‘സെല്ലുലാര്‍ ജയിലില്‍ പോകൂ അവിടെ മാര്‍ബിളില്‍ 18 കമ്യൂണിസ്റ്റുകാരുടെ പേര് കൊത്തി വെച്ചത് കാണാം; ചരിത്രം ഞങ്ങളുടേത് കൂടിയാണ് സര്‍… ‘; സീതാറാം യെച്ചൂരി, വീഡിയോ

Wednesday, 9th August 2017, 8:40 pm

ന്യൂദല്‍ഹി: രാജ്യസഭയില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നേതാക്കളും വഹിച്ച പങ്കിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. നാന പാട്ടീലിനേയും ലക്ഷ്മി ഭായ്‌യേയും എ.കെ.ജിയേയുമെല്ലാം അദ്ദേഹം ഓര്‍ത്തെടുത്തു. ഇന്ത്യയുടെ ചരിത്രം തങ്ങളുടേത് കൂടിയാണെന്നു പറഞ്ഞ യെച്ചൂരി 1921 ല്‍ കമ്മ്യൂണിസ്റ്റുകാരായ മൗലാന ഹസ്‌റത് മൊഹാനിയും സ്വാമി കുമരാനന്ദയുമാണ് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന് ആഹ്വാനം ചെയ്തതെന്നും ഓര്‍മ്മിപ്പിച്ചു.

രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യമൂല്യവും കാത്ത് സൂക്ഷിക്കാന്‍ കഴിയണമെന്ന് പറഞ്ഞ യെച്ചൂരി എന്തുകൊണ്ട് മോദി സര്‍ക്കാര്‍ വര്‍ഗ്ഗീയത തടയാന്‍ ഒന്നും ചെയ്തില്ലെന്ന് ചോദിച്ചു. രാജ്യത്തെ രണ്ടു തട്ടിലാക്കിയ സാമ്പത്തികനയത്തോടാണ് ക്വിറ്റ് ഇന്ത്യ പറയേണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കി

നേരത്തെ തന്റെ പ്രസംഗത്തില്‍ ബി.ജെ.പിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സോണിയാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ക്വിറ്റ് ഇന്ത്യസമരത്തെ ചിലര്‍ എതിര്‍ത്തിരുന്നുവെന്നായിരുന്നു പേരെടുത്ത് പറയാതെ സോണിയയുടെ വിമര്‍ശനം. 1942 ല്‍ സവര്‍ക്കര്‍ ക്വിറ്റ് ഇന്ത്യക്കെതിരെ രംഗത്തെത്തിയതായിരുന്നു സോണിയ ഓര്‍മ്മിപ്പിച്ചത്.

യെച്ചൂരിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ നിമിഷം നാം ആ ചരിത്ര മൂഹൂര്‍ത്തത്തെ ഓര്‍ത്തെടുക്കുകയാണ്. ഒപ്പം വിജയകരമായ ആ സമരത്തിന്റെ ലക്ഷ്യത്തേയും അതിനു വേണ്ടി പ്രവര്‍ത്തിച്ചവരുടെ പങ്കിനേയും സ്മരിക്കുന്നു.

ചരിത്രത്തിലേക്ക് നോക്കിയാല്‍ അവിടെ നമുക്ക് മഹരാഷ്ട്രയിലെ സതാറ സംസ്ഥാനത്തെ കാണാം. സതാറയുടെ നേതാവായിരുന്ന നാന പാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായിരുന്നു. ഇതേ സഭയില്‍ അദ്ദേഹം ഇരുന്നിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസിനൊപ്പം ഐ.എന്‍.എ നയിച്ച ക്യാപ്റ്റന്‍ ലക്ഷ്മി ഭായിയും ഞങ്ങളുടെ നേതാവായിരുന്നു മാത്രവുമല്ല, പ്രസിഡന്റ് സ്ഥാനത്തേക്ക് ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയുമായിരുന്നു അവര്‍.

നിങ്ങള്‍ ചരിത്രത്തിലേക്ക് നോക്കൂ, സെല്ലുലാര്‍ ജയിലില്‍ പോകൂ അവിടെ മാര്‍ബിളില്‍ 18 കമ്യൂണിസ്റ്റുകാരുടെ പേര് കൊത്തി വെച്ചിട്ടുണ്ട്. ഞങ്ങളുടേത് കൂടിയാണ് സര്‍ ചരിത്രം, പഴയ ഇന്ത്യയുടെ പ്രസിഡന്റ് ശങ്കര്‍ ദയാല്‍ ശര്‍മ്മാജി ക്വിറ്റ് ഇന്ത്യയുടെ 58 വാര്‍ഷികത്തില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വായിച്ചു. കമ്യൂണിസ്റ്റുകളെ പറ്റി, ഏതെങ്കിലും പ്രൊജക്‌റ്റോ, GST യോ അല്ല സര്‍ അദ്ദേഹം ആ ഹാളില്‍ പ്രഖ്യാപിച്ചത്.

1942 ല്‍ ആന്റി ബ്രിട്ടീഷ് മൂവ്‌മെന്റിന് തറക്കല്ലിട്ട കമ്യൂണിസ്റ്റുകളെ അദ്ദേഹം അഭിനന്ദിച്ചു. സര്‍, എ.കെ ഗോപാലന്‍ 1947 ല്‍ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജയിലിനുള്ളില്‍ നിന്നാണ് കൊടി നാട്ടിയത്. ഇതാണ് സര്‍ ഞങ്ങളുടെ ചരിത്രം.

സ്വാതന്ത്ര്യ സമരത്തിന് ഒരു ഏകീകൃത മുദ്രാവാക്യം രൂപികരിക്കുന്നത് 1921 ല്‍ അലഹബാദില്‍ ചേര്‍ന്ന എ.ഐ.സി.സി യോഗത്തിലാണ്. അന്ന് ആ മുദ്രവാക്യം മുന്നോട്ട് വച്ചതാകട്ടെ കമ്മ്യൂണിസ്റ്റുകാരായ മൗലാന ഹസ്‌റത് മൊഹാനിയും സ്വാമി കുമരാനന്ദയുമായിരുന്നു. ആ യോഗത്തില്‍ അവരാണ് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന മുദ്രവാക്യം മുന്നോട്ട് വയ്ക്കുന്നത്. അന്ന് ഗാന്ധിജി പോലും അത് അംഗീകരിച്ചില്ല. പിന്നീട് 1929 ലാണ് അദ്ദേഹം പൂര്‍ണ്ണ സ്വരാജ് ആവശ്യപ്പെടുന്നത്. ഇത് ചരിത്രമാണ് സര്‍.

ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റടക്കം ഇന്ത്യയില്‍ നടന്ന സ്വാതന്ത്ര്യ സമരങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ അംഗീകരിക്കേണ്ടത് നമ്മുടെ ജനങ്ങളുടെ ആത്മാഭിമാനത്തേയാണ്. ഐക്യത്തേയാണ്. സ്വതന്ത്ര്യസമരത്തിന്റെ അവസാന കാലത്ത് ബ്രിട്ടീഷ് മാധ്യമമായ എഡ്വേര്‍ഡ് ലോയില്‍ പറയുന്നത് ഇങ്ങനെയാണ് ” ഇന്ത്യക്കാര്‍, രജ്പുതായാലും ബ്രാഹ്മണനായാലും മുസ്‌ലിമായാലും ദളിതനായാലും പന്നി കഴിക്കുന്നവനും കഴിക്കാത്തവനും പശുവിറച്ചി കഴിക്കുന്നവും കഴിക്കാത്തവനായാലും, ഒരുമിച്ച് നിന്നാല്‍ പിന്നെ ഇന്ത്യയില്‍ ബ്രിട്ടീഷ് രാജ് സാധ്യമല്ല.” എന്നാണ്.

