കേന്ദ്രസർക്കാരും സമരം ചെയ്യുന്ന കർഷക സംഘടനകളുടെ പ്രതിനിധികളും വെള്ളിയാഴ്‌ച നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയപ്പെട്ടു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കർഷക സംഘടനകളുടെ ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. വൈദ്യുതി ഭേദഗതി നിയമം പുനഃപരിശോധിക്കാമെന്നും മലിനീകരണ നിയമത്തിൽനിന്നും കർഷകരെ ഒഴിവാക്കാമെന്നുമാണ്‌ കേന്ദ്രം സമ്മതിച്ചിരിക്കുന്നത്‌. ചർച്ചകൾ പരാജയപ്പെടുന്തോറും കർഷകസമരം ഓരോ ദിവസവും ശക്തിപ്പെടുകയാണ്‌. ഡൽഹി അതിർത്തിയിലേക്ക്‌ എത്തുന്ന കർഷകരുടെ എണ്ണം വർധിക്കുന്നു. തലസ്ഥാനത്തേക്കുള്ള ദേശീയപാതയിലും പ്രക്ഷോഭം തുടരുന്നു. സമീപസംസ്ഥാനങ്ങളിൽനിന്ന്‌ മാത്രമല്ല, മഹാരാഷ്ട്ര, ഗുജറാത്ത്‌, ഉത്തരാഖണ്ഡ്‌ തുടങ്ങിയ വിദൂരസംസ്ഥാനങ്ങളിൽനിന്നും കർഷകർ സമരമുഖത്തെത്തുന്നു. മറ്റ്‌ സംസ്ഥാനങ്ങളിലും കർഷകർ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രക്ഷോഭത്തിലാണ്‌. പട്‌ന, റായ്‌പുർ, ഗുൽബർഗ, തഞ്ചാവൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ വൻറാലികൾ നടന്നു. തൊഴിലെടുക്കുന്നവരും ട്രേ‌ഡ്‌ യൂണിയനുകളും കർഷകസമരത്തെ‌ പിന്തുണയ്‌ക്കുന്നുണ്ട്‌. സ്‌ത്രീകൾ, വിദ്യാർഥികൾ, യുവാക്കൾ തുടങ്ങി സമൂഹത്തിലെ മറ്റെല്ലാവിഭാഗമാളുകളും രാജ്യത്തിന്റെ ‘അന്നദാതാക്കളായ’ കർഷകർക്കൊപ്പം അണിനിരക്കുന്നു‌.

കേന്ദ്രത്തിന്റെ തന്ത്രങ്ങൾ
കർഷകരുടെ ആവശ്യങ്ങൾ തികച്ചും ന്യായമാണ്‌. വിവേകമുള്ള സർക്കാർ ആയിരുന്നെങ്കിൽ ഈ ആവശ്യം അംഗീകരിക്കുമായിരുന്നു. മൂന്ന്‌ കാർഷിക നിയമങ്ങളും പിൻവലിക്കാനാണ്‌ സർക്കാരിനോട്‌ എല്ലാവരും ആവശ്യപ്പെടുന്നത്‌. നിയമം പിൻവലിച്ചശേഷം കർഷകർ, കർഷകസമൂഹം, കോർപറേറ്റുകൾ, കാർഷികമേഖലയുമായി ബന്ധപ്പെട്ട മറ്റുവിഭാഗങ്ങൾ തുടങ്ങിയവരുമായി ചർച്ച നടത്തി പുതിയ നിയമത്തിന്‌ രൂപം നൽകുക. തുടർന്ന്‌ പാർലമെന്റിൽ വിശദമായി ചർച്ച നടത്തിയ ശേഷം കർഷകരുടെ താൽപ്പര്യം സംരക്ഷിക്കുന്ന നിയമം കൊണ്ടുവരിക എന്നതാണ്‌ പൊതു ആവശ്യം. ഈ ആവശ്യംപോലും നിരാകരിക്കുന്ന മോഡി സർക്കാർ മർക്കടമുഷ്ടി തുടരുകയാണ്‌.

അതിശൈത്യത്തെ അതിജീവിച്ചുകൊണ്ട്‌ സമാധാനപരമായും അച്ചടക്കത്തോടെയും തുടരുന്ന യോജിച്ച കർഷകപ്രക്ഷോഭത്തെ കള്ളപ്രചാരണങ്ങളിലുടെ അപകീർത്തിപ്പെടുത്തുകയാണ്‌. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാരും ബിജെപിയും വ്യാപകമായി തെറ്റിദ്ധാരണപരത്തുന്നു. ഖാലിസ്ഥാൻ തീവ്രവാദികളെന്നും ചൈനീസ്‌, പാകിസ്ഥാൻ ചാരന്മാരെന്നും അർബൻ നക്സലെന്നും തുക്കഡെ, തുക്കഡെ ഗ്യാങ്ങെന്നും വിശേഷിപ്പിച്ചു. തുടർന്ന്‌ പ്രതിപക്ഷ പാർടികൾ കർഷകരെ തെറ്റിദ്ധരിപ്പിച്ച്‌ സമരത്തിനിറക്കിയെന്ന്‌ പ്രചരിപ്പിച്ചു. വാസ്‌തവത്തിൽ രാജ്യത്തെ 500 ലേറെ കർഷകസംഘടനകളുടെ സംയുക്തവേദിയായ സംയുക്ത കിസാൻ മോർച്ചയാണ്‌ സമരം സംഘടിപ്പിക്കുന്നത്‌. ഒരു രാഷ്ട്രീയ പാർടിക്കും ഈ സമരത്തിൽ പങ്കാളിത്തമില്ല. പ്രധാനമന്ത്രി മോഡി തന്നെ തെറ്റായ പ്രചാരണത്തിന്‌ നേതൃത്വം നൽകുന്നു. തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികകളിൽ പ്രതിപക്ഷപാർടികൾ കാർഷിക പരിഷ്‌കരണം നടപ്പാക്കുമെന്ന്‌ വാഗ്‌ദാനം നൽകിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ കാർഷിക പരിഷ്‌കരണങ്ങളെ എതിർക്കുകയാണെന്നുമാണ്‌ മോഡിയുടെ വാദം. എത്‌‌ തരത്തിലുള്ള പരിഷ്‌കരണമെന്നതാണ്‌ പ്രധാന ചോദ്യം.
സിപിഐ എം‌ എല്ലാക്കാലത്തും കാർഷിക പരിഷ്‌കരണത്തിനുവണ്ടി നിലകൊള്ളുകയാണ്‌. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷശക്തിപ്പെടുത്താനുള്ള കാർഷിക പരിഷ്‌കാരങ്ങളാണ്‌ പാർടി മുന്നോട്ടുവയ്‌ക്കുന്നത്‌. ജനങ്ങൾക്ക്‌ ആരോഗ്യവും മതിയായ പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്തുന്നതിനും എല്ലാവർക്കും ആവശ്യത്തിന്‌ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിനും ആവശ്യമായ ധാന്യങ്ങൾ ഉൽപ്പാദിപ്പിക്കുകയായിരിക്കണം മുഖ്യലക്ഷ്യം. കർഷകർക്ക്‌ ന്യായമായ പ്രതിഫലം ലഭ്യമാക്കുക, ഉപഭോക്‌താക്കൾക്ക്‌ ന്യായമായ വില‌യ്‌ക്ക്‌ ഭക്ഷ്യധാന്യങ്ങൾ നൽകുക, പൊതുവിതരണശൃംഖല ശക്തിപ്പെടുത്തുക, ഒപ്പം നമ്മുടെ കാർഷിക മേഖലയെ ഇനിയൂം വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ്‌ കാർഷിക പരിഷ്‌കരണത്തിലൂടെ സിപിഐ എം ലക്ഷ്യമിടുന്നത്‌. എന്നാൽ പ്രധാനമന്ത്രി മോഡി മൂന്ന്‌ കാർഷിക നിയമത്തിലൂടെ നടപ്പാക്കുന്ന കാർഷികപരിഷ്‌കരണം ഇന്ത്യൻ കാർഷിക മേഖലയെ കുത്തകകൾക്ക്‌ തീറെഴുതാനാണ്‌.

കാർഷികമേഖലയെയും അതിന്റെ വിപണിയും ഉൽപ്പന്നങ്ങളും തദ്ദേശ, വിദേശ കോർപറേറ്റുകൾക്ക്‌ നൽകാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇത്‌ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കും. അവശ്യസാധനങ്ങൾ വൻതോതിൽ ശേഖരിച്ചുവച്ച്‌ കൃത്രിമക്ഷാമം സൃഷ്ടിച്ച്‌ വില വർധിപ്പിച്ച്‌ ലാഭം കൊയ്യാനാണ്‌ കുത്തകകൾ ശ്രമിക്കുന്നത്‌. ന്യായവിലയ്‌ക്ക്‌ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന പൊതുവിതരണ സംവിധാനത്തെ പാടെ തകർക്കും. ഈ നിയമങ്ങൾ ഇന്ത്യൻ കാർഷിക മേഖലയെ തകർക്കും. ജനങ്ങളുടെ മേൽ കൂടുതൽ ദുരിതം അടിച്ചേൽപ്പിക്കും. ഇതു തിരിച്ചറിഞ്ഞുകൊണ്ടാണ്‌ ‌ പ്രതിപക്ഷത്തെ പല മതനിരപേക്ഷ പാർടികളും നിയമത്തെ എതിർക്കുന്നതും കർഷകസമരത്തെ പിന്തുണയ്‌ക്കുന്നതും. ജനങ്ങളുടെ ക്ഷേമവും അഭിവൃദ്ധിയും ഉറപ്പുവരുത്തുന്ന വിധത്തിലുള്ള പരിഷ്‌കരണം നടപ്പാക്കണം. മറിച്ച്‌ കോർപറേറ്റുകൾക്ക്‌ അമിതലാഭം ഉറപ്പുവരുത്തുകയല്ല.
കർഷകർക്ക്‌ ആദായകരമായ കുറഞ്ഞ താങ്ങുവില (മിനിമം സപ്പോർട്ട്‌ പ്രൈസ്‌‐എംഎസ്‌പി) നിശ്‌ചയിക്കുന്നതിനുള്ള സ്വാമിനാഥൻ കമീഷന്റെ നിർദേശങ്ങൾ നടപ്പിലാക്കുകയാണെന്ന്‌ പ്രധാനമന്ത്രി അവകാശപ്പെടുന്നു. ഇത്‌ യാഥാർഥ്യത്തിന്‌ നിരക്കുന്നതല്ല. മൊത്തം ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവുംകൂട്ടി കുറഞ്ഞ താങ്ങുവില ഉറപ്പുവരുത്തിയാലേ കർഷകന്‌ കൃഷി ആദായകരമാകുകയുള്ളൂവെന്നാണ്‌ സ്വാമിനാഥൻ നിർദേശിച്ചത്‌. ഇപ്പോൾ താങ്ങുവില പ്രഖ്യാപിക്കുമ്പോൾ ഉൽപ്പാദന ചെലവ്‌ മുഴുവൻ കണക്കിലെടുക്കുന്നില്ല. കൂലി, വളത്തിന്റെ വില തുടങ്ങിയവ മാത്രമാണ്‌ പരിഗണിക്കുന്നത്‌. കർഷക കുടുംബത്തിലെ അംഗങ്ങളുടെ അധ്വാനം, മൂലധന ആസ്തികൾ സ്വന്തമാക്കുന്നതിനായി ചെലവഴിച്ച തുകയുടെ പലിശ, തേയ്‌മാനം, പാട്ടത്തിനെടുത്ത ഭൂമിയുടെ പാട്ടത്തുക,സ്വന്തം ഭൂമിയാണെങ്കിലും അതിന്റെ വാടകമൂല്യം തുടങ്ങിയവ കൂടി കുറഞ്ഞ തറവില നിശ്‌ചയിക്കുമ്പോൾ പരിഗണിക്കണമെന്ന്‌ സ്വാമിനാഥൻ എടുത്തുപറഞ്ഞിരുന്നു. കേന്ദ്രസർക്കാർ ഈ നിർദേശങ്ങളെല്ലാം അവഗണിക്കുകയാണ്‌.

തെറ്റിദ്ധാരണ പരത്തുന്ന മോഡി
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ കാർഷിക പരിഷ്‌കരണം എന്ന സെക്‌ഷനിൽ മിനിമം താങ്ങുവിലയ്‌ക്ക്‌ ഉൽപ്പന്നം വിൽക്കാൻ കർഷകന്‌ നിയമപരമായ അവകാശം ഉറപ്പുവരുത്താൻ നിയമം കൊണ്ടുവരുമെന്ന നിർദേശമാണ്‌‌‌ സിപിഐ എം മുന്നോട്ടുവച്ചത്‌. 2017 മുതൽ ലോക്‌സ‌ഭയിൽ സിപിഐ എം അംഗങ്ങൾ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്‌. എന്നാൽ ഇതുവരെ അത്തരമൊരു നിയമം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നില്ല. മിനിമം താങ്ങുവിലയുടെ പരിധിയിൽ മുഴുവൻ കാർഷിക വിളകളെയും എല്ലാ കർഷകരെയും ഉൾപ്പെടുത്തണം. ഇപ്പോൾ ആറ്‌ ശതമാനം കർഷകർ മാത്രമാണ്‌ എംഎസ്‌പിയുടെ പരിധിയിൽ വരുന്നത്‌. എന്നുതന്നെയല്ല, ഫലപ്രദമായ സംഭരണ സംവിധാനങ്ങൾ ഇല്ലെങ്കിൽ മിനിമം താങ്ങുവില പ്രഖ്യാപനം തന്നെ അർഥശൂന്യമാണ്‌. അതുകൊണ്ട്‌ രാജ്യവ്യാപകമായി പൊതു, സ്വകാര്യമേഖലയിൽ ഫലപ്രദമായ സംഭരണ സംവിധാനങ്ങൾ ഒരുക്കേണ്ടത്‌ അനിവാര്യമാണ്‌.

കർഷക പ്രക്ഷോഭം ശക്തിപ്പെടുമ്പോൾ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ പ്രധാനമന്ത്രി മോഡി തെറ്റിദ്ധാരണ പരത്തി ആക്രമിക്കുകയാണ്‌. പ്രത്യേകിച്ച്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ. സംസ്ഥാനത്തെ കർഷകരെ സഹായിക്കാതെ കേന്ദ്രനിയമത്തെ എതിർക്കുകയാണ്‌ കേരള സർക്കാർ എന്നാണ്‌ മോഡി പറഞ്ഞത്‌. കേരളത്തെപ്പറ്റി പ്രധാനമന്ത്രിക്കുള്ള അജ്ഞതയാണ്‌ ഈ കള്ളപ്രചാരണത്തിലൂടെ വെളിപ്പെടുന്നത്‌. ഈ കള്ളപ്രചാരണത്തെ അഖിലേന്ത്യാ കിസാൻ സഭ പൊളിച്ചടുക്കിക്കൊടുത്തു. നെൽ‌ക്കർഷകർക്ക്‌ രാജ്യത്ത്‌ ഏറ്റവും കൂടുതൽ സബ്‌സിഡിയും റോയൽറ്റിയും കേരളത്തിലെ എൽഡിഎഫ്‌ സർക്കാരാണ്‌ അനുവദിച്ചത്‌. പച്ചക്കറി, പയർവർഗങ്ങൾ, നേന്ത്രക്കായ എന്നിവയ്‌ക്കും ആനുകൂല്യങ്ങൾ നൽകുന്നു. സംസ്ഥാനത്തെ മൊത്തം കൃഷി ഭൂമിയുടെ 82 ശതമാനവും നാണ്യ വിളകളാണ്‌. നാണ്യവിളകൾക്ക്‌ വില ഉറപ്പുവരുത്താൻ വിവിധ ബോർഡുകളുടെ നേതൃത്വത്തിൽ ലേല സംവിധാനമാണ്‌ സർക്കാരിന്‌ കീഴിൽ നിലവിലുള്ളത്‌. കേന്ദ്രസർക്കാരിന്റെ ഇറക്കുമതി നയങ്ങളും വിവിധ വ്യാപാര കരാറുകളുംമൂലമാണ്‌ കേരളത്തിലെ നാണ്യവിളകളുടെ വിലയിടിഞ്ഞത്‌ എന്നതാണ്‌ യാഥാർഥ്യം.
രാജ്യവ്യാപകമായി സമാധാനപരമായി നടക്കുന്ന ജനകീയ, കർഷക പോരാട്ടത്തിൽനിന്നും ശ്രദ്ധതിരിച്ചുവിടാൻ ബിജെപിയും അതിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളും വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനാണ്‌ ശ്രമിക്കുന്നത്‌. ‘ലൗ ജിഹാദ്‌’ നിയമം പാസാക്കിയും ഗോവധ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ദുരുപയോഗിച്ചും വർഗീയത‌ അഴിച്ചുവിട്ട്‌ ഒരു വിഭാഗത്തെ നിരന്തരം പീഡിപ്പിക്കുകയും ഭയപ്പെടുത്തി നിർത്തുകയുമാണ്‌ മധ്യപ്രദേശ്‌‌, ഉത്തർപ്രദേശ്‌ സർക്കാരുകൾ. മധ്യപ്രദേശിലെ ഉജ്ജയിനി, ഇൻഡോർ ഉൾപ്പെടെ പലപ്രദേശങ്ങളിലും വർഗീയ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നു. ഇത്തരം നീക്കങ്ങൾ ശക്തിപ്പെട്ടുവരുന്ന ജനകീയ മുന്നേറ്റങ്ങളെ അസ്ഥിരപ്പെടുത്താനാണ്‌.

ലോക സമ്പദ്‌വ്യവസ്ഥ കടുത്ത മാന്ദ്യത്തിന്റെ പിടിയിൽ തുടരുകയാണ്‌. ഈ പ്രതിസന്ധിയിൽനിന്നും കരകയറാനുള്ള മാർഗങ്ങൾ കാണാതെ പാപ്പരാവുകയാണ്‌ നവഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കിയ രാജ്യങ്ങൾ. അവർ അകപ്പെട്ട ദുരന്തമുഖത്തുനിന്നും കരകയറാൻ, പരമാവധി ലാഭം ഉണ്ടാക്കാനുള്ള മുതലാളിത്തത്തിന്റെ സഹജസ്വഭാവം ഇപ്പോൾ തീവ്രമാക്കുകയാണ്‌. കോർപറേറ്റുകൾക്ക്‌ അമിത ലാഭമുണ്ടാക്കാൻ അവസരം സൃഷ്ടിച്ചുകൊണ്ട്‌ ബിജെപി സർക്കാർ നവഉദാരവൽക്കരണ നയം കൂടുതൽ തീവ്രതയോടെ നടപ്പാക്കുന്നു. ഇതിന്റെ തുടർച്ചയാണ്‌ പുതിയ സാമ്പത്തിക പ്രവർത്തന മേഖലകളും പുതിയ വിപണികളും കോർപറേറ്റുകളുടെ നിയന്ത്രണത്തിലേക്ക്‌ വിട്ടുകൊടുക്കുന്നത്‌. ഈ നയത്തിന്റെ ഭാഗമായാണ്‌ ഇന്ത്യ കാർഷികമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതാൻ കാർഷിക നിയമത്തിലൂടെ ലക്ഷ്യമിടുന്നത്‌.
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കോർപറേറ്റുകളുടെ പ്രധാന ഏജന്റായി മാറിയിരിക്കുന്നു. പുതിയ പരിഷ്‌കരണങ്ങളിലൂടെ ഇന്ത്യൻ ഭരണവർഗത്തിന്റെ വർഗതാൽപ്പര്യം സംരക്ഷിക്കാനാണ്‌ മോഡി സർക്കാർ ശ്രമിക്കുന്നത്‌.

ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി കർഷകരും തൊഴിലാളികളും നടത്തിക്കൊണ്ടിരിക്കുന്ന യോജിച്ചതും അല്ലാത്തതുമായ പ്രക്ഷോഭങ്ങൾ‌ പ്രതീക്ഷ നൽകുന്നതാണ്‌. യോജിച്ച പ്രക്ഷോഭത്തോടൊപ്പം ഓരോ മേഖലയിലുള്ളവരും അവരവരുടെ ആവശ്യങ്ങൾ ഉന്നയിച്ച്‌ സ്വതന്ത്രമായ പോരാട്ടങ്ങളും സംഘടിപ്പിക്കണം. സ്‌ത്രീകൾ, വിദ്യാർഥികൾ, യുവാക്കൾ, ദളിത്‌–-ആദിവാസി വിഭാഗങ്ങൾ തുടങ്ങിയവരും വരും ദിവസങ്ങളിൽ പോരാട്ടം ശക്തിപ്പെടുത്തണം. ബിജെപിയുടെ വർഗ താൽപ്പര്യങ്ങൾക്കെതിരെ ഇന്ത്യൻ ജനത വർഗ താൽപ്പര്യങ്ങൾ ഉയർത്തിത്തന്നെ പോരാടണം. തൊഴിലാളികൾ ഉൾപ്പെടെയുള്ള ചൂഷിതരും മറ്റ്‌ വിഭാഗങ്ങളും യോജിച്ച പോരാട്ടത്തിലൂടെ ബിജെപിയുടെ വർഗതാൽപ്പര്യത്തെ പരാജയപ്പെടുത്തണം.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *