*എന്താണ് കോലീബി?*
ഇടതുപക്ഷത്തെ, വിശേഷിച്ച് സിപിഐ(എം)നെ, തെരെഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനായി കോൺഗ്രസ്, മുസ്ലീം ലീഗ്, ബിജെപി എന്നീ പാർടികൾ തമ്മിലുണ്ടാക്കിയ ഗൂഢമായ അവസരവാദ കൂട്ടുകെട്ടിനെയാണ് കോലീബി സഖ്യം എന്നു പറയുന്നത്.
*എപ്പോഴാണ് കോലീബി സഖ്യം രൂപം കൊണ്ടത്?*
വമ്പിച്ച ജനപ്രീതിയോടെ, സ. ഇ.കെ. നായനാർ നേതൃത്വം നൽകിയ, ആദ്യത്തെ എൽഡിഎഫ് സർക്കാർ 1991ൽ തെരെഞ്ഞെടുപ്പിനെ നേരിട്ടപ്പോഴാണ് കോലീബി സഖ്യം ആദ്യമായി രൂപം കൊണ്ടത്.
*എവിടെയാണ് കോലീബി സഖ്യം രൂപം കൊണ്ടത്??*
വടകര ലോക്സഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന കെ.പി. ഉണ്ണികൃഷ്ണനെതിരെ കോൺഗ്രസ്സിനും ലീഗിനും ബിജെപിക്കും കൂടെ ഒരു പൊതുസ്ഥാനാർത്ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഡ്വ. എം രത്നസിംഗ്. അതുപോലെ, ബേപ്പൂർ മണ്ഡലത്തിലും ഈ മൂന്നു പാർടികൾക്കും കൂടെ ഒരൊറ്റ സ്ഥാനാർത്ഥിയാണ് ഉണ്ടായിരുന്നത്, കെ. മാധവൻകുട്ടി. ഇതാണ് കോലീബി സഖ്യത്തിന്റെ തുടക്കം.
*എന്തൊക്കെ ആയിരുന്നു കോലീബി കക്ഷികൾ തമ്മിലുണ്ടായിരുന്ന ധാരണ?*
ബേപ്പൂരിലും വടകരയിലും പൊതുസ്വതന്ത്രരമുൾപ്പടെ കേരളത്തിലാകെ യുഡിഎഫിനെ പിന്തുണക്കുന്നതിന് പ്രത്യുപകാരമായി മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ബിജെപി നേതാവ് കെ ജി മാരാർക്കെതിരെ ദുർബലനായ സ്ഥാനാർത്ഥിയെ യുഡിഎഫ് നിർത്തുകയും വോട്ട് മറിച്ചു നൽകി ബിജെപിയെ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു കോലീബി സഖ്യത്തിന്റെ പരസ്പരധാരണ.
*എന്നിട്ടെന്തു സംഭവിച്ചു?*
വടകരയിലും ബേപ്പൂരിലും മഞ്ചേശ്വരത്തും കോലീബി സ്ഥാനാർത്ഥികളെ ജനങ്ങൾ പരാജയപ്പെടുത്തിയാണ് കോലീബി സഖ്യത്തിന് മറുപടി കൊടുത്തത്.
*ഇതൊക്കെ വെറും തള്ളല്ലേ?*
അല്ല, അന്നത്തെ ബിജെപിയുടെ സമുന്നതനായ നേതാവും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന കെ ജി മാരാരുടെ ജീവചരിത്രത്തിൽ “പാഴായിപ്പോയ പരീക്ഷണം” എന്ന പേരിൽ ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമുന്നത ബിജെപി നേതാവും നേമം എംഎൽഏയുമായ ഓ. രാജഗോപാലും, എം.ടി. രമേശും കോലീബി സഖ്യം വർഷങ്ങളായുണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ നേമത്ത് ബിജെപി ജയിക്കാൻ കാരണം തന്നെ പ്രാദേശികമായി രൂപം കൊണ്ട കോലീബി കൂട്ടുകെട്ടായിരുന്നു.
*കോലീബി സഖ്യം കൊണ്ട് ആരൊക്കെയാണ് നേട്ടമുണ്ടാക്കിയത്?*
ഇതുവരെ വന്ന യു.ഡി.എഫ്. സർക്കാരുകൾ ജയിച്ചത് കോലീബി സഖ്യത്തിലൂടെയാണെന്നു നമുക്ക് കാണാം. ഇങ്ങനെ ഉണ്ടാക്കിയ സഖ്യത്തിലൂടെ കേരളത്തിൽ ബിജെപിക്ക് പല സ്ഥലങ്ങളിലും വേരുറപ്പിക്കാൻ സാധിച്ചു എന്നാണ് കഴിഞ്ഞ ദിവസം ഓ. രാജഗോപാൽ പറഞ്ഞത്. അതായത്, യുഡിഎഫും ബിജെപിയും കോലീബി സഖ്യത്താൽ നേട്ടമുണ്ടാക്കി. പരാജയപ്പെട്ടത് കേരളത്തിലെ ജനങ്ങളാണ്.
*ഇപ്പോൾ ഇതൊക്കെ ചർച്ച ചെയ്യേണ്ട കാര്യമെന്താണ്?*
വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് വെറുമൊരു തെരെഞ്ഞെടുപ്പല്ല. അത് ഇന്ത്യയാകെ ഉറ്റുനോക്കുന്ന തെരെഞ്ഞെടുപ്പാണ്. കാരണം, ആർ.എസ്.എസ്. നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ വർഗീയ നിലപാടുകളെ അതിശക്തമായി എതിർത്ത ഒരു സംസ്ഥാനസർക്കാരാണ് തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണ സാധ്യതകൾ കുറയ്ക്കാൻ സംഘപരിവാർ പണമൊഴുക്കിയും, കോൺഗ്രസ്സ് നേതാക്കളെ വിലയ്ക്കെടുത്തും മറ്റും ശ്രമിച്ചു കൊണ്ടിരിക്കുയാണ്. അതായത്, കോലീബി സഖ്യം പൂർവാധികം ശക്തിയോടെ, യാതൊരു ഒളിവും മറവും കൂടാതെ വെളിയിൽ വന്നിരിക്കുകയാണ്. അങ്ങനെയാണ് കോലീബി വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്.
*ഈ തെരെഞ്ഞെടുപ്പിൽ കോലീബി സഖ്യം ഉണ്ടോ?*
കഴിഞ്ഞ തവണ നേമത്ത് ദുർബലസ്ഥാനാർത്ഥിയെ നിർത്തി ബിജെപിയെ സഹായിച്ചതു പോലെ ഈ തെരെഞ്ഞെടുപ്പിലും കോലീബി സഖ്യം സജീവമായുണ്ട്. മലമ്പുഴ പോലെ ബിജെപി ഏ ക്ലാസ്സ് മണ്ഡലമായി കണക്കാക്കുന്ന ഇടങ്ങളിൽ ബിജെപിക്കെതിരെ ദുർബലസ്ഥാനാർത്ഥിയെ നിർത്തി കോലീബി സഖ്യം ആവർത്തിക്കാനായിരുന്നു പദ്ധതി.
*നമ്മളെന്താണ് ഇനി ചെയ്യേണ്ടത്?*
കോലീബി സഖ്യം ഇന്ത്യ എന്ന ആശയത്തിനെതിരു നിൽക്കുന്ന അവസരവാദസഖ്യമാണ്. കേരളത്തിലെ ജനങ്ങളുടെ താത്പര്യത്തിനെതിരാണ് കോലീബി. സാമൂഹ്യമായും സാമ്പത്തികമായും കേരളത്തെ തകർച്ചയിലേക്കായിരിക്കും കോലീബി നയിക്കുക. അതുകൊണ്ട് എന്തു വില കൊടുത്തും കോലീബി സഖ്യത്തെ പരാജയപ്പെടുത്താനും എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉറപ്പു വരുത്താനും ജനങ്ങൾ മുന്നോട്ടു വരണം.
Categories: Congress/UDF വാർത്തകൾ /നിലപാടുകൾ
0 Comments