ശുചിത്വവും മാലിന്യസംസ്‌കരണവും, മണ്ണ് – ജല സംരക്ഷണം, ജൈവകൃഷി രീതിയ്ക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുളള കൃഷിവികസനം എന്നീ മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ഒരു സുസ്ഥിര നവകേരളത്തിന് രൂപം നൽകുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കിയ ദൗത്യപദ്ധതിയാണ് ഹരിതകേരളം മിഷന്‍. വെള്ളം, വൃത്തി, വിളവ് എന്നീ മൂന്ന് ആശയങ്ങളെ മുന്‍നിര്‍ത്തി ജനപങ്കാളിത്തത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടുകളില്‍ നടപ്പാക്കുന്നതിനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടേയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാങ്കേതികസഹായം, സന്നദ്ധ സേവനം, സാമ്പത്തിക സഹായം തുടങ്ങി ബഹുവിധ സഹായസഹകരണങ്ങള്‍ സമാഹരിച്ചുകൊണ്ടാണ് മിഷന്‍ പ്രവര്‍ത്തനങ്ങൾ നടപ്പാക്കിയത്. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതും അവയുടെ വിനിയോഗം, പരിപാലനം, സംരക്ഷണം എന്നിവകളില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ മിഷന്റെ പ്രധാനപ്പെട്ട മേഖലയായിരുന്നു. ഇതിന്റെ ഭാഗമായി നദീസംരക്ഷണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ഇതിന്റെ മുന്നോടിയായി തദ്ദേശഭരണസ്ഥാപനങ്ങളിലെ നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് മിഷൻ ആവിഷ്ക്കരിച്ച നീർത്തടനടത്തം 1034 തദ്ദേശസ്ഥാപനങ്ങളിലും പൂർത്തിയാക്കി. തുടർന്ന് തണ്ണീർത്തടങ്ങളുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ ഏറ്റെടുത്തു. നാല് വർഷങ്ങൾക്കിടെ 390 കിലോമീറ്റർ പുഴയാണ് പുനരുജ്ജീവിപ്പിക്കാൻ സാധിച്ചത്. 41,529 കിലോമീറ്റർ തോടുകൾക്കും നീർച്ചാലുകൾക്കും പുതിയ ജീവൻ പകർന്ന് നൽകി. 13,738 കുളങ്ങൾ നിർമ്മിക്കുകയും 15,381 കുളങ്ങൾ നവീകരിക്കുകയും ചെയ്തു. പുതിയ കുളങ്ങളുടെ നിര്‍മ്മാണത്തിലൂടെയും നിലവിലുള്ള കുളങ്ങളുടെ പുനരുദ്ധാരണത്തിലൂടെയും 80,66,058 ഘനമീറ്റര്‍ വെള്ളം സംഭരിക്കുവാന്‍ സാധിക്കും. 54,362 കിണറുകളിൽ റീചാർജ്ജിങ്ങ് വഴി ജലസമ്പത്ത് വർദ്ധിപ്പിച്ചു. 22,252 പുതിയ കിണറുകൾ നിർമ്മിക്കുകയും 13,942 കിണറുകളുടെ നവീകരണം ഏറ്റെടുത്ത് പൂർത്തീകരിക്കുകയും ചെയ്തു. ഒന്നര ലക്ഷം വൃഷ്ടിപ്രദേശങ്ങളുടെ സംരക്ഷണമാണ് ഈ കാലയളവിൽ ഉറപ്പാക്കിയത്. നീർച്ചാലുകളുടെ സംരക്ഷണത്തിനായി ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന ക്യാമ്പെയ്നും മിഷൻ ഏറ്റെടുത്തു.വരട്ടാര്‍ നദി പുനരുജ്ജീവനവും മീനച്ചിലാര്‍-മീനന്തലയാര്‍-കൊടൂരാര്‍ പുനസംയോജനവും സാധ്യമാക്കി. കിള്ളിയാര്‍, കോലറയാര്‍, വടക്കേപ്പുഴ, ചാലംകോട് തോട്, മുട്ടം പറപ്പാതോട്, കമ്പ്രയാര്‍, പെരുംതോട്, പൂനൂര്‍ പുഴ എന്നീ മലിനമായിക്കിടന്ന ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനും നീരൊഴുക്ക് സാധ്യമാക്കുന്നതിനും കഴിഞ്ഞു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര പാണ്ടിവയല്‍ തോട് പുനരുജ്ജീവിപ്പിച്ച പ്രദേശത്തെ നെല്‍കൃഷി പുനരാരംഭിച്ചു. നവീകരിച്ച തോടുകളുടെ പാർശ്വഭിത്തികളെ ബലപ്പെടുത്തുന്നതിന് കയർ ഭൂവസ്ത്രം ഉപയോഗപ്പെടുത്തി പരിസ്ഥിതിസൗഹൃദമായ മാതൃക തീർത്തു.കാലാവസ്ഥാവ്യതിയാനത്തിന്‍റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും അന്തരീക്ഷത്തിലെ അധികകാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന ‘പച്ചത്തുരുത്തുകള്‍’ ഒരുക്കുന്ന പ്രവർത്തനവും മിഷൻ ഏറ്റെടുത്തു. അതിന്റെ ഫലമായി 1260 പച്ചത്തുരുത്തുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. പക്ഷികളുടേയും ചെറുജീവികളുടേയും ആവാസകേന്ദ്രമായി പല പച്ചത്തുരുത്തുകളും ഇതിനകം മാറിയത് വഴി ജൈവവൈവിധ്യത്തിലും ആവാസവ്യവസ്ഥയിലും കണ്ടറിയാവുന്ന മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. കൃഷി, ജലവിഭവം എന്നീ വകുപ്പുകളുടേയും ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ഫലപ്രദമായി സമന്വയിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക എന്ന സമീപനം ഹരിതകേരളം മിഷന്‍ വളരെ വിജയകരമായി നടപ്പാക്കി. ഇതിന്റെ ഫലമായി തരിശായ അൻപതിനായിരം ഹെക്ടറോളം വയലുകളിലാണ് നെൽകൃഷി പുനരാരംഭിച്ചത്. 28 ഗ്രാമപഞ്ചായത്തുകൾ തരിശുരഹിതഗ്രാമങ്ങളായി. വർഷങ്ങൾക്ക് ശേഷമാണ് കൃഷി ചെയ്യുന്ന ഭൂമിയുടെ അളവിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. ജൈവകൃഷിയെ ഉൾപ്പെടുത്തി പച്ചക്കറിയുൽപ്പാദനത്തിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തി. 619 ജൈവപച്ചക്കറി ക്ലസ്റ്ററുകള്‍ ഇതിനകം ആരംഭിച്ചത് ഈ മേഖലയിൽ നടത്തിയ മുന്നേറ്റത്തിന്റെ തെളിവാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നമ്മുടെ പച്ചക്കറി ഉല്‍പാദനം 6.28 ലക്ഷം ടണ്ണായിരുന്നെങ്കിൽ ഇപ്പോള്‍ അത് 15 ലക്ഷം ടണ്ണായി വര്‍ധിച്ചു. നാല് വർഷത്തിനിടെ അര ലക്ഷത്തോളം ഹെക്ടറിൽ കൂടി കൃഷി വ്യാപിപ്പിച്ച് 96,000 ഹെക്ടറിൽ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് ഇപ്പോൾ.ശുചിത്വ-മാലിന്യസംസ്‌കരണമേഖലയിൽ പ്രാദേശികതലത്തിൽ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സാങ്കേതികപ്രാപ്തിയും സഹായങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുളള സാഹചര്യം സൃഷ്ടിക്കുന്നതിന് മിഷൻ ഇടപെടലുകൾ നടത്തി. ശുചിത്വപരിപാലനത്തിലും മാലിന്യ സംസ്‌കരണത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പഠിച്ച് അനുയോജ്യ സാങ്കേതിക വിദ്യയുള്‍പ്പെടെയുളള സാധ്യതകള്‍ പ്രയോജനപ്പെടുത്തി അവ പരിഹരിക്കുക എന്ന വലിയ ഉത്തരവാദിത്തവും മിഷൻ നിറവേറ്റി. കേരളത്തിലെ 661 തദ്ദേശസ്ഥാപനങ്ങൾ സമ്പൂർണ്ണശുചിത്വപദവി ഇതിനകം കൈവരിച്ചത് മിഷൻ ഈ മേഖലയിൽ നൽകിയ നേതൃത്വത്തിന്റെ ഫലമായാണ്. പ്രാദേശികതലത്തിൽ 29000ഓളം അംഗങ്ങൾ ഉൾപ്പെടുന്ന 938 ഹരിതകർമ്മസേനകൾ രൂപീകരിക്കുകയും അജൈവമാലിന്യങ്ങളുടെ കൃത്യമായ പരിപാലനം ഉറപ്പാക്കുകയും ചെയ്തു. സംസ്ഥാനത്തെ പ്രതിദിനജൈവമാലിന്യങ്ങളിൽ പകുതിയും ഉറവിടത്തിൽത്തന്നെ സംസ്ക്കരിക്കുന്ന നിലയിൽ ശാസ്ത്രീയമായ മാലിന്യസംസ്ക്കരണപദ്ധതി നടപ്പിൽ വരുത്തുന്നതിൽ നേതൃപരമായ പങ്ക് മിഷൻ വഹിച്ചു. സർക്കാർ സ്ഥാപനങ്ങളിലും പൊതുപരിപാടികളിലും ആഘോഷങ്ങളിലും ഉൽസവങ്ങളിലുമെല്ലാം ഹരിതപ്രോട്ടോക്കോൾ നടപ്പാക്കിയത് അജൈവമാലിന്യങ്ങളുടെ അളവ് കുറക്കുന്നതിന് സഹായകമായി.നമ്മുടെ നാട് വെള്ളവും വൃത്തിയും വിളവും പതിയെ തിരികെപ്പിടിക്കുകയാണ്. എൽഡിഎഫ് സർക്കാർ അഞ്ച് വർഷം മുമ്പ് കണ്ട ഹരിതകേരളമെന്ന സുന്ദരസ്വപ്നം കേരളത്തിന്റെ പല ഭാഗത്തും നാം കണ്ടുതുടങ്ങി. കോട്ടയം മലരിക്കലിലെ ആമ്പൽവസന്തവും കയർഭൂവസ്ത്രം വിരിച്ച് പുതുജീവൻ കൈവരിച്ച് ഒഴുകുന്ന മലപ്പുറം വേങ്ങരയിലെ കുറ്റൂർ പാടത്തെ കൈതത്തോടും കാസർഗോട്ടെ ബേഡഡുക്കയിലെ കോട്ടവയൽ പാടത്തെ കുണ്ടംകുഴി തോടുമൊക്കെ മലയാളത്തിന്റെ കണ്ണുകൾക്ക് സുന്ദരക്കാഴ്ചകളായി മാറുമ്പോൾ അർത്ഥപൂർണ്ണമാകുന്നത് ഹരിത കേരളം മിഷനാണ്. ലക്ഷ്യം കാണുന്നത് ഇടതുപക്ഷ സർക്കാരിന്റെ ജനപക്ഷ പരിസ്ഥിതിനയങ്ങളാണ്.

May be an image of text that says "#a2zdevelopment Η ജലവും വിളവും വയത്തിയും തിരികെപ്പിടിച്ച് ഹരിത കേരളം മിഷൻ CPIMKerala C"

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *