1977ല്‍ CPM ജനസംഘത്തിന്റെ സഹായം തേടിയിരുന്നോ ?
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഒരു പ്രചാരണമാണ് ‘1977 ല്‍ സിപിഎം ജനസംഘത്തിന്റെ സഹായത്തോടെ പാലക്കാട് മത്സരിച്ചിരുന്നു’ എന്ന് .1977 മാര്‍ച്ച് 3 ന് സിപിഎം സഥാനാര്‍ഥിയായിരുന്നു ടി ശിവദാസമേനോന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പാലക്കാട് ഗൗഡർ തീയറ്ററിൽ എല്‍ കെ അദ്വാനി ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രം സഹിതമായിരുന്നു വാര്‍ത്ത. അദ്വാനിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്യുന്ന ഒ രാജഗോപാലും (നേമം എംഎല്‍എ) ചിത്രത്തിലുണ്ട്.
ഒരു പ്രമുഖ പത്രത്തില്‍ വന്ന വാർത്താ ചിത്രം ഒരു ഫേസ്ബുക് പേജ് ഏറ്റെടുത്തതോടെയാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.
എന്താണ് വാസ്തവം
1977 മാർച്ച് 3ന് അദ്വാനി പാലക്കാട് മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുത്തതും സി പി എം സ്ഥാനാർഥി ശിവദാസമേനോനായി വോട്ട് ചോദിച്ചെന്നത് യാഥാര്‍ഥ്യം. അന്ന് കോൺഗ്രസ് വിരുദ്ധ ചേരിയിൽ മുഖ്യ പ്രതിപക്ഷമായ ജനതാ പാർട്ടിക്കൊപ്പമായിരുന്നു സിപിഎം . അന്ന് ജനതാ പാര്‍ട്ടി നേതാവായിരുന്നു അദ്വാനി.
അപ്പോൾ അദ്വാനി ജനസംഘം നേതാവല്ലേ?
ആയിരുന്നു. ആർ എസ് എസിന്റെ രാഷ്ട്രീയ മുഖമായി 1951 ഒക്ടോബര്‍ 21 ന് ശ്യാമപ്രസാദ് മുഖര്‍ജി അധ്യക്ഷനായി രൂപീകരിച്ച ഭാരതീയ ജനസംഘം പാര്‍ടിയുടെ നേതാക്കമാരായിരുന്നു അദ്വാനിയും എ ബി വാജ്‌പേയിയും.
ജനതാ പാര്‍ട്ടി
ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയുടെ ഭീകരാവസ്ഥയ്ക്ക് എതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ജനതാ മുന്നണി 1977 ജനുവരി 23 നാണ് ജനതാ പാര്‍ട്ടി എന്ന് നിലവില്‍ വരുന്നത്. അതിൽ ജനസംഘവും ലയിച്ചു. പ്രതിപക്ഷത്തിന്റെ ഐക്യ മുന്നണിയായി പിറന്ന പാർട്ടിയിൽ സ്വതന്ത്ര പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഭാരതിയ ലോക് ദൾ, സംഘടനാ കോൺഗ്രസ് എന്നിവയും ജനതാപാർട്ടിയായി. കലപ്പ ഏന്തിയ കർഷകനായിരുന്നു തെരഞ്ഞെടുപ്പ് ചിഹ്‌നം.
അടിയന്തിരാവസ്ഥയ്ക്ക് എതിരെയായിരുന്നു സി പി എം നിലയുറപ്പിച്ചത്. അത്തരത്തിൽ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായാണ് ജനതാ പാർട്ടി നേതാവായ അദ്വാനി സിപിഎം സ്ഥാനാര്‍ഥിക്കായി കേരളത്തിലെത്തുന്നത്. സി. പി ഐ ആകട്ടെ കോൺഗ്രസ് മുന്നണിയിലും.
തെരഞ്ഞെടുപ്പിന് ശേഷം
ജനത പാര്‍ട്ടിയിലൂടെയാണ് ഇന്ത്യയുടെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര മന്ത്രിസഭ. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിൽ 1977 മാര്‍ച്ച് 24 മുതല്‍ 1979 ജൂലൈ 28 വരെയായിരുന്നു അത്. ഇതിൽ വാജ്‌പേയ് വിദേശകാര്യമന്ത്രിയും അദ്വാനി വാർത്താ വിതരണ മന്ത്രിയുമായിരുന്നു
പിന്നെ എന്ത് സംഭവിച്ചു ?
മുൻ ജനസംഘംനേതാക്കൾ ആർ എസ് എസുമായി ബന്ധം തുടർന്നത് ജനതാ ഭരണത്തിന്റെ തകർച്ചയ്ക്ക് കാരണമായി. ഒരേ സമയം ജനതാപാർട്ടിയിലും ആർ എസ് എസിലും അംഗം ആയിരിക്കുന്നതിനെതിരെ രാജ് നാരായണൻ രംഗത്തെത്തി. മന്ത്രിസഭയിലെ ആർ എസ് എസ് അംഗങ്ങളായ വാജ്‌പേയ്, അദ്വാനി എന്നിവരെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൊറാർജിക്കെതിരായി ഉപപ്രധാനമന്ത്രി ചരൺ സിംഗ് ദ്വയാംഗത്വ പ്രശ്‍നം രൂക്ഷമാക്കി. ജനസംഘക്കാരായ 93 പേരാണ് ഉണ്ടായിരുന്നത്. ഇതാകട്ടെ ജനതാപാർട്ടി അംഗങ്ങളുടെ 31 ശതമാനമായിരുന്നു. ദ്വയാംഗത്വ പ്രശ്നത്തിന്റെപേരിൽ മൊറാർജി രാജി വെച്ചു. തുടർന്ന് ചരൺസിങ് ജനതാ പാർട്ടി സെക്കുലർ എന്ന പാർട്ടിയായി കോൺഗ്രസ് പിന്തുണയോടെ മന്ത്രി സഭ 1979 ജൂലൈ 29 ന് രൂപീകരിച്ചു. 24 ആഴ്ച നീണ്ട ഭരണം 1980 ജനുവരി 14 ന് അവസാനിച്ചു.
തുടർന്ന് വാജ്‌പേയ്, അദ്വാനി, വിജയ രാജെ സിന്ധ്യ, ബി എസ് ശെഖാവത്, സിഖന്ദർ ഭക്ത് എന്നിവരുടെ നേതൃത്വത്തിൽ 1980 ഏപ്രില്‍ ആറിനായിരുന്നു ഭാരതീയ ജനത പാര്‍ട്ടി (ബിജെപി)യുടെ ജനനം.
അപ്പോൾ?
അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിര ഗാന്ധിയുടെ ഫാഷിസ്റ്റ് ഏകാധിപത്യത്തിനെതിരെ ഇന്ത്യയിൽ ഒരു വിധം പ്രതിപക്ഷ പാർട്ടികൾ ഒക്കെ ഒന്നിച്ചു.അന്ന് സോഷ്യലിസ്റ്റ് മുഖമുണ്ടായിരുന്ന ജനതാ പാർട്ടി നേതാവായിരുന്ന അദ്വാനിയും അതിൽ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ജനതാ പാർട്ടി നേതാക്കളിൽ പഴയ ജനസംഘക്കാർ ആർഎസ്എസുമായി ബന്ധം പുലർത്തിയത് ചോദ്യം ചെയ്യപ്പെടുകയും,ആ പരിപാടി നടക്കില്ല എന്ന് വരികയും ചെയ്തപ്പോൾ അദ്വാനിയും വാജ്പേയും മറ്റും അടങ്ങുന്ന പഴയ ജനസംഘക്കാർ പാർട്ടി വിടുകയും ബിജെപി രൂപീകരിക്കുകയും ചെയ്‌തു.
എന്നാലും
തീർന്നില്ല.ഇതേ കെ ജി മാരാരും ഒ രാജഗോപാലും ഉള്‍പ്പെടെ കോണ്‍ഗ്രസ് മുന്നണിയില്‍ 1980 ൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.ഇപ്പോള്‍ നേമത്ത് ബിജെപി സ്ഥാനാര്‍ഥിയായ ഒ രാജഗോപാല്‍ 1980ല്‍ കാസര്‍കോട് ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് മുന്നണിയിലായിരുന്നു മത്സരിച്ചത്.1977ല്‍ ഇന്ദിര ഗാന്ധിയുടെ അര്‍ധ ഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ ജനാധിപത്യത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി രൂപംകൊണ്ട ഇടത് പക്ഷം പിന്തുണച്ച ജനതാപാര്‍ട്ടി സർക്കാരിനെ മറിച്ചിട്ടശേഷമാണ് അതേ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ മുന്നണിയില്‍ ഒ രാജഗോപാലും കെ ജി മാരാരും മത്സരിച്ചതെന്നതും ചരിത്രം. 1980ല്‍തുടങ്ങിയ ഈ ബാന്ധവമാണ് ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ് ഇപ്പോഴും തുടരുന്നത്.പക്ഷേ 1980ല്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ സിപിഐ എമ്മിന്റെ എം രാമണ്ണറൈയോട് ഒ രാജഗോപാല്‍ തോറ്റു.അന്ന് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങളം മണ്ഡലത്തിൽ ആർഎസ്എസ് ആചാര്യൻ കെ ജി മാരാര്‍ കോണ്‍ഗ്രസ് മുന്നണിയില്‍ മത്സരിച്ചു ഇടതു പക്ഷത്തോട് തോറ്റു.ഇവിടെയും തീരുന്നില്ല കോണ്ഗ്രസ് മുന്നണിയിൽ മത്സരിച്ച ആര്‍എസ്എസ് സ്ഥാനാര്‍ഥികള്‍. ഒറ്റപ്പാലത്ത് മത്സരിച്ച പി ആര്‍ നമ്പ്യാരും ചവറയില്‍ മത്സരിച്ച സി രാജേന്ദ്രനും ഇടതു മുന്നണിയോട് മത്സരിച്ചു തോറ്റു.കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്ദിര ഗാന്ധിയുടെ അനുവാദത്തോടെയാണ് കെ കരുണാകരന്‍ ജനതാപാര്‍ടിയുമായി സഖ്യമുണ്ടാക്കിയത്.എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും വി എം സുധീരനുമെല്ലാം അന്ന് ഇന്ദിര ഗാന്ധിയെ തള്ളിപ്പറഞ്ഞ് ഇടതുപക്ഷത്തോടൊപ്പമായിരുന്നു എന്നത് ചരിത്രം.
https://m.facebook.com/story.php?story_fbid=1297659220389558&id=293325917489565
0 Comments