https://www.facebook.com/118978566570400/posts/132437241891199/
വിഷ മനുഷ്യരാണ്
മാന്യത പ്രതീക്ഷിക്കരുത് ….

എം. സ്വരാജ്

ഹീന മനസ്കരിൽ നിന്ന് മാന്യത പ്രതീക്ഷിക്കാനാവില്ല.
തിരഞ്ഞെടുപ്പുകാലത്ത് പ്രത്യേകിച്ചും.
നാലു വോട്ടിനായി എന്തു നീചകൃത്യവും ചെയ്യാൻ ഇക്കൂട്ടർ മടിക്കുകയുമില്ല . അധികാര ദുരയും ഇടത് വിരുദ്ധതയും ഒത്തുചേരുമ്പോൾ മനുഷ്യത്വവും മര്യാദയുമെല്ലാം പാടേ ചോർന്നു പോകും.

മുമ്പൊക്കെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാകുമ്പോൾ പഴയ കെ എസ് യു സുഹൃത്തുക്കൾ പയറ്റുന്ന ഒരു തറ വേലയുണ്ട്. തിരഞ്ഞെടുപ്പു ദിവസം രാവിലെ പ്രധാന കെ എസ് യു സ്ഥാനാർത്ഥി കൈ പ്ലാസ്റ്ററിട്ട് ,കഴുത്തിൽ തൂക്കി നല്ല ഡക്കറേഷൻ നടത്തി കോളേജിലെത്തും.
SFl ക്കാർ തലേന്ന് രാത്രി തല്ലിയൊടിച്ചതാണെന്നങ്ങ് വെച്ചു കാച്ചും .

ഓർക്കാപ്പുറത്ത് ഇങ്ങനെയൊരു നീക്കം പ്രതീക്ഷിക്കാത്ത SFI
തങ്ങൾ തല്ലിയിട്ടില്ലെന്നും സംഗതി കളവാണെന്നുമൊക്കെ വിശദീകരിച്ചു വരുമ്പോഴേക്ക് വോട്ടെടുപ്പ് കഴിയും . KSU നേതാവിന് പ്ലാസ്റ്ററിട്ട കൈയുമായി വിഷാദ ഭാവത്തിൽ കുട്ടികൾക്കു മുന്നിൽനിന്നു കൊടുത്താൽ മാത്രം മതി.

അക്കാലത്ത് പ്ലാസ്റ്ററിന്റെ ബലത്തിൽ സഹതാപം പൊലിപ്പിച്ച് തിരഞ്ഞെടുപ്പ് ജയിച്ച തന്ത്രശാലികൾ കുറച്ചൊന്നുമല്ല .
അവസാനം ഇവർ തിരഞ്ഞെടുപ്പ് ദിവസം പ്ലാസ്റ്ററിട്ട കൈയ്യുമായി വരുമെന്ന് കാലേകൂട്ടി പ്രചരണം നടത്തിയാണ് SFIക്കാർ പ്ലാസ്റ്റർ തന്ത്രത്തെ മറികടന്നത്.

പഴയ കെ എസ് യു ക്കാർ കോൺഗ്രസായി മുതിർന്നാലും മനസ്സ് കെ എസ് യു നിലവാരത്തിൽ തന്നെയായിരിക്കും.
തറ വേലകൾ തന്നെയായിരിക്കും മൂലധനം. മാധ്യമ സഹായം വേണ്ടുവോളം ലഭിക്കുകയും ചെയ്യും.

തിരഞ്ഞെടുപ്പ് കാലത്ത് ഒരു കോൺഗ്രസ് നേതാവും ഇന്ത്യ നേരിടുന്ന ഗൗരവതരമായ പ്രശ്നങ്ങളെക്കുറിച്ച് മിണ്ടില്ല .
സാമ്പത്തിക നയങ്ങളിൽ, പൊതുമേഖലയുടെ സ്വകാര്യവൽക്കരണത്തിൽ, കാർഷിക മേഖലയിലെ പ്രതിസന്ധിയിൽ, തൊഴിലില്ലായ്മയിൽ…
ഒക്കെ ബിജെപിയിൽ നിന്ന് വ്യത്യസ്തമായ എന്തു ബദൽ നയമാണ് തങ്ങൾക്കുള്ളതെന്ന് കോൺഗ്രസ് നേതാക്കൻമാരുടെ പ്രസംഗങ്ങളിൽ നിന്ന് ഒരിക്കലും നമ്മൾ കേൾക്കില്ല . അക്കാര്യം ചോദിക്കാൻ മാധ്യമങ്ങളും മറക്കും.

പകരം അതിവൈകാരികതലം സൃഷ്ടിച്ച് ഇത്തിരി കണ്ണീരും ചോരയും ഗദ്ഗദവും ചാലിച്ച്
പറ്റിയാൽ വിശ്വാസം മേമ്പൊടി ചേർത്ത് ഒരു തിരഞ്ഞെടുപ്പ് സ്പെഷ്യൽ തയ്യാറാക്കും.സംഗതി പച്ചക്കള്ളമായിരിക്കും. പക്ഷേ കള്ളമാണെന്ന് തെളിവുകൾ ശേഖരിച്ച് വിശദീകരിച്ചു വരുമ്പോഴേക്ക് തിരഞ്ഞെടുപ്പ് കഴിയും. ‘സത്യം ചെരിപ്പു ധരിക്കുമ്പോഴേയ്ക്ക് കള്ളം ലോകം ചുറ്റിക്കഴിയും’ എന്നാണല്ലോ.

അങ്ങനെ രാജ്യത്തിന്റെയും ജനങ്ങളുടെയും മൗലിക പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട ഗൗരവമേറിയ തിരഞ്ഞെടുപ്പിനെ ഈ കള്ളക്കൂട്ടങ്ങൾ അട്ടിമറിക്കും.
ജനങ്ങളെ പറ്റിക്കും.
പിന്നീട് സത്യം സൂര്യശോഭയോടെ തെളിയുമ്പോൾ വഷളൻ ചിരിയുമായവർ മാളത്തിലൊളിക്കും. മാധ്യമങ്ങളാവട്ടെ ദുർബലമായൊരു ന്യായം പോലും പറയാനില്ലാതെ മറവി ഭാവിക്കും.
പുതിയ നുണകൾ ആവേശം ചോരാതെ ആഘോഷിക്കുകയും ചെയ്യും.

ഭരണത്തിന്റെ നേട്ട കോട്ടങ്ങളും , നാടിന്റെ വികസന കാര്യങ്ങളുമെല്ലാം ചർച്ച ചെയ്യേണ്ട തിരഞ്ഞെടുപ്പുവേളകളെ വിഷലിപ്തമായ സംഘടിത നുണപ്രചാരവേല കൊണ്ട് അട്ടിമറിക്കാൻ ശ്രമിക്കുന്ന വലതുപക്ഷ നെറികേടിന് കേരളമെത്രയോ തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

I

ചവറ സരസൻ

പണ്ട് ഒരു തിരഞ്ഞെടുപ്പ് കാലത്ത് ചവറ സരസനായിരുന്നു ഇക്കൂട്ടരുടെ ആയുധം.
വർഷങ്ങൾക്കു മുമ്പാണ് ,
1982ൽ ,
ആ തെരഞ്ഞെടുപ്പ് കാലം മുഴുവൻ കേരളം ഇളക്കിമറിച്ച പ്രചരണ വിഷയം ചവറ സരസന്റെ ‘കൊലപാതകമായിരുന്നു’ .
പാർട്ടി മാറി കോൺഗ്രസായ സരസനെ ബേബി ജോൺ കൊന്നുകളഞ്ഞു എന്ന അന്നത്തെ പ്രചണ്ഡപ്രചരണം ആരൊക്കെ മറന്നാലും ശ്രീ. ഷിബു ബേബി ജോൺ മറക്കാൻ പാടില്ലാത്തതാണ്.

ചവറ സരസനെ ഗുണ്ടകൾ തല്ലിക്കൊന്ന് ശവം ബോട്ടിൽ കയറ്റി ഉൾക്കടലിൽ കൊണ്ടുപോയി വെട്ടി നുറുക്കി മത്സ്യങ്ങൾക്ക് തീറ്റയായി എറിഞ്ഞു കൊടുത്തു എന്നായിരുന്നു പ്രചരണം . ആ തെരഞ്ഞെടുപ്പു കാലത്ത് കേരളം മുഴുവൻ സരസന്റെ ചിത്രം സ്ഥാപിച്ച്, അതിന് മുന്നിൽ വിളക്കു കൊളുത്തി പ്രാർത്ഥനായജ്ഞം നടത്തിയ കോൺഗ്രസ്
” സരസന്റെ ചിതാഭസ്മമെങ്കിലും ഞങ്ങൾക്കു വിട്ടു തരൂ”. എന്ന് വലിയ വായിൽ നിലവിളിച്ചു. ആ കണ്ണുനീരത്രയും ഏറ്റുവാങ്ങിയ മനോരമാദി പത്രങ്ങൾ കണ്ണീർ പരമ്പരകളിലൂടെ കേരളത്തെ കരയിച്ചു. കൊലപാതകികൾക്കെതിരെ രോഷം നുരഞ്ഞു പൊന്തി.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ 4 ദിവസം കൊണ്ട് കേസ് തെളിയിക്കുമെന്ന് ശ്രീ.കെ.കരുണാകരൻ പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പിൽ കോൺസ് ജയിച്ചു. കരുണാകരൻ മുഖ്യമന്ത്രിയായി . സരസനെ കൊന്നവരെന്ന് സംശയിച്ച് നിരവധി നിരപരാധികളെ പോലീസ് ഭീകര മർദ്ദനമുറകൾക്ക് വിധേയരാക്കി .
ശരീരം ചതഞ്ഞരഞ്ഞ് മാറാരോഗികളായി ജീവിതം നരകിച്ച് പലരും അകാല ചരമമടഞ്ഞു.

സാവധാനം എല്ലാവരും സരസനെ മറന്നു. നാലഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ മംഗലാപുരത്തിനടുത്തു നിന്ന് സാക്ഷാൽ ചവറ സരസനെ പോലീസ് അറസ്റ്റ് ചെയ്ത് കൊല്ലത്ത് കൊണ്ടുവന്നു. വധിക്കപ്പെട്ട സരസൻ തിരിച്ചു വന്നു ..!!

ഒരു തിരഞ്ഞെടുപ്പ് കാലം മുഴുവൻ മാധ്യമ സഹായത്തോടെ കേരളമാകെ കൊട്ടിപ്പാടിയ ഒരു പച്ചക്കള്ളത്തിന്റെ പരിഹാസ്യമായ ചരിത്രമാണ് മേൽ കുറിച്ചത് .

ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവിനോട് ഇക്കാര്യം ഇപ്പോഴൊന്നു ചോദിച്ചു നോക്കൂ . ഒരക്ഷരം ഉരിയാടാതെ ഒരു വഷളൻചിരിയുമായി പതുങ്ങുന്നതു കാണാം.
നാലു വോട്ടിനായി എന്തു നെറികേടും കാണിക്കുന്ന ഇക്കൂട്ടരിൽ നിന്ന് എന്ത് മര്യാദയാണ് പ്രതീക്ഷിക്കാനാവുക .

തെരുവംപറമ്പിലെ ബലാത്സംഗം.

2001 ലെ തിരഞ്ഞെടുപ്പു കാലത്ത് ലീഗും കോൺഗ്രസും ആഘോഷമായി കൊണ്ടാടിയ മുഖ്യ പ്രചരണ വിഷയമായിരുന്നു കോഴിക്കോട് നാദാപുരത്തിനടുത്ത തെരുവംപറമ്പിലെ ഒരു സഹോദരിയെ CPI(M) നേതാവ് ബലാത്സംഗം ചെയ്തു എന്ന ഹീനമായ നുണ.

സംസ്ഥാന വ്യാപകമായ സംഘടിത പ്രചരണമാണ് UDF അഴിച്ചുവിട്ടത്. മുഖ്യധാരാ മാധ്യമങ്ങൾ കുറ്റകരമായ പിന്തുണയാണ് ഈ നെറികെട്ട പ്രചരണത്തിനും നൽകിയത്. ഈന്തുള്ളതിൽ ബിനു എന്ന DYFl പ്രവർത്തകനെതിരായി കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളപ്പരാതിയുമായി വേട്ടയാടൽ തുടർന്നു.

കോൺഗ്രസിന്റെയും ലീഗിന്റെയും ബഹുമാന്യരായ പല നേതാക്കൻമാരും ഒരു മനസാക്ഷിക്കുത്തുമില്ലാതെ ബലാത്സംഗകഥ സ്റ്റേജുകളിൽ വികാരപരമായി അവതരിപ്പിച്ചു.
NDF ഉം UDF നൊപ്പം ഈ ഗൂഡാലോചനയിൽ ഒരുമിച്ചു നിന്നു. രാഷ്ട്രീയ വിരോധം കൊണ്ട് ബലാത്സംഗം ചെയ്യുന്ന മാർക്സിസ്റ്റ് ക്രൂരതയ്ക്കെതിരെ അരാഷ്ട്രീയ ബുദ്ധിജീവികൾ ഉറഞ്ഞു തുള്ളി. സി പി ഐ (എം ) ‘അതിക്രമത്തിന് ‘ അന്ത്യം കുറിക്കാൻ യുഡിഎഫും മാധ്യമങ്ങളും കൈകോർത്തു.

ആ അന്തരീക്ഷത്തിൽ , ഇല്ലാത്തൊരു ബലാത്സംഗത്തിന്റെ ബലത്തിൽ ചുളുവിലൊരു തിരഞ്ഞെടുപ്പു ജയിച്ചു കയറാൻ യു ഡി എഫിന് കഴിഞ്ഞു.

പക്ഷേ തെരുവംപറമ്പിൽ അങ്ങനെയൊരു ബലാത്സംഗമേ നടന്നിട്ടില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും കോടതി പിന്നീട് കണ്ടെത്തി.

ഏറെക്കഴിയും മുമ്പേ പരാതിക്കാരി തന്നെ വാർത്താ സമ്മേളനം നടത്തി . തെറ്റ് ഏറ്റു പറഞ്ഞു. ലീഗ് നേതാക്കന്മാരുടെ സമ്മർദ്ദം കൊണ്ടാണ് പരാതി നൽകിയതെന്നും അതിന് പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നെന്നും വാഗ്ദാനം പാലിച്ചില്ലെന്നും വാർത്താസമ്മേളനത്തിലൂടെ ലോകമറിഞ്ഞു.

ക്രൂരമായ വേട്ടയാടലിനിരയായ സ.ബിനുവിനെ അപ്പോഴേയ്ക്കും ഈ കാപാലികർ പട്ടാപ്പകൽ വെട്ടിനുറുക്കി കൊന്നു കഴിഞ്ഞിരുന്നു. അധികാരത്തിനായി ഭ്രാന്തു പിടിച്ച് അലയുന്നവർ മനുഷ്യജീവന് എന്തു വില കൽപിക്കാനാണ്.

ഇല്ലാത്ത ബലാത്സംഗകഥയുണ്ടാക്കി ഒരു ചെറുപ്പക്കാരന്നെ കൊന്നുകളഞ്ഞ നരാധമൻമാരോട് അന്നത്തെ തെരുവംപറമ്പിലെ ബലാത്സംഗകഥയെക്കുറിച്ച് ഇപ്പോഴൊന്നു ചോദിച്ചു നോക്കൂ.
ഒരു മനസാക്ഷിയുമില്ലാതെ, അതേ ചിരിയുമായി അവർ ഉരുണ്ടു കളിക്കും.

III

ചാപ്പ കുത്തൽ

2001 ലെ തിരഞ്ഞെടുപ്പ് കാലത്ത് തെരുവംപറമ്പ് ബലാത്സംഗം പോലെ യു ഡി എഫ് ആളിക്കത്തിച്ച പ്രചരണ വിഷയമായിരുന്നു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ “ചാപ്പ കുത്തൽ” .
വിദ്യാർത്ഥികൾക്കിടയിലുണ്ടായ നിസാര കശപിശയാണ് പത്രസഹായത്താൽ SFI ഭീകരതയായി കേരളം നിറഞ്ഞത്.
ഭാവനാ വിലാസങ്ങൾ അഴിഞ്ഞാടിയ വിഷപ്രചരണങ്ങൾക്കു ശേഷം ചാപ്പ കുത്തലും വിസ്മൃതിയിലായി.

പിന്നീട് ഒരു ദശാബ്ദത്തിനു ശേഷമാണ് അന്നത്തെ കെ എസ് യു ഭാരവാഹിയായ ശ്രീ.പി.കെ.ശ്യാംകുമാർ ‘ചാപ്പകുത്തലി’ നു പിന്നിലെ കള്ളക്കളികൾ വെളിപ്പെടുത്തിയത്.

കോൺഗ്രസ് നേതാക്കന്മാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ആസൂത്രിതമായ ഒരു നാടകമായിരുന്നത്രെ കുപ്രസിദ്ധമായ ചാപ്പ കുത്തൽ.
ശ്യാംകുമാറിന്റെ വെളിപ്പെടുത്തലിലൂടെ ചാപ്പ കുത്തലും അന്ത്യശ്വാസം വലിച്ചു .

നെടുങ്കൻ ലേഖനങ്ങളും പ്രതികരണങ്ങളും കാർട്ടൂണുകളുമായി കോൺഗ്രസിനു വിടുപണി ചെയ്ത മാധ്യമങ്ങൾ പക്ഷെ
ചാപ്പകുത്തലിന്റെ സത്യാവസ്ഥ വെളിപ്പെട്ടപ്പോൾ അത് ചെറിയൊരു വാർത്തയിലൊതുക്കി അരങ്ങത്തു നിന്നു പിൻ വാങ്ങി.

IV

ചെർപ്പുളശേരിയിലെ ഗർഭം

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ബാധിക്കുന്നതൊന്നും ചർച്ച ചെയ്യാനുള്ള ആർജവം പ്രകടിപ്പിക്കാതെ പച്ചക്കള്ളങ്ങൾ ഇക്കിളിപ്പെടുത്തും വിധം മാധ്യമ സഹായത്തോടെ പ്രചരിപ്പിച്ച് ചുളുവിൽ വോട്ടു നേടുന്ന അന്തസില്ലായ്മയാണ് കേരളത്തിലെ വലതുപക്ഷം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. ഇനിയും നിരവധി ഉദാഹരണങ്ങളുണ്ട്.

അതുപോലെ ഇത്തവണത്തെ തിരഞ്ഞെടുപ്പു സ്പെഷ്യൽ ആഘോഷത്തിന് ചെർപ്പുളശേരിയിൽ നിന്നൊരു ഗർഭമാണ് കിട്ടിയത്. മാധ്യമങ്ങൾക്കൊപ്പം കേരളത്തിന്റെ ‘പ്രബുദ്ധ’വലതുപക്ഷം കഴിഞ്ഞ ദിവസമാണ് ഒറ്റമൂലി കണ്ടെത്തിക്കൊണ്ടുവന്നത്.

സി പി ഐ (എം) ഓഫീസിന്റെ അടുത്തെവിടെയോ ഒരു ഗാരേജിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരനാണത്രേ പ്രതി ..!
ആഘോഷിക്കാൻ പിന്നെന്തു വേണം.
വീണു കിട്ടിയ ഒരു ഗർഭം കൊണ്ട് പാർലമെൻറ് പിടിക്കാൻ ചാടിയിറങ്ങിയ അലവലാതികളെയോർത്ത് സാക്ഷര കേരളം ലജ്ജിക്കും.

പക്ഷെ പ്രചരണ കമ്മിറ്റിക്കാർക്ക് വൈകാതെ ഗർഭം ക്ലച്ചു പിടിക്കില്ലെന്ന് മനസിലായി.
പഴയ പോലെ തിരഞ്ഞെടുപ്പ് വിലാസം തനിത്തറ വേലകൾ കൊണ്ടു മാത്രം ഇനിയുള്ള കാലം പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ്.
കോൺഗ്രസും കൂട്ടരും മാധ്യമങ്ങളും കൂട്ടുന്ന കണക്കു കൊണ്ട് മാത്രംഇനിയങ്ങോട്ട് തിരഞ്ഞെടുപ്പ് ജയിക്കാൻ പാടാണെന്ന് ചെർപ്പുളശേരിയിലെ കള്ളക്കഥയുടെ പരിണതി ഓർമിപ്പിക്കുന്നുണ്ട് .

വ്യാജ പ്രചരണത്തിനെതിരെ DYFI നിയമ നടപടി പ്രഖ്യാപിച്ചു. പ്രതിയെന്ന് പറയപ്പെടുന്ന ചെറുപ്പക്കാരന് DYFlയുടെ ബസ് ഷെൽട്ടറിൽ മഴയത്ത് കയറി നിന്ന ബന്ധം പോലുമില്ലെന്നും വ്യക്തമായി. മഷിനോട്ട വിദഗ്ധരും പാർട്ടിബന്ധം കണ്ടു പിടിക്കാനാവാതെ കുഴങ്ങിയതോടെ മിക്ക മാധ്യമങ്ങളും സംഭവത്തിൽ സി പി ഐ (എം) നെ ബന്ധിപ്പിക്കുന്നതൊന്നുമില്ലെന്ന് തുറന്നു പറഞ്ഞു. ഗർഭാഘോഷത്തിൽ നിന്ന് പിൻ വാങ്ങി. എന്നിട്ടും കൈവന്ന ഗർഭം വിട്ടു കളയാൻ മടിയുള്ള ചിലർ വൈകുന്നേരത്തെ ചർച്ച ഗർഭ ചർച്ചയാക്കി മാറ്റിയെങ്കിലും ജനം ഇത് തള്ളിക്കളയുകയാണുണ്ടായത് .

തിരഞ്ഞെടുപ്പിന് ഇനിയും ഒരു മാസമുണ്ട്. ഉള്ളിൽ വിഷം പേറുന്നവർ തക്കം പാർത്തിരിപ്പുണ്ട്.
ആരും പ്രതീക്ഷിക്കാത്ത , ചിന്തിക്കാനാവാത്ത പച്ചക്കള്ളമിവർ പറയും. ആഘോഷിക്കും. വോട്ടിനായി മറ്റെല്ലാമിവർ മറക്കും. ജനാധിപത്യം ജാഗ്രത പാലിക്കണം.

തിരഞ്ഞെടുപ്പു ജയിച്ചു കയറാനുള്ള അതിരുകവിഞ്ഞ അധികാര ഭ്രാന്തും , സമനില തെറ്റിക്കുന്ന ഇടതു വിരോധവും നമ്മുടെ ജനാധിപത്യത്തെ എത്രമാത്രം കളിയാക്കുന്നുവെന്ന് , ജനങ്ങളെ എങ്ങനെയൊക്കെ പറ്റിക്കുന്നുവെന്ന് ചർച്ച ചെയ്യപ്പെടാതെ പൊയ്കൂട.
അതിന് ചില മാധ്യമങ്ങൾ ചൂട്ടു പിടിക്കുന്നത് കാണാതെയുമിരുന്നുകൂട. മനസിൽ വിഷം മാത്രം നുരഞ്ഞുപൊന്തുന്നവരെ അറപ്പോടെ അകറ്റി നിർത്തേണ്ട സമയമാണിത്.