ഹഥ്റാസിൽ സിപിഐ എം നേതാക്കൾ പോയതിന് ശേഷം ഇനി ഈ പാർടിയെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് സംശയിക്കുന്നവർ കാണും. ഒന്നിലധികം ഉദാഹരണങ്ങൾ അവർക്കായി നൽകാൻ സാധിക്കും. അതിലൊന്നാണ് തമിഴ്നാടിൽ ദുരഭിമാനഹത്യക്കെതിരെ പോരാടിയ കൗസല്യയുടേത്.
ദളിതനായതിന്റെ പേരിൽ ഭർത്താവിനെ കൊല ചെയ്ത സ്വന്തം മാതാപിതാക്കൾക്കെതിരെ പോരാടിയ കൗസല്യയുടെയും ആ പോരാട്ടത്തിൽ ഒപ്പം നിന്ന സിപിഐഎം ന്റെയും ചരിത്രം എല്ലാ സഖാക്കളും അറിയേണ്ടതുണ്ട്.
2015 ഓഗസ്തിലാണ് 22 വയസ്സുണ്ടായിരുന്ന ശങ്കറും 19 കാരിയായ കൗസല്യയും വിവാഹിതരായത്. ദളിതനായ ശങ്കർ കൗസല്യയെ വിവാഹം കഴിച്ചത് നാട്ടിൽ വലിയ കോലാഹലമായിരുന്നു. കടുത്ത പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ച ഇവർ 2016 മാര്‍ച്ച് 13ന് ബൈക്കിൽ തിരുപ്പൂരിലെത്തിയപ്പോള്‍ കൗസല്യയുടെ വീട്ടുകാർ ഏർപ്പെടുത്തിയ ഗുണ്ടകള്‍ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശങ്കറിനെയും ചെറിയ പരിക്കേറ്റ കൗസല്യയേയും അപ്പോൾ തന്നെ കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിക്കാൻ നോക്കിയെങ്കിലും ശങ്കർ യാത്രാമധ്യെ തന്നെ മരണപ്പെടുകയായിരുന്നു. ശങ്കറിന്റെത് ആ 3 വർഷക്കാലയളവിലുണ്ടായ 98ആമത്തെ ദുരഭിമാന കൊലപാതകമായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്.
സംഭവം നടന്ന അന്ന് തന്നെ TNUEF ന്റെ തിരുപ്പൂരിലെ പ്രമുഖ നേതാവ് സഖാവ് യു.കെ.ശിവഞ്ജാനം ആശുപത്രിയിലേക്ക് പോയിരുന്നു. സഖാവ് അവിടെയെത്തുമ്പോൾ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സഖാവ് അമിർതം അവിടെ ഉണ്ടായിരുന്നു. ഇവരും കൂടെ ഉണ്ടായിരുന്ന സഖാക്കളുമാണ് സംഭവത്തിൽ ആദ്യത്തെ ഇടപെടൽ നടത്തിയിരിക്കുന്നത്.
ശങ്കറിന്റെ പോസ്റ്റ്മോർട്ടം നടത്തുന്നതിന് മുൻപ് തന്നെ എസ്.സി/എസ്.ടി വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യണമെന്ന് സഖാക്കൾ ആവശ്യപ്പെടുകയും ഇത് നേടിയെടുക്കുകയും ചെയ്തു.
ആശുപത്രിയിലായ കൗസല്യയെ അന്ന് തിരുപ്പൂർ എം.എൽ.എ ആയിരുന്ന CPIM നേതാവ് സഖാവ് തങ്കവേലും മുൻ എം.പി ആയിരുന്ന സഖാവ് പി.ആർ.നടരാജനും TNUEF സംസ്ഥാന സെക്രട്ടറി സഖാവ് സാമുവേൽ രാജും സന്ദർശിച്ചിരുന്നു.
തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ കൗസല്യയുടെ വീട്ടിൽ കക്കൂസ് നിർമിക്കാൻ പാർടിയും ജനാധിപത്യ മഹിളാ അസോസിയേഷനും ചേർന്ന് 50,000 രൂപ സഹായം നൽകി. ഇതിന് പുറമേ പാർടി കൗസല്യയുടെ വിദ്യാഭ്യാസ് ചിലവുകൾ ഏറ്റെടുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിലേക്കായി പാർടിയും ജനാധിപത്യ മഹിളാ അസോസിയേഷനും TNUEF ഉം ചേർന്ന് 50,000 രൂപ നൽകിയിട്ടുണ്ട്. കൂടാതെ അന്ന് തന്നെ കൗസല്യയുടെ മുഴുവൻ വിദ്യാഭ്യാസ ചിലവും ഓൾ ഇന്ത്യാ ഇൻഷുറൻസ് എമ്പ്ലോയീസ് യൂണിയൻ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
ഇതിന് ശേഷം കേസ് മുന്നോട്ട് പോയപ്പോൾ പാർടി വീണ്ടും ഇടപെടുകയും ക്രൈം ബ്രാഞ്ച് അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെടാതെ അന്നത്തെ ഡിഎസ്പി ആയിരുന്ന വിവേകാനന്ദനിൽ നിന്ന് ചുമതല മാറാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. കൃത്യമായ അന്വേഷണത്തിനൊടുവിൽ കോടതിയിൽ കേസ് വാദിക്കാൻ അഡ്വക്കേറ്റ് യു.ശങ്കര നാരായണനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാനും പാർടിയും TNUEFഉം സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്.
ഒരു വർഷത്തിലധികം നീണ്ട കോടതി നടപടികൾക്കൊടുവിൽ കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചുകഴിഞ്ഞു. ഇപ്പോൾ കൗസല്യ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും TNUEF ന്റെയും DYFI യുടെയും വേദികളിലെ സാനിധ്യമായി മാറിയിരിക്കുകയാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലും ജാതീയമായ അടിച്ചമർത്തലുകൾക്കെതിരെ സഎലം മുതൽ ചെന്നൈ വരെ 400 കിലോമീറ്റർ ദൂരം സഞ്ചരിക്കും വിധത്തിൽ TNUEF സംഘടിപ്പിച്ച ലോങ്ങ് മാർച്ചിലും പാർടി പൊളിറ്റ് ബ്യൂറോ അംഗം സഖാവ് പിണറായി പങ്കെടുത്ത ദളിത് ശോഷൺ മുക്തി മഞ്ചിന്റെ ദേശീയ സമ്മേളനത്തിലും DYFI സംഘടിപ്പിച്ച Young Women Conferenceലും കൗസല്യ പങ്കെടുത്തിട്ടുണ്ട്.
ചിത്രം 1-2 : കൗസല്യയുടെ വീട്ടിൽ സഖാക്കൾ സന്ദർശനം നടത്തുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു.
ചിത്രം 3-4 : സേലത്ത് നിന്ന് ചെന്നൈലേക്ക് TNUEF നടത്തിയ ലോങ്ങ് മാർച്ചിൽ കൗസല്യ പങ്കെടുക്കുന്നു.
ചിത്രം 5 : DSMM ന്റെ ദേശീയ സമ്മേളന വേദിയിൽ കൗസല്യ.
ചിത്രം 6 : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ നിന്നുള്ള ചിത്രം.
സഖാക്കളെ, ബംഗാളിൽ തൊഴിൽ ചെയ്യാൻ പോയി അവിടത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് അറിയുന്ന വ്യക്തിയാണ് ഉത്തർപ്രദേശിലെ ഹഥ്റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്. പാർടിക്കാർ കാണാൻ പോയത് അവർക്ക് ആശ്വാസം നൽകിയിട്ടുമുണ്ട്. നാം അവർക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് അവിടെനിന്ന് തിരിച്ചിറങ്ങിയതെങ്കിൽ നാം ആ വാക്കുകൾ പാലിക്കുക തന്നെ ചെയ്യും.





0 Comments