പരമ്പരാഗത രീതികൾ ഉണ്ട്. പക്ഷേ, ഈ ചീഫ് ന്യൂ ജെൻ ആണ്. അദ്ദേഹത്തിന് പരമ്പരാഗത രീതികൾ വശമില്ല. എന്നാലും, ചീഫ് കണ്ണും പൂട്ടി പ്രവചിച്ചു, കഠിനമായ ശൈത്യകാലം വരുന്നു, ഒരുപാട് വിറക് ശേഖരിക്കണം. ഗോത്രത്തിലെ ആളുകൾ കാട് കയറി വിറക് ശേഖരിച്ചുതുടങ്ങി.
പ്രവചനം നടത്തിക്കഴിഞ്ഞപ്പോൾ ചീഫിന് ഒരു പേടി, എങ്ങാനും തെറ്റിയാൽ കാണിപ്പയ്യൂരിന്റെ അവസ്ഥ ആകുമല്ലോ. അതുകൊണ്ട്, അദ്ദേഹം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ വിളിച്ച് ചോദിച്ചു, ശൈത്യം എങ്ങനെ ഉണ്ടാകും എന്ന്. കഠിനമായ ശൈത്യമാണ് വരുന്നത് എന്ന മറുപടി കിട്ടി.
മറുപടി കേട്ട ചീഫ് തൻ്റെ ആളുകളെ വിളിച്ച് കൂട്ടിപ്പറഞ്ഞു, “ലക്ഷണങ്ങൾ കണ്ടിട്ട് ഞാൻ നേരത്തെ പറഞ്ഞതിലും കഠിനമായ ശൈത്യം വരുന്നു എന്ന് തോന്നുന്നു. വിറക് ശേഖരണം ഊർജ്ജിതമാക്കണം”. ഗോത്രക്കാർ കൂടുതൽ ഊർജിതമായി വിറക് ശേഖരണം തുടർന്നു.
ഒരാഴ്ച കഴിഞ്ഞപ്പോൾ ചീഫ് വീണ്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ വിളിച്ചു, പ്രവചനത്തിന് മാറ്റം ഉണ്ടോ എന്നറിയാൻ. നേരത്തെ ശൈത്യം കഠിനമാകും എന്ന് പറഞ്ഞ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇത്തവണ “കഠിനം” എന്നത് മാറ്റി “അതികഠിനം” എന്ന് പറഞ്ഞു. ചീഫ് വീണ്ടും ഗോത്രമീറ്റിങ് വിളിച്ച് ശൈത്യം അതി കഠിനമാകും എന്ന് പ്രവചിച്ചു. ഗോത്രവർഗക്കാർ വിറക് ശേഖരണം വീണ്ടും ഊർജിതമാക്കി.
ഒരാഴ്ച കഴിഞ്ഞ് ചീഫ് ഒരിക്കൽക്കൂടി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ വിളിച്ചു. ഇത്തവണ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞത് ചരിത്രത്തിൽ ഇതുവരെ കണ്ടതിൽ ഏറ്റവും കഠിനമായ ശൈത്യം വരുന്നു എന്നാണ്.
ഈ പ്രവചനം കേട്ട ചീഫ് ചോദിച്ചു, “ഉറപ്പാണോ?”. കാലാവസ്ഥാ നിരീക്ഷകൻ പ്രതികരിച്ചു, “നൂറ്റൊന്ന് ശതമാനം”.
കാലാവസ്ഥാനിരീക്ഷകന്റെ കോൺഫിഡൻസ് കണ്ട ചീഫ് ചോദിച്ചു, “നിങ്ങളെങ്ങനെയാണ് ഇത്ര ഉറപ്പോടെ പ്രവചിക്കുന്നത്?”.
കാലാവസ്ഥാനിരീക്ഷകൻ ആ രഹസ്യം വെളിപ്പെടുത്തി, “ഇതിനെക്കുറിച്ച് ഒക്കെ വലിയ ഐഡിയ ഉള്ള ഗോത്രവർഗക്കാർ ഇന്നോളം കണ്ടിട്ടില്ലാത്ത അളവിൽ വിറക് ശേഖരിക്കുന്നുണ്ട്. അതികഠിനമായ ശൈത്യം ഉറപ്പാണ്”.
പത്രത്തിൽ വാർത്ത കണ്ടതുകൊണ്ടാണ് ആരോപണം ഉന്നയിച്ചതെന്ന് ചെന്നിത്തല. ചെന്നിത്തല ആരോപണം ഉന്നയിച്ചതുകൊണ്ടാണ് വാർത്ത കൊടുത്തത് എന്ന് പത്രക്കാർ.
0 Comments