“അതിർത്തിയിൽ നാല് കൊട്ട മണ്ണിട്ടാൽ തീരുന്നതേയുള്ളു കേരളാ നമ്പർ വൺ,

കേന്ദ്രം ഫണ്ട് തരാതിരുന്നൽ കരഞ്ഞുകൂവാനാണിവിടെ കേരളാ സർക്കാർ,

അറബികൾ ഇറക്കിവിട്ടാൽ അവസാനിക്കും കേരളത്തിന്റെ നെഗളിപ്പ്” – അപകടം പറ്റി നിൽക്കുമ്പോ ഇമ്മാതിരി കെട്ടവർത്താനം പറയുന്ന സ്വന്തംകൂട്ടിൽ കാഷ്ടേഷുമാരോടാണ്.

  1. അങ്ങനെ അതിർത്തിയിൽ ഒരുകൊട്ട മണ്ണ് ആരേലുമിട്ടാൽ പോകുന്ന നമ്പർ വൺ സ്റ്റാറ്റസോ അഹങ്കാരമോ കേരളത്തിനുണ്ടെങ്കിൽ അതീ ലോകത്ത് ഒരുമാതിരിപ്പെട്ട എല്ലാ നാടിനും കാണും. വിഭവങ്ങൾ ഇറക്കുമതി ചെയ്യാത്ത, കയ്യിലുള്ളത് കയറ്റി അയക്കാത്ത ഒരു നാടും ഇന്നില്ല. തൽക്കാലം അരിയും പഞ്ചാരയും പച്ചക്കറിയും വാങ്ങുന്നതും റബറും കുരുമുളകും കയറ്റിയയക്കുന്നതും ഒരു സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഇൻഡക്സിലും ‌വരുന്നില്ലാത്തോണ്ട് ആരേലും വഴിതടഞ്ഞാ പോകുന്ന ഒരു നേട്ടത്തിലുമല്ല കേരളം ഇന്നുവരെ അഭിമാനിച്ചിരുന്നതെന്ന് സാരം.
  2. പിന്നെ, ചക്കാത്തിനല്ല കേരളം ചരക്കെടുക്കുന്നത്. ചരക്കെടുക്കാൻ കയ്യിൽ കായ് വേണം. കേരളം ചരക്കെടുത്തില്ലെങ്കിൽ അതിർത്തിക്കപ്പുറത്ത് ഒരുപാട് ഗ്രാമങ്ങൾ ഗതിമുട്ടും, അവിടുള്ളവരുടെ വയറൊട്ടും. നിലമുള്ളവർ വച്ചുണ്ടാക്കും, അതില്ലാത്തവർ വാങ്ങിയുണ്ടാക്കും. വാങ്ങാൻ പാങ്ങുള്ളവർക്ക് എവിടെ നിന്നും വാങ്ങാം. പക്ഷേ, വിൽക്കാൻ ചരക്കുണ്ടാക്കിയവർക്കെങ്ങനേം വിൽക്കാൻ പറ്റിയെന്ന് വരില്ല. അപ്പോ അതിർത്തിയിൽ മണ്ണിട്ടാൽ ഇട്ടവർ തന്നെ പതിയെ മാന്തേണ്ടി വരും.
  3. ഇനി എങ്ങാനും അങ്ങനെ അതിർത്തിയടഞ്ഞാൽ, അപ്പുറത്തുള്ളവരിടഞ്ഞാൽ, ഫെഡറൽ സിസ്റ്റമൊക്കെ മൂഞ്ചിത്തെറ്റിയാൽ അതൊരു എമർജൻസിയാണ്. പിന്നെയടുത്ത‌ വഴിയാണ്. 600 കിലോമീറ്റർ ദൂരത്തിൽ 4 ഇന്റർനാഷ്ണൽ എയർപോർട്ടുണ്ടാക്കിയിട്ടിട്ടുണ്ട്. ഇന്ത്യയിലത്ത്രയും എയർപോർട്ട് ഡെൻസിറ്റിയുള്ള മറ്റൊരു സ്റ്റേറ്റില്ല,‌ ദാ അതൊരു നമ്പർ വണ്ണാണ്. ഇപ്പുറത്ത്‌ തീരത്ത് കപ്പലടുക്കുന്നുണ്ട്. ഇപ്പോ കൊടുക്കുന്ന പണം തന്നെ കൊടുത്താൽ മണ്ണ് തടസമാവാത്ത വഴിയിലൂടെ ചരക്കെത്തും. വേഴ്സ്റ്റ് സിറ്റ്വേഷൻസ് ഹാവ് ഇട്സ് ഓൺ സൊലൂഷ്യൻസ്.
  4. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 2.76 ശതമാനവും ഭൂമിയുടെ 1.18 ശതമാനവും മാത്രമുള്ള കേരളം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ 4.22% കയ്യാളുന്നുണ്ട്. ക്യുമുലേറ്റീവായി നോക്കിയാൽ ആനുപാതികമായി വരേണ്ടിയിരുന്നതിന്റെ മൂന്നിരട്ടി. ആ റേഷ്യോയിൽ ഇന്ത്യയിൽ രണ്ടാമതാണ് കേരളം. അതിന് കേരളം കൊടുക്കുന്ന ടാക്സിൽ 70% കേന്ദ്രം അപ്പാടെ വിഴുങ്ങുന്നുണ്ട്, ഉത്തരേന്ത്യൻ സംസ്ഥനങ്ങളെ നന്നാക്കാൻ എടുക്കുന്നുണ്ട്. തിന്നാനുള്ളത് പുറത്തുന്ന് എത്തിക്കുന്ന‌തെന്തോ മഹാപരാധമാണെന്ന് കരുതുന്ന ഓൾഡേജ് ബുദ്ധികൾക്ക് കേരളമുണ്ടായ കാലം മുതൽ പക്ഷേ, പതം പറഞ്ഞിരിപ്പാണ്.
  5. തിരുവതാംകൂർ‌ രാജാവ് ഭരിച്ചിരുന്ന കാലത്ത് ആന്ധ്രയിൽ നിന്ന് അരിയിറക്കേണ്ടിയിരുന്ന നാടാണ് കേരളം എന്ന് ചരിത്രകാരൻ റോബിൻ ജഫ്രി. എന്ന് പറഞ്ഞാ, തിന്നുന്ന കാര്യത്തിൽ സ്വയം പര്യാപ്തത, ഇവിടെ മൊത്തം കൃഷിയായിരുന്നെന്നാഞ്ഞ് തള്ളുന്ന അന്തക്കാലത്ത് പോലും കേരളത്തിനില്ല. ഇനിയൊട്ട് ഉണ്ടാവാനും പോകുന്നില്ല. ഒപ്പമിവിടെ വലിയ ഇൻഡസ്ട്രിക്കായി കണ്ടമാനം ഭൂമിയില്ല, അങ്ങനെ ആളെയൊഴിപ്പിച്ച് ഇൻഡസ്ട്രിയുണ്ടാക്കേണ്ട കാര്യവുമില്ല.
  6. ഇന്ന് കേരളത്തിന്റെ റെവന്യു 65% സർവീസ് സെക്ടറാണ്. ലോകത്ത് കൊള്ളാവുന്ന എക്കോണമിയുടെയെല്ലാം അസ്ഥി സർവീസ് സെക്ടറാണ്. 15% മാത്രം ഇന്ത്യൻ ഇക്കോണമിയിൽ കയ്യാളുന്ന കൃഷിയിൽ 75% ഇന്ത്യൻ ജനത സ്വയമോ അല്ലെങ്കിൽ രാജ്യം ജനതയെയോ ഇന്വെസ്റ്റ് ചെയ്തതോണ്ടോ, വഴി‌തിരിച്ച് വിടാനാവാത്തതുകൊണ്ടോ തന്നെയാണ് ഇന്ത്യയിലെ പട്ടിണിയിന്നും മാറാത്തത്. കണ്ടവന്റെ പറമ്പിലിന്നും പണിയെടുക്കുന്നവരും ആ കണ്ടവനുമാണ് ഇന്നും ജാതിയ-ജന്മി വ്യവസ്ഥയെ ഉത്തരേന്ത്യയിൽ ഒരുപരിധിവരെ നിലനിർത്തിന്നതും.
  7. ഭൂപരിഷ്കരണം വഴി ഭൂമി പങ്ക് വച്ചപ്പോ നല്ലൊരു ഭാഗം ലോലപ്രദേശമായ, ജനസാന്ദ്രമായ നാട്ടിലെ 11% വരുന്ന കൃഷിയിൽ മലയാളി ഇന്വെസ്റ്റ് ഒരുപാട് ചെയ്യാൻ നിന്നില്ല. എമ്പ്രാന്റെ പറമ്പിൽ പണിയെടുക്കുന്നതിന്റെ വിധേയത്തം മാറി, ഏമാനേ എന്ന് വിളികേട്ടിരുന്നവൻ എന്താഡാ എന്ന് മറുത്ത് പറഞ്ഞ് തുടങ്ങുന്നത് കൃഷി ഒളിച്ച് കടത്തിയിരുന്ന ഫ്യൂഡലിസം കൃഷിക്കൊപ്പം തന്നെ പടിയിറങ്ങിയപ്പോഴാണ്. ആൾക്കാർ വരുമാനമുണ്ടാകുന്ന മറ്റ് പണികൾക്ക് പോയി, കച്ചവടം ചെയ്തു. ശേഷമത് പരിണമിച്ച് സർവീസ് സെക്ടറലേക്കുമെത്തി. മനുഷ്യരുടെ ജീവിത നിലവാരമുയർന്നു.
  8. പിന്നെ ഗൾഫ് പണം. അതുമൊരു കഥയാ!

    മണ്ണിനടിയിൽ നിന്നെണ്ണ കിട്ടാൻ തുടങ്ങിയതോടെ സമ്പന്നമായ, ലേബർ ഫോഴ്സോ സ്കില്ലോ അതിനേഴയലത്തില്ലാതിരുന്ന പേർഷ്യൻ ഗൾഫിലേക്ക്

    എഴുപതിന്റെ തുടക്കത്തോടെ അനിതരസാധാരണമാം വിധം മാൻപവർ ആവശ്യമായി വന്നു. മലബാറീന്ന് ആദ്യമാദ്യം പോയ അൺസ്കില്ല്ഡ് ലേബേർസ് ഉരു കേറി, വിസയില്ലാതെയവിടെയിറങ്ങി. വിസാ സിസ്റ്റം വന്നപ്പോ അതിന് കയ്യീന്ന് പണമൊടുക്കേണ്ടി‌ വന്നു. സ്വന്തമായി അഞ്ചും പത്തും സെന്റ് ഭൂമിയുള്ളവർ ആധാരം പണയം വച്ചു. അങ്ങനെ പണയം വക്കാൻ ഇന്ത്യയിൽ കേരളത്തിലുള്ള പാവങ്ങൾക്ക് മാത്രം സ്വന്തമായി ഭൂമിയുണ്ടായി, കണ്ടമാനം വലിപ്പിക്കാതെ പണം കൊടുക്കാൻ സഹകരണബാങ്കുകളുണ്ടായി, ബാങ്കിൽ നാട്ടുകാരോ പാർട്ടിക്കാരോ കയ്യാളുകളായിരുന്നോണ്ട് എളുപ്പം പണം പാസായി. നയത്തിന്റെ ബലം.
  9. പിന്നെപ്പിന്നെ സ്കിൽഡ് ലേബേർസ് പോവാൻ തുടങ്ങി. സ്കില്ലെന്ന് പറഞ്ഞാൽ പത്തക്ഷരം പഠിച്ചുണ്ടാക്കിയ സ്കില്ല്. പശിയടങ്ങിയില്ലേലും പഠിക്കണമെന്ന മലയാളിയുടെ വാശിയാവാം, ചെലപ്പോ പള്ളിക്കൂടത്തിൽ പോയാൽ പശിയുമടങ്ങും പഠിപ്പും നടക്കുമെന്നായതുകൊണ്ടാവാം. രണ്ടായാലും അതിനുള്ള സെറ്റപ്പ് കേരളത്തിലുണ്ടായി. പ്രാഥമിക വിദ്യാഭ്യാസമായപ്പോ തൊഴിലെടുക്കാനുള്ള സർട്ടിഫിക്കറ്റൊപ്പിക്കാൻ, ഡിഗ്രിയെടുക്കാൻ മലയാളിക്കായി. അങ്ങനെയവർ പിന്നെയും കടൽ കടന്നു. ഗൾഫിലേക്ക് മാത്രമല്ല, ആൾപ്പാർപ്പൊള്ള എല്ലായിടത്തേക്കും. ഹെൽപ്പറായും ഡ്രൈവറായും നഴ്സായും ഡോക്ടറായും അക്കൗണ്ടന്റായും ടീച്ചറായും എഞ്ചിനീയറായും കച്ചവടക്കാരനായും.
  10. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സർക്കാർ കൃത്യമായ ഇൻഫ്രാസ്ട്രക്ച്ചറുണ്ടാക്കിയതിനാൽ അവിടെന്നുള്ള പണം കൃത്യമായി നാട്ടിലേക്കെത്തി. ഇന്ത്യയിലേറ്റവും കൂടുതൽ പ്രവാസികളിന്ന് കേരളത്തിൽ നിന്നല്ലാഞ്ഞിട്ടും ഏറ്റവും വരുമാനം ഇന്നും കേരളത്തിലേക്കെത്തുന്നത് അടിസ്ഥാനമേഖയിൽ അവർ കുടിയേറിയ നാടുകളേക്കാൽ ബെറ്റർ സിസ്റ്റം ഇന്നാട്ടിലുണ്ടായതുകൊണ്ടാണ്, അതിൽ വിശ്വസിച്ച് ഭാവിക്കായി ഇന്വെസ്റ്റ് ചെയ്യുന്നതുകൊണ്ട് തന്നെയാണ്.
  11. അപ്പോ മലയാളിക്ക് റിസർവേഷനുണ്ടായിട്ടല്ല, വംശത്തിന്റെയോ വർണത്തിന്റേയോ കൊണവുമല്ല. പേരിലുണ്ടായ ഭൂമി പണയം വച്ചുണ്ടാക്കിയ പണവും കയ്യിലുണ്ടായ വിദ്യയും കൊണ്ടാണ് മലയാളി പ്രവാസിയായത്.‌ അവർക്കത് കിട്ടിയത് ഓട്ടുവിളക്കൊരച്ചപ്പോ പൊറത്ത് വന്ന ജീനി അനുഗ്രഹിച്ചോണ്ടല്ല, അമ്പത്തേഴിൽ അധികാരം കിട്ടിയപ്പോ തന്നെ കമ്യൂണിസ്റ്റുകൾ പാസാക്കിയ ഭൂ-വിദ്യാഭ്യാസ ബില്ലുകൾ കൊണ്ടാണ്‌. തുടർന്ന് സ്റ്റിക്കോൺ ചെയ്ത ആ നയങ്ങൾ കൊണ്ടാണ്. അതിനൊപ്പം ആരോഗ്യരംഗത്തടക്കമുണ്ടായ നയങ്ങളുടെ എക്സിക്യൂഷന്റെ കരുത്ത് തന്നെയാണ് മേൽപ്പറഞ്ഞവരൊക്കെയുൾപ്പെടുന്ന കേരളാ മോഡലിന്റെ നട്ടെല്ല്.
  12. കൊറോണ വന്നപ്പോ കർണാടക റോഡിലും കേന്ദ്രം കഞ്ഞിയിലും മണ്ണിട്ടോണ്ട് കേരളത്തിന്റെ പേരിലുണ്ടായിരുന്ന ഒരു ഒന്നാം നമ്പറും പോയിട്ടില്ല. എന്നാൽ ഈ കൊറോണക്കാലത്തൊരുപാട് കാര്യങ്ങളിൽ കേരളം ഒന്നാമതെത്തീട്ടുണ്ടുതാനും.

