അഞ്ചുവർഷത്തിനുള്ളിൽ 1000 കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങളെത്തിച്ച ആത്മവിശ്വാസവുമായാണ് വി ജോയി വർക്കലയിൽ വീണ്ടും ജനവിധി തേടുന്നത്. സമസ്ത മേഖലകളിലും വികസനമെത്തിക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. “വിദ്യാദിശ’ എന്ന പേരിൽ വിദ്യാഭ്യാസ മേഖലയിൽ ഏറ്റെടുത്ത പ്രവർത്തനങ്ങൾക്ക് ജനം അകമഴിഞ്ഞ പിന്തുണ നൽകി.
വർക്കല ഗവ. ഐടിഐ, നാവായിക്കുളം ഫയർ സ്റ്റേഷൻ, വർക്കല ഡിവൈഎസ്‌പി ഓഫീസ്, നാവായിക്കുളം എക്സൈസ് സർക്കിൾ ഓഫീസ്, ആർ ടി ഓഫീസ്, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ്, പിഡബ്ല്യുഡി റസ്റ്റ് ഹൗസ്, പള്ളിക്കൽ യുഐടി കോളേജ്, പൊലീസ് ട്രാഫിക് യൂണിറ്റ്, പിങ്ക് പൊലീസ് യൂണിറ്റ്, വർക്കല രംഗകലാകേന്ദ്രം എന്നിവ യാഥാർഥ്യമായി. വർക്കല ഗവ. മോഡൽ എച്ച് എസ് എസ് ഹൈടെക്കാക്കിയതടക്കം മണ്ഡലത്തിലെ വിദ്യാലങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി.
സ്കൂളുകളിൽ കെട്ടിടങ്ങൾ കൂടാതെ ഓഡിറ്റോറിയം, ലാബ്, ഡൈനിങ് ഹാൾ, പാചകമുറി, ടോയ്‌ലെറ്റ് ബ്ലോക്ക്, ജൈവ വൈവിധ്യ ഉദ്യാനം എന്നിവയും നിർമിച്ചു. ബസ് സൗകര്യമില്ലാത്ത എല്ലാ സ്കൂളുകളിലും ബസുകൾ നൽകി. ആശുപത്രികളുടെ വികസനത്തിനായി 100 കോടിയോളം രൂപയാണ് ചെലവഴിച്ചത്. ഇടവ, ഇലകമൺ, ചെമ്മരുതി, നാവായിക്കുളം, പള്ളിക്കൽ, മടവൂർ, വെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. വർക്കല പൊലീസ് സ്റ്റേഷനും മിനി സിവിൽ സ്റ്റേഷനും പുതിയ മന്ദിരം നിർമിച്ചു. 340 കോടിയോളം രൂപ ചെലവഴിച്ച് മണ്ഡലത്തിലുടനീളം കുടിവെള്ളമെത്തിച്ചു. വർക്കലയിലുടെ കടന്നുപോകുന്ന ദേശീയ ജലപാത ഉടൻ പൂർത്തിയാകും. ടൂറിസം മേഖലയിൽ 22 കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി.
ഗസ്റ്റ് ഹൗസിന് പുതിയ കെട്ടിടത്തിന് 10 കോടി, വർക്കല റസ്റ്റ് ഹൗസ് കെട്ടിട നിർമാണം ഹാച്ചറിയിൽ ഓപ്പൺ ഓഡിറ്റോറിയം, കുട്ടികളുടെ പാർക്ക്, വർക്കല ബീച്ചിൽ ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ ഇതിൽ ഉൾപ്പെടും. രംഗകലാകേന്ദ്രം (10 കോടി), ശിവഗിരി കൺവൻഷൻ സെന്റർ (എട്ടു കോടി), നമുക്ക് ജാതിയില്ലാ വിളംബര സ്മാരകം ( അഞ്ചുകോടി) എന്നിവയും യാഥാർഥ്യമായി. റോഡുകൾക്കായി 200 കോടിയിലേറെ രൂപയാണ് ചെലവഴിച്ചത്. ഇടവ ഇൻഡോർ സ്റ്റേഡിയം 37 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാകുന്നു.
പുന്നമൂട് (37 കോടി), വെൺകുളം (33 കോടി), ഇടവ (15 കോടി) എന്നിവിടങ്ങളിൽ റെയിൽവേ മേൽപ്പാലങ്ങൾക്കും ഭരണാനുമതിയായി. അയിരൂരിൽ 30 ഏക്കർ ഭൂമിയിൽ ആയുർവേദ ഗ്ലോബർ വില്ലേജിനായി 18 കോടി അനുവദിച്ചിച്ചു. മടവൂർ, പള്ളിക്കൽ, ചെമ്മരുതി എന്നിവിടങ്ങളിൽ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ ടെൻഡർ നടപടികളായി. 500ഓളം പേർക്കാണ് പട്ടയം നൽകിയത്. 32 കോടി ചെലവിൽ വിളക്കുളം സബ് സ്റ്റേഷൻ പൂർത്തിയാക്കി.
1000 cr developement in Varkala during 5 years – v joy
0 Comments