കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് സര്‍വകക്ഷി യോഗം ചേര്‍ന്നു. 2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്മെന്‍റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് സര്‍വകക്ഷിയോഗം പിന്തുണ നല്‍കി.

ഖരമാലിന്യ ശേഖരണവും സംസ്കരണവും ഇപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് നിര്‍വ്വഹിക്കുന്നത്. 3500 ഹരിതകര്‍മ്മസേന യൂണിറ്റുകളും 888 ശേഖരണ കേന്ദ്രങ്ങളും 151 റിസോഴ്സ് റിക്കവറി സൗകര്യങ്ങളും കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ നിലവില്‍ വന്നിട്ടുണ്ട്. രാജ്യത്തെ തന്നെ മികച്ച സംവിധാനമാണ് സംസ്ഥാനത്തുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെങ്കിലും ഖരമാലിന്യ ശേഖരണത്തില്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ജൈവ മാലിന്യങ്ങള്‍ വീടുകളിലും സ്രോതസ്സുകളിലും സംസ്കരിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഇന്നില്ല. നൂറു ശതമാനം അജൈവ മാലിന്യങ്ങള്‍ സംസ്കരിക്കാനുംപദ്ധതി ഉണ്ടാകേണ്ടതുണ്ട്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പിന്തുണ ആവശ്യമാണ്.

മാലിന്യസംസ്കരണത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സാനിട്ടറി ലാന്‍റ് ഫില്‍ നിലവില്‍ വേണ്ടതുണ്ട്. വേസ്റ്റ് ട്രേഡിങ് സെന്‍ററുകള്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാകണം. ഇതിന് സമഗ്രമായ പദ്ധതി ആവശ്യമാണെന്ന് സര്‍ക്കാര്‍ കാണുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തമ്മില്‍ മാലിന്യസംസ്കരണ ശേഷിയില്‍ വലിയ അന്തരമുണ്ട്. ലക്ഷ്യം നേടണമെങ്കില്‍ ഈ അന്തരം മാറണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യസംസ്കരണത്തില്‍ തുല്യശേഷി കൈവരിക്കണം. പദ്ധതി വിഹിതത്തിന്‍റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ഫണ്ട് കൈമാറുന്നുണ്ട്. അതിനുപരിയായി ലോകബാങ്കില്‍നിന്നുള്ള വായ്പയാണ് കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ടിലൂടെ ലഭ്യമാക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഈ പ്രോജക്ടിലൂടെ 2100 കോടി രൂപയാണ് വായ്പ ലഭ്യമാവുക. ഇതില്‍ ലോകബാങ്കിന്‍റെ വിഹിതം 1470 കോടി രൂപയും കേരള സര്‍ക്കാരിന്‍റെ വിഹിതം 630 കോടി രൂപയുമാണ്. പ്രത്യേക പദ്ധതിക്കായി നല്‍കുന്ന വായ്പയായതിനാല്‍ ഇതിന് ലോകബാങ്ക് പൊതുവായ നിബന്ധനകളൊന്നും തന്നെ വയ്ക്കുന്നില്ല.

ഈ പദ്ധതിക്ക് പ്രധാനമായും മൂന്ന് ഭാഗങ്ങളുണ്ട്.

1.ശാക്തീകരണവും സാങ്കേതിക പിന്തുണയും.

  1. പ്രാദേശിക പശ്ചാത്തല സൗര്യങ്ങള്‍ സാനിറ്റേഷന്‍ രംഗത്ത് അധിക വിഭവങ്ങള്‍ ലഭ്യമാക്കുക.

3.ഏകോപനവും പ്രകൃതി സൗഹൃദമായ പുനഃചംക്രമണവും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരമുണ്ടാക്കാനും പ്രത്യേക സംവിധാനമുണ്ടാകും.

പദ്ധതി കാലാവധി ആറുവര്‍ഷമാണ്. ഒന്നും രണ്ടും ഘടകങ്ങള്‍ക്ക് ശുചിത്വ മിഷനും മൂന്നാമത്തേതിന് നഗരത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ് നടത്തിപ്പ് മേല്‍നോട്ടം. 93 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 183 ഗ്രാമപഞ്ചായത്തുകള്‍ക്കും ഈ പ്രോജക്ടിന്‍റെ ഗുണം ലഭിക്കും. പ്രോജക്ടിന്‍റെ ഭാഗമായി പ്രാരംഭ പഠനം നടത്താനും വിശദമായ പ്രോജക്ടുകള്‍ നടത്താനും വിവിധ ചട്ടങ്ങളുടെ പരിപാലനം നിരീക്ഷിക്കാനും സര്‍ക്കാരിന്‍റെയും ലോകബാങ്കിന്‍റെയും മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താനും സര്‍ക്കാരിനെ സഹായിക്കാന്‍ പ്രോജക്ടിന്‍റെ ഭാഗമായി കണ്‍സള്‍ട്ടന്റുകൾ ഉണ്ടാകും. ഗ്ലോബല്‍ ബിഡ്ഡിങ് പ്രക്രിയയിലൂടെയാണ് കണ്‍സള്‍ട്ടന്‍റുകളെ തെരഞ്ഞെടുക്കുന്നത്.

പിണറായി വിജയൻ
മുഖ്യമന്ത്രി


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *