സാമ്രാജ്യത്വം ചൂഷണവ്യവസ്ഥയാണെന്ന് പറഞ്ഞ, ആഫ്രിക്കൻ ചെഗുവേരയെന്നറിയപ്പെടുന്ന വിപ്ലവകാരി സ. തോമസ് ശങ്കരയുടെ 33ആമത് രക്തസാക്ഷിത്വദിനമാണിന്ന്. 1949ൽ ഇന്ന് ബുർക്കിനോ ഫാസോ എന്നറിയപ്പെടുന്ന അന്നത്തെ ഫ്രഞ്ച് കോളനിയായിരുന്ന അപ്പർ വോൾട്ടയിലാണ് സ. തോമസ് ശങ്കര ജനിക്കുന്നത്. പഠനത്തിനുള്ള പണമില്ലാത്തതിനാൽ 17ആമത് വയസിൽ പട്ടാളത്തിൽ ചേരേണ്ടി വന്ന ശങ്കര അവിടെ വച്ച് വിപ്ലവചിന്തകൻ കൂടിയായിരുന്ന അധ്യാപകൻ അഡാമ ട്യൂറെയെ പരിചയപ്പെട്ടത് അദ്ദേഹത്തിൻ്റെ ചിന്തകളെ മാറ്റിമറിച്ചു. ഇദ്ദേഹത്തിന് കീഴിൽ അന്താരാഷ്ട്ര രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് നടത്തിവന്ന ചർച്ചകളിൽ പങ്കെടുക്കാൻ ശങ്കരക്ക് അവസരം ലഭിച്ചു. 22ആം വയസിൽ പരിശീലനത്തിനായി ശങ്കര മഡഗാസ്കറിലേക്ക് പോയത് അദ്ദേഹത്തിലെ വിപ്ലവകാരിക്ക് പുത്തനുണർവ് നൽകി. അവിടെ നടന്നുകൊണ്ടിരുന്ന വിപ്ലവപോരാട്ടങ്ങൾ നേരിൽ കാണാൻ അവസരം ലഭിച്ചതിനൊപ്പം തന്നെ മാർക്സിൻ്റെയും ലെനിൻ്റെയും പുസ്തകങ്ങൾ തോമസ് ശങ്കര വായിക്കാൻ തുടങ്ങിയതും ഈ കാലയളവിലാണ്.

വായനയും ചുറ്റും നടക്കുന്ന വിപ്ലവപോരാട്ടങ്ങളും ഒരു കമ്യൂണിസ്റ്റുകാരനെ ഉണർത്തുകയായിരുന്നു. പിന്നീടദ്ദേഹം സ്വന്തം നാട്ടിലെ സാമൂഹ്യാന്തരീക്ഷം മാറ്റാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരായ ഉദ്യോഗസ്ഥർ രഹസ്യമായി സംഘടിപ്പിച്ച കമ്യൂണിസ്റ്റ് ഗ്രൂപ്പിലെ അംഗമായിമാറി. തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് ഉയർന്ന ഉദ്യോഗസ്ഥസ്ഥാനം അദ്ദേഹം 1981ൽ രാജിവച്ചു. 1983ൽ രാജ്യത്തിൻ്റെ പ്രസിഡൻ്റായ അദ്ദേഹം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അടിച്ചമർത്തപ്പെട്ട സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റിയും പൂർണബോധവാനായിരുന്നു. അദ്ദേഹം അധികാരത്തിലേറിയപ്പോൾ വനിതകൾക്ക് ഉന്നതപദവികൾ നൽകുകയും പ്രസവാവധി അനുവദിക്കുകയും ചെയ്തു. സ്ത്രീവിമോചനമില്ലാതെ യഥാർത്ഥ സാമൂഹ്യവിപ്ലവം ഇല്ലെന്ന് പ്രഖ്യാപിച്ച വിപ്ലവകാരി നാല് വര്‍ഷം കൊണ്ട് നടപ്പിലാക്കിയ പദ്ധതികൾ ആ നാടിനെയാകെ മാറ്റുന്നതായിരുന്നു.

  • പോളിയോ, മഞ്ഞപ്പിത്തം, മീസ്ല്‍സ് എന്നിവയ്ക്കെതിരെയുള്ള വാക്സിനേഷന്‍ പദ്ധതി ബുർക്കിനോ ഫാസോയിൽ നടപ്പിലാക്കി. ഒരാഴ്ചക്കുള്ളില്‍ 2.5 ദശലക്ഷം കുട്ടികള്‍ക്ക് വാക്സിൻ നൽകി.
  • 13% ആയിരുന്ന ബുര്‍കിന ഫാസോയിലെ സാക്ഷരതാ നിരക്ക് ദേശവ്യാപകമായ സാക്ഷരതാ ക്യാമ്പയിനിലൂടെ നാല് വർഷംകൊണ്ട് 73 ശതമാനമായി
  • ഭൂപ്രഭുക്കന്മാരിൽ നിന്ന് ഭൂമി പിടിച്ചെടുത്ത് കർഷകർക്ക് വിതരണം ചെയ്തു.
  • വൈദേശിക സഹായങ്ങളൊന്നും കൂടാതെ ജനകീയ പങ്കാളിത്തത്തോടെ രാജ്യത്ത് വികസനം നടപ്പിലാക്കി. 700 കിലോമീറ്റര്‍ റെയ്‌ല്‍പാതയാണ് ശങ്കരയുടെ കാലത്ത് നിര്‍മിച്ചത്. രാജ്യത്തിന്റെ എല്ലാ ഭാഗവും റോഡ് – റെയി‌ല്‍ ശൃംഖലകള്‍ വഴി ബന്ധിപ്പിച്ചു. വീടില്ലാത്തവര്‍ക്കുള്ള ഭവനപദ്ധതിയും അദ്ദേഹം ഇക്കാലയളവില്‍ നടപ്പിലാക്കി.
  • പട്ടാളത്തിനായുള്ള സ്റ്റോര്‍ ജനങ്ങള്‍ക്കായുള്ള സൂപ്പര്‍ മാര്‍ക്കറ്റായി മാറ്റി. സ്വന്തം ശമ്പളമുള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു. ഔദ്യോഗികാവശ്യങ്ങള്‍ക്ക് രാജ്യത്തെ ഏറ്റവും സാധാരണക്കാരുപയോഗിക്കുന്ന കാര്‍ വാങ്ങി ഉപയോഗിച്ചു.
  • ഗോതമ്പിന്റെ ഉല്പാദനം ഇരട്ടിയായി വര്‍ദ്ധിച്ചു. രാജ്യത്തിന്റെ മരുഭൂമിവല്‍ക്കരണം തടയുവാന്‍ 10 ദശലക്ഷം മരങ്ങള്‍ വെച്ചുപിടിപ്പിച്ചു.

1984ൽ പരമോന്നത ക്യൂബൻ ബഹുമതിയായ ജോസ് മാർട്ടി ബഹുമതി നൽകി സ. തോമസ് ശങ്കരയെ ആദരിച്ചിരുന്നു. സ. ഫിദൽ കാസ്ട്രോ ആണ് അന്ന് അദ്ദേഹത്തിന് ബഹുമതി സമ്മാനിച്ചത്. 1986ൽ അദ്ദേഹം സോവിയറ്റ് യൂണിയനും സന്ദർശിച്ചിരുന്നു. സാമ്രാജ്യത്വ വിരുദ്ധ നിലപാടുകൾ കൈക്കൊണ്ടത് അദ്ദേഹത്തിനെതിരെയും അട്ടിമറിക്കുള്ള കാരണമായി. ശങ്കരയുടെ ഡെപ്യൂട്ടി ആയിരുന്ന കോമ്പെയറിൻ്റെ നേതൃത്വത്തിൽ അമേരിക്കൻ പിന്തുണയോടെ നടന്ന പട്ടാള അട്ടിമറിയിൽ സ. ശങ്കര കൊല്ലപ്പെട്ടു. എന്നാൽ ഇന്നും ആ നാല് വർഷത്തെ ഭരണവും അതിന് നേതൃത്വം നൽകിയ സ. തോമസ് ശങ്കരയും ഇന്നും ഓർമ്മിക്കപ്പെടുന്നു.

സ. തോമസ് ശങ്കര പറഞ്ഞു, ‘സഖാക്കളെ, സ്ത്രീവിമോചനമില്ലാതെ ഒരു സാമൂഹ്യ വിപ്ലവവും സാധ്യമല്ല. പാതി ജനങ്ങളുടെ വായ് മൂടിക്കെട്ടിയിരിക്കുന്ന ഒരു സമൂഹത്തെ ഞാൻ കാണാനോ അങ്ങനെയൊന്നിൽ ചെന്നെത്തുവാനോ ഇടവരാതിരിക്കട്ടെ. സ്ത്രീകളുടെ നിശബ്ദതയുടെ ഇരമ്പം ഞാൻ കേൾക്കുന്നു. ഞാൻ അവരുടെ ക്ഷോഭത്തിന്റെ ഗർജ്ജനം കേൾക്കുകയും, വിപ്ലവത്തിന്റെ തീവ്രത അനുഭവിച്ചറിയുകയും ചെയ്യുന്നുണ്ട്.’ സ. തോമസ് ശങ്കര പറഞ്ഞുകൊണ്ടേയിരിക്കുന്നു.

ചിത്രം : സ. ഫിദൽ കാസ്ട്രോ ക്യൂബൻ പരമോന്നത ബഹുമതിയായ ജോസ് മാർട്ടി ബഹുമതി നൽകി സ. തോമസ് ശങ്കരയെ ആദരിക്കുന്നു


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *