പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് കേരളത്തിൽ. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏറ്റെടുത്തു നടത്തിയ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണിത്. 130.94 കോടി രൂപാ ചിലവില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ പദ്ധതിയില്‍ 50 കോടി രൂപാ കേന്ദ്ര ധനസഹായമാണ്.

ഒറ്റപ്പാലത്തുള്ള കിന്‍ഫ്രയുടെ നിയന്ത്രണത്തിലുള്ള 60 ഏക്കര്‍ ഭൂമിയിലാണ് ഡിഫന്‍സ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. പ്രതിരോധ സേനയ്ക്കാവശ്യമുള്ള ഉപകരണങ്ങളും, അനുബന്ധ ഘടകങ്ങളുമാണ് ഇവിടെ പ്രധാനമായും നിര്‍മ്മിക്കുക. എയര്‍ക്രാഫ്റ്റ് ഘടകങ്ങള്‍, പ്രതിരോധ നാവിഗേഷന്‍ ഉല്‍പന്നങ്ങള്‍, കപ്പലിന്റെ ഭാഗങ്ങള്‍, പ്രതിരോധവുമായി ബന്ധപ്പെട്ട ഐടി-ഇലക്ട്രോണിക് സംവിധാനങ്ങള്‍, മൈക്രോ സാറ്റലൈറ്റ്, തന്ത്രപ്രധാനമായ ആശയവിനിമയ സംവിധാനങ്ങള്‍, സംരക്ഷണ വസ്ത്രങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടും.

സംരംഭകര്‍ക്കായി അതിവിപുലവും അത്യാധുനികവുമായ സംവിധാനങ്ങളാണ് ഡിഫന്‍സ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് ഇവിടെനിന്ന് ഭൂമി പാട്ടത്തിന് ലഭിക്കും. അത് 90 വര്‍ഷം വരെ പുതുക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ട്. രണ്ടുലക്ഷം ചതുരശ്ര അടിയിലുള്ള കോമണ്‍ ഫെസിലിറ്റി സെന്റർ, അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങ്, മൂന്ന് വെയര്‍ഹൌസുകള്‍, കോമണ്‍ യൂട്ടിലിറ്റി സെന്റർ, കോണ്‍ഫറന്‍സ് റൂമുകള്‍ എന്നിവയ്ക്കു പുറമേ ആഭ്യന്തര റോഡ് ശൃഖല, വിപുലമായ പാര്‍ക്കിങ് ഏരിയ, ചുറ്റുമതില്‍, സെക്യൂരിറ്റി സംവിധാനം, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടേയ്ക്കാവശ്യമായ വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കുന്നുണ്ടുതാനും.

ഇവിടെ സജ്ജമാക്കിയിട്ടുള്ള വിപുലമായ സംവിധാനങ്ങളില്‍ ആകൃഷ്ടരായി നിരവധി കമ്പനികള്‍ ഡിഫന്‍സ് പാര്‍ക്കുമായി സഹകരിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. നിലവില്‍ മൂന്ന് കമ്പനികള്‍ നമ്മളുമായി സഹകരിച്ചു കഴിഞ്ഞു. കൂടുതല്‍ കമ്പനികളുമായി വ്യവസായ വകുപ്പും കിന്‍ഫ്രയും ചര്‍ച്ച നടത്തിവരികയാണ്. കേരളത്തിലെ വ്യവസായ അന്തരീക്ഷത്തില്‍ വന്നിട്ടുള്ള ഗുണപരമായ മാറ്റത്തിന്റെ മകുടോദാഹരണമാണ് ഈ ഡിഫന്‍സ് പാര്‍ക്ക്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *