“ഇന്ത്യ – ചൈന യുദ്ധവും കമ്മ്യൂണിസ്റ്റുകാരും ” വലതുപക്ഷ കുപ്രചരണങ്ങൾക്ക് ഒരു മറുപടി

1962 ൽ നടന്ന ഇന്ത്യാ -ചൈനാ യുദ്ധത്തിൽ ഇന്ത്യയിലെ ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകൾ ( പിന്നീട് സിപിഐഎം ആയി മാറിയവർ ) ചൈനീസ് അനുകൂല നിലപാടുകൾ എടുത്തു എന്നത് ഇന്ത്യയിലെ വലതുപക്ഷം കാലാകാലങ്ങളായി ആരോപിക്കുന്ന കാര്യങ്ങളാണ്. ഇനി എന്താണവയുടെ വസ്തുത എന്ന് നോക്കാം…

മക് മോഹൻ ലൈൻ

ബ്രിട്ടീഷ് സിവിൽ സെർവെന്റ് ആയിരുന്ന സർ ഹെൻറി മക് മോഹൻ ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായിരുന്ന കാലത്തും, ചൈനയിൽ വിപ്ലവം നടന്ന് ജനകീയ ചൈനയാവുന്നതിന് മുൻപുള്ള കാലത്തും രേഖപ്പെടുത്തിയ അവ്യക്തമായ ഒരു അതിർത്തിയാണത്. 1914 ലെ സിംല കരാർ ആദ്യം ടിബറ്റ്, ചൈന, ബ്രിട്ടീഷ് ഇന്ത്യ ഇവ അംഗീകരിച്ചിരുന്നെങ്കിലും, പിന്നീട് ചൈന അതിൽ നിന്ന് പിന്മാറിയിരുന്നു. സിംല കരാറിൽ ഇന്ത്യാ – ചൈനാ അതിർത്തിയായി രേഖപ്പെടുത്തിയിരുന്ന മക് മോഹൻ രേഖയ്ക്ക് വ്യക്തമായ ഒരു ലിഖിത – രേഖാചിത്ര രൂപം ഉണ്ടായിരുന്നില്ല എന്നത് വസ്തുതയാണ്.
ഇത്തരത്തിലുള്ള പശ്ചാത്തലത്തിൽ 1962 ൽ ഇന്ത്യാ – ചൈനാ അതിർത്തി തർക്കത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വ്യക്തമായ നിലപാടുകൾ ഉണ്ടായിരുന്നു. പാർട്ടിയുടെ നിലപാട് അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും, സിപിഐഎം സ്ഥാപക നേതാക്കളിൽ ഒരാളും, മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതിബസു വ്യക്തമാക്കിയിരുന്നു… അദ്ദേഹത്തിന്റെ വാക്കുകൾ ” ഞങ്ങളുടെ നിലപാട് വ്യക്തമാണ്, കമ്മ്യൂണിസ്റ്റ് പാർട്ടി വിചാരിക്കുന്നത് ഇന്ത്യൻ അതിർത്തി ശക്തമായി സംരക്ഷിക്കപ്പെടണമെന്നാണ്, ആക്രമിക്കാൻ വരുന്ന രാജ്യത്തിന്റെ രാഷ്ട്രീയ സ്വഭാവം പരിഗണിക്കാതെ, ഇന്ത്യയുടെ സ്വാതന്ത്രത്തിനും പ്രതിരോധത്തിനും വേണ്ടി നിലപാടുകൾ എടുക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വിമുഖത കാണിക്കില്ല – -ദി സ്റ്റേറ്റ്സ്മാൻ, 31 ഒക്ടോബർ 1962″

ദുർവ്യാഖ്യാനിക്കപ്പെട്ട ഇ.എം.എസ് ന്റെ നിലപാട്

” ചൈനക്കാർ അവരുടേതെന്നും, ഇന്ത്യക്കാർ ഇന്ത്യയുടേതെന്നും കരുതുന്ന തർക്ക വിഷയമായ അതിർത്തി പ്രശ്നം ചർച്ചകളിലൂടെ വേണം പരിഹരിക്കാൻ “
മൂന്നാം ലോക രാജ്യങ്ങളായിരുന്ന ഇന്ത്യയും ചൈനയും ഒരു യുദ്ധത്തിലൂടെ അതിർത്തി തർക്കം പരിഹരിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് ദീർഘ ദർശിയായ ഇ.എം.എസ് അന്നേ മനസ്സിലാക്കി. അദ്ദേഹത്തിന്റെ നിലപാടുകൾ തന്നെയായിരുന്നു ശരിയെന്ന് ഇപ്പോഴത്തെ ഭരണകൂടം ഉൾപ്പെടെ പിന്നീട് വന്ന ഭരണകൂടങ്ങൾ മനസ്സിലാക്കിയത് ഈ ഘട്ടത്തിൽ പ്രസ്താവ്യമാണ്.

പിൻ കുറിപ്പ് – 1962 ൽ വി എസ്‌ അച്യുതാനന്ദനും ജയിലിൽ പാർട്ടിയുടെ കൺവീനർ ആയി പ്രവർത്തിച്ചിരുന്ന ഒ ജെ ജോസെഫും തമ്മിലുണ്ടായ സംഘടനാ പരമായ തർക്കങ്ങളിൽ പാർട്ടി രണ്ടാളെയും താക്കീത് ചെയ്തിരുന്നു. ഇത് ഇന്ത്യൻ പട്ടാളക്കാർക്ക് ബ്ലഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു എന്ന് ചില വലത് പക്ഷ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത്തരം കാര്യങ്ങളിൽ വസ്തുതയില്ലെന്ന് പിന്നീട് വ്യക്തമാവുകയും, അതിനെ സാധൂകരിക്കുന്ന രേഖകൾ പ്രസ്തുത മാധ്യമങ്ങൾക്ക് പരസ്യപ്പെടുത്താൻ കഴിയാതെയും വന്നിട്ടുണ്ട്. എന്നിരുന്നാലും ഇന്നും ചില കമ്മ്യൂണിസ്റ്റ് വിരോധികൾ ഇത്തരം ആരോപണങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്.


0 Comments

Leave a Reply

Your email address will not be published.