കേരളത്തിൽ ഏറ്റവും കണക്ടിവിറ്റി കുറഞ്ഞ പ്രദേശങ്ങളാണ് മലയോരമേഖലയിൽ ഉള്ളത്. അതിനാൽ തന്നെ മലയോരമേഖലയിലെ പല പ്രദേശങ്ങളും വികസനവഴിയിൽ പിറകിലാണ്. അതേസമയം കേരളത്തിന്റെ നാണ്യവിളകൾ മിക്കവയും ഉത്പാദിപ്പിക്കപ്പെടുന്നതും സംസ്കരിക്കപ്പെടുന്നതും മലയോര മേഖലയിൽ ആണ് താനും. വിനോദസഞ്ചാരികൾ കൂടുതലായി തെരഞ്ഞെടുക്കുന്ന മിക്ക ടൂറിസം കേന്ദ്രങ്ങളും മലയോരമേഖലയിൽ തന്നെയാണ്. അതിനാൽ തന്നെ മലയോരപ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഹൈവേ എന്നത് കേരളവികസനത്തിലെ ഒരു സുപ്രധാനചുവടുവെയ്പ്പാണ്. വളരെ നാളായി ചർച്ചകളോ വിദൂരസാധ്യതയോ സ്വപ്നം തന്നെയോ ആയിരുന്ന ഒരു പദ്ധതിയാണ് ഇന്ന് പിണറായി സർക്കാരിന്റെ കീഴിൽ യാഥാർഥ്യം ആയിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന, ആധുനിക, വികസിത കേരളം പടുത്തുയർത്തുന്ന, മേജർ ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്ടുകളിൽ ഒന്നുമാണ് മലയോര ഹൈവേ. വീതി കൂട്ടിയ ദേശീയ പാത, മലയോര ഹൈവേ, തീരദേശ ഹൈവേ, ഹൈസ്പീഡ് റെയിൽ, തിരുവനന്തപുരം – കാസർകോട് ജലപാത എന്നിങ്ങനെ കേരളത്തിന്റെ ആകെ നീളത്തിൽ കണക്ട് ചെയ്യുന്ന 5 പ്രധാന ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതികളാണ് ഇന്ന് കേരളത്തിൽ മുന്നോട്ടു പോകുന്നത്.
തിരുവനന്തപുരം ജില്ലയിലെ പാറശാല മുതൽ കാസർകോട് ജില്ലയിൽ നന്ദാരപ്പടവ് വരെ 1251 കി മി നീളത്തിൽ ആണ് ഹിൽ ഹൈവേ കടന്നു പോകുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേയും ഇതാകും. ആര്യനാട്, വിതുര, പുനലൂർ, റാന്നി, എരുമേലി, കട്ടപ്പന, പാലക്കാട്, കല്പറ്റ, പയ്യാവൂർ, ബന്ദടക്ക തുടങ്ങി മലയോര മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലൂടെ മലയോര ഹൈവേ കടന്നു പോകും . 2009 ൽ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ഹിൽ ഹൈവേയെ കുറിച്ചുള്ള ആദ്യ സാധ്യതാപഠനങ്ങൾ നടന്നിരുന്നു, പ്രാഥമിക അലൈൻമെന്റ് അപ്പ്രൂവലും ആ കാലത്ത് നടത്തിയിരുന്നു. പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പദ്ധതിയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. കണ്ണൂർ കാസർകോട് ജില്ലകളിലേക്കുള്ള ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് അക്കാലത്ത് തയ്യാറാക്കപ്പെട്ടിരുന്നു എന്നതൊഴിച്ചാൽ ഫണ്ടിങ്ങോ അലൈൻറ്മെൻറ് പൂർത്തീകരണമോ ഭൂമി ഏറ്റെടുപ്പോ നിർമ്മാണമോ ഒന്നും ഉണ്ടായില്ല. പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നത് 2016 ഇൽ പിണറായി സർക്കാർ അധികാരമേറ്റ ശേഷമാണ്. നാട്പാക് വഴി ഹൈവേയുടെ അന്തിമ അലൈൻമെന്റ് തയ്യാറാക്കി പദ്ധതിക്ക് നിർമ്മാണ അനുമതി നൽകി. ഹൈവേ നിർമ്മാണം നടത്തുന്നതിലേക്കായി 3500 കോടിയുടെ അനുമതി നൽകി. കിഫ്‌ബി വഴിയാണ് ഈ തുക ലഭ്യമാക്കുന്നത്. പദ്ധതിയുടെ ആകെ നീളത്തിന്റെ പകുതിയോളം ദൂരത്തിലേക്കായി (513 കി മി) ഫണ്ടിങ് ലഭ്യമാകുകയും 200 കി മി വരുന്ന റീച്ചുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
മലയോര ഹൈവേയുടെ ആകെ നിർമ്മാണ ചിലവ് 6000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നിർമ്മാണത്തിനുള്ള തുക കിഫ്‌ബി വഴിയാണ് കണ്ടെത്തുന്നത്. ഇതുവരെ 3500 കോടി രൂപ മലയോര ഹൈവേയുടെ നിർമ്മാണത്തിലേക്കായി കിഫ്ബിയിൽ നിന്നും അനുവദിച്ചിട്ടുണ്ട്. 6 ജില്ലകളിലായി വിവിധ റീച്ചുകളുടെ പണി പുരോഗമിക്കുകയാണ്. ഇതിൽ കാസർഗോഡ് ജില്ലയിലെ നന്ദാരപ്പടവ് – ചോവാർ വരെയും കണ്ണൂർ ജില്ലയിൽ ചെറുപുഴ മുതല്‍ വള്ളിത്തോടു വരെയുമുള്ള 110 കിലോമീറ്റർ ഗതാഗതത്തിനായി തുറന്നു നൽകി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി പുനലൂർ മുതൽ ചല്ലിമുക്ക് വരെയുള്ള 46 കിലോമീറ്റർ പാതയും നാടിന് സമർപ്പിക്കപ്പെട്ടു. കാസർഗോട്ടെ കോളിച്ചാൽ – ചെറുപുഴ, കൊല്ലം ജില്ലയിലെ പുനലൂർ – അഞ്ചൽ, തിരുവനന്തപുരം ജില്ലയിലെ പാറശാല -കുടപ്പനമൂട്, മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം-കാറ്റാടി, കാളികാവ് – കരുവാരക്കുണ്ട്, വയനാട് ജില്ലയിലെ മേപ്പാടി-ചൂരൽമല, ഇടുക്കി ജില്ലയിലെ കുട്ടിക്കാനം – ചപ്പാത്ത് റീച്ചുകളിലൊക്കെ പണി പുരോഗമിക്കുകയാണ്. പദ്ധതി പൂർത്തിയാകുന്നതോടെ മലയോര മേഖലയുടെ വികസനത്തിന്റെ പുതു സാധത്യകളും തുറക്കപ്പെടും, ടൂറിസത്തിന്റെയും വ്യാപാരത്തിന്റെയും കൃഷിയുടെയും അനുബന്ധ വ്യവസായങ്ങളുടെയും മുന്നേറ്റത്തിന്റെ പുതുപാതകളും തുറക്കപ്പെടും.
KIFFB
0 Comments