


ദില്ലി കലാപത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ടിൻ്റെയടക്കം പേരിൽ കേന്ദ്രസർക്കാരിന് കീഴിലുള്ള പോലീസ് കുറ്റപത്രം നൽകിയിരിക്കുന്നു. 2020 ഫെബ്രുവരി 23 രാത്രി സംഘപരിവാർ നേതൃത്വത്തിലാരംഭിച്ച കലാപത്തിൽ 53 പേരാണ് കൊല്ലപ്പെട്ടത്. കലാപം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സിപിഐഎമ്മിൻ്റെയും ഡിവൈഎഫ്ഐയുടെയും സഖാക്കൾ പ്രതിരോധപ്രവർത്തനങ്ങൾക്കായി രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് കലാപം അമർച്ച ചെയ്യണമെന്നാവശ്യപ്പെട്ട ആദ്യ രാഷ്ട്രീയ പാർടികളിലൊന്ന് സിപിഐഎമ്മാണ്.
ഫെബ്രുവരി 26ന് രാവിലെ പൊളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ട് ജി ബി ആശുപത്രിയിലെത്തി ആക്രമണത്തിനിരയായവരെ കണ്ടിരുന്നു.(ചിത്രം 1) അന്നേ ദിവസം പാർടി ദില്ലി സംസ്ഥാന സെക്രട്ടറി സ. ജി ബി തിവാരിയും സംഘത്തിലുണ്ടായിരുന്നു. അന്ന് ഉച്ചക്ക് ദില്ലിയിലെ ജന്തർ മന്തിറിൽ സിപിഐഎം ഉൾപ്പെടെയുള്ള പാർടികൾ കലാപം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടലുണ്ടാകണമെന്നും കലാപം സർവ്വം നശിപ്പിച്ചവർക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും സഹായം നൽകണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിച്ചു. ഫെബ്രുവരി 27ന് ഇടതുപക്ഷ എം പിമാരുടെ സംഘവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളും കലാപബാധിതരായവരെ സമാശ്വസിപ്പിക്കാൻ സ്ഥലം സന്ദർശിച്ചു.
ഫെബ്രുവരി 28ന് കലാപബാധിതരെ സഹായിക്കാൻ ഫണ്ട് പിരിക്കണമെന്ന് രാജ്യത്തെ എല്ലാ സംസ്ഥാന കമ്മിറ്റികൾക്കും സിപിഐ എം പൊളിറ്റ് ബ്യൂറോ നിർദേശം നൽകി. മാർച്ച് 1 മുതൽ കലാപബാധിതരായ ആളുകളുടെ വീടുകൾ റിലീഫ് കമ്മിറ്റി അംഗങ്ങൾ സന്ദർശിക്കാൻ തുടങ്ങി. അന്നേദിവസം സ. ബൃന്ദ കാരാട്ട് കലാപത്തിൽ കൊല്ലപ്പെട്ട ഫൈസാൻ്റെ വീട് സന്ദർശിച്ചു.(ചിത്രം 2)
ഇതിൻ്റെ ഭാഗമായി വളരെ പെട്ടെന്ന് തന്നെ ഫണ്ട് പിരിവ് സംഘടിപ്പിക്കുകയും ആദ്യ ഘട്ട സഹായം മാർച്ച് 6 മുതൽ വിതരണം ചെയ്യുകയും ചെയ്തു. മാർച്ച് 6ന് സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെയും പൊളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ടിൻ്റെയും നേതൃത്വത്തിലുള്ള സംഘം കലാപത്തിൽ കൊല്ലപ്പെട്ട 6 പേരുടെ വീടുകൾ സന്ദർശിക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുകയും ചെയ്തു.(ചിത്രം 3) മാർച്ച് 12നും 14നും പാർടി പോളിറ്റ് ബ്യൂറോ അംഗം സഖാവ് ബൃന്ദ കാരാട്ടിൻ്റെ നേതൃത്വത്തിലുള്ള സംഘം കലാപത്തിൽ കൊല്ലപ്പെട്ട നിരവധിയായിട്ടുള്ള ആളുകളുടെ വീടുകൾ സന്ദർശിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ആശുപത്രിയിൽ ചികിത്സ തേടിയ നിരവധി പേർക്ക് ചികിത്സാ സഹായവും പാർടി നൽകി.(ചിത്രം 4,5)
മാർച്ച് 16നും 17നും സഖാക്കൾ സുഭാഷിണി അലിയുടെയും പ്രകാശ് കാരാട്ടിൻ്റെയും നേതൃത്വത്തിലുള്ള സംഘമാണ് കലാപബാധിതപ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയത്. മാസങ്ങളോളം എല്ലാ വീടുകളിലും റേഷൻ വിതരണം നടത്തിയതിനുപുറമേ ആവശ്യമായ പാത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും സിപിഐ എം എത്തിച്ചുനൽകി.
ജൂലൈ 9ന് സിപിഐ എം പ്രഖ്യാപിച്ചതുപ്രകാരം ജീവനോപാധികൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അത് നൽകുന്നതിൻ്റെ ഭാഗമായി വഴിയോരക്കച്ചവടക്കാർക്കുള്ള ഉന്തുവണ്ടികൾ സൗജന്യമായി നിർമ്മിച്ചുനൽകി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ട് ഇതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.(ചിത്രം 6) ഇതിന് പുറമെ കലാപത്തിൽ ദില്ലി പോലീസ് വേട്ടയാടുന്ന പാവപ്പെട്ടവർക്കും കലാപബാധിതർക്കും നിയമസഹായവും സിപിഐ എം നൽകുന്നുണ്ട്. ഇതിനൊക്കെ നേതൃത്വം നൽകുന്നത് സ. ബൃന്ദ കാരാട്ടാണ്. ഇതിനപ്പുറം മറ്റെന്ത് കാരണം വേണം ബിജെപി സർക്കാരിന് സ. ബൃന്ദയെ കലാപത്തിൽ പ്രതി ചേർക്കാൻ. കലാപത്തിൽ പ്രതി ചേർക്കപ്പെട്ട ബൃന്ദ കാരാട്ടും ആനി രാജയും കവിതാ കൃഷ്ണനുമുൾപ്പെടെയുള്ളവരെ നിരുപാധികം വിട്ടയക്കാൻ പോലീസ് തയ്യാറാവുകതന്നെ വേണം.
0 Comments