ഈ ഒരുമയാണ് നമ്മുടെ അഭിമാനം. ഇതാണ് നമ്മുടെ സവിശേഷത. ഇത് ചരിത്രമാണ്, കഴിഞ്ഞകാലമാണ്. ഇനി നമ്മള്‍ ഭാവിയെ കുറിച്ച് ചിന്തിക്കുകയാണെങ്കില്‍,

ഈയ്യടുത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ മന്‍ കി ബാത്തില്‍ പറയുകയുണ്ടായി 1947 ല്‍ സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് എന്തായിരുന്നുവോ നമ്മുടെ ലക്ഷ്യം സ്വപ്‌നം അത് 2022 നോടകം നമുക്ക് നേടണമെന്ന്. സ്വതാന്ത്ര്യം നേടിയ അതേ കാലത്തു തന്നെയാണ് സര്‍ ഇന്ത്യയ്ക്കു മേല്‍ വര്‍ഗ്ഗിയതയുടെ കാര്‍മേഘം ഇരുണ്ട് കൂടിയതും രാജ്യത്തെ വിഭജിച്ചതും എന്നു നാം മറക്കരുത്.

പ്രധാനമന്ത്രി പറയുകയുണ്ടായി വര്‍ഗ്ഗീയതയെ രാജ്യത്തു നിന്നും പായ്ക്കണമെന്ന്. അതേ വര്‍ഗ്ഗീയതയെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്, എന്തുകൊണ്ട് വര്‍ഗ്ഗീയത അവസാനിപ്പിക്കാന്‍ ഇതുവരേയും ഒന്നും ചെയ്തില്ല. രാജ്യത്തെ കഷ്ണങ്ങളാക്കിയ വര്‍ഗ്ഗിയത തിരിച്ചു വന്നിരിക്കുകയാണ്.

ഭാവിയെ കുറിച്ച് ആലോചിക്കുമ്പോള്‍, രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യവുമെല്ലാം സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഈ സാമ്പത്തിക നയത്തെ പുറത്താക്കുക എന്നതാണ്. ഈ നയമാണ് രാജ്യത്ത് തൊഴില്ലായ്്മയും ദാരിദ്രവും പട്ടിണിയും വര്‍ധിപ്പിക്കുന്നത്. ജനങ്ങളെ രണ്ടായി തിരിക്കുന്നത്. പാവപ്പെട്ടവന്റെ ഇന്ത്യയും പണക്കാരന്റെ ഇന്ത്യയും സൃഷ്ടിക്കുന്നത്.

മന്‍മോഹന്‍ ഗവണ്‍മെന്റിന്റെ സമയത്ത്, 2014 ല്‍ ജി.ഡി.പിയുടെ 49 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കയ്യിലായിരുന്നു. ഇന്ന് അത് 58.4 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. ഇതായിരുന്നോ 1947 ല്‍ നാം സ്വതന്ത്രരാകുമ്പോള്‍ കണ്ടിരുന്ന സ്വപ്‌നം.

രാജ്യത്തിന്റെ മത നിരപേക്ഷ-ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കാന്‍ കഴിയണം. അല്ലാതെ ഒരു ” ഹിന്ദു-പാകിസ്ഥാന്‍” അല്ല സൃഷ്ടിക്കേണ്ടത്. ചരിത്രത്തിലേക്ക് നോക്കി അഭിമാനം കൊള്ളുകയല്ല വേണ്ടത്, അത് നല്ലത് തന്നെ, മുന്നോട്ട് പോകാന്‍ കഴിയുമോ എന്നതാണ് ചോദ്യം.

പഴയൊരു കവിതച്ചൊല്ലി അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ന് നാം ചൊല്ലേണ്ട കവിതയാണിത്,

മന്ദിര്‍, മസ്ജിദ്, ഗുരുദ്വാറില്‍ ദൈവത്തെ പങ്കിട്ടെടുത്തു
ഭൂമി പങ്കിട്ടു, സമുദ്രം പങ്കിട്ടു. മനുഷ്യനെയെങ്കിലും പങ്കിട്ടെടുക്കരുത്…

https://www.doolnews.com/sitaram-yechuris-speech-in-rajya-sabha-890.html?fbclid=IwAR3dNtCzXihvw8CdQQbZSU-sqe44NH0yjhmzWeDWNNrb78IRovNAZJYd4dk


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *