തിരുവനന്തപുരം
സ്വർണക്കടത്ത്‌ കേസിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കാൻ കള്ളക്കഥ മെനയുന്ന കസ്‌റ്റംസ്‌ കേരളത്തിലെ വിമാനത്താവളങ്ങൾവഴിയുള്ള 2224 സ്വർണ്ണക്കടത്ത്‌ കേസിൽ അന്വേഷണം മരവിപ്പിച്ചു. 374.52 കോടിരൂപ മൂല്യമുള്ള 1327 കിലോസ്വർണം പിടികൂടിയതിന്‌ ആറു വർഷത്തിനിടെ കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസുകളാണ്‌ അട്ടിമറിച്ചത്‌. സ്വർണക്കടത്ത്‌ മാഫിയയുമായി കേരളത്തിലെയും ഗുജറാത്തിലെയും ചില ബിജെപി നേതാക്കൾക്കും  കസ്‌റ്റംസ്‌ ഉന്നതർക്കുമുള്ള ബന്ധമാണിതിന്‌ കാരണം.

2015 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി 28 വരെ 1327 കിലോ സ്വർണം നാല്‌ വിമാനത്താവളത്തിൽനിന്ന്‌ പിടികൂടിയെന്ന്‌ വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്‌ക്ക്‌ വിവരാവകാശപ്രകാരം കസ്‌റ്റംസ്‌ അസി. കമീഷണർ ആർ ആർ ഗോസ്വാമി മറുപടി നൽകി.  2019–-20ലാണ്‌ കൂടുതൽ സ്വർണം പിടികൂടിയത്‌. 533 കിലോ. 799 കേസും രജിസ്റ്റർ ചെയ്‌തു. 2020–-21 ഫെബ്രുവരിവരെ മാത്രം 195.34 കിലോ സ്വർണം പിടികൂടി. രജിസ്‌റ്റർ ചെയ്‌ത കേസുകളുടെ തുടർ നടപടിയെക്കുറിച്ച്‌ കസ്‌റ്റംസ്‌ മൗനം പാലിക്കുന്നു. ഒരു കേസിലും കാരിയർ അല്ലാതെ യഥാർഥകണ്ണി പിടിയിലായിട്ടുമില്ല.

കടത്തുന്ന സ്വർണത്തിൽ കൂടുതലും ഗുജറാത്തിലെ മാർവാഡികൾക്കാണ്‌ എത്തുന്നത്‌. ഇവരിൽ മിക്കവർക്കും ബിജെപി ബന്ധമുണ്ട്‌. അതിനാലാണ്‌ അന്വേഷണം ആ വഴിക്ക്‌ നീങ്ങാത്തത്‌. വിവാദമായ നയതന്ത്രബാഗേജുവഴിയുള്ള സ്വർണക്കടത്ത്‌ കേസിലും മുഖ്യകണ്ണികളെ കസ്‌റ്റംസ്‌ തൊട്ടിട്ടില്ല. 15 കോടിരൂപ മൂല്യമുളള 30 കിലോ സ്വർണം പിടിച്ച കേസിൽ എൻഐഎ, കസ്‌റ്റംസ്‌, ഇഡി തുടങ്ങിയവർ ഒമ്പത്‌ മാസമായി അന്വേഷിച്ചിട്ടും ഇതിന്റെ ഉറവിടവും അവസാന കണ്ണിയും കണ്ടെത്തിയിട്ടില്ല. കരിപ്പൂർ വിമാനത്താവളംവഴി സ്വർണം കടത്തിയതിൽ മൂന്ന്‌ സുപ്രണ്ടുമാർ ഉൾപ്പെടെ 14 കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർക്കുള്ള ബന്ധം സിബിഐ കണ്ടെത്തിയിരുന്നു.


Read more: https://www.deshabhimani.com/news/kerala/gold-smuggling-customs/934577


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *