app-facebook

Peter Johnabout 3 months ago

Arun T Remesh Writes:

രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 21 ശതമാനവും മദ്യവും, കഞ്ചാവും, കറുപ്പും വിൽക്കുന്നതിൽ നിന്ന് കണ്ടെത്തിയിരുന്ന രാജ്യമേതെന്ന് അറിയുമോ?

ആരോഗ്യ മേഖലയിൽ ചെലവാക്കിയിരുന്നതിനേക്കാൾ വലിയ തുക, കൃഷിയ്ക്ക് വേണ്ടി ചെലവാക്കുന്നതിന്റെ 15 ഇരട്ടി കൊട്ടാരച്ചെലവുകൾക്കു വേണ്ടി ചെലവാക്കിയിരുന്ന രാജ്യമേതെന്ന് അറിയുമോ?
തൊഴിലാളികൾക്ക് കിട്ടുന്ന കൂലിയുടെ ഇരുപത് ഇരട്ടി ടാക്സ് അടയ്ക്കുന്നവർക്ക് മാത്രം വോട്ടവകാശമുണ്ടായിരുന്ന, പരമാവധി ദിവസക്കൂലിയുടെ നാലായിരം ഇരട്ടി വാർഷിക വരുമാനമുള്ളവർക്ക് ഇലക്ഷനിൽ മൽസരിക്കാൻ കഴിയുമായിരുന്ന ജനപ്രതിനിധി സഭയുണ്ടായിരുന്ന രാജ്യം ?

ഭൂരിപക്ഷം ജനങ്ങളും പകലന്തിയോളം മണ്ണിൽ പണിയെടുത്തിട്ടും ഭക്ഷ്യധാന്യങ്ങളിൽ പോലും സ്വയം പര്യാപ്തയില്ലാതിരുന്ന രാജ്യം ?

തൊഴിലാളികളുടെ പണിമുടക്കുകൾ അടിച്ചമർത്തലിലും വെടിവെയ്പ്പിലും അവസാനിച്ചിരുന്ന രാജ്യം ?

ഫാക്ടറികൾ തുടങ്ങാൻ ശ്രമിക്കുകയും അത് പരാജയപ്പെട്ട് സ്വകാര്യ വ്യക്തികൾക്ക് കൈമാറുകയും ചെയ്ത രാജ്യം ?

ഒരു വർഷം വ്യവസായങ്ങൾക്ക് ചെലവാക്കുന്നതിനേക്കാൾ വലിയ തുക രാജാവിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ സമ്മാനമായി പുരോഹിതർക്ക് കൊടുക്കുന്ന സ്വർണ്ണം വാങ്ങാൻ ചെലവഴിച്ചിരുന്ന രാജ്യം ?

അത് കേരളം രാഷ്ട്രീയക്കാർ ഭരിച്ചു നശിപ്പിക്കപ്പെട്ടുവെന്ന് പരാതി പറയുന്ന രാജഭക്തരുടെ സമ്പദ് സമൃദ്ധ ‘തിരുവിതാംകൂർ’ മഹാരാജ്യമാണ്.

(Ref : Evolution and working of the government in Travancore. N. V. Rajkumar
The Indian Journal of Political Science. 1940)
മറ്റു നാട്ടുരാജ്യങ്ങളെ അപേക്ഷിച്ച് തിരുവിതാംകൂർ സമ്പന്നമായിരുന്നതിന്
പിന്നിൽ സ്വന്തമായി ഭൂമിയോ മൂന്നു നേരം ആഹാരമോ ഇല്ലാതെ പണിയെടുത്തിരുന്ന പാവങ്ങളുടെ അധ്വാനമായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഇൻവെസ്റ്റ് ചെയ്തിരുന്നതിനും ഭരണപരിഷ്ക്കാരങ്ങൾക്കും പിന്നിൽ ശക്തമായ കേരള നവോത്ഥാനത്തിനും ജനകീയ പ്രക്ഷോഭങ്ങൾക്കും പങ്കുണ്ട്. ക്ഷേത്ര പ്രവേശന വിളംബംരമുണ്ടായത് ഒരു ദിവസം രാവിലെ രാജാവിനുണ്ടായ വെളിപാടിന്റെ പുറത്തല്ല, സംഘടിതമായ സമരങ്ങളുടെ ഫലമായിട്ടാണ്.

1879 ലെ തിരുവിതാംകൂർ വാക്സിനേഷൻ വിളംബരം നിർബന്ധമാക്കിയത് ആഘോഷിക്കുന്നതിന് മുൻപ് 1838 ൽ തന്നെ 80% ബ്രിട്ടീഷ് സ്റ്റേറ്റുകളിൽ അത് നിർബന്ധമായിരുന്നെന്നും 1892 ൽ ബ്രിട്ടീഷ് ഇന്ത്യ മുഴുവൻ അത് നടപ്പിലാക്കിയെന്നും അറിയണം. അക്കാലത്ത് തന്നെയാണ് ഡോ. പൽപുവിന് അവർണനായതിന്റെ പേരിൽ തിരുവിതാംകൂറിൽ മെഡിക്കൽ വിദ്യാഭ്യാസവും, പിന്നീട് മദ്രാസിൽ നിന്ന് ഡോക്ടറായ ശേഷം പ്രാക്റ്റീസും നിഷേധിച്ചതെന്നും അദ്ദേഹം മൈസൂരിൽ പോയി പ്ലേഗ് നിയന്ത്രിക്കുന്നതിലും ബാംഗ്ലൂർ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിലും പ്രധാന പങ്കുവഹിച്ചതെന്നും അറിയണം.

രാജാക്കൻമാർ തുടങ്ങിയ വ്യവസായങ്ങളൊക്കെ രാഷ്ട്രീയക്കാർ നശിപ്പിച്ചുവെന്നും, ഭക്ഷ്യ സ്വയം പര്യാപ്തത നഷ്ടപ്പെട്ടെന്നും, മുഖ്യ വരുമാനം മദ്യത്തിൽ നിന്ന് കണ്ടെത്തുന്ന രീതിയിൽ കേരളം അധ:പതിച്ചെന്നും, ഇപ്പോഴും രാജഭരണമായിരുന്നെങ്കിൽ പൊളിച്ചേനെയെന്നും പറയുന്ന രാജഭക്തരും കേരള മോഡലിന്റെ അവകാശം രാജഭരണത്തിന് ചാർത്തുന്ന ചരിത്രബോധമില്ലാത്ത ആന്റണിമാരും പഴയ കണക്കുകൾ കൂടി അറിയണം.


0 Comments

Leave a Reply

Your email address will not be published.