കേരളത്തിലെ ഏറ്റവും വലിയ സബ് സ്റ്റേഷനും  2000 മെഗാവാട്ട് മാടക്കത്തറ–- പുഗലൂർ ലൈനും കമീഷനിലേക്ക്‌.  തമിഴ്നാട്ടിലെ പുഗലൂരിൽനിന്നും  മാടക്കത്തറ  സ്‌റ്റേഷനിലേക്ക് അടുത്തമാസം വൈദ്യുതി  പ്രവഹിക്കും. ഇവിടെനിന്നുള്ള വൈദ്യുതി വിതരണം സുഗമമാക്കാൻ  കെഎസ്ഇബിയുടെ പവർഹൈവേകളും 220 സബ്സ്‌റ്റേഷനും നിർമാണം പൂർത്തിയാവുകയാണ്. ഇതോടെ സംസ്ഥാനത്ത് ലോഡ്ഷെഡിങ്ങും പവർകട്ടും പൂർണമായും ഇല്ലാതാവും. അടുത്ത 25 വർഷത്തേക്ക്‌ കേരളത്തിൽ വൈദ്യുതി ക്ഷാമമില്ലാതിരിക്കാൻ ലക്ഷ്യമിട്ട വൻ പദ്ധതിയാണ് എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കുന്നത്.

തമിഴ്നാട്ടിലെ പുഗലൂർ–- മാടക്കത്തറ ലൈനും 2000 മെഗാവാട്ട് സബ്സ്റ്റേഷനും പവർഗ്രിഡ് കോർപറേഷനാണ് നിർമിക്കുന്നത്. പ്രസരണ നഷ്ടം കുറവായ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ഹൈവോൾട്ടേജ് ഡയറക്ട് കറന്റാണ് (എച്ച്‌വിഡിസി) മാടക്കത്തറയിലെത്തുക. ഇത് എസിയാക്കിമാറ്റി 400 കെവി വഴിയാണ് വിതരണം.  മാടക്കത്തറയ്‌ക്കൊപ്പം  കൊച്ചിയിലും ഈ വൈദ്യുതി എത്തിക്കും.

കേരളത്തിൽ 2800 മെഗാവാട്ടാണ് നിലവിൽ ഇറക്കുമതിശേഷിയെന്ന്  കെഎസ്ഇബി ട്രാൻസ്ഗ്രിഡ് പ്രോജക്ട് ചീഫ് എൻജിനിയർ ഡോ. പി രാജൻ പറഞ്ഞു. പുഗലൂരിൽനിന്ന് 2000 മെഗാവാട്ട്കൂടി എത്തുന്നതോടെ 4800 മെഗാവാട്ടാവും. ആഭ്യന്തര ഉൽപ്പാദനം പരമാവധി 1400 മെഗാവാട്ടാണ്. ഇതുൾപ്പെടെ 6200 മെഗാവാട്ട് വൈദ്യുതി പ്രയോജനപ്പെടുത്താം. കേരളത്തിൽ പരമാവധി 4000 മെഗാവാട്ടാണ് വൈദ്യുതി ആവശ്യകത. വർഷംതോറുമുള്ള ശരാശരി ലോഡ് വർധന കണക്കാക്കിയാൽ  25 വർഷത്തേക്കുള്ള വൈദ്യുതി  ആവശ്യകത കണക്കാക്കിയുള്ള പദ്ധതികളാണ്‌ പൂർത്തിയാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പവർഹൈവേയും ഒരുങ്ങുന്നു
കേരളത്തിൽ  വൈദ്യുതി വിതരണത്തിന്‌  അന്തർസംസ്ഥാന ലൈനുകൾക്കൊപ്പം സംസ്ഥാന പവർഹൈവേയും ശക്തമാക്കി. പുഗലൂർ –- മാടക്കത്തറ 2000 മെഗാവാട്ട്‌ ലൈനിനൊപ്പം  അരീക്കോട് –-  മൈസൂർ ലൈനും സമാന്തരമായി നിലവിലുണ്ട്. ഈ ലൈൻ വയനാടുനിന്നും  കട്ട്ചെയ്ത് കാസർകോട് എത്തിക്കാനും പദ്ധതിയുണ്ട്.  ഉടുപ്പി –- കാസർകോട് പ്രത്യേക ലൈൻ വലിക്കും. ഇതോടെ ഉടുപ്പി, കാസർകോട്, വയനാട്, അരീക്കോട്,  തൃശൂർ, കൊച്ചി,  കോട്ടയം,  എടമൺ, തിരുവനന്തപുരം എന്ന 400 പവർഹൈവേ  യാഥാർഥ്യമാവും.
Read more: https://www.deshabhimani.com/news/kerala/news-kerala-21-09-2020/896661


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *