സംസ്ഥാന സർക്കാരിന്റെ കടഭാരത്തിന്റെ ഒരു ദൗർബല്യം വാങ്ങുന്ന കടത്തിൽ നല്ലൊരു പങ്ക് സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾക്കാണ് ചെലവഴിക്കുന്നത്. പക്ഷെ, കിഫ്ബിയുടെ കാര്യത്തിൽ ഇത്തരമൊരു ശങ്ക വേണ്ടതില്ല. സമാഹരിക്കുന്ന പണത്തിൽ ഒരു പൈസപോലും സർക്കാർ ബജറ്റിലെ ചെലവുകൾക്കുവേണ്ടി ഉപയോഗപ്പെടുത്താൻ കഴിയില്ല. വായ്പ പൂർണ്ണമായും അടിസ്ഥാനസൗകര്യവികസനത്തിനാണ്. എന്നിട്ടും ചിലർ ഇതുസംബന്ധിച്ച് അടിസ്ഥാനരഹിതമായ ആശങ്കൾ സൃഷ്ടിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ്.

റിസർവ്വ് ബാങ്ക് മാസികയിലെ ലേഖനത്തിലും സർക്കാർ ഗ്യാരണ്ടിയോടുകൂടി സംസ്ഥാനങ്ങൾ എടുക്കുന്ന വായ്പയുടെ കണക്കുകൾ നൽകിയിട്ടുണ്ട്. കിഫ്ബി വായ്പകൾ ഉൾപ്പെടുത്തുമ്പോൾ കേരളം ഇക്കാര്യത്തിലും മുന്നിലാണ്. 70000 കോടി രൂപയാണല്ലോ അടുത്തൊരു 7-8 വർഷത്തിനുള്ളിൽ കിഫ്ബി വഴി വായ്പ സമാഹരിക്കേണ്ടി വരിക. ഇതൊരു വലിയ തുക തന്നെയാണ്. ഇത് സംസ്ഥാനത്തിന്റെ ഭാവിയ്ക്കൊരു ഭാരമായി മാറുമോ എന്നാണല്ലോ സംശയവും ആശങ്കയും വിമർശനവും.

കിഫ്ബി വഴി ഏറ്റെടുത്തിരിക്കുന്ന പദ്ധതികൾ വേണ്ടെന്നോ ആവശ്യമില്ലാത്തതാണെന്നോ വിമർശിച്ചിട്ടുള്ള ഒരു ജനപ്രതിനിധിയെപ്പോലും ഞാൻ കണ്ടിട്ടില്ല. ആരും പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, പോരെന്നാണ് എല്ലാവരുടെയും നിലപാട്. എന്നാൽ ഇവ ബജറ്റിലെ പരിമിതമായ വിഭവംകൊണ്ട് നടപ്പാക്കുന്നതിനാണു തീരുമാനിക്കുന്നതെങ്കിൽ രണ്ടോ മൂന്നോ പതിറ്റാണ്ട് സമയം വേണ്ടിവരും. ഇത് കേരളത്തിന്റെ സാമ്പത്തികവളർച്ചയെ പ്രതികൂലമായി ബാധിക്കുകയും തകർച്ചയിലേക്കു നമ്മെ തള്ളിവിടുകയും ചെയ്യും. അതുകൊണ്ടാണ് ബജറ്റിനു പുറത്ത് ഇവയ്ക്ക് ആവശ്യമായ പണം കണ്ടെത്തി അവ അടിയന്തരമായി നടപ്പാക്കുന്നതിനു കിഫ്ബി എന്ന നൂതനമായ ഒരു ധനകാര്യ സ്ഥാപനത്തിനു രൂപം നൽകിയത്.

കിഫ്ബി അല്ല ആദ്യമായി ഇത്തരത്തിൽ ബജറ്റിനു പുറത്ത് വായ്പയെടുത്ത് നിർമ്മാണം നടത്തുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ വൻകിട പശ്ചാത്തലസൗകര്യ പദ്ധതികളും പ്രത്യേക കമ്പനികൾ രൂപീകരിച്ച് ബജറ്റിനു പുറത്ത് വായ്പയെടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വൻകിട പദ്ധതികളാണ്. ഈ കമ്പനികളെല്ലാം വായ്പയെടുക്കാൻ കഴിയുന്നത് അവരുടെ ഭാവിവരുമാനത്തിൽ നിന്നും പണം തിരിച്ചടയ്ക്കാമെന്നു പറഞ്ഞുകൊണ്ടാണ്.

എന്നാൽ ഇങ്ങനെ ഭാവിയിൽ വരുമാനം ഉറപ്പില്ലാത്ത പ്രോജക്ടുകൾ വായ്പയെടുത്ത് എങ്ങനെ നടപ്പാക്കാനാവും? ഇതിനു നമ്മൾ കണ്ടെത്തിയ രീതിയാണ് ആന്വിറ്റി സമ്പ്രദായം. തിരുവനന്തപുരത്തെ നഗരറോഡുകൾ ആധുനിക രീതിയിൽ നവീകരിക്കുന്നതിനാണ് നമ്മൾ ഇത് ആദ്യം സ്വീകരിച്ചത്. റോഡുകളെല്ലാം ഡിസൈൻഡ് റോഡുകളായി നിർമ്മിക്കുന്നതിനു ടെണ്ടർ വിളിച്ചു. പദ്ധതി ഏറ്റെടുക്കുന്ന കരാറുകാരൻ പണം മുടക്കി പണി നടത്തുന്നു. പണിയുടെ കാലം കഴിഞ്ഞ് പതിനഞ്ചോ ഇരുപതോ കൊല്ലം കൊണ്ട് സർക്കാർ ഈ തുക കൊടുക്കും. അതുകൊണ്ട് കരാറുകാരൻ ഇത്രയും കാലത്തെ പലിശയും മെയിന്റനൻസ് ചെലവുംകൂടി അടങ്ങുന്ന തുകയ്ക്കാണ് ടെണ്ടർ വിളിക്കുക ഇത് വാർഷിക തവണകളായി സർക്കാർ കൊടുത്തുതീർക്കും. ഇതിനെയാണ് ആന്വിറ്റി സ്കീമെന്നു പറയുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച ജില്ലാ ഫ്ലാഗ്ഷിപ്പ് പദ്ധതികൾ എല്ലാം ഈ മാതൃകയിലാണ്.

ഇതു തന്നെയാണ് കിഫ്ബിയിലും നടക്കുന്നത്. വൻതോതിലുള്ള പശ്ചാത്തലസൗകര്യ വികസനത്തിന് കിഫ്ബി വായ്പയെടുക്കുന്നു. പണി നടത്തിക്കുന്നു. സർക്കാർ തിരിച്ചടവിലുള്ള പണം ആന്വിറ്റിയായി നൽകുന്നു. ഈ ആന്വിറ്റി മോട്ടോർവാഹന നികുതിയുടെ പകുതിയും പെട്രോളിയം സെസ്സിൽ നിന്നുമുള്ള വരുമാനവുമാണ്. നികുതി വരുമാനം കൂടുന്നതിനനുസരിച്ച് ആനുപാതികമായി ഓരോ വർഷവും കിഫ്ബിക്ക് കിട്ടുന്ന ആന്വിറ്റിയും വർദ്ധിക്കും. അതുകൊണ്ട് ഇതിനെ വർദ്ധമാന ആന്വിറ്റി സ്കീമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.

ഇതിനെതിരെ ഉയരുന്ന വിമർശനം ഇതാണ്: ഈ ആന്വിറ്റികൊണ്ട് താങ്ങാനാവുന്നതിനപ്പുറം പ്രോജക്ടുകൾ ഏറ്റെടുത്ത് നടപ്പാക്കിയാൽ കിഫ്ബിയുടെ ബാധ്യതകൾ മുഴുവൻ സർക്കാരിന്റെ ചുമലിലാവില്ലേ? അതുകൊണ്ട് കിഫ്ബി ബാധ്യതകൾ സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതകളാണ്. അഥവാ സർക്കാർ നേരിട്ടു വായ്പയെടുക്കുന്നതിനു തുല്യമാണ്.

