സുബിൻ ഡെന്നിസിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

കൊറോണാ വൈറസ് ബാധയ്‌ക്കെതിരെ ചൈനീസ് ജനത നടത്തിക്കൊണ്ടിരിക്കുന്നത് ഐതിഹാസികമായ പോരാട്ടമാണ്. വുഹാനിൽ പത്തു ദിവസം കൊണ്ട് 1000-ഉം 1600-ഉം വീതം കിടക്കകളുള്ള രണ്ട് ആശുപത്രികൾ നിർമ്മിച്ച കഥ എല്ലാവരും അറിഞ്ഞിട്ടുണ്ടാകും. ലോകാരോഗ്യ സംഘടനയുടെ ഡയറൿടർ ജനറൽ ആയ തെദ്രോസ് ഘെബ്രെയെസൂസ് ഉൾപ്പെടെയുള്ളവർ ചൈനയുടെ പരിശ്രമങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയാണ്.

സോഷ്യലിസ്റ്റ് സമ്പദ്‌‌‌‌‌വ്യവസ്ഥയുടെയും ആസൂത്രണത്തിന്റെയും ശക്തിയും കാര്യക്ഷമതയും വിളിച്ചോതുന്നതാണ് ചൈന കൊറോണയെ നേരിടുന്ന രീതി. ചൈനയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയായി പറയാവുന്നത്, ചൈനീസ് സർക്കാർ പ്രവർത്തിക്കുന്നത് കുറെ കോർപ്പറേറ്റുകളുടെയും പണക്കാരുടെയും നിയന്ത്രണത്തിലോ അവരുടെ കീശ വീർപ്പിക്കാനോ അല്ല എന്നുള്ളതാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയ്‌ക്കും സർക്കാരിനും സുപ്രധാനമായ വ്യവസായങ്ങളുടെ മേൽ നിയന്ത്രണമുണ്ട്. അതുകൊണ്ടു തന്നെ ഒരു അടിയന്തര ഘട്ടം വരുമ്പോൾ ഈ വ്യവസായങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും വേണ്ട ദിശയിലേയ്‌ക്ക് പ്രവർത്തനം തിരിച്ചുവിടാനും സാധിക്കുന്നു. ധാന്യങ്ങൾ, മാംസം, മുട്ട തുടങ്ങിയ അവശ്യവസ്തുക്കൾ വുഹാൻ നഗരം സ്ഥിതി ചെയ്യുന്ന ഹുബെയ് പ്രവിശ്യയിലേയ്‌ക്ക് തടസ്സമില്ലാതെ പ്രവഹിക്കുന്നു എന്ന് ചൈനയുടെ വാണിജ്യമന്ത്രാലയത്തിന്റെ മേൽ‌നോട്ടത്തിൽ ഉറപ്പുവരുത്തുന്നുണ്ട്. ആവശ്യത്തിന് മാസ്‌കുകളും മറ്റു മെഡിക്കൽ സാമഗ്രികളും നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ഹുബെയ് സർക്കാർ തന്നെ ദശലക്ഷക്കണക്കിന് മാസ്‌കുകൾ വാങ്ങി വിതരണം ചെയ്യുന്നു. ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ മാസ്‌കുകളും മറ്റ് അവശ്യസാധനങ്ങൾക്കും വില വർദ്ധിപ്പിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. കൊറോണാവൈറസ് ബാധയുള്ള എല്ലാവരുടെയും ചികിത്സാച്ചെലവിന് സബ്‌സിഡി ലഭ്യമാക്കുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള China State Construction Engineering ആണ് നേരത്തെ സൂചിപ്പിച്ച രണ്ട് വമ്പൻ ആശുപത്രികൾ പത്തുദിവസം കൊണ്ട് പണിതത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്കൽ കമ്പനിയായ China State Grid, 11 കോടി യുവാൻ പണമായും ഭൌതിക ആസ്‌തികളായും ഈ ആശുപത്രികൾക്കായി നൽകിയിട്ടുണ്ട്.

പോരെങ്കിൽ ആദ്യത്തെ രോഗിയിൽ നിന്നുള്ള സാമ്പിൾ ലഭിച്ച് ഒരാഴ്‌ച കൊണ്ട് കൊറോണാ വൈറസിന്റെ genome sequencing നടത്തി പഠനഫലങ്ങൾ ലോകത്തിനു മുഴുവൻ ഉപകാരപ്പെടുന്ന രീതിയിൽ പ്രസിദ്ധീകരിച്ചു. വൈറസിന്റെ സാന്നിധ്യം രണ്ടുമണിക്കൂർ കൊണ്ട് തിരിച്ചറിയാൻ കഴിയുന്ന സ്നാപ് ടെസ്റ്റ് വികസിപ്പിച്ചു.

എല്ലാവരും ‘Wuhan Neighbours’ എന്ന applet ഇൻസ്റ്റാൾ ചെയ്യണം എന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്ക് അക്കാര്യം റിപ്പോർട്ട് ചെയ്യാൻ ഇതുവഴി സാധിക്കും. രോഗിയുടെ ക്വാരന്റൈൻ അഡ്രസ് നിശ്ചയിക്കാനും വോളന്റിയർമാരെ നിയോഗിക്കാനും ഇത് ഉപയോഗിക്കപ്പെടുന്നു. ആശുപത്രിയിലായിരിക്കുന്ന സമയം, വീട്ടിലെ ചികിത്സ, ഡിസ്ചാർജ് മുതലായ കാര്യങ്ങളെല്ലാം സിസ്റ്റം ട്രാക്ക് ചെയ്യും. കോടിക്കണക്കിനു ജനങ്ങളെ അണിനിരത്തിയുള്ള ഒരു ജനകീയ യുദ്ധം തന്നെയാണ് കൊറോണാ ബാധയ്‌ക്കെതിരെ ചൈന നടത്തുന്നത്.

ഇതിനിടെ പല കുപ്രചാരണങ്ങളും നടക്കുന്നുണ്ട്. ചൈനീസ് സർക്കാർ തന്നെ ജൈവായുധമായി വികസിപ്പിച്ച വൈറസാണിത് എന്ന തരത്തിലുള്ള നട്ടാൽ മുളയ്‌ക്കാത്ത നുണകൾ ഉദാഹരണം. മറ്റൊരു പ്രചാരണം, ചൈനയിൽ “ജനാധിപത്യം” ഇല്ല, അതുകൊണ്ടാണ് വൈറസ് ബാധയെപ്പറ്റി റിപ്പോർട്ട് ചെയ്‌ത ഡോൿടർമാർ നിശ്ശബ്ദരാക്കപ്പെട്ടത് എന്നതാണ് മറ്റൊന്ന്. ഇത്തരമൊരു രോഗബാധ ഉണ്ടാകുമ്പോൾ അത് മറച്ചുവയ്‌ക്കുന്നത് ചൈനയുടെ തന്നെ താല്പര്യങ്ങൾക്ക് എതിരാണ്. ഇക്കാര്യം നന്നായി അറിയുന്നവരാണ് ചൈനീസ് ഭരണാധികാരികൾ എന്നത് മനസ്സിലാക്കിയാൽത്തന്നെ ഈ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാകും.

കൊറോണാവൈറസിനെപ്പറ്റി ആദ്യം റിപ്പോർട്ട് ചെയ്‌ത എട്ടു ഡോൿടർമാരോട് മിണ്ടരുതെന്ന് ചില പ്രാദേശികനേതാക്കൾ പറയുകയുണ്ടായിട്ടുണ്ട്. ഈ നടപടിയെ ന്യായീകരിക്കുകയല്ല, അത് തെറ്റാണെന്നു പറയുകയാണ് വുഹാനിലെ മേയറും കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയും ചെയ്‌തത്. പ്രസ് കോൺഫറൻസുകളിലും ടിവി ഷോകളിലും അവരിത് വ്യക്തമാക്കി. പാർട്ടിയുടെ ഉന്നതനേതൃത്വവും മേൽപ്പറഞ്ഞ തെറ്റായ നടപടിയെ വിമർശിക്കുകയാണുണ്ടായത്. പൂർണ്ണമായ സുതാര്യതയും വിവരങ്ങൾ പങ്കുവയ്‌ക്കലും ഉറപ്പുവരുത്തുമെന്ന് പാർട്ടി അർത്ഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണാവൈറസ് ബാധയെപ്പറ്റിയുള്ള അപ്‌ഡേറ്റുകൾ ഇംഗ്ലീഷ് ഭാഷയിൽ ഇവിടെ ലഭ്യമാണ്:
https://www.globaltimes.cn/content/1177737.shtml

സുതാര്യത ഉറപ്പുവരുത്തിക്കൊണ്ടാണ് കൊറോണയെപ്പറ്റിയുള്ള പഠനം സുപ്രസിദ്ധ മെഡിക്കൽ ജേർണലായ Lancet-ൽ പ്രസിദ്ധീകരിച്ചത്.

അതേ സമയം ഒരു മുതലാളിത്ത രാജ്യത്ത് ഇത്തരമൊരു രോഗബാധയുണ്ടായാൽ എന്തു സംഭവിക്കും എന്നു നോക്കുക. സാർവ്വത്രികവും സൌജന്യവുമായ ആരോഗ്യപരിരക്ഷ പൊതുമേഖലയിൽ ഇല്ലാത്ത മിക്കവാറും മുതലാളിത്ത രാജ്യങ്ങളിലും ഒട്ടനവധി രോഗികൾക്ക് ചികിത്സയ്‌ക്ക് മുടക്കാൻ പണം തന്നെയുണ്ടാവില്ല. അവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിടും. വൻ‌കിട കമ്പനികൾ സ്വന്തം ലാഭം വർദ്ധിപ്പിക്കാനായി വില കൂട്ടും.

ഇപ്പോൾത്തന്നെ, കൊറോണാ വൈറസ് ബാധിച്ച് ഒരാൾ മരിച്ച ഫിലിപ്പൈൻസിൽ മാസ്‌‌കുകൾക്ക് ക്ഷാമം നേരിടുകയാണ്. ചൈനയുടെ ഭാഗമാണെങ്കിലും മുതലാളിത്തം നിലനിൽക്കുന്ന ഹോംഗ്‌കോംഗിലും സമാനമായ സ്ഥിതിയാണ് – സ്വകാര്യ കമ്പനികൾ മാസ്‌കുകൾക്ക് വില കൂട്ടി വിൽക്കുന്നു. തടവുകാരെക്കൊണ്ട് രാപകൽ പണിയെടുപ്പിച്ചിട്ടാണ് ഹോംഗ്‌കോംഗ് ക്ഷാമം നേരിടാൻ ശ്രമിക്കുന്നത്.

2009-10 കാലഘട്ടത്തിൽ ലോകത്ത് ഏറ്റവും സമ്പന്നവും ഭയങ്കര “ജനാധിപത്യം” (പണമുള്ളവരുടെ ആധിപത്യം എന്നു വായിക്കുക) നിലനിൽക്കുന്ന രാജ്യവുമായ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പന്നിപ്പനി പടർന്നുപിടിച്ചപ്പോൾ എന്തു സംഭവിച്ചു എന്നു നോക്കൂ. ചൈനയുടെ ജനസംഖ്യയുടെ നാലിലൊന്നിലും കുറവ് ജനസംഖ്യയുള്ള യു.എസിൽ 6.08 കോടി ജനങ്ങൾക്കാണ് പന്നിപ്പനി പിടിച്ചത്. 12,469 പേർ മരണമടഞ്ഞു. ഐഡന്റിഫിക്കേഷൻ കിറ്റ് വികസിപ്പിക്കാൻ ഒന്നര മാസമെടുത്തു. ചൈന ഒരാഴ്‌ചകൊണ്ട് ചെയ്‌ത കാര്യം.

ഒരുകാര്യം കൂടി പറഞ്ഞു നിർത്താം.

കൊറോണാ ബാധയുള്ളവരെ ചികിത്സിക്കുന്നതിൽ മുൻ‌പന്തിയിൽ നിൽക്കേണ്ട ചുമതലയുള്ളവരിൽ സിവിലിയൻ ഡോൿടർമാരെ മാറ്റി കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായ ഡോൿടർമാരെ നിയോഗിച്ചിട്ടുണ്ട്. കൂടുതൽ അപകടകരമായ ജോലി, ജനങ്ങളെ സേവിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്ന പാർട്ടി അംഗങ്ങൾ ചെയ്യട്ടെ എന്നതാണ് പാർട്ടി സ്വീകരിച്ചിരിക്കുന്ന നിലപാട്.

ഇങ്ങനെ കോടിക്കണക്കിന് ജനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെയും ഒക്കെ ത്യാഗനിർഭരമായ പ്രയത്‌നം കൊണ്ടാണ് ചൈന കൊറോണയെ അതിജീവിക്കാൻ പോകുന്നത്.


Read more: https://www.deshabhimani.com/from-the-net/coronavirus-china/852547

 


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *