മലയാള മനോരമ എന്ന പത്രസ്ഥാപനത്തിന്റെ ഇടത് വിരോധം ജൻമനാ ഉള്ളതാണെങ്കിലും, ഇടത് സർക്കാരുകൾക്കെതിരായ മനോരമ ഹാലിളക്കത്തിന് പിന്നിൽ വ്യവസായ താൽപ്പര്യങ്ങൾ കൂടിയുണ്ട് എന്നത് പലപ്പോഴും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുള്ളതാണ്. അതിലൊന്നാണ് വിവാദമായ പന്തല്ലൂർ ഭൂമി തട്ടിപ്പ് കേസ്.

മലയാള മനോരമ കുടുംബം അനധികൃതമായി കൈവശം വച്ച മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ 400 എക്കര്‍ ഭൂമിയാണ് 2018 ൽ തിരിച്ചു പിടിച്ചത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ആര്‍ഡിഒ സ്ഥലം അളന്നുതിട്ടപ്പെടുത്തി ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ക്ക് കൈമാറുകയായിരുന്നു.

മനോരമ സമർപ്പിച്ച ഹർജി തള്ളിയ കോടതി, വിധി നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തി വെക്കണമെന്ന മനോരമ കുടുംബത്തിന്റെ ആവശ്യവും നിരസിച്ചു.

എന്താണ് മനോരമ ഭൂമി തട്ടിപ്പ് ?

കോഴിക്കോട്‌ സാമൂതിരി മാനവ വിക്രമരാജ 1943 ആഗസ്ത്‌ 23നാണു ദേവസ്വത്തിന്റെ കീഴിലുള്ള 786.71 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി 60 വര്‍ഷത്തെ പാട്ടത്തിന്, തിരുവല്ല കടപ്പുറം മുറിയില്‍ തയ്യില്‍ മാമന്‍ മകന്‍ ചെറിയാനു നല്‍കിയത്‌. റബര്‍, കാപ്പി, തേയില തുടങ്ങിയ കാര്‍ഷികവിളകള്‍ കൃഷി ചെയ്യാനായിരുന്നു ഭൂമി. ആദ്യ 30 വര്‍ഷം പ്രതിവര്‍ഷം 350 രൂപ പ്രകാരവും പിന്നീടുള്ള 30 വര്‍ഷം പ്രതിവര്‍ഷം 500 രൂപയുമായിരുന്നു പാട്ട വ്യവസ്ഥ. പാട്ടക്കാലാവധി അവസാനിക്കുന്ന 2003 ആഗസ്ത് 25നു ശേഷം പാട്ടക്കാര്‍ക്ക് ഭൂമിയില്‍ അവകാശം ഉണ്ടാകില്ലെന്നും മൂന്നുവര്‍ഷം തുടര്‍ച്ചയായി പാട്ടമടയ്ക്കുന്നത് ലംഘിച്ചാല്‍ കരാര്‍ ദുര്‍ബലമാവുമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

എന്നാല്‍ 1974 വരെ പാട്ടസംഖ്യ അടച്ച മനോരമ കുടുംബത്തിന്റെ യങ്ങ്‌ ഇന്ത്യ എസ്റ്റേറ്റ്‌ അതിനു ശേഷം ഭൂമി സ്വന്തമാക്കാനാനുള്ള ശ്രമമാരംഭിച്ചു. ഇതിനായി ഭൂമിയ്ക്ക് സ്വന്തം പേരിൽ കരമടയ്ക്കുകയും പട്ടയത്തിന്‌ അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ 1978 ഒക്ടോബര്‍ 20നു മലപ്പുറം ഡപ്യൂട്ടി കളക്‌ടര്‍ ഇവരുടെ പട്ടയ അപേക്ഷ തള്ളി. ബലനൂർ പ്ലാന്റേഷന്‍ മാനേജര്‍, തയ്യില്‍ എസ്റ്റേറ്റ്‌ മേരി മാമ്മന്‍, സാറാ മാമ്മന്‍, ഓമന മാമ്മന്‍, ജേക്കബ്‌ മാത്യു, മീരാ ഫിലിപ്പ്‌, ശാന്തമ്മാ മാമന്‍, അനു മാമ്മന്‍ എന്നിവരാണ് പട്ടയത്തിനു വേണ്ടി അപേക്ഷ നല്‍കിയിരുന്നത്.

വി.എസ് അച്യുതാനന്ദൻ ഇടപെടുന്നു.

കരാര്‍ വ്യവസ്ഥ ലംഘിച്ച്, പാട്ടം കൃത്യമായി അടയ്ക്കാതിരുന്ന മനോരമ കുടുംബത്തിന് , കാലാവധിക്കു ശേഷം കരാര്‍ പുതുക്കി നൽകരുതെന്നാവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതി അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ്‌ അച്യുതാനന്ദന്‌ പരാതി നല്‍കി. 2002 ഒക്ടോബര്‍ 30നു ക്ഷേത്രം സന്ദര്‍ശിച്ച വിഎസ്‌, ഇവരുടെ വാദം സത്യമാണെന്ന് കണ്ടെത്തി. പത്രത്തിന്റെ മറവില്‍ മനോരമ കുടുംബം നടത്തിയ ചതിയ്ക്കും വിശ്വാസ വഞ്ചനയ്ക്കും കണക്കില്ലെന്നും പന്തല്ലൂരില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് വിഎസ് കുറ്റപ്പെടുത്തി.

ഭൂമി അനധികൃതമായി കൈവശം വെക്കാൻ മനോരമ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും 2008 ൽ ഹൈക്കോടതി ഭൂമി തിരിച്ച് കൊടുക്കാൻ ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ മനോരമ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി. ഒടുവിൽ 2018 ൽ കോടതിവിധിയും ഇച്ഛാശക്തിയുള്ള സർക്കാരും ചേർന്ന് 16 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ഇരകൾക്ക് നീതി ലഭ്യമാക്കി.

കള്ളക്കളികളിലൂടെ ഏക്കർ കണക്കിന് ഭൂമി തട്ടിയെടുക്കാനുള്ള മാധ്യമഭീമന്റെ നീക്കങ്ങളൊക്കെയും പൊളിഞ്ഞ് വീഴുകയായിരുന്നു അവിടെ.

വിവരങ്ങൾക്ക് കടപ്പാട് : വിവിധ മാധ്യമറിപ്പോർട്ടുകൾ

Proletarian Post
https://www.facebook.com/101673621650874/posts/103684744783095/


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *