ഗോപകുമാർ T എഴുതുന്നു…
സർക്കാർ പരസ്യത്തെക്കുറിച്ചാണ് ഇന്നത്തെ ചിലരുടെ വേവലാതി. ഇവരൊക്കെ പറയുന്നത് കേട്ടാൽ തോന്നും സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ പരസ്യം കൊടുക്കുന്ന ഏർപ്പാട് പിണറായി വിജയനായിട്ട് തുടങ്ങിവച്ചതാണെന്ന്. കഴിഞ്ഞ തവണ ഭരിച്ചപ്പോൾ വാരിക്കോരി പരസ്യം കൊടുത്ത് മുടിഞ്ഞ് കുത്തുപാളയെടുത്ത സർക്കാരിന്റെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് ഗദ്ഗദിക്കുന്ന ഒരാൾ. വ്യക്തിപരമായി അദ്ദേഹം സുഹൃത്താണെങ്കിലും ചില കാര്യങ്ങൾ വിശദീകരിക്കാതിരിക്കാനാവില്ല. മറ്റൊരാൾ സൂര്യനുകീഴെയുള്ള എല്ലാത്തിന്റെയും വിദഗ്ധനാണ്. ഇപ്പോൾ അദ്ദേഹം പരസ്യ വിദഗ്ധനുമായിട്ടുണ്ട്.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ ഇട്ടിരുന്ന കോണകം വരെ പണയപ്പെടുത്തി, ഇലക്ഷൻ കഴിഞ്ഞാൽ ഓടാനുള്ള കണ്ടം വരെ കണ്ടവർക്ക് തീറെഴുതി കമ്മീഷനടിച്ച് പുറത്തുപോയപ്പോൾ കണ്ടത്തിൽ കടലാസിനടക്കം കൊടുക്കാനുള്ള പരസ്യക്കുടിശ്ശിഖ നാൽപ്പത്തി ഒന്ന് കോടി എഴുപത്തി ഏഴ് ലക്ഷത്തി നാല്പത്തെണ്ണായിരത്തി തൊള്ളായിരത്തി പതിനെട്ട് രൂപ! പരസ്യക്കാശ് മാത്രമല്ല, പാവപ്പെട്ട മനുഷ്യർക്കുള്ള സാമൂഹ്യക്ഷേമ പെൻഷനുകൾ 18 മാസത്തെ തുകയും കുടിശ്ശിഖയായിരുന്നു. രണ്ടും തുടർന്ന് അധികാരത്തിൽ വന്ന പിണറായി സർക്കാർ രണ്ടും കൊടുത്തുതീർത്തു. ക്ഷേമപെൻഷനിൽ കാര്യമായ വർദ്ധനവൊന്നും വരുത്തിയില്ലെങ്കിലും മാതൃഭൂമിക്കും മനോരമയ്ക്കും മാത്രം ഏകപക്ഷീയമായി വലിയ തോതിൽ പരസ്യക്കൂലി വർധിപ്പിക്കാൻ കുഞ്ഞൂഞ്ഞ് മടി കാണിച്ചില്ല. എന്ത് മഹാകാര്യം ചെയ്തിട്ടാണ് ഈ കടം പറഞ്ഞ് കണ്ടപത്രാദി പരസ്യം കൊടുത്തതെന്നറിയില്ല. യു ഡി എഫ് സർക്കാർ പണമൊന്നും കൊടുക്കാതെ പരസ്യം മാത്രം കൊടുത്തത് കാരണം തുടർന്നുവന്ന എൽ ഡി എഫ് സർക്കാർ കൊടുത്ത പരസ്യങ്ങൾ എടുക്കാൻ പത്രങ്ങൾ തയ്യാറാകാത്ത സ്ഥിതിവരെയുണ്ടായിരുന്നു. കുടിശിഖ കൊടുത്തുതീർത്തതിനു ശേഷമാണ് പരസ്യം പ്രസിദ്ധീകരിക്കാൻ അവർ തയ്യാറായത്.
ഈ സർക്കാർ കൊടുക്കുന്നത് പരസ്യമാണെന്ന് തിരിച്ചറിയാൻ ഒരു വിഷമവുമില്ല. പക്ഷെ ഇങ്ങനെയായിരുന്നില്ല കഴിഞ്ഞ യു ഡി എഫ് സർക്കാർ. ഒരു പ്രത്യേക പി ആർ കമ്പനിയെ മൊത്തത്തിൽ വിലയ്‌ക്കെടുത്ത് ചാണ്ടിസാറിന്റെ സ്തുതിപാടകവൃന്ദം അവരുടെ ഓഫീസിൽ അടകിടന്ന് വാർത്ത രൂപേണ കഥയെഴുതി കണ്ടത്തിൽ കടലാസു മുതൽ നൂറുകോപ്പി പോലും വിൽക്കാത്ത മഞ്ഞപ്പത്രത്തിലടക്കം വാർത്ത തള്ളി മറിക്കുകയായിരുന്നു. ആ പി ആർ ഏജൻസിക്ക് കരാർ ലഭിക്കാൻ വേണ്ടി പ്രത്യേകതരം മാനദണ്ഡങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഒരു ചെറിയ ഉദാഹരണം പറയാം, 2016 ഫെബ്രുവരിയിൽ നടന്ന കയർ മേളയ്ക്ക് ആറുദിവസം വാർത്ത തയ്യാറാക്കി നൽകാൻ ചുമതലപ്പെടുത്തിയ ഏജൻസിക്ക് നൽകിയത് 18 ലക്ഷം രൂപയാണ്. ഇത്തരത്തിൽ അഞ്ച് കയർ മേളയാണ് യു ഡി എഫ് സർക്കാർ നടത്തിയത്. അഞ്ചിലും ഒരേ ഏജൻസി തന്നെ. ഏതാണ്ട് 75 ലക്ഷം രൂപയിലേറെയാണ് കൊടുത്തിട്ടുണ്ടാവുക. ഇതിൽ പരസ്യത്തിന്റെ പൈസ വരുന്നില്ല എന്നകാര്യം മറക്കരുത്, അത് വേറെ. ഈ സർക്കാർ വന്നിട്ട് മൂന്ന് കയർ മേളകളാണ് നടത്തിയത്. എല്ലാറ്റിനും കൂടി പി ആറിന് അഞ്ചുലക്ഷം രൂപ പോലും കൊടുത്തിട്ടില്ല. ഇത് ചെറിയൊരുദാഹരണമാണ്. ഇതുപോലെ എല്ലാ വകുപ്പിലും എത്രയോ ഉണ്ട്.
കഴിഞ്ഞ സർക്കാർ നൽകിയ പരസ്യങ്ങൾ എന്തൊക്കെയായിരുന്നു എന്ന് ആലോചിച്ചാൽ നമ്മൾ ചിരിച്ചു ചാവും. കളിവിമാനം കണ്ടത്തിൽ ഇറക്കിയതിനും മെട്രോയുടെ ട്രയൽ റണ്ണും പോലുള്ള എത്രയോ ഉഡായിപ്പുകൾ! ഈ സർക്കാർ പരസ്യം നല്കിയതെല്ലാം പൂർത്തീകരിച്ച പദ്ധതികൾക്കാണ്. 57 കോടി പരസ്യം ചെയ്തു എന്ന് അവർ കളിയാക്കുന്ന കിഫ്‌ബി 60,000 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. അത് ജനങ്ങളിലെത്തിക്കാൻ കിഫ്‌ബിക്ക് പരസ്യമല്ലാതെ മറ്റെന്താണ് മാർഗം? ഉമ്മൻ ചാണ്ടി തെക്കോട്ടു പോയാലും വടക്കോട്ടു പോയാലും കുളിച്ചാലും ഉണ്ടാലും ഉറങ്ങിയാലും ഒക്കെ വാർത്തയാക്കുന്ന കണ്ടത്തിൽ കടലാസടക്കം ഒരു മാധ്യമവും എൽ ഡി എഫ് സർക്കാരിന്റെ ഒരു വികസന വാർത്തയും കൊടുക്കില്ല എന്ന് തീരുമാനമെടുത്താൽ പിന്നെ അത് ജനങ്ങളെ അറിയിക്കാൻ എന്ത് ചെയ്യണം? കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ ഫോണിന്റെ ഉദ്ഘാടനം സംബന്ധിച്ച വാർത്ത, ഏറ്റവും വലിയ പത്രം കൊടുത്തത് പന്ത്രണ്ടാം പേജിൽ ഒരു കോളം അഞ്ചു സെന്റീമീറ്റർ ആണ്. ഇതൊന്നും ജനങ്ങളിലെത്തരുത് എന്ന് യു ഡിഎഫുകാരും മാധ്യമങ്ങളും ആഗ്രഹിക്കുന്നുണ്ട്, കാരണം അവർക്കറിയാം അത് ജനങ്ങൾ അറിഞ്ഞാൽ പിന്നെ അവർക്ക് രക്ഷയില്ലെന്ന്. ആ ദഹനക്കേട് മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷെ, അതിന്റെ പുളിച്ചുതികട്ടൽ ഇങ്ങനെ പബ്ലിക്കായി നടത്തിയാൽ സ്വയം നാറുകയേ ഉള്ളൂ.
ഒരു കാര്യം കൂടി പറയാം, ഇങ്ങനെ പരസ്യം കണ്ട് സങ്കടം വരുന്ന സാറന്മാർ അവരുടെ കക്ഷി പി ആർ പണിക്ക് ചെലവാക്കുന്ന പണത്തിന്റെ കണക്കുകൂടി ഒന്ന് നോക്കുന്നത് നന്നാവും. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് സംസ്ഥാനത്തിന് വെളിയിൽ നിന്ന് കൊണ്ടുവന്ന പി ആർ ഏജൻസിക്ക് എത്ര കൊടുത്തു? കേരളത്തിലെ പല മാധ്യമപ്രവർത്തകരെയും വിലയ്‌ക്കെടുത്ത് നിങ്ങൾ നടത്തുന്ന സോഷ്യൽ മീഡിയ യുദ്ധത്തിന് ‘പടവാൾ’ വാങ്ങാൻ കാശെത്രയാണ് കൊടുക്കുന്നത്? ഇപ്പോൾ കണ്ടെത്തി കൊണ്ടുവന്നിരിക്കുന്ന ഏജൻസിക്കെത്രയാണ് കൊടുക്കുന്നത്? കേരളത്തിലെ പ്രധാന മാധ്യമങ്ങൾക്ക് തരാതരം വീതിച്ചു കൊടുത്തിരിക്കുന്നത് എത്ര സി ആർ ആണ്? അതൊക്കെ ഈ പോസ്റ്റിട്ട സാറന്മാർക്ക് അറിയാമോ? അത് പൊതുപ്പണമല്ലല്ലോ എന്നാവും മറുപടി, ആയിക്കോട്ടെ, ഇത്രയും പണമൊക്കെ എവിടെ നിന്ന് വരുന്നു എന്ന് അറിയാനുള്ള കൗതുകം കൊണ്ട് ചോദിച്ചു എന്നേ ഉള്ളൂ. നമ്മളല്ലാതെ നിങ്ങളോട് ആരും ചോദിക്കില്ലല്ലോ? മാധ്യമങ്ങൾ നിങ്ങളോടൊന്നും ചോദിക്കില്ല എന്നത് ഒരാശ്വാസം. കേരളത്തിലെ കോൺഗ്രസിനോട് ഇ ഡിയോ സി ബി ഐയോ ഒക്കെ ഒന്നും ചോദിക്കില്ല എന്നത് മറ്റൊരാശ്വാസം. ആശ്വാസങ്ങൾ നിങ്ങളെ രക്ഷിക്കട്ടെ
https://m.facebook.com/story.php?story_fbid=10157902079257393&id=736787392
.
0 Comments