കായലും കടലും പുഴയും തുരുത്തുകളാക്കിയ കേരളത്തിലെ ജനവാസകേന്ദ്രങ്ങളിലേക്ക് 517 പാലങ്ങളാണ് ഇടതുപക്ഷ സർക്കാർ നിർമ്മിക്കുന്നത്. ഇവയിൽ ഇരുനൂറ്റൻപതോളം പാലങ്ങൾ നാടിന് സമർപ്പിക്കപ്പെട്ടു. ബാക്കിയുള്ളവ നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലാണ്. പാലം ഇരുകരകളെയും ജനസമൂഹങ്ങളുടെ ഹൃദയങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ചാലകമായാണ് വര്‍ത്തിക്കുന്നതെന്ന ആശയം ഉൾക്കൊണ്ട് പാലം നിർമ്മാണങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ പ്രത്യേകശ്രദ്ധയാണ് പൊതുമരാമത്ത് വകുപ്പ് നൽകിയത്. പാലം നിർമിക്കുന്നതിന് പ്രത്യേക ചീഫ് എൻജിനീയറും, ജില്ലകൾ തോറും പാലം ഡിവിഷനുകളും ഏർപ്പെടുത്തി. ഡിസൈൻ ചെയ്യാനായി തലസ്ഥാനത്തെ ഒരു കേന്ദ്രത്തിന് പുറമേ എറണാകുളത്തും, കോഴിക്കോട്ടും രണ്ട് ഡിസൈൻ കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു. അങ്ങനെ 400ലേറെ പാലങ്ങൾ അഞ്ചു വർഷം കൊണ്ട് ഡിസൈൻ ചെയ്തു. പാലങ്ങളുടെ ഉറപ്പും ഭംഗിയും നിർബന്ധമാക്കി.വർഷംതോറും എൻജിനീയേഴ്‌സ് കോൺഗ്രസ് നടത്തി സാങ്കേതികവിദഗ്ധരെ പ്രാപ്തമാക്കി. ഈ ഇടപെടലുകൾ വലിയ മാറ്റങ്ങളാണ് വകുപ്പിൽ വരുത്തിയത് എന്നതിന്റെ തെളിവാണ് ഈ അഞ്ചുവർഷക്കാലയളവിൽ കൈവരിച്ച നേട്ടങ്ങൾ.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുതിയ പാലങ്ങൾ നാടിനായി സമർപ്പിക്കപ്പെട്ടു.തിരുവനന്തപുരത്തെ ചിപ്പന്‍ചിറ പാലം, ചെല്ലഞ്ചിപ്പാലം, കൂവക്കുടി പാലം, പാഞ്ചിക്കാട്ട് കടവ് പാലം, കള്ളിക്കാട് പാലം, പുതിയ പുത്തന്‍തോപ്പ് പാലം, എറണാകുളം ജില്ലയിലെ കണ്ണങ്കാട്ട് വില്ലിങ്ടണ്‍ ഐലന്റ് പാലം, മൂലമ്പിള്ളി-പിഴല പാലം, പിഴല കണക്ടിവിറ്റി പാലം, കൊല്ലം ജില്ലയിലെ പെരപ്പയം പാലം, പത്തനംതിട്ട ജില്ലയിലെ ആഞ്ഞിലിമൂട്ടിൽ പാലം, കോട്ടയം ജില്ലയിലെ നീലിമംഗലം പാലം, ഇടുക്കി ജില്ലയിലെ കല്ലാർ പാലം, തൃശൂർ ജില്ലയിലെ പഴുവിൽ പാലം, പുഴക്കൽ പാലം, , പാലക്കാട് ജില്ലയിലെ അത്തിപൊറ്റ പാലം, പാലോളികുണ്ട് പാലം, മലപ്പുറം ജില്ലയിലെ മമ്പുറം പാലം, പാത്തിക്കുഴി പാലം, കുഞ്ഞൂലിക്കടവ് പാലം, കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മേൽപ്പാലം, തൊണ്ടയാട് മേൽപ്പാലം, ഇലന്തുകടവ് പാലം, വയനാട് ജില്ലയിലെ ചെറുപുഴ പാലം, പനന്തറ പാലം, കണ്ണൂർ ജില്ലയിലെ മണിക്കൽ പാലം, ഇരിണാവ് പാലം, ചെക്കിക്കടവ് പാലം, കോട്ടക്കീൽ പട്ടുവം കടവ് പാലം, കാസർകോട് ജില്ലയിലെ ആയംകടവ് പാലം, കൊറത്തിക്കുണ്ട് പാലം, കോട്ടപ്പുറം പാലം വെെറ്റില ,കുണ്ടന്നൂർ പാലങ്ങൾഎന്നിവയാണ് ഈ കാലയളവിൽ ഗതാഗതത്തിന് തുറന്നുകൊടുത്ത പ്രധാനപാലങ്ങൾ. ഒറ്റപ്പെട്ട ജനവാസ കേന്ദ്രങ്ങൾ ഏറെയുള്ള ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിർമ്മാണം ഏറ്റെടുത്ത പാലങ്ങള്‍ പ്രധാനമാണ്. ആലപ്പുഴയില്‍ ബജറ്റ് വിഹിതപ്രകാരമുള്ള 22 പാലങ്ങളാണ് നാടിന് സമർപ്പിക്കപ്പെട്ടത്. ആലപ്പുഴ വലിയ അഴീക്കലിനെ കൊല്ലം ജില്ലയിലെ അഴീക്കലുമായി ബന്ധിപ്പിച്ച്‌ അറബിക്കടലിന്റെ പൊഴിമുഖത്ത് കായംകുളം കായലിനു കുറുകെ നിർമ്മിക്കുന്ന വലിയഴീക്കല്‍ പാലം നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്.

കിഫ്ബി ഫണ്ടിങ്ങിൽ പല വമ്പൻ പാലങ്ങളുടെയും നിർമ്മാണങ്ങൾക്ക് അംഗീകാരമായിട്ടുണ്ട്. പൊന്നാനി അഴിമുഖത്തെ ഹൗറ മോഡൽ പാലം, എറണാകുളം തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം-അഴിക്കോട് പാലം, ചേര്‍ത്തല താലൂക്കിലെ വെള്ളത്താല്‍ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ ബാഹ്യലോകവുമായി ബന്ധിപ്പിക്കുന്ന പെരുമ്പളം പാണാവള്ളി പാലം തുടങ്ങിയവ ഇത്തരത്തിലുള്ള പദ്ധതികളിൽ ഉൾപ്പെടുന്നു. താനൂർ, അകത്തെതറ, ചിറയിൻകീഴ്, മാളിയേക്കൽ, ഇരവിപുരം ഗുരുവായൂർ, ചിറങ്ങര, വാടാനംകുറുശ്ശി, ചെട്ടിപ്പടി, കൊടുവള്ളി എന്നിവിടങ്ങളിൽ റെയിൽവെ മേൽപാലങ്ങൾക്കായുള്ള 222 കോടിയുടെ കിഫ്ബി പദ്ധതിക്കും തുടക്കമായി. കിഫ്ബി ഫണ്ടിങ്ങിൽ 1,976 കോടി രൂപയുടെ 75 പാലങ്ങള്‍, 961 കോടിയുടെ 13 മേല്‍പ്പാലങ്ങള്‍,1,645 കോടിയുടെ 49 റെയില്‍ മേല്‍പ്പാലങ്ങൾ എന്നിവ നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലാണ്

സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അപകടസ്ഥിതി സംബന്ധിച്ച് വകുപ്പ് നടത്തിയ പരിശോധനകളും ശ്രദ്ധേയമായ ഇടപെടലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 2249 പാലങ്ങളുടേയും വിദഗ്ദപരിശോധന നടത്തുകയും, അവയിൽ അപകടാവസ്ഥയിലുള്ളവയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ അടിയന്തരപ്രാധാന്യത്തോടെ ഏറ്റെടുക്കുകയും ചെയ്തു. പ്രളയവും, പ്രകൃതിദുരന്തവും മൂലം പിന്നീട് പല പാലങ്ങളും അപകടാവസ്ഥയിലാകുകയും, ചില പാലങ്ങള്‍ ഒലിച്ചു പോവുകയും ചെയ്യുകയുണ്ടായി. അടിയന്തരപ്രാധാന്യത്തോടെ പുനർനിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും അവയെല്ലാം സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്തു. പ്രളയത്തിൽ തകർന്ന മൂന്നാറിലെ പെരിയവരൈ പാലം ഉൾപ്പെടെ പുനർനിർമ്മിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തു.

പുതിയ പാലങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചതു മാത്രമല്ല വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഒട്ടേറെ പാലങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനുമായത് പിണറായി വിജയൻ സർക്കാരിന്റെ ഭരണനേട്ടത്തില്‍ പ്രധാനമാണ്. കേരളചരിത്രത്തിലെ ഏറ്റവും മികച്ച ഈ നേട്ടങ്ങൾ പൂർത്തീകരിച്ചത് വലിയ പ്രതിസന്ധികളെ തരണം ചെയ്താണെന്ന വസ്തുത പ്രധാനമാണ്. 2018ലെ മഹാപ്രളയവും 2019ലെ മഴക്കെടുതികളും സൃഷ്ടിച്ച നാശനഷ്ടങ്ങൾ സമയബന്ധിതമായി പരിഹരിച്ച് ജനജീവിതം പൂർവ്വസ്ഥിതിയിലാക്കുന്നതിനായി മുന്നിൽ നിന്ന് പ്രവർത്തിച്ചതും പൊതുമരാമത്ത് വകുപ്പ് തന്നെ ആയിരുന്നു. കോവിഡ് മഹാമാരി നിർമ്മാണമേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധികളെയും ഇച്ഛാശക്തിയോടെ മറികടക്കുകയാണ് വകുപ്പ്. ഇത്തരം പ്രതിസന്ധികളെയെല്ലാം മറികടന്ന് നവകേരളം പടുത്തുയർത്തുന്നതിനുള്ള വലിയ മുന്നേറ്റമാണ് പൊതുമരാമത്ത് വകുപ്പ് നാടിന് സമ്മാനിച്ചത്.

KIFFB


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *