കേന്ദ്രം തരുന്ന റോഡ്, കേന്ദ്രം തരുന്ന വീട്, കേന്ദ്രം തരുന്ന അരി, കേന്ദ്രം തരുന്ന ആശുപത്രി എന്നിങ്ങനെ കേന്ദ്രം സംസ്ഥാനത്തിനു എന്തൊക്കെയോ ഔദാര്യങ്ങൾ നൽകുകയാണ് എന്നത് സംഘ പരിവാരവും അവരുടെ നാവായി മാറുന്ന മുഖ്യധാരാ മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന ആഖ്യാനമാണല്ലോ?

കേരളം കൊടുക്കുന്ന നികുതിയിൽ നമുക്കു തിരികെ കിട്ടുന്നത് എത്ര വരും? കേരളത്തിൽ നിന്നും കേന്ദ്രം പിരിക്കുന്ന ഓരോ രൂപ നികുതിയിൽ നിന്നും കേരളത്തിനു തിരികെ കിട്ടുന്നത് 57 പൈസ മാത്രം. The Hindu ദിനപ്പത്രം ഇന്നു പ്രസിദ്ധീകരിച്ച ഡാറ്റാ പോയിന്റ് ഇതിന്റെ കണക്കുകൾ കൊടുത്തിട്ടുണ്ട്. Central Excise, Customs പിരിവുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാന അടിസ്ഥാനത്തിൽ ഈ കണക്കുകൾ ലഭ്യമല്ലാത്തതിനാലാണ് ഇവ ചേർക്കാത്തത്. അതു കൂടി പിരിവിൽ ചേരുമ്പോൾ ഈ സ്ഥിതി കൂടുതൽ മോശമാകാനാണല്ലോ സാധ്യത. ഒരു രൂപ നികുതി കൊടുക്കുമ്പോൾ ബീഹാറിന് 7.06 രൂപയും UP യ്ക്കു 2.73 രൂപയും തിരികെ കിട്ടുന്നു.

ഇങ്ങനെ കിട്ടുന്ന കേന്ദ്ര നികുതി വിഹിതവും, ഗ്രാൻടുകളും പദ്ധതികളുമെല്ലാമാണ് ഔദാര്യമാണ് എന്ന ആഖ്യാനവും പ്രചരണവും. ഈ വാദത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടാണ് കേന്ദ്രം തരുന്നില്ല എന്നു പരാതി പറഞ്ഞു കാലം കഴിക്കുകയല്ല വേണ്ടത് എന്ന അഭിപ്രായങ്ങളും ഉയരുന്നത്.

കേന്ദ്ര ധനക്കമ്മീഷൻ തീർപ്പു പ്രകാരമുള്ള നികുതി വിഹിതത്തിൽ എത്ര sharp ആയ ഇടിവാണ് പത്താം ധനക്കമ്മീഷൻ മുതൽ ഇങ്ങോട്ടു സംഭവിച്ചത് എന്നതും ഈ ആർട്ടിക്കിൾ വ്യക്തമാക്കുന്നു. അതിലെ ഗ്രാഫും ഇമേജായി കൊടുത്തിട്ടുണ്ട്.

നാം കൈവരിച്ച നേട്ടങ്ങൾ സംസ്ഥാനത്തെ പ്രശ്ന രഹിത പ്രദേശമാക്കി മാറ്റുകയല്ല ചെയ്യുന്നത്, പുതിയ തലമുറ വികസന പ്രശ്നങ്ങൾ ഉയർത്തുക കൂടിയാണ് ചെയ്യുന്നത് . ഈ വൈജാത്യം അംഗീകരിക്കാതെ ധനവിന്യാസം നടത്തുന്ന രീതിയാണ് കേരളം നേരിടുന്ന പ്രധാന ധനപരാധീനത. അപ്പോഴും ഒരു തരം ഔദാര്യവുമല്ല കേരളം ചോദിക്കുന്നത്. നമ്മുടെ അർഹതപ്പെട്ട വിഹിതമാണ്.

കൂടുതൽ ദരിദ്രമായ സംസ്ഥാനങ്ങൾക്ക് കൊടുക്കുന്നത് കുറയ്ക്കാതെ തന്നെ ഈ നീതി കൈവരിക്കാനാകും. പക്ഷേ കൂടുതൽ കൂടുതൽ വരുമാനം സ്വന്തം പോക്കറ്റിലാക്കുക എന്നതാണ് കേന്ദ്രം ചെയ്തു കൊണ്ടിരിക്കുന്നത്. അപ്പോൾ ഈ നീതി അസാധ്യമാകുന്നു എന്നതാണ് പ്രതിസന്ധി. സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കേണ്ടതില്ലാത്ത സെസ്സുകളും സർച്ചാർജുകളും നിരന്തരം കൂട്ടി കീശ വീർപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഇതിന്റെ ഏറ്റവും മോശം സ്ഥിതിയാണ് പെട്രോളിയം നികുതി വർദ്ധനവിൽ കാണുന്നത്. കൂട്ടുന്നതിൽ ഗണ്യമായ പങ്കും സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കേണ്ടതില്ലാത്ത ഇനങ്ങളിൽ പെടുത്തും.

2018 ൽ കേന്ദ്ര സർക്കാരിന്റെ ആകെ റവന്യൂ വരവിൽ (GRR) ഏതാണ്ടു 12 ശതമാനമായിരുന്നു സെസ്സുകളും സർച്ചാർജുകളും. 2023 ൽ ഇതു 22 ശതമാനമായി. എന്താണ് ഇതു കാണിക്കുന്നത്. കൂടുതൽ ധനക്കേന്ദ്രീകരണമാണ് കേന്ദ്ര സർക്കാരിന്റെ അജണ്ട. അവരുടെ രാഷ്ട്രീയ നിലപാടിന് അനുസരിച്ചുള്ള വിനാശകരമായ രീതിയാണിത്. അവർ ഒരു തരത്തിലും വൈവിധ്യത്തെയും വൈജാത്യങ്ങളെയും അംഗീകരിക്കുന്നില്ല.

ഈ അമിത ധനക്കേന്ദ്രീകരണമാണ് അവരുടെ രാഷ്ട്രീയത്തിന് പിൻബലമേകുന്ന പ്രധാന ആയുധം. ഇതിനെയാണ് കേന്ദ്രം നല്കുന്ന ഔദാര്യം എന്ന തരത്തിൽ ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്.

ഈ രാഷ്ട്രീയം കേരളത്തിനു മാത്രമല്ല, ഫെഡറലിസത്തിനു തന്നെ അപകടകരമാണ്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *