കണ്ണൂര്‍ ജില്ല

  • കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സാക്ഷാത്കരിച്ചു
  • ജില്ലയിൽ ലൈഫ് മിഷന്റെ ഭാഗമായി ഭവനരഹിതരായ 11000 കുടുംബങ്ങൾക്ക് വീടു വെച്ചു കൊടുത്തു.
  • 2016നു ശേഷം 1698 രൂപയുടെ റോഡ് പ്രവൃത്തികളാണ് പൂർത്തിയാക്കിയത്. ദേശീയപാതാ വികസനത്തിനു മാത്രം 300 കോടി രൂപ. മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നു. കണ്ണൂര്‍ നഗരറോഡ് വികസനത്തിന് 739 കോടിയുടെ പദ്ധതികള്‍. തലശ്ശേരി-മാഹി ബൈപ്പാസ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
  • ആരോഗ്യമേഖലയിൽ സമഗ്രമുന്നേറ്റം. മുപ്പത് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി നവീകരിച്ചു. കണ്ണൂർ മെഡിക്കൽ കോളേജിനെ അന്താരാഷ്ട്രനിലവാരത്തിലെത്തിക്കാൻ 300 കോടിരൂപയുടെ മാസ്റ്റര്‍പ്ലാന്‍. ജില്ലാശുപത്രിയിൽ ട്രോമാ കെയർ, 100 കോടി രൂപയുടെ മാസ്റ്റർപ്ലാൻ.
  • 2350 ഹെക്ടര്‍ തരിശുഭൂമിയില്‍ നെല്‍കൃഷി. ഉദ്പാദനക്ഷമത ഇരട്ടിയായി. തരിശായിക്കിടന്ന 2350 ഹെക്ടര്‍ കൃഷി ഭൂമിയാണ് 2016 മുതല്‍ ജില്ലയില്‍ കൃഷി യോഗ്യമാക്കിയത്. ഇതുവഴി ജില്ലയിലെ നെല്‍കൃഷിയിലെ ഉല്‍പ്പാദനക്ഷമത 2016ല്‍ ഒരു ഹെക്ടറില്‍ ശരാശരി 2.13 ടണ്‍ ആയിരുന്നത് 4.1 ടണ്‍ ആക്കി ഉയര്‍ത്താനായി.
  • പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 1500+ സര്‍ക്കാര്‍-എയിഡഡ് സ്കൂളുകൾ ഹൈറ്റെക്കായി. കിഫ്ബി ഫണ്ടുപയോഗിച്ച് 86 പൊതുവിദ്യാലയങ്ങളാണ് മികവിന്റെ കേന്ദ്രങ്ങളാവുന്നു.
  • അഴീക്കല്‍ തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലേക്ക്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം

ഉത്തരമലബാറിന്റെ വ്യോമഗതാഗതത്തോടൊപ്പം വിനോദസഞ്ചാരം, വ്യവസായം, വാണിജ്യം, കൃഷി തുടങ്ങിയ മേഖലകളിലും വികസനക്കുതിപ്പിന് പുത്തനുണര്‍വേകിക്കൊണ്ടാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമായത്. പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്നമാണ് 2018 ഡിസംബര്‍ 9ന് സാക്ഷാത്കരിച്ചത്.

1000 കോടി ഓഹരി മൂലധനവും 892 കോടി വായ്പയും ചേര്‍ത്ത് 1892 കോടി രൂപ മുതല്‍ മുടക്കില്‍ 2500 ഏക്കര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം അത്യാധുനികവും അതിവിപുലവുമാണ്. നിലവില്‍ 3050 മീറ്ററുള്ള റണ്‍വേ 4000 മീറ്ററാക്കാനുള്ള ഭരണാനുമതിയായി. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും നീളം കൂടിയ റണ്‍വേ, ഇന്ത്യയിലെ നാലാമത്തെ വലിയ റണ്‍വേ എന്നീ ഖ്യാതികള് കണ്ണൂര്‍ വിമാനത്താവളത്തിനായിരിക്കും. 97000 ചതുരശ്ര മീറ്ററിലുള്ള ടെര്‍മിനല്‍ ഏരിയ, 24 ചെക്ക് ഇന്‍ കൗണ്ടര്‍, 16 ഇമിഗ്രേഷന്‍ കൗണ്ടര്‍, നാല് ഇ വിസ കൗണ്ടര്‍, എട്ട് കസ്റ്റംസ് കൗണ്ടര്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. സെല്‍ഫ് ബാഗേജ് ഡ്രോപ്പ് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ വിമാനത്താവളവുമാണ് കണ്ണൂരിലേത്. മണിക്കൂറില്‍ 2000 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. കോഡ് സി വിഭാഗത്തില്‍പ്പെട്ട 20 വിമാനങ്ങള്‍ നിര്‍ത്താന്‍ കഴിയുന്നതാണ് ഏപ്രണ്‍. എയര്‍ബസ്-380 വിഭാഗത്തില്‍പ്പെട്ട ഡബിള്‍ ഡെക്കര്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള സൗകര്യവുമുണ്ട്.

റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി

കണ്ണൂര്‍ ജില്ല ഉള്‍പ്പെടെ ഉത്തര മലബാറിന്റെ ടൂറിസം രംഗത്തിന് കുതിപ്പേകുന്നതാണ് 325 കോടിയുടെ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി. വടക്കന്‍ കേരളത്തിലെ ജലാശയങ്ങളെ കോര്‍ത്തിണക്കി നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം 2018 ജൂണ്‍ 30നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. ക്രൂയിസ് ടൂറിസത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ മാത്രം 14 പദ്ധതികള്‍ക്കായി 40 കോടിയിലേറെ രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബോട്ട് ജെട്ടികള്‍, ടെര്‍മിനലുകള്‍, വാക്ക് വേകള്‍ എന്നിവയുടെ നിര്‍മാണം പലയിടങ്ങളിലും പൂര്‍ത്തിയായി. റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്കായി ബോട്ടുകള്‍ വാങ്ങാന്‍ നാല് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

തലശ്ശേരി പൈതൃക ടൂറിസം പദ്ധതി

വടക്കന്‍ കേരളത്തിന്റെ തനതു ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിനും വിനോദ സഞ്ചാരികള്‍ക്ക് അവ പരിചയപ്പെടുത്തുന്നതിനുമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതി. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി ചിതറിക്കിടക്കുന്ന പൗരാണിക പ്രാധാന്യമുള്ള 61 കേന്ദ്രങ്ങളെ ഒരേ കുടക്കീഴില്‍ കൊണ്ടുവന്നാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. തലശ്ശേരി പൈതൃക ടൂറിസത്തിന് 40.95 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അനുമതി. വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ആരാധനാലയങ്ങളിലെ സൗകര്യം വിപുലപ്പെടുത്താനും വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിനുമാണ് തുക അനുവദിച്ചത്.

228 കോടിയുടെ മുഴപ്പിലങ്ങാട് ധര്‍മ്മടം ബീച്ച് വികസനം

ജില്ലയിലെ മുഴപ്പിലങ്ങാട്, ധര്‍മ്മടം ബീച്ചുകളുടെ വികസനത്തിന് 228 കോടി രൂപ കിഫ്ബി അനുവദിച്ചു. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി വരുന്നു.

ജലപാത ഒരുങ്ങുന്നു

കോവളം – ബേക്കല്‍ ജലപാത പദ്ധതിയുടെ ഭാഗമായുള്ള മാഹി – വളപട്ടണം ജലപാതയുടെ നടപടികള്‍ തുടങ്ങി. 610 കിലോമീറ്റര്‍ നീളുന്ന ജലപാതയില്‍ പെരിങ്ങത്തൂര്‍ മുതല്‍ പയ്യന്നൂര്‍ കൊറ്റി വരെയുള്ള ഭാഗമാണ് ജില്ലയിലൂടെ കടന്നുപോകുന്നത്. മൂന്ന് ഭാഗങ്ങളിലായി 27.25 കി മീ നീളത്തില്‍ കനാല്‍ നിര്‍മ്മാണം ഉള്‍പ്പെടുന്ന പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. 27. 25 കി.മീ. കനാലും 32 കി.മീ പുഴയും ഉള്‍പ്പെടെ മാഹി- വളപട്ടണം ജലപാതക്ക് 59.25 കി.മീ നീളമുണ്ട്.

കണ്ണൂര്‍ ഗവമെഡിക്കല്‍ കോളേജ്

പരിയാരം മെഡിക്കല്‍ കോളേജ് 2018ല്‍ സര്‍ക്കാര്‍ അധീനതയില്‍ ആയതോടെ വന്‍വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് 300 കോടിരൂപയുടെ മാസ്റ്റര്‍പ്ലാന്‍ അംഗീകരിച്ചു. ആദ്യഘട്ടത്തില്‍  51.3 കോടി രൂപ ചെലവില്‍ ട്രോമാ കെയര്‍ ബ്ലോക്ക് നിര്‍മാണമാണ് ആരംഭിക്കുന്നത്. 2.5 ലക്ഷം ചതുരശ്ര അടിയാണ് വസ്തൃതി. മെഡിക്കല്‍ കോളേജ് വികസനത്തിനായി റവന്യൂ ഹെഡില്‍ 30 കോടിയും ക്യാപിറ്റല്‍ ഹെഡില്‍  10 കോടിയും അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹരിതാഭമാക്കുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. 10 ഏക്കറോളം ഭൂമിയില്‍ സൗന്ദര്യവല്‍ക്കരണം, ജലസംരക്ഷണം എന്നീ പദ്ധതികള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു.

മലബാര്‍ കാന്‍സര്‍ സെന്റര്‍

രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്‍ഡ് റിസര്‍ച്ച് ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഡി എന്‍ ബി സര്‍ജിക്കല്‍ ഓങ്കോളജി, ഡി എന്‍ ബി ഓങ്കപത്തോളജി എന്നെ കോഴ്സുകളിലായി ആറോളം വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്നുണ്ട്. ഡി എം ഓങ്കോപത്തൊളജി, ഡി എന്‍ ബി റേഡിയേഷന്‍ ഓങ്കോളജി എന്നീ കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

എം സി സി യില്‍ നടന്നുവരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 50 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പണിപൂര്‍ത്തീകരിച്ചു

പീഡിയാട്രിക് ഹേമറ്റോളജി ആന്‍ഡ് ഓങ്കോളജി ബ്ലോക്ക്, നൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് റെഡിയോളജി എക്സ്സ്റ്റന്‍ഷന്‍ ബ്ലോകുള്‍പ്പെടെ ഏഴ് പദ്ധതികളുടെ പണിയാണ് പൂര്‍ത്തീകരിച്ചത്. കൂടാതെ കിഫ്ബി ഒന്നാംഘട്ട പദ്ധതിയിലുള്‍പ്പെടുത്തി 81.69 കോടി രൂപയുടെ റേഡിയോതെറാപ്പി ബ്ലോക്ക് വിപുലീകരണം, ഒ പി ബ്ലോക്ക് നവീകരണം, 32 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സ്റ്റുഡന്‍സ് ഹോസ്റ്റലിലിന്റെ നിര്‍മ്മാണം എന്നിവയും നടന്നുവരുന്നു.

ജില്ലാ ആശുപത്രി വികസനം

ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി 100 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 56 കോടിയുടെ പ്രവൃത്തി ആരംഭിച്ചു. 2.57 ലക്ഷം കോടി രൂപയുടെ മെറ്റേര്‍നിറ്റി ബ്ലോക്കും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒ പിയും മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. നവീകരിച്ച കാഷ്വാലിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. കാര്‍ഡിയോ വിഭാഗവും സ്ട്രോക്ക് ചികിത്സയും  കാത്ത് ലാബും ആരംഭിക്കുന്നുണ്ട്. ബ്ലഡ് ബാങ്കും കുട്ടികളുടെ ബ്ലോക്കും മോര്‍ച്ചറിയും നവീകരിച്ചിട്ടുണ്ട്.

പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടവും,നിലവിലുള്ള വാര്‍ഡുകളുടെ നവീകരണം, സിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ്, ഹൈടെന്‍ഷന്‍ വൈദ്യുതി, ഓപ്പറേഷന്‍ തിയേറ്ററുകളുടെ നവീകരണം തുടങ്ങിയ പ്രവൃത്തികള്‍ ഉള്‍പ്പെടുന്നു.

ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി ഒ പി , നെഫ്രോളജി ഒ പി, ലാപ്രോസ്‌കോപിക് സര്‍ജറിക്ക് വേണ്ടിയുള്ള തിയേറ്റര്‍ തുടങ്ങിയവ ആരംഭിച്ചു. 1.40 കോടി രൂപ ചെലവഴിച്ച് നവീകരിച്ച അമ്മയും കുഞ്ഞും ബ്ലോക്കില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ശിശുരോഗ ഒ പി യും, ഗൈനക് ഒ പി യും ,ഏര്‍ളി ക്യാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍, പോസ്റ്റ് നേറ്റല്‍ ആന്റ് പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകള്‍ നിര്‍മ്മിച്ചു. 40  ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടു കൂടിയ മോര്‍ച്ചറി കെട്ടിടം നിര്‍മ്മിച്ചു. പേ വാര്‍ഡ് നവീകരിച്ചു.

ജില്ലാ ആശുപത്രി ട്രോമ കെയര്‍ സംവിധാനം

ഒരു കോടി 90 ലക്ഷം രൂപ ചെലവിലാണ് ലവല്‍ ത്രീ ട്രോമ കെയര്‍ യൂണിറ്റ് ആശുപത്രിയില്‍ സജ്ജമാക്കിയത്. ഒരു കോടിയോളം രൂപയുടെ ഉപകരണങ്ങളാണ് ഇവിടെയുള്ളത്. ജില്ലാ പഞ്ചായത്ത് ആശുപത്രി വികസന സമിതിയില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപയും ഇതിനായി അനുവദിച്ചു.

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം

പടിയൂര്‍ -കല്യാട് ഗ്രാമപഞ്ചായത്തിലെ കല്യാട് തട്ടില്‍ 311 ഏക്കറില്‍ 300 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് 2019 ഫെബ്രുവരി 22 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു.

ആയുര്‍വേദ അറിവുകളും ലോകമെമ്പാടുമുള്ള പാരമ്പര്യ ചികിത്സാരീതികളും പ്രദര്‍ശിപ്പിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ മ്യൂസിയം, താളിയോലകള്‍ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുന്ന അത്യാധുനിക  മാനുസ്‌ക്രിപ്റ്റ് റീഡിങ് സെന്റര്‍, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ശാസ്ത്രജ്ഞന്മാര്‍ക്ക് ക്വാര്‍ട്ടേഴ്സ്, ഫാക്കല്‍റ്റികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ഹൗസിംഗ് സംവിധാനം എന്നിവ റിസര്‍ച്ച് സെന്ററില്‍ ഒരുക്കും.

കിഫ്ബി അനുവദിച്ച 59.93 കോടി ഉപയോഗിച്ച് ആശുപത്രി കെട്ടിടം, മാനുസ്‌ക്രിപ്റ്റ് സെന്റര്‍, ആയുര്‍വേദ ഔഷധ നഴ്സറി, ജൈവമതില്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്.

കിന്‍ഫ്ര ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക്

ജില്ലയിലെ വ്യവസായ മേഖല കൈവരിച്ച നേട്ടങ്ങളിലൊന്നാണ് കിന്‍ഫ്ര ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക്. ടെക്‌സ്റ്റൈല്‍ മേഖലയിലെ വിവിധ സംരംഭങ്ങള്‍ക്കായി രൂപംകൊണ്ട വ്യവസായ പാര്‍ക്ക് ഇപ്പോള്‍ വൈവിധ്യങ്ങളായ വ്യവസായ സംരംഭങ്ങളാല്‍ സജീവമാണ്. തളിപ്പറമ്പ് നാടുകാണിയില്‍ 123.38 ഏക്കര്‍ ഭൂമിയിലാണ് കിന്‍ഫ്ര പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.  

48 വ്യവസായ യൂനിറ്റുകള്‍

വ്യവസായ പാര്‍ക്കിനകത്ത് നിലവില്‍ 48 വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 10 യൂനിറ്റുകളുടെ നിര്‍മാണം ത്വരിതഗതിയിലാണ്. നിലവില്‍ 65 കോടിയുടെ നിക്ഷേപം ലഭ്യമായ പാര്‍ക്ക് വഴി ഏകദേശം 520 പേര്‍ക്ക് പ്രത്യക്ഷമായും 1000 പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കും. ഇതിനു പുറമെ, 70 കോടിയുടെ നിക്ഷേപവുമായി 32 യൂനിറ്റുകള്‍ കൂടി ഉടനെയെത്തും.

ടെക്സ്റ്റയില്‍ ഡൈയിങ്ങ് ആന്‍ഡ് പ്രിന്റിങ്ങ് സെന്റര്‍

ടെക്സ്റ്റയില്‍ ഡൈയിങ്ങ് ആന്‍ഡ് പ്രിന്റിങ്ങ് സെന്റര്‍ നിര്‍മാണോദ്ഘാടനം നടത്തി. ഇവിടെ പത്ത് ഏക്കറില്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. 25.6 കോടി രൂപയാണ് പദ്ധതിയുടെ മുതല്‍ മുടക്ക്.

ആന്തൂരില്‍ വ്യവസായ വികസന പ്ലോട്ട്

250 കോടി ചെലവില്‍ ആന്തൂരില്‍ ആരംഭിച്ച വ്യവസായ വികസന പ്ലോട്ടില്‍ 169 വ്യവസായ യൂണിറ്റു കള്‍ക്കായി 46.52 ഏക്കര്‍ ഭൂമിയാണ് അനുവദിച്ചത്. 2500 പേര്‍ക്ക് പദ്ധതിയിലൂടെ നേരിട്ട് തൊഴില്‍ നല്‍കാന്‍ സാധിക്കും. പ്ലൈവുഡ് വ്യവസായം, ഭക്ഷ്യസംസ്‌കരണം, ഫര്‍ണിച്ചര്‍ നിര്‍മ്മാണം, പ്രിന്റിങ്ങ്, അലുമിനിയം ഫാബ്രിക്കേഷന്‍, വീട്ടുപകരണങ്ങളുടെ നിര്‍മ്മാണം, കിടക്ക നിര്‍മ്മാണം, ജൈവവള നിര്‍മ്മാണം, ആശുപത്രി ഉപകരണങ്ങളുടെ നിര്‍മ്മാണം, യന്ത്രോപകരണങ്ങളുടെ നിര്‍മ്മാണം, മെഡിക്കല്‍ ഓക്‌സിജന്‍ തുടങ്ങി  വിവിധങ്ങളായ ഉല്‍പാദന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. ഒന്നാംഘട്ടത്തില്‍ സര്‍ക്കാര്‍ വിഹിതമായി 53.7 ലക്ഷവും ഗുണഭോക്തൃ വിഹിതമായി 24.30 ലക്ഷവും ചെലവഴിച്ച് ആഭ്യന്തര റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 245 ലക്ഷം ചെലവഴിച്ച് രണ്ടാംഘട്ട റോഡ് നിര്‍മ്മാണവും പുരോഗമിക്കുന്നു.

പൊതുമരാമത്ത് വകുപ്പ്

പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം 300 കോടിയിലേറെ രൂപയുടെ റോഡ് പ്രവൃത്തികളാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ ജില്ലയില്‍ അനുവദിച്ചത്. ഇതില്‍ 122 കോടിയിലേറെ ചിലവില്‍ എട്ട് റോഡുകളുടെ പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായി. 179 കോടി ചെലവില്‍ ബാക്കി 10 റോഡുകളുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.  

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗത്തിനു കീഴില്‍ 2016നു ശേഷം 1698 രൂപയുടെ റോഡ് പ്രവൃത്തികളാണ് ജില്ലയില്‍ അനുവദിച്ചത്. 2016-17, 2017-18 വര്‍ഷത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 30 റോഡ് പ്രവൃത്തികള്‍ക്കായി 1145 കോടി രൂപ അനുവദിച്ചതില്‍ 59.44 കോടി രൂപയുടെ മൂന്ന് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു.

2016 മുതല്‍ 2020 വരെ 138 പ്രവൃത്തികള്‍ക്ക് 418 കോടി രൂപയും നബാര്‍ഡില്‍ ഉള്‍പ്പെടുത്തി 15 പ്രവൃത്തികള്‍ക്ക് 88.72 കോടി രൂപയും 2018-19ല്‍ പ്രളയ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി 17 പ്രവൃത്തികള്‍ക്ക് 46 കോടി രൂപയുമാണ് ജില്ലയ്ക്കായി അനുവദിച്ചത്. ഇതില്‍ 310 കോടിയുടെ 95 പ്രവൃത്തികള്‍ ഇതുവരെ പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

വിമാനത്താവളത്തിലേക്ക് ആറ് റോഡുകള്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആറ് റോഡുകള്‍ ഉള്‍പ്പെട്ട ശൃംഖല തയ്യാറായി. ഇതില്‍  തലശ്ശേരി-അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡ്, കുറ്റ്യാടി-പാനൂര്‍-കൂത്തുപറമ്പ് – മട്ടന്നൂര്‍ റോഡ് എന്നിവയുടെ അന്തിമ ഡിപിആര്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. മാനന്തവാടി-ബോയ്സ് ടൗണ്‍- ശിവപുരം-മട്ടന്നൂര്‍ ഡിപിആര്‍ സൂക്ഷ്മപരിശോധനയിലാണ്. തളിപ്പറമ്പ- ചൊറുക്കള- ചാലോട് റോഡിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സാമ്പത്തികാനുമതി ലഭിച്ചു. മേലെ ചൊവ്വ-ചാലോട്-മട്ടന്നൂര്‍ റോഡ്, കൂട്ടുപുഴ പാലം-ഇരിട്ടി- മട്ടന്നൂര്‍-വായന്തോട് റോഡ് എന്നിവയുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

മലയോര ഹൈവേ അന്തിമഘട്ടത്തിലേക്ക്

ജില്ലയിലെ ഫ്ളാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ടര്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയ മലയോര ഹൈവേയില്‍ ചെറുപുഴ- പയ്യാവൂര്‍- ഉളിക്കല്‍- വള്ളിത്തോട് റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന 205 കോടിയുടെ പ്രവൃത്തി പൂര്‍ത്തീകരണ ഘട്ടത്തിലാണ്.

മലയോര ഹൈവേ വള്ളിത്തോടു മുതല്‍ അമ്പായത്തോട് വരെയുള്ള റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിക്ക് കിഫ്ബിയില്‍ നിന്ന് 50.47 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചുകഴിഞ്ഞു.

കണ്ണൂര്‍ നഗരറോഡ് വികസനത്തിന് 739 കോടിയുടെ പദ്ധതികള്‍

ജില്ലയുടെയും കണ്ണൂര്‍ നഗരത്തിന്റെയും ഏറ്റവും പ്രധാന പ്രശ്‌നങ്ങളിലൊന്ന് രൂക്ഷമായ ഗതാഗത പ്രശ്‌നമാണ്. ഈ മേഖലയില്‍ നാളിതുവരെ ഉണ്ടായിട്ടില്ലാത്ത ആസൂത്രിതവും സമഗ്രവുമായ വന്‍കിട പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കണ്ണൂര്‍ നഗരവുമായി ബന്ധപ്പെട്ട് ഗതാഗത മേഖലയില്‍ മാത്രം 896.59 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. 11 നഗര റോഡുകളുടെ വികസനത്തിനുള്ള സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയാണ് ഇതില്‍ പ്രധാനം. 739 കോടിയാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്. നാല് റോഡുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കി ലെവല്‍ വണ്‍ നോട്ടിഫിക്കേഷനുള്ള നടപടി ആയി. മൂന്ന് റോഡുകളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കേണ്ടതില്ല. ഇവയുടെ വികസനത്തിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. ബാക്കി നാല് റോഡുകളുടെ കാര്യത്തില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില എതിര്‍പ്പുകള്‍് പ്രവൃത്തി ആരംഭിക്കുന്നതിന് കാല താമസം വരുത്തി.

തെക്കീ ബസാര്‍ മുതല്‍ ട്രെയിനിങ്ങ് സ്‌കൂള്‍ വരെയുള്ള ഫൈ്‌ള ഓവര്‍, മേലെ ചൊവ്വ അണ്ടര്‍ പാസ് എന്നിവയും കണ്ണൂരിന്റെ റോഡ് വികസനത്തില്‍ വന്‍ കുതിപ്പുണ്ടാക്കുന്ന പദ്ധതികളാണ്. 130 കോടി രൂപ ചെലവില്‍ 1.1 കിേലാ മീറ്ററിലാണ് കിഫ്ബി പദ്ധതിയായി ഫൈ്‌ളഓവര്‍ വരുന്നത്. 500 മീറ്റര്‍ നീളത്തില്‍ 27.59 കോടി രൂപ ചെലവിലാണ് മേലെ ചൊവ്വയില്‍ അണ്ടര്‍പാസ് നിര്‍മിക്കുന്നത്.

തലശ്ശേരി-മാഹി ബൈപാസ്

തലശ്ശേരി-മാഹി ബൈപാസിന്റെ 53 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. 370 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. വിവിധ ഭാഗങ്ങളില്‍ നിന്നായി 2.36 ഹെക്ടര്‍ സ്ഥലം കൂടി വിട്ടുകിട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 2021 സെപ്തംബറില്‍ പണി പൂര്‍ത്തിയാക്കാനാണ് കരാര്‍. മൂന്നു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുന്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഏറെക്കാലമായി തലശ്ശേരി നഗരം അനുഭവിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനാണ് പരിഹാരമാകുന്നത്. 883 കോടി രൂപ ചെലവഴിക്കുന്ന ബൈപാസിന്റെ പ്രവൃത്തി ഉദ്ഘാടനം 2018 ഒക്ടോബര്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി എന്നിവരാണ് നിര്‍വഹിച്ചത്.

ഗെയില്‍ പദ്ധതി ജില്ലയിലും യാഥാര്‍ഥ്യമാവുന്നു

കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ നാഴികക്കല്ലായ ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി ജില്ലയില്‍ അന്തിമഘട്ടത്തില്‍. 200 കോടി രൂപ മുതല്‍മുടക്കില്‍ 84 കിലോ മീറ്റളോളം നീളത്തിലാണ് ജില്ലയില്‍ ഗെയില്‍ പദ്ധതി നടപ്പാക്കുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ കൂടാളി, കണ്ണൂര്‍, തലശ്ശേരി, മാഹി, തളിപ്പറമ്പ് ഭാഗങ്ങളിലെ വീടുകളില്‍ പാചകവാതകം നേരിട്ടെത്തിക്കുന്നതിന് 75000 പിഎന്‍ജി ഗാര്‍ഹിക കണക്ഷനുകള്‍ സ്ഥാപിക്കും. ഇതിനുപുറമെ, 10 വ്യവസായിക കണക്ഷനുകളും 100 വാണിജ്യടിസ്ഥാനത്തിലുള്ള കണക്ഷനും നല്‍കും. വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനുള്ള 60 സിഎന്‍ജി സ്റ്റേഷനുകളും ജില്ലയില്‍ സ്ഥാപിക്കും.  

2350 ഹെക്ടര്‍ തരിശുഭൂമിയില്‍ നെല്‍കൃഷി. ഉദ്പാദനക്ഷമത ഇരട്ടിയായി.

തരിശായിക്കിടന്ന 2350 ഹെക്ടര്‍ കൃഷി ഭൂമിയാണ് 2016 മുതല്‍ ജില്ലയില്‍ കൃഷി യോഗ്യമാക്കിയത്. ഇതുവഴി ജില്ലയിലെ നെല്‍കൃഷിയിലെ ഉല്‍പ്പാദനക്ഷമത 2016ല്‍ ഒരു ഹെക്ടറില്‍ ശരാശരി 2.13 ടണ്‍ ആയിരുന്നത് 4.1 ടണ്‍ ആക്കി ഉയര്‍ത്താനായി. കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ 13.62 കോടി നെല്‍ കൃഷി വികസനത്തിനായി ജില്ലയില്‍ ചിലവഴിച്ചത്. തരിശു നിലങ്ങള്‍ കൃഷി യോഗ്യമാക്കാന്‍ ഹെക്ടറിന് 25000 രൂപ കര്‍ഷകനും 5000 രൂപ സ്ഥല ഉടമയ്ക്കും ധനസഹായമായി നല്‍കിവരുന്നു.

കൈപ്പാട് കൃഷി വികസനത്തിന് 10 കോടി

ജില്ലയിലെ ഏഴോം, കണ്ണപുരം, ചെറുകുന്ന്, പട്ടുവം ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പരമ്പരാഗത കൈപ്പാട് നെല്‍ കൃഷിയുടെ വികസനത്തിനായി 10 കോടി രൂപയുടെ പദ്ധതി ആരംഭിച്ചുകഴിഞ്ഞു. ഈ വര്‍ഷം 130 ഹെക്ടറിലാണ് കൃഷിയിറക്കിയത്. കൈപ്പാട് അരിക്ക് പേറ്റന്റിന്റെ വകഭേദമായ ഭൗമ സൂചിക പദവി നേടിയെടുക്കാനായി.

റവന്യൂ വകുപ്പ്

കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ 6387 പേര്‍ക്ക് ജില്ലയില്‍ പട്ടയം അനുവദിച്ചു. പയ്യന്നൂര്‍ ആസ്ഥാനമായി പുതിയ താലൂക്കും പുതിയ റവന്യൂ ഡിവിഷനും രൂപീകരിച്ചു. 12 സ്മാര്ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണത്തിന് 6.92 കോടി രൂപ അനുവദിച്ചു.

കൈത്തറി, ഖാദി

കൈത്തറി, ഖാദി മേഖലകളില്‍ നിലവിലുള്ള തൊഴിലാളികള്‍ക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള നടപടികള്‍. കൈത്തറി സ്‌കൂള്‍ യൂനിഫോം പദ്ധതി കൈത്തറി മേഖലയില്‍ പുത്തനുണര്‍വ്വ് സൃഷ്്ടിച്ചു.

പയ്യന്നൂരില്‍ തിയേറ്റര്‍ സമുച്ചയം

പയ്യൂരിന്റെ സിനിമാ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് കൊണ്ട് സര്‍ക്കാര്‍ തിയറ്റര്‍ സമുച്ചയം ഒരുങ്ങുന്നു്. ആറുമാസം കൊണ്ട് തിയറ്ററിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

കയര്‍

കയര്‍ വ്യവസായ മേഖലയില്‍ കണ്ണൂര്‍ കയര്‍ പ്രോജക്ടിന് കീഴിലുള്ള  പയ്യന്നൂര്‍, എടക്കടവ്, ധര്‍മ്മടം കയര്‍ വ്യവസായ സഹകരണ സംഘങ്ങള്‍ക്ക്്  ഇരുപത് ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകള്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു നല്‍കി. മികച്ച ഉല്പാദന ക്ഷമതയുള്ള എഎസ്എം മെഷീനുകള്‍ സഹകരണ സംഘങ്ങളില്‍ സ്ഥാപിച്ചതു വഴി ഉല്പാദന മികവ് കൈവരിക്കുന്നതോടൊപ്പം തൊഴിലാളികള്‍ക്ക് പ്രതിദിനം 500 രൂപയെങ്കിലും കൂലി ഉറപ്പാക്കാനും സാധിക്കും.

മികവിന്റെ കേന്ദ്രങ്ങളായി വിദ്യാലയങ്ങള്‍

കിഫ്ബി ഫണ്ടില്‍ മാത്രം ജില്ലയില്‍ 86 പൊതുവിദ്യാലയങ്ങളാണ് മികവിന്റെ കേന്ദ്രങ്ങളാവുന്നത്. സ്‌കൂളുകള്‍ക്ക് 5 കോടി രൂപ, 3 കോടി രൂപ, 1 കോടി രൂപ, എന്നിങ്ങനെയാണ് കിഫ് ബി തുക വകയിരുത്തിയത്. ഓരോ നിയമസഭാ മണ്ഡലത്തിലും ഒന്ന് വീതം എന്ന രീതിയില്‍  11 സ്‌കൂളുകളാണ് ജില്ലയില്‍

5 കോടി രൂപ വീതം നല്‍കി.  മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിച്ചത്. ഇവയുടെ പണി പൂര്‍ത്തിയാക്കി  ഉദ്ഘാടനവും കഴിഞ്ഞു .

3 കോടി രൂപ വീതം നല്‍കാന്‍ 35 സ്‌കൂളുകള്‍ തെരഞ്ഞെടുത്തു..

ഒന്നാം ഘട്ടത്തിലുണ്ടായിരുന്ന  12 ല്‍

4 സ്‌കൂളുകളില്‍ പ്രവൃത്തി പൂര്‍ത്തിയായി ഉദ്ഘാടനം കഴിഞ്ഞു.

2 സ്‌കൂളില്‍  പണി പൂര്‍ത്തിയായി. 6 സ്‌കൂള്‍ പ്രവൃത്തിയുടെ  വിവിധ ഘട്ടത്തിലാണ് .ബാക്കി

23 സ്‌കൂളുകളില്‍ പ്രവൃത്തി ടെന്‍ഡര്‍ ഘട്ടത്തിലാണ്.

1 കോടി രൂപ വീതം 40 സ്‌കൂളുകള്‍ക്ക് വകയിരുത്തി.  ഇവിടങ്ങളില്‍ പ്രവൃത്തി  തുടങ്ങുന്നതിനുള്ള അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നു.

ഇതിനു പുറമെ നബാര്‍ഡ് ഫണ്ടില്‍ എട്ട് സ്‌കൂളുകളില്‍ വിവിധ പ്രവൃത്തികള്‍ പൂര്‍ത്തിയായി.പ്ലാന്‍ ഫണ്ട്,

എം എല്‍ എ ഫണ്ട് എന്നിവയും ഉപയോഗപ്പെടുത്തി നിരവധി സ്‌കൂളുകള്‍ മികച്ച ഭൗതിക, അക്കാദമിക നിലവാരം കൈവരിച്ചു.

1514 സ്‌കൂളുകള്‍ ഹൈടെക്കായി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍  ജില്ലയിലെ 1514 സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളില്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍-എയിഡഡ് വിഭാഗത്തിലെ ഒന്നു മുതല്‍ ഏഴാം തരം വരെ യുള്ള 1173 സ്‌കൂളുകളുംഎട്ടു മുതല്‍ 12 വരെ യുള്ള 341 സ്‌കൂളുകളും ഉള്‍പ്പെടെയാണ് 1514 സ്‌കൂളുകള്‍ ഹൈടെക്കായത്.  

അഴീക്കല്‍ തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കഴിഞ്ഞ നാലര വര്‍ഷക്കാലം അഴീക്കല്‍ തുറമുഖത്തിന്റെ ചരിത്രത്തിലെ സുവര്‍ണ്ണ കാലമായിരുന്നു. നിലവിലെ തുറമുഖത്തിന്റെ വികസനത്തിനു പുറമെ അന്താരാഷ്ട്ര നിലവാരമുള്ള പുതിയ തുറമുഖത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൂടി ഇവിടെ തുടങ്ങിക്കഴിഞ്ഞു. നിലവിലുള്ള തുറമുഖത്തില്‍ കപ്പലുകളുടെ പോക്കുവരവിന് 29 ലക്ഷം രൂപ ചെലവഴിച്ച് ടഗ്ഗ് സജ്ജമാക്കി. കപ്പല്‍ ചാലിന്റെ ആഴംകൂട്ടി. വിദേശ ചരക്കുകള്‍ കൈകാര്യം ചെയ്യാന്‍ കസ്റ്റംസ് ഇഡിഐ സംവിധാനം യാഥാര്‍ത്ഥ്യമാക്കി. ഇതിലൂടെ മലേഷ്യയില്‍ നിന്ന് അഴീക്കല്‍ തുറമുഖത്തേക്കും തിരിച്ചും ചരക്ക് എത്തിച്ചു. പുതിയ തുറമുഖ നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. 3698 കോടി രൂപയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കണക്കാക്കുന്നത്. ഒന്നാംഘട്ടത്തില്‍ 2263 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഭൗമ, സാങ്കേതിക പരിശോധനകളും, വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കലും പരിസ്ഥിതി ആഘാത പഠന പ്രവര്‍ത്തനങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്.  

ജില്ലയിലെ മുഴുവന്‍ വീടുകളിലും വെളിച്ചമെത്തിച്ച് കെ എസ് ഇ ബി

മുഴുവന്‍ ഭവനങ്ങളിലും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്താകെ നടപ്പിലാക്കിയ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി ജില്ലയിലും സമയബന്ധിതമായി പൂര്‍ത്തിയാക്കി. സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം 2017 മാര്‍ച്ച്  28ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിര്‍വ്വഹിച്ചു.

ഇതിന്റെ ഭാഗമായി 270 കി.മി. സിംഗിള്‍ ഫേസ് ലൈന്‍ പുതുതായി വലിച്ച് 11223 വീടുകളില്‍ വൈദ്യുതി കണക്ഷന്‍ എത്തിച്ചു. ഇതില്‍ 5908 മുന്‍ഗണനാ കുടുംബങ്ങളും 726 പട്ടിക ജാതി കുടുംബങ്ങളും 188 പട്ടിക വര്‍ഗ്ഗ കുടുംബങ്ങളും ഉള്‍പ്പെടുന്നു. സമ്പൂര്‍ണ വൈദ്യതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 13.66 കോടി രൂപ ചെലവഴിച്ചു.

ട്രാന്‍സ് ഗ്രിഡ് പദ്ധതി പുരോഗമിക്കുന്നു

മലബാര്‍ മേഖലയിലെ വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായി പുതിയ 400 കെ.വി പ്രസരണ ലൈനുകള്‍ സ്ഥാപിക്കല്‍, നിലവിലുള്ള 110 കെ.വി സബ്സ്റ്റേഷന്റെ ശേഷി 220 കെ.വി ആയി വര്‍ദ്ധിപ്പിക്കല്‍, നിലവിലുള്ള 66/110 കെ.വി ലൈനുകള്‍ 110/220 കെ.വി ലൈനുകളാക്കി ഉയര്‍ത്തല്‍ എന്നീ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ഉള്‍പെടുത്തി തലശ്ശേരി 110 കെ.വി സബ് സ്റ്റേഷന്റെ ശേഷി വര്‍ദ്ധിപ്പിക്കല്‍, കാഞ്ഞിരോട്, മയിലാട്ടി പുതിയ ലൈന്‍ വലിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.

ഇലക്ട്രിക്ക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍

കേരള സര്‍ക്കാരിന്റെ ഇ മൊബിലിറ്റി പദ്ധതി പ്രകാരം ചൊവ്വയില്‍ വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ഇ വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമായി. ഇതിന്റെ തുടര്‍ച്ചയായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 26 ഇ വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

കൂത്തുപറമ്പില്‍ റീജ്യണല്‍ അനലറ്റിക്കല്‍ ലാബ്:

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കീഴില്‍ കൂത്തുപറമ്പില്‍ റീജ്യണല്‍ അനലറ്റിക്കല്‍ ലാബ്. സംസ്ഥാനത്ത് നാലാമത്തെ റീജ്യണല്‍ അനലറ്റിക്കല്‍ ലാബാണിത്.

പിണറായി സ്വിമ്മിംഗ് പൂള്‍

2018 നവംബര്‍ മൂന്നിനാണ് 1.2 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സ്വിമ്മിംഗ് പൂള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചത്. ഏഴംഗങ്ങളുള്ള ജനകീയ കമ്മിറ്റിയാണ് സ്വിമ്മിംഗ് പൂളിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. നിലവില്‍ രണ്ട് പരിശീലകര്‍, ഒരു സെക്യൂരിറ്റി, ഒരു ക്ലീനിംഗ് സ്റ്റാഫ് എിവരാണ് ഇവിടെയുള്ളത്.

പിണറായി കണ്‍വെന്‍ഷന്‍ സെന്റര്‍

മികച്ച അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക സജ്ജീകരണങ്ങളുമായി പിണറായി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച പിണറായി കണ്‍വെന്‍ഷന്‍ സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു. സ്ഥലമേറ്റെടുപ്പും കെട്ടിടത്തിന്റെ നിര്‍മ്മാണ ചിലവും ഉള്‍പ്പെടെ 18.65 കോടി രൂപ ചെലവിലാണ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണം.

തൊള്ളായിരത്തിലേറെ പേരെ ഉള്‍ക്കൊള്ളുന്ന വിശാലമായ ഓഡിറ്റോറിയം, ഒരേ സമയം 450 പേര്‍ക്ക് ഇരിക്കാവുന്ന ഡൈനിംഗ് ഏരിയ, കിച്ചണ്‍ സംവിധാനം, ജൈവ മാലിന്യ സംസ്‌ക്കരണ യൂണിറ്റ്, വേസ്റ്റ് വാട്ടര്‍ മാനേജ്മെന്റ് സിസ്റ്റം എന്നിവ കണ്‍വെന്‍ഷന്‍ സെന്ററിലൊരുക്കിയിട്ടുണ്ട്.  ഇരുനിലകളിലായാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മിനി ഓഡിറ്റോറിയമായും ഡൈനിംഗ് ഏരിയ ഉപയോഗിക്കാന്‍ സാധിക്കും.

തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്

തലശ്ശേരിയുടെ തലയെടുപ്പായ ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിനെ സെന്റര്‍ ഓഫ് എക്സ്സലന്‍സ് ആയി  പ്രഖ്യാപിച്ച് വിവിധ വികസന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. കോളേജിന്റെ സമഗ്രവികസനം ലക്ഷ്യം വെച്ച് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിച്ചതിന്റെ  ഭാഗമായി കിഫ്ബിയില്‍  ഉള്‍പ്പെടുത്തി 21.5 കോടിയുടെ ഒന്നാംഘട്ട വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് മുഖ്യമന്ത്രി നിര്‍വഹിച്ചു. അത്യാധുനിക സൗകര്യങ്ങളും അപൂര്‍വപുസ്തകങ്ങളുടെ ശേഖരവുമായി സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കോളേജ് ലൈബ്രറിയാണ് ബ്രണ്ണനിലേത്. 21000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ലൈബ്രറി മന്ദിരം യാഥാര്‍ഥ്യമായതോടെ സ്ഥലപരിമിതി എന്നപ്രശ്നം പരിഹരിക്കപ്പെട്ടു. മൂന്നു കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചത്. എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തി  52 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഫര്‍ണിച്ചറുകളും ലൈബ്രറിയില്‍ ഉണ്ട്. 32 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച അന്താരാഷ്ട്ര നിലവാരമുള്ള കെമിസ്ട്രി ലാബ്  എന്നിവയും കോളേജിനിന്നു സ്വന്തമായി ഉണ്ട്.

ജല സംരക്ഷണത്തിന്റെ ധര്‍മ്മടം മാതൃകാ മണ്ഡലത്തില്‍ പുരോഗമിക്കുന്നത് 21 കോടി രൂപയുടെ 40 പ്രവൃത്തികള്‍

നിരവധി കുളങ്ങളും തോടുകളുമാണ് വിവിധ പദ്ധതികളിലുള്‍പ്പെടുത്തി മണ്ഡലത്തില്‍ നവീകരിച്ചത്. പത്തോളം കുളങ്ങളുടെ നവീകരണം ഇതിനോടകം പൂര്‍ത്തിയായി. സര്‍ക്കാറിന്റെ സംരക്ഷണത്തിലുള്ള ജല സ്രോതസുകള്‍ മാത്രമല്ല, സ്വകാര്യ-ക്ഷേത്രക്കുളങ്ങളും തോടുകളും പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നുണ്ട്. എം എല്‍ എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള തുക കൂടാതെ നബാര്‍ഡ്, മണ്ണ് ജല സംരക്ഷണ വകുപ്പ്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കേരള ലാന്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ തുടങ്ങിയ വകുപ്പുകളും വിവിധ പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പാക്കുന്നുണ്ട്. 21 കോടിയിലേറെ രൂപയുടെ 40 ല്‍ അധികം പദ്ധതികളാണ് മണ്ഡലത്തില്‍ പുരോഗമിക്കുന്നത്.

കാഞ്ഞിരങ്ങാട് ഡ്രൈവിങ്ങ് ടെസ്റ്റിങ് കേന്ദ്രം

കാഞ്ഞിരങ്ങാട് ആധുനിക ഡ്രൈവിങ്ങ് ടെസ്റ്റിങ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. നാലുകോടി രൂപ ചെലവിലാണ് കമ്പ്യൂട്ടര്‍വല്‍കൃത ഡ്രൈവിങ് ടെസ്റ്റ് ട്രാക്കും വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷനും ഉള്‍പ്പെടുന്ന ടെസ്റ്റിങ് കേന്ദ്രം നിര്‍മിച്ചത്. സംസ്ഥാനത്തുതന്നെ ഏറ്റവും നൂതനമായ സംവിധാനമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പരിഹാരമാകാത്ത പ്രശ്‌നങ്ങള്‍/

അടിയന്തര വിഷയങ്ങള്‍:

1.  ജൂണ്‍ മുതല്‍ കൈത്തറി തൊഴിലാളികള്‍ക്ക് ജോലിയും കൂലിയും കിട്ടുന്നില്ല.

   സ്‌കൂള്‍ യൂനിഫോം പദ്ധതിയില്‍ ജോലി ചെയ്തവര്‍ക്കും സൊസൈറ്റികള്‍ക്കും കൂലിയി  നത്തില്‍ തുക കുടിശ്ശിക.

2. അഴീക്കോട് നെയ്ത്ത് ഗ്രാമം-

   പ്രഖ്യാപനം നടത്തിയെങ്കിലും പദ്ധതി ഉപേക്ഷിച്ച നിലയില്‍

3. ഇരിണാവില്‍ ഇലക്ട്രിക് വാഹനാധിഷ്ഠിത വ്യവസായം-

   പദ്ധതി ആരംഭിക്കുമെന്ന പ്രഖ്യാപനം-തുടര്‍ നടപടി ഉണ്ടായില്ല.

4. വന്യജീവി ആക്രമണം-

   ജില്ലയുടെ മലയോര മേഖലയില്‍ രൂക്ഷമായ വന്യജീവി ആക്രമണത്തിന് ഫലപ്രദമായ പരിഹാരം ഉണ്ടായില്ല.

   ദീര്‍ഘകാലമായുള്ള മലയോര ജനങ്ങളുടെ ആവശ്യം.

4. കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി-

  739 കോടിയാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്. നാല് റോഡുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കി ലെവല്‍ വണ്‍ നോട്ടിഫിക്കേഷനുള്ള നടപടി ആയി. മൂന്ന്    റോഡുകളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കേണ്ടതില്ല. ബാക്കി നാല് റോഡുകളുടെ കാര്യത്തില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍് നിലനില്‍ക്കുന്നു.

5.  തലശ്ശേരി വളവ് പാറ റോഡ് നവീകരണം-

   ദീര്‍ഘകാലമായി നടക്കുന്ന പ്രവൃത്തി ഇനിയും പൂര്‍ത്തിയായിട്ടില്ല.

6. തലശ്ശേരി സ്‌റ്റേഡിയം-

   നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങൂന്നു.

7. കണ്ണൂര്‍ സ്‌റ്റേഡിയം-

   നവീകരണ പദ്ധതി സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി കിടക്കുന്നു.

8. ദേശീയപാത ഭൂമി ഏറ്റെടുക്കല്‍-

   വാടകക്കാരായ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.