സി&എജി അടക്കമുള്ളവർ നമ്മളെ ഭയപ്പെടുത്തുന്നതുപോലെ ഒരിക്കലും കിഫ്ബിയുടെ ബാധ്യതകൾ കമ്പനിയുടെ ആസ്തികൾക്കു താങ്ങാവുന്നതിനപ്പുറം ആവില്ല. വളരെ കൃത്യമായി ഭാവിയിൽ ഓരോ വർഷവും ഉണ്ടാകുന്ന ബാധ്യത എത്രയെന്നു കണക്കുകൂട്ടാനാവും. കിഫ്ബിക്ക് രണ്ടുതരത്തിലുള്ള ബാധ്യതകളാണ് വരിക. ഒന്ന്, കരാറുകാരുടെ ബില്ലുകൾക്കുള്ള കാശ് കൊടുക്കണം. രണ്ട്, വായ്പയുടെ പലിശയോ അല്ലെങ്കിൽ മുതലും പലിശയും തിരിച്ചു നൽകണം. ഇത് അടുത്ത 15-20 വർഷക്കാലം ഓരോ വർഷവും എത്ര ചെലവുവരുമെന്നു കൃത്യമായി കണക്കൂകൂട്ടി ഗ്രാഫായി വരയ്ക്കും.

ഇതോടൊപ്പം മറ്റൊരു ഗ്രാഫുകൂടി തയ്യാറാക്കും. കിഫ്ബിയുടെ വരുമാനം അല്ലെങ്കിൽ ആസ്തി ഓരോ വർഷവും എത്രയായിരിക്കും. രണ്ടുതരത്തിലുള്ള ആസ്തികളാണുള്ളത്. ഒന്ന്, സർക്കാർ നൽകുന്ന ആന്വിറ്റി. രണ്ട്, വരുമാനദായക പ്രോജക്ടുകളിൽ നിന്നുള്ള തിരിച്ചടവ്. എപ്പോഴും ആസ്തിയുടെ ഗ്രാഫ് ബാധ്യതയുടെ ഗ്രാഫിനേക്കാൾ ഉയർന്നുനിൽക്കണമെന്നതാണ് തത്വം. ഇത് ഉറപ്പുവരുത്തിക്കൊണ്ടേ പ്രോജക്ടുകൾ ഏറ്റെടുക്കൂ.

അതുകൊണ്ട് ഒരു കാരണവശാലും കിഫ്ബിയുടെ ബാധ്യതകൾ സർക്കാരിനുമേൽ വന്നു പതിക്കില്ല. സർക്കാർ ആകെ ചെയ്യേണ്ടത് നിയമത്തിൽ വ്യവസ്ഥ ചെയ്തപ്രകാരം ആന്വിറ്റി കൊടുത്താൽ മതി. വേറൊരു അധികബാധ്യതയും സർക്കാരിന് ഉണ്ടാവില്ല. കിഫ്ബി നമ്മെ ഒരു കടക്കെണിയിലും എത്തിക്കില്ല. മറിച്ച് സാമ്പത്തിക വളർച്ചയിൽ വലിയൊരു കുതിപ്പിന് വഴിയൊരുക്കും.

കേന്ദ്രസർക്കാരിന്റെ എത്രയോ പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ ഗ്യാരണ്ടിയോടെ ഭീമൻ വായ്പകൾ എടുക്കുന്നു. നഹായ് (NHAI) ചെലവഴിക്കുന്ന പണം മുഴുവൻ ഇത്തരത്തിൽ സമാഹരിക്കുന്നതാണ്. അവ സർക്കാരിന്റെ ബാധ്യതയായി ഇന്നേവരെ ബജറ്റ് കണക്കുകളിലോ സർക്കാർ അക്കൗണ്ടുകളിലോ വകയിരുത്തിട്ടില്ല. എങ്കിൽ എന്തിന് റിസർവ്വ് ബാങ്ക് ഇപ്പോൾ സംസ്ഥാനങ്ങളുടെ ബജറ്റിനു പുറത്തുള്ള വായ്പകളുടെമേൽ കുതിര കയറുന്നു?

ലക്ഷ്യം വളരെ വ്യക്തമാണ്. സംസ്ഥാനങ്ങളുടെ ഈ അവകാശം ഇല്ലാതാക്കുക. ഇതിനു ചൂട്ട് പിടിക്കുകയാണ് കിഫ്ബിക്കെതിരെ വളരെ വിപ്ലവനാട്യ ഭൂഷാദികളോടെ പടയ്ക്ക് ഇറങ്ങിയിട്ടുള്ള കെ.ടി. റാം മോഹനെ പോലുള്ളവർ ചെയ്യുന്നതെന്നു പറയാതെ വയ്യ.

#കേരളംകടക്കെണി


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *