ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും പറ്റി
ഇനിയൊരക്ഷരം മിണ്ടരുത്!
പലരുടേയും
ചർച്ചകൾ കേട്ടാൽ തോന്നുക നമ്മുടെ നാട്ടിൽ രണ്ടേ രണ്ടു സമരങ്ങളേ നടന്നിട്ടുള്ളൂവെന്നാണ്.
പണ്ട് നടന്നതും ഇപ്പോൾ
നടന്നുകൊണ്ടിരിക്കുന്നതുമായ
ബാക്കിയെല്ലാ സമരങ്ങളെയും
ബോധപൂർവം അവഗണിച്ചു കൊണ്ടാണ്
ട്രാക്ടറും കമ്പ്യൂട്ടറും
നിത്യ ഹരിത കഥാപാത്രങ്ങളായി നമ്മുടെ ചർച്ചകളിൽ
നിറഞ്ഞു നിൽക്കുന്നത്.
നേതൃത്വം നൽകിയ കോൺഗ്രസ്സുകാർ
തന്നെ തള്ളിപ്പറഞ്ഞ വിമോചന സമരവും കേരളത്തിന്റെ മാറ്റത്തിൽ
നിർണായക സ്വാധീനം ചെലുത്തിയ
മിച്ചഭൂമി സമരമടക്കം കമ്യൂണിസ്റ്റുകാർ നേതൃത്വം കൊടുത്ത
ഒരു സമരത്തിന്റെയും ശരിതെറ്റുകൾ ഇത്രമേൽ നമ്മുടെ ചർച്ചകളിൽ
ഉയർന്നു കേൾക്കാറില്ല.
സമരങ്ങളുടെ പ്രസക്തിയും
കാലഗണനയും:-
അതു പോകട്ടെ;
ഒരു സമരത്തിന്റെ പ്രസക്തി ചർച്ച ചെയ്യുമ്പോൾ ‘കാലം’
ഒരു പ്രധാന ഘടകമായി
പരിഗണിക്കേണ്ടതല്ലേ?.
നാല്പതോ അമ്പതോ
വർഷങ്ങൾക്ക് മുമ്പ് നടന്ന
ഒരു സമരത്തെ ഇന്നത്തെ
അളവുകോൽ വെച്ച്
അളക്കാനാവുമോ?
അത് പഴയകാല സിനിമകളിലൊന്നിൽ നസീറും – ജയനും ഒരു മൽപ്പിടുത്തത്തിനു ശേഷം
സഹോദരങ്ങളാണെന്ന്
തിരിച്ചറിയുന്ന രംഗത്തെ
ഇന്ന് ട്രോളുന്നതിനു തുല്യമാണ്.
അന്നൊരുപക്ഷേ ആ രംഗം
കാണുന്ന നിമിഷത്തിൽ സിനിമാകൊട്ടകങ്ങൾ
ഇളകി മറിഞ്ഞിട്ടുണ്ടാകാം.
അറുപതുകളിൽ ട്രാക്ടർ
രംഗത്ത് വരുന്ന കാലത്ത്
വളരെ കുറഞ്ഞ കൂലിയിൽ
ധാരാളം തൊഴിലാളികളെ പണിക്ക് കിട്ടുന്ന കാലമായിരുന്നു.എന്നാൽ ഇന്നാവട്ടെ ഉയർന്ന കൂലി കൊടുത്തിട്ടും തൊഴിലാളികളെ കിട്ടാത്ത
അവസ്ഥ. അറുപതു വർഷം കൊണ്ടുണ്ടായ ഈ മാറ്റം പ്രസക്തമല്ലേ. സമാനമായി
എൺപതുകളിൽ നാം കമ്പ്യൂട്ടറുകൾ
പരിചയപ്പെടുമ്പോഴുള്ള
അവസ്ഥയാണോ ഇന്ന്.
അതിന്റെ വില പോലും
നാലിലൊന്നായി ചുരുങ്ങിയിരിക്കുന്നു.
കാലഗണന മാറ്റി വെച്ച് ചർച്ച ചെയ്യുകയാണെങ്കിൽ
വിവിധ സമുദായങ്ങൾ
മാറ്റങ്ങൾക്കെതിരെ /
പരിഷ്കാരങ്ങൾക്കെതിരെ
മുഖം തിരിച്ചത് എണ്ണിയെണ്ണി പറയാനാവും.
ഭൗതിക/ ഇംഗ്ലീഷ് /സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ
വലിയ എതിർപ്പുകൾ ഹിന്ദു /മുസ്ലിം വിഭാഗങ്ങളിൽ നിന്നുണ്ടായിട്ടുണ്ട്. ഇംഗ്ലീഷിനെ മ്ലേഛ ഭാഷ/
ചെകുത്താന്റെ ഭാഷ
എന്നിങ്ങനെയാണവർ
വിശേഷിപ്പിച്ചിരുന്നത്.
പിന്നീട് അവരൊക്കെ
കാലത്തിനനുസരിച്ച്
മാറിയപ്പോൾ അതു സ്വാഗതം ചെയ്യുകയായിരുന്നു
നമ്മൾ;
പരിഹസിക്കുകയായിരുന്നില്ല.
തൊണ്ണൂറുകളിൽ എത്രയെത്ര നിക്കാഹ് വേദികളിൽ നിന്നാണ്
മുസ്ലിം പുരോഹിതർ
ഇറങ്ങി പോയിട്ടുള്ളത്.
എത്രയോ കല്യാണ ചടങ്ങുകൾ അലങ്കോലമായിട്ടുണ്ട്.
അന്നൊക്കെ വീഡിയോ ക്യാമറയായിരുന്നു വില്ലൻ.
വീഡിയോ റെക്കോർഡിംഗ്
ഉള്ള കല്യാണങ്ങളിൽ
നിക്കാഹിന് മഹല്ല് കമ്മറ്റികൾ അനുവാദം നൽകില്ല എന്നുവരെ
നോട്ടീസടിച്ചു വിതരണം
നടത്തിയിരുന്നു.
ഇന്ന് അതേ പണ്ഡിതൻമാർ ഓൺലൈനിൽ സ്വലാത്തും
മദ്രസ്സാ പഠനവും നടത്തുന്നതിനെ
ആരെങ്കിലും പരിഹസിക്കുന്നുണ്ടോ ?
വിമർശിക്കുന്നുണ്ടോ ?
ഇല്ല.കാരണം തൊണ്ണൂറുകളിലെ സാഹചര്യങ്ങളല്ല രണ്ടായിരത്തി ഇരുപതിലേത്.
ഇന്ന് വീഡിയോ ക്യാമറയിരിക്കുന്നത് എല്ലാവരുടെയും മൊബൈലിനകത്താണ്.
തടയാനാകാത്ത വിധം അത് ജനകീയമായിരിക്കുന്നു.
അതൊക്കെപ്പോകട്ടെ
മൂന്നു മാസങ്ങൾക്കു മുമ്പു വരെ മൊബൈൽ ഫോണിനെ പടിക്കു പുറത്തു നിറുത്തിയ
ഹെഡ് മാസ്റ്റർമാരും പ്രിൻസിപ്പൽമാരുമാണ്
ഓൺലൈൻ പഠനത്തിന്റെ ഭാഗമായി
ഓരോ കുട്ടിക്കുമത് ഉറപ്പാക്കാൻ
പരക്കം പായുന്നത്.
മൊബൈൽ ഫോൺ
തൊടാൻ അനുവദിക്കാതിരുന്ന
രക്ഷിതാക്കളുടെ പോക്കറ്റിൽ നിന്നാണ്
‘ഇപ്പോൾ എനിക്ക് ക്ലാസ്സുണ്ട്’
എന്നു പറഞ്ഞ്
വലിയൊരവകാശത്തോടെ
കുട്ടികൾ ഫോണുകൾ കൈക്കലാക്കുന്നത്.
കൊവിഡിന് മുമ്പും ശേഷവുള്ള
അവസ്ഥകളല്ലേ ഈ മാറ്റത്തിനു
കാരണം. പഴയ അവസ്ഥയിൽ
അതു ശരി. പുതിയ അവസ്ഥയിൽ
ഇതു ശരി.
സമരങ്ങൾ
അതിജീവനത്തിനായുള്ളത്:-
മാറ്റങ്ങളാണ്
പുരോഗതിയുടെ അടിസ്ഥാനം.പക്ഷേ ആ മാറ്റങ്ങൾ മനുഷ്യരുടെ
നിലനിൽപ്പിനെ ബാധിക്കുമ്പോൾ എതിർപ്പു സ്വാഭാവികം.
അതിനെ പരിഗണിക്കുകയും
പരിഹാര സാധ്യത തേടുകയും ചെയ്യുക
എന്നതാണ് ജനാധിപത്യം.
എന്തിന്റെ പേരിലായാലും
ഒരാളുടെ തൊഴിൽ നഷ്ടപ്പെടുമ്പോൾ,
വരുമാനം ഇല്ലാതാവുമ്പോൾ,
കുടുംബം പട്ടിണിയിലേക്ക്
എറിയപ്പെടുമ്പോൾ
എങ്ങിനെ സമരം ചെയ്യാതിരിക്കും.
പണ്ട് കാലങ്ങളിൽ സിനിമകളിൽ സ്ത്രീവേഷം
ചെയ്തിരുന്നത് പുരുഷൻമാരായിരുന്നു.
പിന്നീട് സ്ത്രീകൾ രംഗത്ത്
വന്നപ്പോൾ അവർക്കെതിരെ
പെൺവേഷം കെട്ടിയിരുന്ന പുരുഷൻമാർ
സമരം ചെയ്തിരുന്നു.
അതുപോലെ നിശബ്ദ സിനിമയിൽ
നിന്നും ശബ്ദ സിനിമയിലേക്ക്
മാറുന്ന ഘട്ടത്തിലും നടൻമാരടക്കം
ഒട്ടനവധി തൊഴിൽ വിഭാഗങ്ങൾ അവരുടെ നിലനിൽപിനായി
സമരം ചെയ്തിരുന്നുവെന്ന് ചരിത്രം.
ഇതൊന്നും കേരളത്തിലായിരുന്നില്ല
എന്നുമറിയുക.
ഹർത്താൽ / സമര
വിരുദ്ധ മുദ്രാവാക്യങ്ങളുയർത്തി
ജൻമം കൊണ്ട പ്രസ്ഥാനമാണ് കേരളത്തിലെ വ്യാപാരി
വ്യവസായി ഏകോപന സമിതി.
എന്നാൽ കേരളത്തിൽ ആദ്യമായി
ദ്വിദിന ഹർത്താൽ
(48 മണിക്കൂർ ) നടത്തിയത്
അവരാണ്; VAT നെതിരെ.
പിന്നെ റീട്ടെയിൽ മേഖലയിൽ വാൾമാർട്ട്, സ്പെൻസർ, റിലയൻസ്,
ബിർള തുടങ്ങി നാടൻ / വിദേശ കുത്തകകൾ കടന്നു വന്നപ്പോൾ ആ സ്ഥാപനങ്ങൾക്കു മുന്നിൽ അവർ
ദിവസങ്ങളോളം കുത്തിയിരുപ്പു സമരം നടത്തിയിട്ടുണ്ട്. സമരം നടത്തിയത് കൊണ്ട് VAT / GST യോ ,
വൻകിട മാളുകളോ വരാതിരുന്നില്ല.
പക്ഷേ അവരുടെ മേഖലയിലെ ചെറുകിട കച്ചവടക്കാരുടെ നിലനിൽപ്പിന്
അവർക്ക് സമരമല്ലാതെ
മറ്റു മാർഗങ്ങളില്ലായിരുന്നു.
ആണവ നിലയം,
ഗെയിൽ പൈപ്പ് ലൈൻ,
ദേശീയ പാത വീതി കൂട്ടൽ,
കൊച്ചി മെട്രോ സ്ഥലമെടുപ്പ്,
വികസനത്തിനു വേണ്ടിയുള്ള കുടിയൊഴിപ്പിക്കൽ, ക്വാറി ,
മാലിന്യ സംസ്കരണ പ്ലാന്റുകൾ, മദ്യഷാപ്പുകൾ, അണക്കെട്ടുകൾ,
മൊബൈൽ ടവറുകൾ,
വയൽ നികത്തൽ ….
ഇവയ്ക്കെതിരെ
എത്രയെത്ര സമരങ്ങൾ
നടന്നു. ഇപ്പോഴും നടക്കുന്നു.
ഇതിലൊക്കെ പങ്കെടുക്കുന്നവരെല്ലാം
കമ്യൂണിസ്റ്റുകാരൊന്നുമല്ലല്ലോ? അവരെ
വികസന വിരുദ്ധർ എന്നും
മുദ്രകുത്താനാവില്ല. രാഷ്ട്രീയ മുതലെടുപ്പു
ലക്ഷ്യമിട്ടുള്ളവർ
അക്കൂട്ടത്തിലുണ്ടാകുമെങ്കിലും അടിസ്ഥാനപരമായി
ആ പ്രക്രിയയുടെ ഇരകളാവുന്ന മനുഷ്യരെ
ആ സമരങ്ങളുടെയെല്ലാം
മുൻ നിരയിൽ നമുക്ക് കാണാനാവും. പരിസ്ഥിതി
എന്ന വിശാലമായ കാഴ്ചപ്പാട്
ഉയർത്തി പിടിച്ച്
സമര രംഗത്ത് ഇറങ്ങുന്ന
ചുരുക്കം ചിലരും ഉണ്ടാവാം.
ട്രാക്ടറും കമ്പ്യൂട്ടറും
വരുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്നവർ നടത്തിയ
സമരത്തെ പരിഹസിക്കുന്നവർ തന്നെയാവാം ഒരു പക്ഷേ
മേൽപ്പറഞ്ഞ സമരങ്ങളുടെ
വക്താക്കൾ എന്നതാണ് വിചിത്രം.
വരാനിരിക്കുന്ന സമരങ്ങളിൽ നിങ്ങളുടെ
പക്ഷമേത്?
കൊവിഡാനന്തര ലോകത്തെ കാത്തിരിക്കുന്നത്
പുതിയ സാധാരണ നിലയാണ്. അത് നമ്മുടെ
തൊഴിലുകളെ പുനർ നിർവചിക്കും.
അതിൽ ഏറ്റവും ആദ്യത്തേത് സിനിമാ
രംഗത്താണ്. ആൾക്കൂട്ടത്തെ പേടിക്കുന്ന ഒരു കാലത്ത്
സിനിമാ തിയറ്ററുകൾ
അടഞ്ഞു തന്നെ കിടക്കും.
കോടികൾ മുടക്കിയ നിർമാതാക്കൾക്ക് അതു തുറക്കുന്നതുവരെ കാത്തിരിക്കാനാവില്ല.
അവർ ഓൺലൈൻ റിലീസിംഗിലേക്കു മാറും.
അതോടെ തിയറ്ററുകളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും തൊഴിലാളികൾ മുതൽ
പോസ്റ്റർ ഒട്ടിക്കുന്നവർ വരെ പട്ടിണിയിലാകും.
അതുപോലെ തന്നെ നഷ്ടം
നേരിടുന്നവരാണ്
തിയറ്ററുകളിൽ കോടികൾ
നിക്ഷേപിച്ച മുതലാളിമാർ.
അവരൊക്കെ
ഇപ്പോൾ തന്നെ
സമരത്തിന് ആഹ്വാനം നൽകിക്കഴിഞ്ഞു.
മുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്കയിലും സ്ഥിതി വ്യത്യസ്തമല്ല.
ആയിരത്തിലധികം തിയറ്ററുകളുള്ള
മുതലാളി (ഏ.എം.സി. തിയറ്റേർസ് ) വരെ ഓൺലൈനിൽ
റിലീസ് ചെയ്യുന്ന നിർമാതാക്കളുടെ
സിനിമകൾ ബഹിഷ്കരിക്കും എന്ന്
ഭീഷണിയുയർത്തി രംഗത്ത് വന്നിരിക്കുയാണ്.
മറ്റൊരു മേഖല വിദ്യാഭ്യാസമാണ്.
പഠനം
ഓൺലൈനിലേക്ക് മാറുമ്പോൾ
സംസ്ഥാനത്ത് കിട്ടാവുന്ന
ഏറ്റവും മിടുക്കരായ അധ്യാപകർ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുമ്പോൾ
അത് ഏറ്റവും
സ്വീകാര്യമാകുന്നു.
ഇനി സ്കൂൾ തുറന്നാൽ
ഒന്നാം ക്ലാസ്സിലെ മുഴുവൻ
കുട്ടികളും ഞങ്ങൾക്ക് സായി ശ്വേത
ടീച്ചറെ തന്നെ വേണം
എന്നു പറഞ്ഞാവും കരയുക.
എല്ലാ വിദ്യാർത്ഥികൾക്കും
ഓൺലൈൻ പഠനം
ലഭ്യമാക്കണം , ഡിജിറ്റൽ
ഡിവൈഡ് ഉണ്ടാവരുത് എന്നതു മാത്രമാണ് പൊതുവെയുള്ള ആവശ്യം.
ഓൺലൈൻ പഠനം
വേണ്ട എന്ന് ആരെങ്കിലും
പറയുമെങ്കിൽ അത്
അതു മൂലം തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള അധ്യാപകരായിരിക്കും.
അങ്ങിനെയൊരു സമരത്തിൽ ഇടതു സംഘടനകൾ മാത്രമല്ല എല്ലാ സംഘടനകളും
അണിനിരക്കും. കാരണം അതവരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്.
അഞ്ചു പത്തു വർഷത്തിനു ശേഷം ഓൺലൈൻ പഠനവും , ഓൺലൈൻ
സിനിമാ റിലീസിംഗും
അരങ്ങു വാഴുമ്പോൾ
നമുക്ക് ഈ സമരങ്ങളെ
പരിഹസിക്കാനാകുമോ?
വാൽ :
പണ്ട് ശാസ്ത്ര സാഹിത്യ
പരിഷത്തിന്റെ തെരുവു ജാഥയിൽ
കേട്ട ആവേശകരമായപാട്ടുണ്ട്.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ
‘മനുഷ്യന്റെ കൈകൾ
മനുഷ്യന്റെ കൈകൾ’
ലോകം മാറ്റിയും പുതുക്കിയും പണിതത്
മനുഷ്യന്റെ കൈകൾ കൊണ്ടാണെന്ന്.
കാലം ഏറെ മാറി.
വൈറസുകൾ പെറ്റു
പെരുകിയപ്പോൾ
നാം മറ്റൊന്നു കേട്ടു തുടങ്ങിയിരിക്കുന്നു.
‘മനുഷ്യന്റെ വിരൽ സ്പർശമേൽക്കാത്ത
ഉൽപന്നമാണിത്.
ധൈര്യത്തോടെ വാങ്ങി
ഉപയോഗിച്ചു കൊള്ളൂ’
എന്ന്
അപ്പോൾ പിന്നെ
മനുഷ്യന്റെ കൈകൾ
എന്തിനുള്ളതാണെന്നു
ചോദിച്ചാൽ
ആൻഡ്രോയിഡ് കുഞ്ഞപ്പൻ
പറഞ്ഞു തരും
“കൊടി പിടിക്കാനുള്ളതെന്ന്
സമരത്തിലൂടെ ലോകത്തെ
മാറ്റിമറിക്കാനുള്ളതെന്ന് “


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *