നെടുങ്കണ്ടത്ത് പുതിയ ട്രാൻസ്മിഷൻ ഡിവിഷൻ.

ഇടുക്കി ജില്ലയിൽ‍ പ്രസരണ ശൃംഖല പ്രവർ‍ത്തനങ്ങൾ‍ ഏകോപിപ്പിക്കുന്നതിനായി നെടുങ്കണ്ടത്ത് ട്രാൻ‍സ്മിഷൻ‍ ഡിവിഷൻ‍ രൂപീകൃതമായി. വനനിബിഡമായ പ്രദേശങ്ങളാലും സമുദ്ര നിരപ്പിൽ‍ നിന്ന് ഉയർ‍ന്ന പർ‍വ്വത പ്രദേശങ്ങളാലും സങ്കീർ‍ണ്ണമായ ഭൂപ്രകൃതിയുള്ള ജില്ലയാണ് ഇടുക്കി ജില്ല. ഇടുക്കി ജില്ലയുടെ ഭൂരിഭാഗവും ചെറിയ അളവിൽ‍ എറണാകുളം ജില്ലയും ഉൾ‍പ്പെടുന്ന പ്രദേശങ്ങളാണ് നിലവിലുള്ള തൊടുപുഴ ട്രാൻ‍സ്മിഷൻ‍ സർ‍ക്കിളിന് കീഴിലുള്ളത്. ടി സർ‍ക്കിളിന്റെ കീഴിലുള്ള പ്രസരണ ലൈനുകളുടെ സിംഹഭാഗവും വനപ്രദേശങ്ങളിലൂടെ കടന്നു പോകുന്നതിനാൽ‍ ടി ലൈനുകളുടെ അറ്റകുറ്റ പണികളും ലൈനുകളുടെ നിരീക്ഷണവും മറ്റും ഏറെ ശ്രമകരമാണ്. മാത്രമല്ല, പ്രസരണ മേഖലയിലെ അനുബന്ധ ഓഫീസുകളും ടി വിശാലമായ ഭൂപ്രകൃതിയിൽ‍ പല സ്ഥലങ്ങളിലായി ഒറ്റപെട്ട് കിടക്കുന്നു. ഇത് ലൈനുകളുടെ പണികൾ‍ ഏകോപിപ്പിക്കുന്ന പ്രവർ‍ത്തനങ്ങളിൽ‍ പരിമിതി ഉണ്ടാക്കുന്നു. ഇവ കണക്കിലെടുത്താണ് 20.8.2020 ൽ‍ ബോർ‍ഡ് ഉത്തരവ് പ്രകാരം നെടുങ്കണ്ടം ട്രാൻ‍സ്മിഷൻ‍ ഡിവിഷൻ‍ രൂപീകൃതമായത്.

വൈദ്യുതി ശൃംഖല നവീകരിക്കുന്നതിന്റെ ഭാഗമായി ചിത്തിരപുരത്തും കോതമംഗലത്തും ഓരോ 220 കെ.വി സബ്സ്റ്റേഷന്റെ നിർ‍മ്മാണം, 66 കെ.വി വോൾ‍ട്ടേജിലുള്ള പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, വാഴത്തോപ്പ് എന്നീ സബ്സ്റ്റേഷനുകൾ‍ 110 കെ.വി നിലവാരത്തിലേയ്ക്ക് ഉയർ‍ത്തൽ‍, മുരിക്കാശ്ശേരി 110 കെ.വി സബ്സ്റ്റേഷന്റെ നിർ‍മ്മാണം, അനുബന്ധ ലൈനുകളുടെ നിർ‍മ്മാണ ജോലികൾ‍ എന്നിവ പുരോഗമിക്കുകയാണ്. കൂടാതെ, മറയൂർ‍ 33 കെ.വി സബ്സ്റ്റേഷനും പള്ളിവാസൽ‍ പവർ‍ ഹൗസിൽ‍ നിന്നുള്ള അനുബന്ധ ലൈനും നിർ‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇവയെല്ലാം തന്നെ ഈ ഡിവിഷന്റെ പരിധിയിൽ‍ വരുന്നതാണ്. പ്രസ്തുത ഡിവിഷനു കീഴിൽ‍ ട്രാൻ‍സ്മിഷൻ‍ സബ്ഡിവിഷൻ‍ ചിത്തിരപുരം, ട്രാൻ‍സ്മിഷൻ‍ സബ്ഡിവിഷൻ‍ നെടുങ്കണ്ടം, ട്രാൻ‍സ്മിഷൻ‍ സബ്ഡിവിഷൻ‍, പീരുമേട് എന്നിങ്ങനെ 3 ട്രാൻ‍സ്മിഷൻ‍ സബ്ഡിവിഷനുകളുണ്ടാകും. ഈ ഡിവിഷൻ‍ വരുന്നതിലൂടെ ഇടുക്കി ജില്ലയിൽ‍ പ്രസരണ ലൈനുകളിലെ തകരാറുകൾ‍, അറ്റകുറ്റപണികൾ‍ എന്നിവ സമയബന്ധിതമായി നടത്താൻ‍ കഴിയും. ഇതിലൂടെ പ്രസരണ മേഖലയുടെ പ്രവർ‍ത്തനങ്ങൾ‍ ത്വരിതപ്പെടുത്തിന്നതിനും ഉപഭോക്താക്കൾ‍ക്ക് മെച്ചപ്പെട്ട സേവനം എന്ന ലക്ഷ്യം കൂടുതൽ‍ ഫലപ്രാപ്തിയിൽ‍ എത്തിക്കുന്നതിനും സഹായകമാകുന്നു.

ഗ്രീൻ‍ കോറിഡോർ‍ പദ്ധതിയുടെ ഭാഗമായി നിർ‍മ്മല സിറ്റി പ്രദേശത്ത് സ്ഥാപിക്കാനുദ്ദേശിച്ചിട്ടുള്ള 220 കെ.വി സബ്സ്റ്റേഷനും അനുബന്ധമായി സ്ഥാപിക്കുന്ന ലൈനുകളും ഈ ഡിവിഷൻ‍ പരിധിയിൽ‍ കൂട്ടി ചേർ‍ക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ‍ പ്രവർ‍ത്തിക്കുന്ന ടി ഡിവിഷൻ‍ ഓഫീസിൽ‍ അസിസ്റ്റന്റ് എഞ്ചിനിയർ‍, സബ് എഞ്ചിനിയർ‍ എന്നിവരും മറ്റു ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ഇതിലൂടെ ടി ഡിവിഷന്റെ പരിധിയിൽ‍ വരുന്ന ഏകദേശം രണ്ടരലക്ഷം ഉപഭോക്താക്കൾ‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താൻ‍ കഴിയും.

KSEB #IDUKKI #NEDUMKANDAM #KSEB_TRANSMISSION


0 Comments

Leave a Reply

Your email address will not be published.