ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ നിർമ്മാണം ആരംഭിച്ചു. മൊത്തം 400 കോടി രൂപയുടേതാണ് ഭരണാനുമതി. ആദ്യഘട്ട നിർമ്മാണത്തിനു കിഫ്ബിയിൽ നിന്ന് 129 കോടി രൂപ അനുവദിച്ചു. കെഎസ്ആർടിസി ബസ് ടെർമിനലാണ് ഈ ഘട്ടത്തിൽ നിർമ്മിക്കുന്നത്. അടുത്ത ഘട്ടത്തിൽ ജലസേചന വകുപ്പിന്റെ വർക് ഷോപ്പും മൂന്നാംഘട്ടത്തിൽ ജലഗതാഗത വകുപ്പിന്റെ ആസ്ഥാനവും ബോട്ട് ജെട്ടിയും നിർമ്മിക്കും. വാടക്കനാലിന്റെ തീരത്ത് പുന്നമട കായലിന് തെക്കുവശത്തായി നാലേക്കറിൽപ്പരം ഭൂമിയിലാണ് മൊബിലിറ്റി ഹബ്ബ് ഒരുങ്ങുന്നത്.

58000 ചതുരശ്രയടിയാണ് ബസ് ടെർമിനൽ. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും 17 സ്ഥലങ്ങളുണ്ട്. താഴത്തെ നിലിൽ കഫ്റ്റീരിയ, ശീതികരിച്ചതും അല്ലാത്തതുമായ കാത്തിരിപ്പു കേന്ദ്രങ്ങൾ, ശൗചാലയങ്ങൾ എന്നിവയുണ്ട്. ഒന്നാംനിലയിൽ 37 ബസ് പാർക്കിംങിന് അകത്തേയ്ക്കും പുറത്തേയ്ക്കും പ്രത്യേക വഴികളുണ്ട്. മൂന്നു നിലകളിലായി 32,628 ചതുരശ്രയടി വാണിജ്യാവശ്യത്തിന് ഉപയോഗിക്കും. 21 സ്ത്രീകൾക്കും 19 പുരുഷൻമാർക്കും ഒറ്റമുറി വാടകയ്ക്കെടുക്കാനുള്ള സൗകര്യവും ഡോർമെറ്ററിയുമുണ്ട്.

നാല് സ്റ്റാർ ഹോട്ടൽ, റെസ്റ്റോറന്റുകൾ, സ്യൂട്ട് റൂമുകൾ, ബാർ, നീന്തൽക്കുളം, ഹെൽത്ത് ക്ലബ്ബ്, മേൽക്കൂരത്തോട്ടം എന്നിവ പദ്ധതിയുടെ ആകർഷകമാണ്. മൾട്ടിപ്ലക്സ് തിയേറ്റർ, വെയിറ്റിംങ് ലോബി, ടിക്കറ്റ് കൗണ്ടർ, ഫുഡ് കോർട്ട് എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ടെർമിനിലിനടുത്തുള്ള പ്രത്യേക ബ്ലോക്കിൽ ബസ് വർക് ഷോപ്പുകളും ഗാരേജും തയ്യാറാക്കും. ഒരു സമയം ഒൻപത് ബസുകൾ ഉൾക്കൊള്ളും. മെയിന്റനൻസ് ചേംബറുള്ള ബേസും കെഎസ്ആർടിസി ഓഫീസും ജീവനക്കാർക്കു താമസിക്കാനുള്ള താമസസൗകര്യവും ഉണ്ടാകും. പൊതു ഇന്ധൻ സ്റ്റേഷനും നിർമ്മിക്കും.

പ്രകൃതി വാതക, വൈദ്യുതി ചാർജ്ജിംങ് കേന്ദ്രവും ഇന്ധന സ്റ്റേഷനിൽ നൽകിയിട്ടുണ്ട്. ഏഴ് നിലകളിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ 150 കാറുകൾ പാർക്ക് ചെയ്യാം. ഇൻകെൽ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. ക്രെസന്റ് ബിൽഡേഴ്സാണ് കരാറുകാർ.

ഏറ്റവും ആകർഷകമായ ഭാഗം ഒരുപക്ഷെ പുതിയ ബോട്ട് ജെട്ടിയായിരിക്കും. പത്തോളം ബോട്ടുകൾ അടുപ്പിക്കുന്നതിനും യാത്രക്കാരെ കയറ്റുന്നതിനുമുള്ള പ്രത്യേക ബേകൾ ഉണ്ടായിരിക്കും. കായൽപ്പരപ്പ് കണ്ടിരിക്കാൻ പറ്റുന്ന റെസ്റ്റോറന്റും ചുണ്ടൻ വള്ളങ്ങളുടെയും മറ്റു കായൽ ജലയാനങ്ങളുടെയും മ്യൂസിയവും ഉണ്ടാവും. ഏഴുനില ബസ് ടെർമിനൽ ചുണ്ടൻ വള്ളത്തിന്റെ മാതൃകയിലാണ് നിർമ്മിക്കുന്നത്. തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ആർക്കിടെക്ച്ചർ ഡോ. ജോസ്ന റാഫേലാണ് ഡിസൈൻ തയ്യാറാക്കിയത്.

മൊബിലിറ്റി ഹബ്ബിനെ റെയിൽവേ സ്റ്റേഷനും ബൈപ്പാസിന്റെ തെക്കു-വടക്ക് പ്രവേശന കവാടങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സർക്കുലർ ബസ് സർവ്വീസും നിലവിലുണ്ടാകും. തോടുകളുടെ നവീകരണം, തോട്ടിൻ തീരത്തുകൂടിയുള്ള സൈക്കിൾ ട്രാക്ക്, പുതിയ പാലങ്ങൾ, സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം, ഇപ്പോഴത്തെ കടൽത്തീരത്തുകൂടിയുള്ള പടിഞ്ഞാറൻ ബൈപ്പാസിനു പുറമേ പള്ളാത്തുരുത്തിയിൽ നിന്ന് നെഹ്റുട്രോഫി വാർഡിലെ പാടശേഖരങ്ങൾക്കു മുകളിലൂടെയുള്ള കിഴക്കൻ ബൈപ്പാസും എല്ലാം ചേർന്ന് ഒരു നവീന ആലപ്പുഴ രൂപംകൊള്ളുമ്പോൾ അതിന്റെ തിലകക്കുറിയായിരിക്കും ഈ മൊബിലിറ്റി ഹബ്ബ്.

KIFFB


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *