ദേശീയപാതയുടെ വികസനവും ഗെയിൽ പൈപ്പ് ലൈൻ കമ്മീഷനിങ്ങും. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലേറുമ്പോൾ കെ. സുരേന്ദ്രൻ മുന്നോട്ടുവെച്ച ചലഞ്ചുകളാണ്. ഇത് രണ്ടും പൂർത്തീകരിച്ചാൽ പിണറായി വിജയനെ അംഗീകരിക്കാമെന്ന് ബിജെപിയുടെ ഇപ്പോഴത്തെ അധ്യക്ഷൻ അറിയാതെ പറഞ്ഞുപോയതല്ല. അത് രണ്ടും പൂർത്തിയാക്കാൻ കഴിയില്ലെന്ന സുരേന്ദ്രന്റെ ഉറച്ച വിശ്വാസമാണ് ആ ചലഞ്ചിന് സുരേന്ദ്രനെ തയ്യാറാക്കിയത്. അത്തരമൊരു ചലഞ്ച് മുന്നോട്ടു വെച്ച് ബിജെപിയുടെ ഭാവിയിലെ ഒരു രാഷ്ട്രീയമുദ്രാവാക്യത്തിനുള്ള വിത്ത് പാകുക കൂടിയാണ് സുരേന്ദ്രൻ ചെയ്തത്. ഇടതനും വലതനും കൂടി ഭരിച്ചുമുടിപ്പിച്ചു ലൈനിൽ ഗോബർ ഐടി സെല്ലുകൾ തള്ളി വിടുന്ന ഐറ്റങ്ങൾ കണ്ടിട്ടില്ലേ. ഗുജറാത്തിൽ ഗെയിൽ പദ്ധതി വന്നു, കേരളത്തിന് വെളിയിലെല്ലാം ദേശീയപാത വീതി കൂട്ടി തുടങ്ങി കേരളത്തിലെ മധ്യവർഗ്ഗവിഭാഗങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഒരു തുറുപ്പു ഗുലാൻ തയ്യാറാക്കുകയായിരുന്നു സുരേന്ദ്രൻ. പക്ഷെ, പിണറായി വിജയൻ എന്ന ഭരണാധികാരിയുടെ ഇച്ഛാശക്തിയുടെ വിജയമാണ് പിന്നീട് കേരളം കണ്ടത്. കേരളവികസനത്തിന് ഈ രണ്ട് പദ്ധതികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള ബഹുമുഖ ഇടപെടലിനാണ് കേരളം പിന്നീട് സാക്ഷ്യം വഹിച്ചത്. നാലര വർഷങ്ങൾക്കിപ്പുറം ഗെയിൽ പദ്ധതിയുടെ കൊച്ചി-മംഗലാപുരം ലൈൻ കമ്മീഷൻ ചെയ്തു. കൂറ്റനാട്-വാളയാർ ലൈൻ മാർച്ചിൽ കമ്മീഷൻ ചെയ്യും. ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കൽ 90%വും പൂർത്തിയാക്കി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വികസനപ്രവൃത്തികളുടെ ഉദ്ഘാടനം കഴിഞ്ഞു. മലപ്പുറം, തൃശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പ്രവൃത്തികൾക്കുള്ള ടെൻഡർ വിളിച്ചിരിക്കുന്നു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ഭൂമി ഏറ്റെടുക്കൽ അവസാനഘട്ടത്തിലാണ്. ഭൂമി ഏറ്റെടുക്കുന്നതിന്റെ ചെലവ് സംസ്ഥാനം കൂടി വഹിക്കണമെന്ന തികച്ചും അസാധാരണമായ ആവശ്യമുന്നയിച്ച് NHAI ഒരു ഘട്ടത്തിൽ കേരളത്തിലെ ദേശീയപാതാ പദ്ധതികളിൽ നിന്ന് പിന്മാറുന്നുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ അതിവേഗം പുരോഗമിക്കവെ നടപടികൾ നിർത്തിവെക്കണമെന്ന് അഭ്യർത്ഥിച്ച് ബിജെപിയുടെ അന്നത്തെ പ്രസിഡണ്ട് ശ്രീധരൻ പിള്ള കേന്ദ്രത്തിലേക്ക് കത്തയച്ചത് ഓർക്കുന്നുണ്ടോ. തളിപ്പറമ്പ് ബൈപാസിലെ കീഴാറ്റൂരിൽ ദേശീയപാതാ വികസനത്തിനെതിരെ സമരം ചെയ്യാൻ നന്ദിഗ്രാമിലെ മണ്ണുമായി വന്ന ബിജെപി ദേശീയ ജനറൽ സെക്രട്ടറിയെ ഓർക്കുന്നുണ്ടോ. ബിജെപിയുടെ സംസ്ഥാനനേതൃത്വത്തിന്റെ കുത്തിത്തിരിപ്പ് കാരണമാണ് ദേശീയപാതാ വികസനത്തിൽ നിന്നും NHAI പിന്മാറിയതെന്ന് ഏത് നിഷ്ക്കളങ്കർക്കും മനസിലാക്കാൻ ഇതൊക്കെ തന്നെ ധാരാളം.ബിജെപി കൃത്യമായ പ്ലാനിങ്ങിലായിരുന്നു. തെക്ക് മുതൽ വടക്ക് വരെ ദേശീയപാതകളിൽ ഞെങ്ങി ഞെരുങ്ങി വീർപ്പുമുട്ടുന്ന മലയാളികളെ സ്വാധീനിക്കാനുള്ള നല്ലൊരു ഇലക്ഷൻ അജണ്ട സെറ്റ് ചെയ്യുകയായിരുന്നു. പക്ഷെ, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മാത്രം അവർ ഓർത്തില്ല. ഒരിക്കലും സംസ്ഥാനസർക്കാർ ഏറ്റെടുക്കില്ല എന്ന് ധരിച്ച് NHAI മുന്നോട്ടുവെച്ച നിബന്ധന കേരളം ഏറ്റെടുത്തു. ഭൂമി ഏറ്റെടുക്കാൻ ചെലവാകുന്ന തുകയുടെ നാലിലൊന്ന് കിഫ്ബി വഴി നൽകാൻ തീരുമാനിച്ചു. ഇതിനകം ആയിരം കോടിയോളം രൂപ കൈമാറി. മുഖ്യമന്ത്രി തന്നെ ഓഫീസുകൾ കയറിയിറങ്ങി ബിജെപി കേരളഘടകത്തിന്റെ അജണ്ടകൾ വലിച്ചു കീറി തോട്ടിലെറിഞ്ഞു. ഒടുവിൽ ഒരു മുഖ്യമന്ത്രി തന്നെ ഇങ്ങനെ ഓഫീസിൽ കയറിയിറങ്ങിയിട്ടും പദ്ധതി മുന്നോട്ടു കൊണ്ടു പോകാത്ത NHAIയെ നിതിൻ ഗഡ്കരിക്ക് തന്നെ തള്ളിപ്പറയേണ്ടി വന്നു. അപ്പോൾ ഉത്തമരെ, ഇങ്ങനെ ബിജെപി അജണ്ട കീറിയെറിഞ്ഞ് കേരളം നടപ്പാക്കിയെടുത്ത പദ്ധതിയാണ് ദേശീയപാതാ വികസനം. കേരളം തളികയിൽ വെച്ച് സംഘപരിവാറിന് നൽകാനായി നേർച്ച നേർന്നിട്ടുള്ള മലയാളമാധ്യമങ്ങൾ ഏറ്റെടുക്കുമായിരുന്ന ഇലക്ഷൻ കാലത്തെ ഏറ്റവും ഹോട്ട് വികസനവിഷയമാണ് ദേശീയപാതാ വികസനം. ബിജെപിയുടെ ഈ അജണ്ടയെ പൊളിച്ചടുക്കി മധ്യവർഗ്ഗ വോട്ടുകളിൽ ഉണ്ടാകുമായിരുന്ന ബിജെപി അനുകൂലവികാരത്തെ ഇല്ലാതാക്കിയ അനുഭവമാണ് അത്. അതിനെ ബിജെപിയുടെ അജണ്ട കേരള സർക്കാർ നടപ്പിലാക്കി എന്ന് എഴുതാൻ നിങ്ങൾക്കെ കഴിയൂ.പതിനായിരം കോടിയിലേറെ നിക്ഷേപവും ഒരു ലക്ഷം തൊഴിൽ സാധ്യതകളും പ്രതീക്ഷിക്കുന്ന വ്യവസായ കോറിഡോറിന്റെ ഭാഗമാണ് ഇന്ന് കേരളം. ചെന്നൈ-ബംഗളുരു കോറിഡോർ കൊച്ചി വരെ നീളാൻ കാരണമായത് ഇടപ്പള്ളി മുതൽ വാളയാർ വരെ നിലവിലുള്ള ആറുവരിപ്പാതയുടെ സാന്നിധ്യം കൊണ്ടാണ്. അവിടേക്ക് നിക്ഷേപകരെ ആകർഷിക്കാൻ ഇപ്പോൾ കമ്മീഷൻ ചെയ്യപ്പെടാൻ പോകുന്ന കൂറ്റനാട്-വാളയാർ ഗെയിൽ പൈപ്പ് ലൈനും സഹായകരമാകും. നമ്മുടെ യുവതക്ക് നാട്ടിൽ തന്നെ തൊഴിൽ ലഭ്യമാകുന്ന സാധ്യതകളാണ് മെച്ചപ്പെട്ട കണക്ടിവിറ്റിയും ഊർജ്ജലഭ്യതയും വഴി തുറക്കുന്നത്. വികസനത്തിൽ വിയോജിപ്പില്ല. നയങ്ങളിലാണ് വിയോജിപ്പ്. പൗരത്വസമരവും കാർഷികസമരവും മുൻനിരയിൽ നിന്ന് നയിക്കുന്ന അതേ നായകർ തന്നെയാണ് വികസനം സാധ്യമാക്കാനുള്ള നയതന്ത്രവും നടപ്പാക്കുന്നത്. അതാണ് നമ്മുടെ നാട് ആവശ്യപ്പെടുന്നത്. 2019ൽ ചക്ക വീണ് ചത്ത മുയലിന്റെ ക്ലോൺ പതിപ്പുകൾ ഇനിയും കിട്ടുമോ എന്ന് ചിന്തിച്ചു നടക്കുന്ന കൂലിയെഴുത്ത് ഉത്തമന്മാരുടെ രോഗം വേറെയാണ്. പിണറായി വിരോധം മൂത്ത് ഭ്രാന്തായിപ്പോയ ഇത്തരം ഉത്തമന്മാർക്ക് ഈ രാഷ്ട്രീയം മനസിലാകില്ല.പിന്നെ, റോഡിൽ ടോൾ പിരിക്കുന്നതിൽ ഇടതുസർക്കാരിന് കൃത്യം നിലപാടുണ്ട്. സംസ്ഥാനം മുതൽമുടക്കിയ റോഡുകളിലും പാലങ്ങളിലും ടോൾ ഒഴിവാക്കാനുള്ള ബോധപൂർവ്വമായ ഇടപെടൽ തന്നെ നടത്തിയ ഒരു സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. 25 ടോളുകളാണ് ഈ സർക്കാർ നിർത്തിയത്. ഈ സർക്കാരിന്റെ കാലാവധിയിൽ തുറന്നുനൽകിയ മേൽപ്പാലങ്ങളിലോ പാലങ്ങളിലോ റോഡുകളിലോ ടോൾ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, ദേശീയപാതയിൽ അത് പിരിക്കണോ വേണ്ടേ എന്നത് തീരുമാനിക്കുന്നത് കേന്ദ്രമാണ്. ദേശീയപാതകളിൽ ടോൾ ഏർപ്പെടുത്തും എന്നത് കൊണ്ട് അത് വികസിപ്പിക്കരുത് എന്നതാണ് ഉത്തമരുടെ ലൈൻ. ബോധമുള്ള മനുഷ്യർക്ക് ആ ലൈനിനൊടൊപ്പം കൂടാൻ കഴിയില്ലല്ലോ. മനുഷ്യന്റെ സമയത്തിന് വലിയ പ്രാധാന്യമുണ്ട് ബ്രോ. നിങ്ങളെപ്പോലെ കൂലിക്ക് എഴുതിയാലോ നിരീക്ഷകപ്പണിക്ക് പോയാലോ വീട്ടിൽ അരി വേവൂല്ല. അവർക്ക് വേഗം സഞ്ചരിച്ച് ഉപജീവനം തേടാനുള്ള സംവിധാനം നാട്ടിലുണ്ടാകണം. അതിനാണ് പ്രാമുഖ്യം. അതാണ് ഇടത് സർക്കാർ ന്യായമായ നഷ്ടപരിഹാരം ഭൂവുടമകൾക്ക് ഉറപ്പാക്കി എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് നടപ്പിലാക്കുന്നത്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *