പഴയ കെ എസ് യു ക്കാര്‍ കോണ്‍ഗ്രസായി മുതിര്‍ന്നാലും മനസ്സ് കെ എസ് യു നിലവാരത്തില്‍ തന്നെയായിരിക്കും. തറ വേലകള്‍ തന്നെയായിരിക്കും മൂലധനം. മാധ്യമ സഹായം വേണ്ടുവോളം ലഭിക്കുകയും ചെയ്യും.
തിരഞ്ഞെടുപ്പ് കാലത്ത് ഒരു കോണ്‍ഗ്രസ് നേതാവും ഇന്ത്യ നേരിടുന്ന ഗൗരവതരമായ പ്രശ്‌നങ്ങളെക്കുറിച്ച് മിണ്ടില്ല .സാമ്പത്തിക നയങ്ങളില്‍, പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണത്തില്‍, കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയില്‍, തൊഴിലില്ലായ്മയില്‍.
ഒക്കെ ബിജെപിയില്‍ നിന്ന് വ്യത്യസ്തമായ എന്തു ബദല്‍ നയമാണ് തങ്ങള്‍ക്കുള്ളതെന്ന് കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ പ്രസംഗങ്ങളില്‍ നിന്ന് ഒരിക്കലും നമ്മള്‍ കേള്‍ക്കില്ല . അക്കാര്യം ചോദിക്കാന്‍ മാധ്യമങ്ങളും മറക്കും.
പകരം അതിവൈകാരികതലം സൃഷ്ടിച്ച് ഇത്തിരി കണ്ണീരും ചോരയും ഗദ്ഗദവും ചാലിച്ച് പറ്റിയാല്‍ വിശ്വാസം മേമ്പൊടി ചേര്‍ത്ത് ഒരു തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ തയ്യാറാക്കും.സംഗതി പച്ചക്കള്ളമായിരിക്കും. പക്ഷേ കള്ളമാണെന്ന് തെളിവുകള്‍ ശേഖരിച്ച് വിശദീകരിച്ചു വരുമ്പോഴേക്ക് തിരഞ്ഞെടുപ്പ് കഴിയും. ‘സത്യം ചെരിപ്പു ധരിക്കുമ്പോഴേയ്ക്ക് കള്ളം ലോകം ചുറ്റിക്കഴിയും’ എന്നാണല്ലോ
അങ്ങനെ രാജ്യത്തിന്റെയും ജനങ്ങളുടെയും മൗലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഗൗരവമേറിയ തിരഞ്ഞെടുപ്പിനെ ഈ കള്ളക്കൂട്ടങ്ങള്‍ അട്ടിമറിക്കും. ജനങ്ങളെ പറ്റിക്കും.
പിന്നീട് സത്യം സൂര്യശോഭയോടെ തെളിയുമ്പോള്‍ വഷളന്‍ ചിരിയുമായവര്‍ മാളത്തിലൊളിക്കും. മാധ്യമങ്ങളാവട്ടെ ദുര്‍ബലമായൊരു ന്യായം പോലും പറയാനില്ലാതെ മറവി ഭാവിക്കും. പുതിയ നുണകള്‍ ആവേശം ചോരാതെ ആഘോഷിക്കുകയും ചെയ്യും.
ഭരണത്തിന്റെ നേട്ട കോട്ടങ്ങളും, നാടിന്റെ വികസന കാര്യങ്ങളുമെല്ലാം ചര്‍ച്ച ചെയ്യേണ്ട തിരഞ്ഞെടുപ്പുവേളകളെ വിഷലിപ്തമായ സംഘടിത നുണപ്രചാരവേല കൊണ്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ നെറികേടിന് കേരളമെത്രയോ തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ചവറ സരസന്‍
പണ്ട് ഒരു തിരഞ്ഞെടുപ്പ് കാലത്ത് ചവറ സരസനായിരുന്നു ഇക്കൂട്ടരുടെ ആയുധം. വര്‍ഷങ്ങള്‍ക്കു മുമ്പാണ് ,
1982ല്‍ ,ആ തെരഞ്ഞെടുപ്പ് കാലം മുഴുവന്‍ കേരളം ഇളക്കിമറിച്ച പ്രചരണ വിഷയം ചവറ സരസന്റെ ‘കൊലപാതകമായിരുന്നു’ .പാര്‍ട്ടി മാറി കോണ്‍ഗ്രസായ സരസനെ ബേബി ജോണ്‍ കൊന്നുകളഞ്ഞു എന്ന അന്നത്തെ പ്രചണ്ഡപ്രചരണം ആരൊക്കെ മറന്നാലും ശ്രീ. ഷിബു ബേബി ജോണ്‍ മറക്കാന്‍ പാടില്ലാത്തതാണ്
ചവറ സരസനെ ഗുണ്ടകള്‍ തല്ലിക്കൊന്ന് ശവം ബോട്ടില്‍ കയറ്റി ഉള്‍ക്കടലില്‍ കൊണ്ടുപോയി വെട്ടി നുറുക്കി മത്സ്യങ്ങള്‍ക്ക് തീറ്റയായി എറിഞ്ഞു കൊടുത്തു എന്നായിരുന്നു പ്രചരണം. ആ തെരഞ്ഞെടുപ്പു കാലത്ത് കേരളം മുഴുവന്‍ സരസന്റെ ചിത്രം സ്ഥാപിച്ച്, അതിന് മുന്നില്‍ വിളക്കു കൊളുത്തി പ്രാര്‍ത്ഥനായജ്ഞം നടത്തിയ കോണ്‍ഗ്രസ് ‘ സരസന്റെ ചിതാഭസ്മമെങ്കിലും ഞങ്ങള്‍ക്കു വിട്ടു തരൂ’. എന്ന് വലിയ വായില്‍ നിലവിളിച്ചു.
ആ കണ്ണുനീരത്രയും ഏറ്റുവാങ്ങിയ മനോരമാദി പത്രങ്ങള്‍ കണ്ണീര്‍ പരമ്പരകളിലൂടെ കേരളത്തെ കരയിച്ചു. കൊലപാതകികള്‍ക്കെതിരെ രോഷം നുരഞ്ഞു പൊന്തി.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ 4 ദിവസം കൊണ്ട് കേസ് തെളിയിക്കുമെന്ന് ശ്രീ.കെ.കരുണാകരന്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചു. കരുണാകരന്‍ മുഖ്യമന്ത്രിയായി . സരസനെ കൊന്നവരെന്ന് സംശയിച്ച് നിരവധി നിരപരാധികളെ പോലീസ് ഭീകര മര്‍ദ്ദനമുറകള്‍ക്ക് വിധേയരാക്കി . ശരീരം ചതഞ്ഞരഞ്ഞ് മാറാരോഗികളായി ജീവിതം നരകിച്ച് പലരും അകാല ചരമമടഞ്ഞു.
സാവധാനം എല്ലാവരും സരസനെ മറന്നു. നാലഞ്ചു കൊല്ലം കഴിഞ്ഞപ്പോള്‍ മംഗലാപുരത്തിനടുത്തു നിന്ന് സാക്ഷാല്‍ ചവറ സരസനെ പോലീസ് അറസ്റ്റ് ചെയ്ത് കൊല്ലത്ത് കൊണ്ടുവന്നു. വധിക്കപ്പെട്ട സരസന്‍ തിരിച്ചു വന്നു ..
ഒരു തിരഞ്ഞെടുപ്പ് കാലം മുഴുവന്‍ മാധ്യമ സഹായത്തോടെ കേരളമാകെ കൊട്ടിപ്പാടിയ ഒരു പച്ചക്കള്ളത്തിന്റെ പരിഹാസ്യമായ ചരിത്രമാണ് മേല്‍ കുറിച്ചത് .
ഏതെങ്കിലും ഒരു കോണ്‍ഗ്രസ് നേതാവിനോട് ഇക്കാര്യം ഇപ്പോഴൊന്നു ചോദിച്ചു നോക്കൂ . ഒരക്ഷരം ഉരിയാടാതെ ഒരു വഷളന്‍ചിരിയുമായി പതുങ്ങുന്നതു കാണാം. നാലു വോട്ടിനായി എന്തു നെറികേടും കാണിക്കുന്ന ഇക്കൂട്ടരില്‍ നിന്ന് എന്ത് മര്യാദയാണ് പ്രതീക്ഷിക്കാനാവുക .
തെരുവംപറമ്പിലെ ബലാത്സംഗം.
2001 ലെ തിരഞ്ഞെടുപ്പു കാലത്ത് ലീഗും കോണ്‍ഗ്രസും ആഘോഷമായി കൊണ്ടാടിയ മുഖ്യ പ്രചരണ വിഷയമായിരുന്നു കോഴിക്കോട് നാദാപുരത്തിനടുത്ത തെരുവംപറമ്പിലെ ഒരു സഹോദരിയെ സിപിഐ എം നേതാവ് ബലാത്സംഗം ചെയ്തു എന്ന ഹീനമായ നുണ.
സംസ്ഥാന വ്യാപകമായ സംഘടിത പ്രചരണമാണ് യുഡിഎഫ് അഴിച്ചുവിട്ടത്. മുഖ്യധാരാ മാധ്യമങ്ങള്‍ കുറ്റകരമായ പിന്തുണയാണ് ഈ നെറികെട്ട പ്രചരണത്തിനും നല്‍കിയത്. ഈന്തുള്ളതില്‍ ബിനു എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരായി കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളപ്പരാതിയുമായി വേട്ടയാടല്‍ തുടര്‍ന്നു.
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ബഹുമാന്യരായ പല നേതാക്കന്‍മാരും ഒരു മനസാക്ഷിക്കുത്തുമില്ലാതെ ബലാത്സംഗകഥ സ്റ്റേജുകളില്‍ വികാരപരമായി അവതരിപ്പിച്ചു. എന്‍ഡിഎഫ് ഉം യുഡിഎഫി നൊപ്പം ഈ ഗൂഢാലോചനയില്‍ ഒരുമിച്ചു നിന്നു. രാഷ്ട്രീയ വിരോധം കൊണ്ട് ബലാത്സംഗം ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് ക്രൂരതയ്‌ക്കെതിരെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ഉറഞ്ഞു തുള്ളി. സി പി ഐ (എം ) ‘അതിക്രമത്തിന് ‘ അന്ത്യം കുറിക്കാന്‍ യുഡിഎഫും മാധ്യമങ്ങളും കൈകോര്‍ത്തു.
ആ അന്തരീക്ഷത്തില്‍ , ഇല്ലാത്തൊരു ബലാത്സംഗത്തിന്റെ ബലത്തില്‍ ചുളുവിലൊരു തിരഞ്ഞെടുപ്പു ജയിച്ചു കയറാന്‍ യു ഡി എഫിന് കഴിഞ്ഞു. പക്ഷേ തെരുവംപറമ്പില്‍ അങ്ങനെയൊരു ബലാത്സംഗമേ നടന്നിട്ടില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും കോടതി പിന്നീട് കണ്ടെത്തി.
ഏറെക്കഴിയും മുമ്പേ പരാതിക്കാരി തന്നെ വാര്‍ത്താ സമ്മേളനം നടത്തി . തെറ്റ് ഏറ്റു പറഞ്ഞു. ലീഗ് നേതാക്കന്മാരുടെ സമ്മര്‍ദ്ദം കൊണ്ടാണ് പരാതി നല്‍കിയതെന്നും അതിന് പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നെന്നും വാഗ്ദാനം പാലിച്ചില്ലെന്നും വാര്‍ത്താസമ്മേളനത്തിലൂടെ ലോകമറിഞ്ഞു.
ക്രൂരമായ വേട്ടയാടലിനിരയായ സ.ബിനുവിനെ അപ്പോഴേയ്ക്കും ഈ കാപാലികര്‍ പട്ടാപ്പകല്‍ വെട്ടിനുറുക്കി കൊന്നു കഴിഞ്ഞിരുന്നു. അധികാരത്തിനായി ഭ്രാന്തു പിടിച്ച് അലയുന്നവര്‍ മനുഷ്യജീവന് എന്തു വില കല്‍പിക്കാനാണ്.
ഇല്ലാത്ത ബലാത്സംഗകഥയുണ്ടാക്കി ഒരു ചെറുപ്പക്കാരന്നെ കൊന്നുകളഞ്ഞ നരാധമന്‍മാരോട് അന്നത്തെ തെരുവംപറമ്പിലെ ബലാത്സംഗകഥയെക്കുറിച്ച് ഇപ്പോഴൊന്നു ചോദിച്ചു നോക്കൂ.
ഒരു മനസാക്ഷിയുമില്ലാതെ, അതേ ചിരിയുമായി അവര്‍ ഉരുണ്ടു കളിക്കും.
ചാപ്പ കുത്തല്‍
2001 ലെ തിരഞ്ഞെടുപ്പ് കാലത്ത് തെരുവംപറമ്പ് ബലാത്സംഗം പോലെ യു ഡി എഫ് ആളിക്കത്തിച്ച പ്രചരണ വിഷയമായിരുന്നു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ‘ചാപ്പ കുത്തല്‍’ . വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടായ നിസാര കശപിശയാണ് പത്രസഹായത്താല്‍ എസ്എഫ്‌ഐ ഭീകരതയായി കേരളം നിറഞ്ഞത്. ഭാവനാ വിലാസങ്ങള്‍ അഴിഞ്ഞാടിയ വിഷപ്രചരണങ്ങള്‍ക്കു ശേഷം ചാപ്പ കുത്തലും വിസ്മൃതിയിലായി.
പിന്നീട് ഒരു ദശാബ്ദത്തിനു ശേഷമാണ് അന്നത്തെ കെ എസ് യു ഭാരവാഹിയായ ശ്രീ.പി.കെ.ശ്യാംകുമാര്‍ ‘ചാപ്പകുത്തലി’ നു പിന്നിലെ കള്ളക്കളികള്‍ വെളിപ്പെടുത്തിയത്.
കോണ്‍ഗ്രസ് നേതാക്കന്മാരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ആസൂത്രിതമായ ഒരു നാടകമായിരുന്നത്രെ കുപ്രസിദ്ധമായ ചാപ്പ കുത്തല്‍. ശ്യാംകുമാറിന്റെ വെളിപ്പെടുത്തലിലൂടെ ചാപ്പ കുത്തലും അന്ത്യശ്വാസം വലിച്ചു .
നെടുങ്കന്‍ ലേഖനങ്ങളും പ്രതികരണങ്ങളും കാര്‍ട്ടൂണുകളുമായി കോണ്‍ഗ്രസിനു വിടുപണി ചെയ്ത മാധ്യമങ്ങള്‍ പക്ഷെ ചാപ്പകുത്തലിന്റെ സത്യാവസ്ഥ വെളിപ്പെട്ടപ്പോള്‍ അത് ചെറിയൊരു വാര്‍ത്തയിലൊതുക്കി അരങ്ങത്തു നിന്നു പിന്‍ വാങ്ങി.
ചെര്‍പ്പുളശേരിയിലെ ഗര്‍ഭം
തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ബാധിക്കുന്നതൊന്നും ചര്‍ച്ച ചെയ്യാനുള്ള ആര്‍ജവം പ്രകടിപ്പിക്കാതെ പച്ചക്കള്ളങ്ങള്‍ ഇക്കിളിപ്പെടുത്തും വിധം മാധ്യമ സഹായത്തോടെ പ്രചരിപ്പിച്ച് ചുളുവില്‍ വോട്ടു നേടുന്ന അന്തസില്ലായ്മയാണ് കേരളത്തിലെ വലതുപക്ഷം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. ഇനിയും നിരവധി ഉദാഹരണങ്ങളുണ്ട്.
അതുപോലെ ഇത്തവണത്തെ തിരഞ്ഞെടുപ്പു സ്‌പെഷ്യല്‍ ആഘോഷത്തിന് ചെര്‍പ്പുളശേരിയില്‍ നിന്നൊരു ഗര്‍ഭമാണ് കിട്ടിയത്. മാധ്യമങ്ങള്‍ക്കൊപ്പം കേരളത്തിന്റെ ‘പ്രബുദ്ധ’വലതുപക്ഷം കഴിഞ്ഞ ദിവസമാണ് ഒറ്റമൂലി കണ്ടെത്തിക്കൊണ്ടുവന്നത്.