    രാജ്യത്ത് കേരളമാണ് ഏറ്റവും കൂടുതൽ ടെസ്റ്റ് ചെയ്യുന്നത്, ഇവിടെയാണ് ഡെത്ത് റേറ്റ് ഏറ്റവും കുറവും റിക്കവറി റേറ്റ് കൂടുതലുമുള്ളത്, ശ്വസനസഹായിയും കിയോസ്കും സ്വന്തമായി വികസിപ്പിച്ചത്, ഇന്ത്യയിലിന്നുള്ള 6% കോവിഡ് രോഗികൾ മാത്രമുള്ള ഇവിടാണ് രാജ്യത്ത് ആകെയുള്ളതിന്റെ 68% റിലീഫ് കാമ്പുകളുള്ളത്, 49% പേർ ഐസൊലേഷൻ സൗകര്യമൊരിക്കിയത്. പലവഴി പതിനെട്ടും നോക്കി ചവിട്ടിയിട്ടും രാജ്യത്തിന് മാതൃകയാകുന്നത്, അത് അന്താരാഷ്ട്രമാധ്യമങ്ങളിൽ വാർത്തയാവുന്നത്, ചികിൽസ കിട്ടിയ വിദേശപൗരന്മാർ സ്വന്തം രാജ്യത്തെ പോലും വിട്ട് പുകഴ്ത്തുന്നത്.
  13. ഇന്നിപ്പോ ഉള്ളിലൂറി‌ ചിരിക്കുന്ന സംഘികളോ സംഘിക്ക് പഠിക്കുന്ന കൊങ്ങികളോ സമയം കിട്ടുമ്പോ നിന്റെയൊക്കെ നേതാക്കൾ വായിൽ വിരലിട്ടിരുന്ന് ഭരിക്കുന്ന സ്റ്റേറ്റുകളുടെ മിനിമം കൊറോണക്കാലത്തെ ഇൻഡക്സുകളൊന്നെടുത്ത് നോക്കണം. മറ്റ് ഡെവലപ്മെന്റ് ഇൻഡക്സൊക്കെ നോക്കണമെന്ന് പറയുന്നത് കണ്ണീച്ചോരയില്ലാത്ത ഏർപ്പാടാണന്നറിയാം, അതോണ്ടാണ്. എന്നിട്ട് നെഞ്ചിൽ കൈ വച്ച് പറയാമോ, നീയൊന്നും കേരളത്തിലല്ലായിരുന്നെങ്കിൽ സമാധാനത്തോടെ ഉറങ്ങുമായിരുന്നെന്ന്.
  14. കേരളം ആർക്ക് മുന്നിലും വാതിലടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ചികിൽസ മുട്ടുന്ന അതിർത്തിഗ്രാമങ്ങളിൽ നിന്നുള്ളവർക്ക് അതിനുള്ള സൗകര്യമൊരുക്കാൻ ഇവിടെ തീരുമാനമായിട്ടുണ്ട്. ഇനി ഇവിടത്തെ‌ സീനൊന്നടങ്ങിയാൽ ഹെൽത്ത് ടീമിനെ മറ്റിടത്തേക്കയക്കാനും ഈ സർക്കാർ തയ്യാറാവും. ആപത്തുകാലത്തൊക്കെ ഇന്നത്തെ കേരളം അങ്ങനെ ചെയ്തിട്ടുമുണ്ട്. ഈ നാട് ഭരിക്കുന്നത് അങ്ങനുള്ളവരാണ്.

    അവർക്ക് അതിരിനിപ്പുറത്തുള്ളവരെ മാത്രം മനുഷ്യരായിക്കാണുന്ന വലതുബോധമല്ല, നാട്ടിലപകടം പറ്റുമ്പോ സ്വന്തം വീടടച്ചിരിക്കുന്ന സ്വാർത്ഥതയുമില്ല. ഉള്ളത് അതിരിൽ മണ്ണിട്ടാലടയാത്ത സഹജീവിസ്നേഹമാണ്, അവിടംകൊണ്ടവസാനമാവാത്ത മാനവികതയാണ്, മനുഷ്യന് കൈത്താങ്ങാവാൻ മുന്നും പിന്നും നോക്കാത്ത രാഷ്ട്രീയമാണ്.

    അതിനെ ജയിക്കാൻ കുറുകെ ഒരു കൊട്ട മണ്ണല്ല, ഒരു ടിപ്പർ ചരലല്ല, ഒരൂക്കൻ മലയല്ല, ഒരു ലോകമിടിച്ചിട്ടാലും മതിയാവേമില്ല.!!
May be an image of 2 people


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *