രാജമലയിലെയും കരിപ്പൂരിലെയും ദുരന്തം രണ്ട് തരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജമലയിൽ ആദ്യഘട്ടത്തിലുള്ള ധനസഹായമാണ് പ്രഖ്യാപിച്ചത്. അവിടെ രക്ഷാപ്രവർത്തനം തന്നെ ഇപ്പോഴും പൂർത്തിയായിട്ടില്ല. ദുരന്തത്തിന്റെ വ്യാപ്തി അതിനുശേഷമേ വിലയിരുത്താനാകൂ. നഷ്ടവും പിന്നീടേ കണക്കാക്കാനാകൂ. അതിന്റെ അടിസ്ഥാനത്തിൽ തുടർ സഹായങ്ങളും ഉണ്ടാകും. പെട്ടിമുടിയിൽ അഞ്ച് ലക്ഷവും കരിപ്പൂരിൽ 10 ലക്ഷവും അനുവദിച്ചത് വിവേചമല്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ് പെട്ടിമുടിയിൽ. ഉറ്റവർ നഷ്ടപ്പെട്ടുപോയ ജനതയെ ചേർത്തുപിടിക്കേണ്ട അവസ്ഥയാണ് വന്നുചേർന്നത്. ആളുകൾക്ക് ജീവനോപാധിയും വാസസ്ഥലവും നഷ്ടപ്പെട്ടിട്ടുണ്ട്. അതെല്ലാം ഉറപ്പ് വരുത്താനുള്ള ബാധ്യത സാധാരണ നിലയിൽ സർക്കാരിനുണ്ട്. രക്ഷാപ്രവർത്തനം കഴിഞ്ഞ് മാത്രമേ പ്രശ്‌നങ്ങൾ മനസിലാക്കാനാകൂ. സർക്കാർ ദുരിതബാധിതരെ സംരക്ഷിക്കുകയും ചെയ്യും അവരോടൊപ്പം നിൽക്കുകയും ചെയ്യും. ഇപ്പോൾ നടത്തിയ ധനസഹായ പ്രഖ്യാപനം ആദ്യഘട്ടത്തിലുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജമലയിൽ പോയില്ല, കോഴിക്കോട് പോയി എന്നൊരു പ്രചരണവും കണ്ടു. അതിൽ രണ്ട് കാര്യമാണ് നോക്കേണ്ടത്. രക്ഷാപ്രവർത്തനമാണ് അതീവ ഗൗരവമായി നടക്കേണ്ടത്. അതിന് വിവിധ ഏജൻസികളെയും വിഭാഗങ്ങളെയും ഏകോപിപ്പിക്കണം. ആ പ്രവർത്തനം രാജമലയിൽ ഇപ്പോഴും നടന്നുവരികയാണ്. ഇന്നലെത്തന്നെ രാജമലയിൽ എത്തിപ്പെടാൻ ആലോചിച്ചിരുന്നു. എന്നാൽ അതിന് സാധിക്കാത്ത കാലാവസ്ഥയായിരുന്നു. മൂന്നാറിലെങ്കിലും എത്താൻ കഴിയുമോ എന്നും ആലോചിച്ചുവെങ്കിലും അതിന് സാധിക്കുന്ന സാഹചര്യമല്ലായിരുന്നു. ഇപ്പോൾ മന്ത്രിമാരായ എം എം മണിയും ഇ ചന്ദ്രശേഖരനും ദുരന്തസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

ഓരോ സ്ഥലത്തിന്റെയും ആവശ്യത്തിനനുസരിച്ച് നടപടികൾ സ്വീകരിക്കാനാണ് സർക്കാർ നോക്കുന്നത്. എവിടെയും വേർതിരിവിന്റെ പ്രശ്‌നമില്ല. കരിപ്പൂരിൽ രക്ഷാപ്രവര്ത്തനം ഇന്നലെ അവസാനിച്ചു. അവിടെ നടന്ന രക്ഷാപ്രവർത്തനത്തിന്റെ വേഗതയെ പലരും പ്രശംസിച്ചു. യഥാർത്ഥത്തിൽ അത്തരമൊരു ദുരന്തം സംഭവിക്കുമ്പോൾ ചിലപ്പോൾ ആരും രക്ഷപ്പെട്ടെന്ന് വരില്ല. തീപിടിക്കുകയോ സ്‌ഫോടനം നടക്കുകയോ ചെയ്യാതിരുന്നത് ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2020-08-08T17:29:38+0000