സി പി ഐ (എം) ഓഫീസിന്റെ അടുത്തെവിടെയോ ഒരു ഗാരേജില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരനാണത്രേ പ്രതി ..! ആഘോഷിക്കാന്‍ പിന്നെന്തു വേണം. വീണു കിട്ടിയ ഒരു ഗര്‍ഭം കൊണ്ട് പാര്‍ലമെന്റ് പിടിക്കാന്‍ ചാടിയിറങ്ങിയ അലവലാതികളെയോര്‍ത്ത് സാക്ഷര കേരളം ലജ്ജിക്കും.
പക്ഷെ പ്രചരണ കമ്മിറ്റിക്കാര്‍ക്ക് വൈകാതെ ഗര്‍ഭം ക്ലച്ചു പിടിക്കില്ലെന്ന് മനസിലായി.
പഴയ പോലെ തിരഞ്ഞെടുപ്പ് വിലാസം തനിത്തറ വേലകള്‍ കൊണ്ടു മാത്രം ഇനിയുള്ള കാലം പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്.കോണ്‍ഗ്രസും കൂട്ടരും മാധ്യമങ്ങളും കൂട്ടുന്ന കണക്കു കൊണ്ട് മാത്രംഇനിയങ്ങോട്ട് തിരഞ്ഞെടുപ്പ് ജയിക്കാന്‍ പാടാണെന്ന് ചെര്‍പ്പുളശേരിയിലെ കള്ളക്കഥയുടെ പരിണതി ഓര്‍മിപ്പിക്കുന്നുണ്ട് .
വ്യാജ പ്രചരണത്തിനെതിരെ ഡിവൈഎഫ്‌ഐ നിയമ നടപടി പ്രഖ്യാപിച്ചു. പ്രതിയെന്ന് പറയപ്പെടുന്ന ചെറുപ്പക്കാരന് ഡിവൈഎഫ്‌ഐയുടെ ബസ് ഷെല്‍ട്ടറില്‍ മഴയത്ത് കയറി നിന്ന ബന്ധം പോലുമില്ലെന്നും വ്യക്തമായി. മഷിനോട്ട വിദഗ്ധരും പാര്‍ട്ടിബന്ധം കണ്ടു പിടിക്കാനാവാതെ കുഴങ്ങിയതോടെ മിക്ക മാധ്യമങ്ങളും സംഭവത്തില്‍ സി പി ഐ (എം) നെ ബന്ധിപ്പിക്കുന്നതൊന്നുമില്ലെന്ന് തുറന്നു പറഞ്ഞു. ഗര്‍ഭാഘോഷത്തില്‍ നിന്ന് പിന്‍ വാങ്ങി. എന്നിട്ടും കൈവന്ന ഗര്‍ഭം വിട്ടു കളയാന്‍ മടിയുള്ള ചിലര്‍ വൈകുന്നേരത്തെ ചര്‍ച്ച ഗര്‍ഭ ചര്‍ച്ചയാക്കി മാറ്റിയെങ്കിലും ജനം ഇത് തള്ളിക്കളയുകയാണുണ്ടായത് .
തിരഞ്ഞെടുപ്പിന് ഇനിയും ഒരു മാസമുണ്ട്. ഉള്ളില്‍ വിഷം പേറുന്നവര്‍ തക്കം പാര്‍ത്തിരിപ്പുണ്ട്. ആരും പ്രതീക്ഷിക്കാത്ത , ചിന്തിക്കാനാവാത്ത പച്ചക്കള്ളമിവര്‍ പറയും. ആഘോഷിക്കും. വോട്ടിനായി മറ്റെല്ലാമിവര്‍ മറക്കും. ജനാധിപത്യം ജാഗ്രത പാലിക്കണം.
തിരഞ്ഞെടുപ്പു ജയിച്ചു കയറാനുള്ള അതിരുകവിഞ്ഞ അധികാര ഭ്രാന്തും , സമനില തെറ്റിക്കുന്ന ഇടതു വിരോധവും നമ്മുടെ ജനാധിപത്യത്തെ എത്രമാത്രം കളിയാക്കുന്നുവെന്ന് , ജനങ്ങളെ എങ്ങനെയൊക്കെ പറ്റിക്കുന്നുവെന്ന് ചര്‍ച്ച ചെയ്യപ്പെടാതെ പൊയ്കൂട.
0 Comments